Thursday, February 24, 2011

ഗ്രീസില്‍ പൊതുപണിമുടക്ക്; ഏറ്റുമുട്ടല്‍

ഏതന്‍സ്: ഒരിടവേളയ്ക്കുശേഷം ഗ്രീസില്‍ പ്രക്ഷോഭം ശക്തമായി. ബജറ്റില്‍ സര്‍ക്കാര്‍ വരുത്തിയ ഭീമമായ വെട്ടിക്കുറവില്‍ പ്രതിഷേധിച്ചാണ് തൊഴിലാളിസംഘടനകള്‍ പണിമുടക്കാഹ്വാനം നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍  പരിഷ്‌കരണ നടപടികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിസന്ധിയിലായ രാജ്യത്തിന്  സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ച ഉപാധികള്‍ അനുസരിച്ചാണ് ഗ്രീക്ക് സര്‍ക്കാര്‍ ബജറ്റ് തയ്യാറാക്കിയത്. തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറച്ച നടപടിയാണ് പ്രതിഷേധം ആളിക്കത്തിച്ചത്.

30,000 ത്തിലധികം പേര്‍ അണി നിരന്ന വന്‍ പ്രതിഷേധറാലിയ്ക്കാണ് ഏതന്‍സ് വേദിയായത്. ഗ്രീക്ക് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം നടന്ന പ്രതിഷേധറാലിയ്ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പ്രക്ഷോഭകര്‍ പൊലീസിനുനേരെ പെട്രോള്‍ ബോംബെറിയുകയും കല്ലെറിയുകയും ചെയ്തതായി പൊലീസ് വക്താവ് പറഞ്ഞു.

സമരത്തെത്തുടര്‍ന്ന് പൊതുഗതാഗതം സ്തംഭിച്ചു. നൂറുകണക്കിന് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. വ്യാപാരമേഖലയും സമരത്തോടനുഭാവം പ്രകടിപ്പിച്ച് അടഞ്ഞുകിടന്നു. സ്‌കൂളുകള്‍ക്ക് നേരത്തേതന്നെ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനുളള കടബാധ്യതകളില്‍ നിന്നും മോചനം നേടുന്നതിനായാണ് കടുത്ത സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ജോര്‍ജ് പപ്പന്‍ഡ്രൂവിന്റെ നേതൃത്വത്തിലുളള സോഷ്യലിസ്റ്റ് സര്‍ക്കാരിനെതിരെ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു ഇന്നലത്തേത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഐ എം എഫില്‍ നിന്നുമായി 15,000 കോടി ഡോളറാണ് കഴിഞ്ഞ മേയില്‍ ഗ്രീസ് കൈപ്പറ്റിയത്. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തരത്തിലുളള സാമ്പത്തിക കരാറില്‍ ഒപ്പുവച്ചതും യൂറോപ്യന്‍ യൂണിയന്റെയും ഐ എം എഫിന്റേയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളുടെ സേവനവേതനവ്യവസ്ഥകള്‍ വെട്ടിക്കുറയ്ക്കുകയും ബജറ്റ് തയ്യാറാക്കുകയും ചെയ്ത സര്‍ക്കാര്‍ നിലപാടാണ് തൊഴിലാളിസംഘടനകളെ സമരരംഗത്തിറക്കിയത്.

ഐവറികോസ്റ്റില്‍ സംഘര്‍ഷം: പത്തു സൈനികര്‍ കൊല്ലപ്പെട്ടു

അബിദ്ജാന്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഐവറികോസ്റ്റില്‍ പ്രസിഡന്റ് ലോറന്റ് ബാഗ്‌ബോയോട് അനുഭാവം പുലര്‍ത്തുന്ന 10 സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സായുധസംഘമാണ് ഇവര്‍ക്കുനേരേ ആക്രമണം നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിയായതായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രതിപക്ഷ നേതാവ് അലസാനെ ഔട്ടാരയ്ക്ക് നിര്‍ണായക സ്വാധീനമുളള പ്രദേശത്താണ് ആക്രമണം നടന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഔട്ടാരയുടെ അനുയായികള്‍ക്ക് നേരേ സൈന്യം നടത്തിയ വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയാണ് ഇന്നലത്തെ ആക്രമണമെന്ന് കരുതപ്പെടുന്നു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഒരിടവേളയ്ക്കുശേഷം ഏറ്റുമുട്ടല്‍ രൂക്ഷമായത്.

കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബാഗ്‌ബോയും പ്രതിപക്ഷനേതാവ് ഔട്ടാരയും വിജയം അവകാശപ്പെട്ടിരുന്നു. ഔട്ടാരയാണ് വിജയിയെന്ന് ഐക്യരാഷ്ട്രസഭയും നിരീക്ഷകസംഘവും വിലയിരുത്തിയിരുന്നു. എത്രയും പെട്ടെന്ന് അധികാരമൊഴിയണമെന്നും  ഔട്ടാരയെ പ്രസിഡന്റ് സ്ഥാനമേല്‍പ്പിക്കണമെന്നുമുളള അന്താരാഷ്ട്രസമൂഹത്തിന്റെ ആവശ്യം ബാഗ്‌ബോ തളളിക്കളയുകയായിരുന്നു. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഐവറികോസ്റ്റിലുണ്ടായ സംഘര്‍ഷങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഐവറികോസ്റ്റിലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, ചാഡ്, മൗറിറ്റാനിയ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ കഴിഞ്ഞ ദിവസം അബിദ്ജാനിലെത്തി പ്രതിപക്ഷനേതാവ് ഔട്ടാരയുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രക്ഷോഭത്തിന് പിന്തുണ: ലിബിയന്‍ ആഭ്യന്തരമന്ത്രി രാജിവച്ചു


ട്രിപ്പോളി: ജനകീയ പ്രക്ഷോഭത്തിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ലിബിയന്‍ ആഭ്യന്തര മന്ത്രിയും പ്രസിഡന്റ് ഗദ്ദാഫിയുടെ മകന്‍ സെയ്ഫിന്റെ അടുത്ത അനുയായിയുമായ അബ്ദല്‍ ഫത്താ യൂനസ് രാജിവച്ചു. ഭരണത്തില്‍ തുടരാനുള്ള ഗദ്ദാഫിയുടെ തീരുമാനത്തെ തുടര്‍ന്ന് സമരക്കാര്‍ക്കുനേരെ തലസ്ഥാനമായ ട്രിപ്പോളിയില്‍ സൈന്യം ഇന്നലെ വെടിവയ്പ്പ് നടത്തി.ജനകീയപ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഉത്തരവാദിത്വങ്ങളും രാജിവയ്ക്കുന്നതായി, സൈനിക വേഷത്തില്‍ അല്‍ജസീറ ചാനലില്‍ പ്രത്യക്ഷപ്പെട്ട് ജനറല്‍ യൂനസ് അറിയിക്കുകയായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സായുധ സേനയോട് നിയമന്ത്രി മുസ്തഫ അബ്‌ദേല്‍ജാലി അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് യൂനസ് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.  ഗദ്ദാഫിക്കുമേല്‍ ശക്തമായ സ്വാധീനമുള്ള ഒരു മകനായ സെയ്ഫ് അല്‍ ഇസ്‌ലാം ഖുറേഷിയുടെ അടുത്ത സഹായിയായ യൂസഫ് സവാനിയും പ്രക്ഷോഭത്തിന്റെ ഭാഗമായി തന്റെ ചുമതലകള്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രക്ഷോഭകാരികള്‍ക്കെതിരെ ഭരണകൂടം കൂടുതല്‍ അക്രമം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അബ്‌ദേല്‍ജാലി രാജിവച്ച് പ്രക്ഷോഭകാരികളുടെ പക്ഷം ചേര്‍ന്നത്. പ്രക്ഷോഭത്തിന് പിന്‍തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങളിലെ ലിബിയന്‍ നയതന്ത്ര പ്രതിനിധികളും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.  പ്രക്ഷോഭത്തില്‍ 189 സമരക്കാരും 111 സൈനികരും ഉള്‍പ്പടെ 300പേര്‍ മരണമടഞ്ഞതായി ഇതാദ്യമായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം മരണസംഖ്യയ്ക്ക് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ലിബിയയില്‍ നാറ്റോ ഇടപെട്ടേക്കും

