Monday, February 28, 2011

ജയ്‌ഹിന്ദിന്റെ ചീറ്റിപ്പോയ അമിട്ട്

ഖാദര്‍ എന്ന് കേട്ടാല്‍ ഖദറിട്ട ശുദ്ധ ഗാന്ധിയനാണെന്ന് ജനം ധരിക്കുമെന്നായിരിക്കും ജയ്‌ഹിന്ദ് യശമാനന്മാര്‍ കരുതിയിട്ടുണ്ടാവുക. എന്നാല്‍ ഈ ഖാദര്‍ പാലോത്തും അവിഹിതമുള്ളയാളാണെന്ന് ഇത്രയും പെട്ടെന്ന് പുറത്തുവരുമെന്ന് മുഖ്യമന്ത്രിയെ ഒറ്റയടിക്ക് ആവിയാക്കി കുഞ്ഞാലി-പിള്ളമാരെ രക്ഷിക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ മനസില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അല്‍പബുദ്ധിക്കാരുടെ കുതന്ത്രങ്ങള്‍ക്ക് ഇത്രയും ആയുസേ ഉണ്ടാകൂയെന്ന സത്യം ഇനിയെങ്കിലും മനസിലാക്കിയാല്‍ അവര്‍ക്ക് നന്ന്. 'ഖാദര്‍ പടക്കം' ചീറ്റിയതോടെ ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായി. യുഡിഎഫിന്റെ കൈയില്‍ ഇത്തരം നനഞ്ഞ പടക്കങ്ങളെ ഉള്ളൂവെന്ന്. വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ യുഡിഎഫ് സംസ്ഥാനതലത്തില്‍ ഉപസമിതി തന്നെ ഉണ്ടാക്കിയിട്ടുണ്ടത്രെ. ഈ രാഷ്ട്രീയ പാപ്പരത്തവും സഹിക്കേണ്ടത് നമ്മള്‍ കേരളീയരാണല്ലോ ഈശ്വരാ.

യുഡിഎഫ് നേതൃത്വത്തിന്റെ കൊള്ളരുതായ്മകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാത്ത യുഡിഎഫിനെ രക്ഷിക്കാനാണല്ലോ കുതന്ത്രങ്ങളുടെ കുലപതി അധിപനായ കോണ്‍ഗ്രസിന്റെ സ്വന്തം ചാനല്‍ എക്സ്ക്ളൂസീവ് കഥ മെനഞ്ഞത്. എന്തായിരുന്നു വെളിപ്പെടുത്തല്‍. കേരളത്തെ ഞെട്ടിക്കുമെന്നാണോ ഈ വിദ്വാന്‍ വിചാരിച്ചത്. അമിട്ട് പൊട്ടിയെന്ന് മാത്രമല്ല ചീറ്റിത്തെറിച്ച് ബൂമറാങ് പോലെ തൊട്ടടുത്തുള്ളവര്‍ക്ക് നേരെ തിരിയുകയും ചെയ്തു. എതായാലും ഇതോടെ ഒരു കാര്യം ബോധ്യമായി. നേരും നെറിയുമില്ലാത്ത മാധ്യമ സംസ്കാരം കേരളത്തില്‍ വേര് പിടിച്ചില്ലെന്നല്ല, മറിച്ച് നുണ പറയാനും ക്വട്ടേഷന്‍ സംഘം കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്നതാണ്.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞാല്‍ കൊച്ചുകുഞ്ഞുങ്ങള്‍ പോലും വിശ്വസിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ മകന്‍ കോഴ വാങ്ങിയെന്നാകട്ടെ കഥ എന്ന് വിചാരിച്ചാണ് സ്വന്തം ചാനലിനെ ഉപയോഗിച്ച് എക്സ്ക്ളൂസീവ് വാര്‍ത്ത പടച്ചുണ്ടാക്കിയത്. തെളിവിന്റെ ഒരു തുണ്ടുകടലാസുപോലുമില്ലാത്ത കോഴക്കും വെളിപ്പെടുത്താന്‍ കണ്ടെത്തിയ ആളെയും കൊള്ളാം. നുണയാണെങ്കിലും അതിനും വേണ്ടേ ഒരന്തസ്. കൂലിത്തല്ലുകാരനെ ചന്ദനഫാക്ടറി ഉടമയാക്കുക. ആദ്യ ദിവസം തിരുവനന്തപുരം കണ്‍ന്റോമെന്റ് ഹൌസ് പരിസരത്ത് നിന്ന് പണം കൊടുത്തെന്ന് പറയുക, പിറ്റേ ദിവസം അത് മാറ്റി എറണാകുളത്ത് നിന്നാണ് കൊടുത്തതെന്ന് പറയുക, പിന്നെ ഞാന്‍ നേരിട്ട് കൊടുത്തിട്ടില്ലെന്ന് പറയുക. ഇങ്ങനെ ആദ്യം പറഞ്ഞ് കൊടുത്തത് ആവര്‍ത്തിക്കാന്‍ പോലും അറിയാത്ത ഏഴാംകൂലി തല്ലുകാരനെയാണല്ലോ ഇവര്‍ക്ക് കിട്ടിയത്. കഷ്ടംതന്നെ. ചന്ദനഫാക്ടറിയുടമയുടെ വെളിപ്പെടുത്തല്‍ എന്നാണ് ചാനലിലെ ഫ്ളാഷ്. എന്നാല്‍ എവിടെയാണ് ഈ വിദ്വാന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് പറയാനെങ്കിലും ജയ്ഹിന്ദുകാര്‍ സന്നദ്ധരാവണമായിരുന്നു.

