Wednesday, February 23, 2011

ഗോധ്ര: 31 പേര്‍ കുറ്റക്കാരെന്ന് വിധി

അഹമ്മദാബാദ്: ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീയിട്ട് 59 പേരെ വധിച്ചുവെന്ന കേസില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും. മുഖ്യ പ്രതിയെന്ന് കുറ്റപത്രത്തില്‍ പറയുന്ന മൌലവി ഉമര്‍ജി ഉള്‍പ്പെടെ 63 പേരെ വെറുതെ വിട്ടു. കൂട്ടക്കൊലയ്ക്കു പിന്നില്‍ ഗൂഢാലോചന നടന്നതായാണ് കോടതി വിലയിരുത്തല്‍. അഹമ്മദാബാദിലെ സബര്‍മതി ജയിലിനകത്ത് പ്രത്യേക കോടതി ജഡ്ജി പി ആര്‍ പട്ടേലാണ് വിധി പ്രസ്താവിച്ചത്. ഒമ്പത് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്. ഗുജറാത്ത് പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.

2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് ആറ് കോച്ചിലാണ് തീപടര്‍ന്നത്. അയോധ്യയില്‍നിന്ന് വരികയായിരുന്ന കര്‍സേവകരാണ് കോച്ചിലുണ്ടായിരുന്നത്. സംഭവം അട്ടിമറിയാണെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമീഷന്‍ നിഗമനത്തിലെത്തി. എന്നാല്‍, അപകടംമൂലമാണ് തീപിടിത്തം ഉണ്ടായതെന്നായിരുന്നു റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമീഷന്റെ കണ്ടെത്തല്‍. പിന്നീട് 2008 മാര്‍ച്ച് 26ന് സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഗോധ്ര സംഭവത്തിന്റെ പേരിലാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ ഗുജറാത്തില്‍ വംശഹത്യ നടത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിയില്‍ ആയിരക്കണക്കിന് നിരപരാധികളായ മുസ്ളിങ്ങള്‍ കൊല്ലപ്പെട്ടു. കൂട്ടക്കൊലയ്ക്കു പിന്നില്‍ നരേന്ദ്രമോഡിയുടെ പങ്ക് പിന്നീട് പല ഘട്ടങ്ങളിലായി പുറത്തുവന്നു. 63 പേരെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നത് പരിഗണനയിലാണെന്ന് കേസന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍ കെ രാഘവന്‍ പറഞ്ഞു.

ദേശാഭിമാനി 230211

3 comments:

  1. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീയിട്ട് 59 പേരെ വധിച്ചുവെന്ന കേസില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും

    ReplyDelete
  2. ഗുജറാത്തിലെ ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് ശിക്ഷാവിധ് മാറ്റി. അടുത്ത മാസം ഒന്നിലേക്കാണ് വിധി മാറ്റിയത്. കേസില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

    ReplyDelete
  3. പ്രതികളെന്ന് കണ്ടെത്തിയ 11 പേര്‍ക്ക് വധശിക്ഷയും 20 പ്രതികള്‍ക്ക് ജീവപര്യന്തവും നല്‍കാന്‍ അഹമ്മദാബാദിലെ പ്രത്യേക കോടതി ഉത്തരവിട്ടു. അഡീഷനല്‍ സെഷന്‍സ് ജഡ്ജ് പി ആര്‍ പട്ടേലാണ് വിധി പ്രസ്താവം നടത്തിയത്. കൊലപാതകം, കൊലപാതകശ്രമം പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ക്രിമിനല്‍ കുറ്റങ്ങള്‍ പ്രതികള്‍ക്കു മേലെ സംശയാതീതമായി തെളിയിക്കപ്പെട്ടു. 2002 ഡിസംബറില്‍ 59 കര്‍സേവകരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ 31 പേര്‍ പ്രതികളാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു

    ReplyDelete