ട്രിപോളി/ഐക്യരാഷ്ട്രകേന്ദ്രം: സംഘര്‍ഷം തുടരുന്ന ലിബിയയില്‍ സൈനികമായി ഇടപെടാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. ലിബിയയിലെ എണ്ണനിക്ഷേപത്തില്‍ കണ്ണുവച്ചും ദീര്‍ഘകാലം എതിര്‍പക്ഷത്തുനിന്ന രാജ്യം എന്നനിലയിലുമാണ് അമേരിക്ക കരുക്കള്‍ നീക്കുന്നത്. ഇപ്പോള്‍ ലിബിയയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം മുതലെടുത്ത് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനെന്നപേരില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേനയെ അയക്കാനാണ് സാധ്യത. മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കകമോ നാറ്റോസേന ലിബിയയില്‍ എത്തിയേക്കാം. ഗദ്ദാഫിസര്‍ക്കാരിനെ ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാസമിയി പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ പ്രമേയവും അമേരിക്ക ആയുധമായി ഉപയോഗിച്ചേക്കാം.

ഇതിനിടെ, രാജ്യത്തെ എണ്ണശൃംഖല തകര്‍ക്കാന്‍ ലിബിയ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി ഉത്തരവിട്ടതായി റിപ്പോര്‍ട്ട് വന്നു. തന്നെ എതിര്‍ക്കുന്ന ഗോത്രത്തലവന്മാരോട് കണക്കുതീര്‍ക്കാനാണ് ഗദ്ദാഫി ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് 'ടൈം' മാസികയുടെ വെബ്സൈറ്റില്‍ രഹസ്യാന്വേഷണലേഖകന്‍ റോബര്‍ട്ട് ബെയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രിപോളിയില്‍ ഗദ്ദാഫി വിദേശസൈനികരെ 'മരണസ്ക്വാഡുകളായി' വിന്യസിച്ചു. നഗരം മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞു. മൃതദേഹം നീക്കംചെയ്യാന്‍ ശ്രമിക്കുന്നവരെയും സൈനികര്‍ വെടിവയ്ക്കുകയാണെന്ന് നഗരവാസികള്‍ പറയുന്നു. ലിബിയയില്‍ ഇതുവരെ ആയിരത്തോളംപേര്‍ കൊല്ലപ്പെട്ടതായി ഇറ്റലി വിദേശമന്ത്രി ഫ്രാങ്കോ ഫ്രാറ്റിനി റോമില്‍ പറഞ്ഞു. ലിബിയസര്‍ക്കാര്‍ പ്രതിഷേധം ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ യുഎന്‍ രക്ഷാസമിതി അപലപിച്ചു. സമാധാനപരമായി പ്രകടനം നടത്തിയവരെയാണ് സൈന്യത്തെ ഉപയോഗിച്ച് നേരിട്ടത്. നൂറുകണക്കിനുപേര്‍ കൊല്ലപ്പെട്ടതില്‍ രക്ഷാസമിതി ദുഃഖം പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കും ആതുരശുശ്രൂഷകര്‍ക്കും കടന്നുവരാനുള്ള സാഹചര്യം അധികൃതര്‍ സൃഷ്ടിക്കണമെന്നും 15 അംഗ രക്ഷാസമിതി ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ഗദ്ദാഫിയോട് പ്രതിഷേധിച്ച് ലിബിയ ആഭ്യന്തരമന്ത്രി അബ്ദേല്‍ ഫത്ത യൂന്‍സ് രാജിവച്ചു. ഫെബ്രുവരി 17ന് തുടക്കംകുറിച്ച വിപ്ളവത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് എല്ലാ ഔദ്യോഗികസ്ഥാനങ്ങളും ഒഴിയുന്നതെന്ന് ഫത്ത യൂന്‍സ് അല്‍ ജസീറ ടെലിവിഷനോട് പറഞ്ഞു. ഗദ്ദാഫി അത്യന്തം പ്രകോപിതനാണ്. ഭരണത്തിനെതിരെ അണിനിരന്നിട്ടുള്ള 'എലികളെയും പാറ്റകളെയും' നശിപ്പിക്കാന്‍ തന്റെ അനുയായികളോട് ഗദ്ദാഫി ആവശ്യപ്പെട്ടു. മെഡിറ്ററേനിയന്‍ കടലില്‍നിന്നുള്ള എണ്ണക്കുഴലുകള്‍ ഉടന്‍തന്നെ തകര്‍ക്കണം-ഗദ്ദാഫി തുടര്‍ന്നു.

ആഫ്രിക്കയിലെ മൂന്നാമത്തെ പ്രമുഖ എണ്ണകയറ്റുമതി രാജ്യമാണ് ലിബിയ. ഗദ്ദാഫി അനുകൂലികളായ സൈനികരും പൊലീസുകാരും ട്രിപോളിയില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബെങ്ഹാസി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭരണകൂടം അപ്രത്യക്ഷമായി. എണ്ണ ഉള്‍പ്പെടെയുള്ള തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്ക ലിബിയ ആക്രമിച്ചേക്കുമെന്ന് ക്യൂബന്‍ വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോ പറഞ്ഞു. ലിബിയയിലെ ആഭ്യന്തരസംഭവവികാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പേള്‍ ചത്വരത്തില്‍നിന്ന് പിന്മാറില്ലെന്ന് ബഹ്റൈന്‍ പ്രക്ഷോഭകര്‍


മനാമ: രാഷ്ട്രീയത്തടവുകാരെ വിട്ടയക്കല്‍പോലുള്ള നടപടികള്‍കൊണ്ട് ജനരോഷം ശമിപ്പിക്കാന്‍ കഴിയില്ലെന്ന് ബഹ്റൈന്‍ പ്രക്ഷോഭകര്‍. ഖലീഫഭരണത്തിന്റെ അന്ത്യം കാണുന്നതുവരെ പേള്‍ ചത്വരത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷസംഘടനകള്‍ വ്യക്തമാക്കി. അന്‍പതോളം രാഷ്ട്രീയത്തടവുകാരെ ഹമദ് രാജാവ് വിട്ടയച്ചതിനോടുള്ള പ്രതികരണമായാണ് പ്രതിപക്ഷം ഇക്കാര്യം വ്യക്തമാക്കിയത്.

ചൊവ്വാഴ്ച മനാമയില്‍ നടന്ന റാലി ബഹ്റൈന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റമായി മാറിയിരുന്നു. അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പതിനായിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചെങ്കിലും ജനകീയആവശ്യങ്ങള്‍ അംഗീകരിക്കാതെ കൂടിയാലോചനയ്ക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. സര്‍ക്കാര്‍ രാജിവയ്ക്കുക, പ്രക്ഷോഭകരെ കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തുക, രാഷ്ട്രീയപരിഷ്കാരങ്ങള്‍ കൊണ്ടുവരിക, രാജകുടുംബത്തെ ഭരണഘടനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്.

ഇതിനിടെ ഹമദ് രാജാവ് റിയാദിലെത്തി സൌദി രാജാവ് അബ്ദുള്ളയുമായി ചര്‍ച്ച നടത്തി. ഗള്‍ഫില്‍ ശക്തമാകുന്ന ജനാധിപത്യപ്രക്ഷോഭം കൈകാര്യം ചെയ്യാന്‍ സ്വീകരിക്കേണ്ട മാര്‍ഗം സംബന്ധിച്ചായിരുന്നു ചര്‍ച്ച. മൊറൊക്കോയില്‍ തങ്ങി മൂന്ന് മാസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസം നാട്ടില്‍ മടങ്ങിയെത്തിയ അബ്ദുള്ള രാജാവ് ജനക്ഷേമനടപടികള്‍ക്കായി 3500 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

ജനയുഗം, ദേശാഭിമാനി വാര്‍ത്തകള്‍ 240211

1 comment:

  1. ഒരിടവേളയ്ക്കുശേഷം ഗ്രീസില്‍ പ്രക്ഷോഭം ശക്തമായി. ബജറ്റില്‍ സര്‍ക്കാര്‍ വരുത്തിയ ഭീമമായ വെട്ടിക്കുറവില്‍ പ്രതിഷേധിച്ചാണ് തൊഴിലാളിസംഘടനകള്‍ പണിമുടക്കാഹ്വാനം നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പരിഷ്‌കരണ നടപടികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിസന്ധിയിലായ രാജ്യത്തിന് സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ച ഉപാധികള്‍ അനുസരിച്ചാണ് ഗ്രീക്ക് സര്‍ക്കാര്‍ ബജറ്റ് തയ്യാറാക്കിയത്. തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറച്ച നടപടിയാണ് പ്രതിഷേധം ആളിക്കത്തിച്ചത്.

    ReplyDelete