ആരാണ് ഇവരുടെ ഫാക്ടറി ഉടമയെന്ന് കാസര്‍കോടുകാര്‍ക്ക് നന്നായി അറിയാം. എല്ലാത്തരം വിഷജീവികളെയും കിട്ടുന്ന സ്ഥലം എന്നതുകൊണ്ടാവാം എക്സ്ക്ളൂസീവ് വെടിക്ക് കാസര്‍കോടുകാരനെ തെരഞ്ഞെടുത്തത്. ലീഗ് നേതാവിന്റെ ചന്ദന ഫാക്ടറിയിലെ കാവല്‍ക്കാരനായിരുന്നുവെന്നതാണ് ചന്ദനവുമായി ഇയാള്‍ക്കുള്ള ബന്ധം. ആരെങ്കിലും റെയ്ഡിന് വന്നാല്‍ തല്ലാന്‍ ആയുധവുമായി കാവല്‍നില്‍ക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗം. പോരാത്തതിന് സ്ഥിരം ക്രിമിനല്‍. രണ്ട് ഭാര്യമാരാണെങ്കിലും പെണ്‍വാണിഭക്കേസിലും പേരുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ലീഗ് യൂത്ത് നേതാവാണെന്ന് ലേബല്‍. ഏതെങ്കിലും പണമുള്ള ലീഗ് നേതാവിന്റെ സില്‍ബന്ധിയായാല്‍ ആര്‍ക്കും ലീഗ് നേതാവാകാം. അത്തരക്കാര്‍ക്കേ അവിടെ നേതാവാകാന്‍ പറ്റൂ. പെണ്‍വാണിഭ കേസില്‍പെട്ട് ചീഞ്ഞ് നാറുന്ന പുലിക്കുട്ടിയല്ലെ അവരുടെ നേതാവ്..... പിന്നെ കൂലിത്തല്ലുകാരന്‍ ബ്ളോക്ക് പഞ്ചായത്തംഗമായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

എതായാലും ഇനിയും ഇത്തരം എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ ഇത്തരം ചാനലുകളിലൂടെ നമുക്ക് പ്രതീക്ഷിക്കാം. അതിനായി യുഡിഎഫ് ഉപസമിതി രൂപീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഉണ്ണിത്താന്‍, ജോര്‍ജ്, ഹസനാദികളാണല്ലോ യുഡിഎഫിന്റെ സിംഹക്കുട്ടികള്‍. അവരുള്ളിടത്തോളം കാലം ഇതും ഇതിലപ്പുറവും സംഭവിക്കും. എല്‍ഡിഎഫിനെ താറടിപ്പിക്കാനാണല്ലോ ഈ പെടാപ്പാടൊക്കെ. എന്നാല്‍ ഇത് കാണുന്ന ജനങ്ങള്‍ക്ക് സത്യം തിരിച്ചറിയാനുള്ള വിവേകമൊക്കെയുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

യുഡിഎഫ് നേതാക്കളെക്കുറിച്ച് പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ എല്‍ഡിഎഫ് നേതാക്കളൊന്നും ഉണ്ടാക്കിയതല്ലല്ലോ. കൂടെ നിന്നവരും രാജ്യത്തിന്റെ പരമോന്നത നീതിപീഠവും പറഞ്ഞതാണ്. പതിറ്റാണ്ടുകളായി കുഞ്ഞാലിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആള്‍തന്നെയാണ് ഈ പുലിക്കുട്ടിയുടെ വീരസാഹസികത നിറഞ്ഞ കഥ ജനങ്ങളോട് വിളിച്ച് പറഞ്ഞത്. സുപ്രീംകോടതിയാണ് പിള്ളയെ അകത്താക്കിയത്. മുസ്തഫയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞത്. ഇതിന്റെ നാറ്റം മറക്കാന്‍ ചന്ദനത്തൈലം പൂശിയാല്‍ മതിയെന്ന് ആരാണാവോ ഇവര്‍ക്ക് പറഞ്ഞ് കൊടുത്തത്.

ദേശാഭിമാനി 280211

1 comment:

  1. ഖാദര്‍ എന്ന് കേട്ടാല്‍ ഖദറിട്ട ശുദ്ധ ഗാന്ധിയനാണെന്ന് ജനം ധരിക്കുമെന്നായിരിക്കും ജയ്‌ഹിന്ദ് യശമാനന്മാര്‍ കരുതിയിട്ടുണ്ടാവുക. എന്നാല്‍ ഈ ഖാദര്‍ പാലോത്തും അവിഹിതമുള്ളയാളാണെന്ന് ഇത്രയും പെട്ടെന്ന് പുറത്തുവരുമെന്ന് മുഖ്യമന്ത്രിയെ ഒറ്റയടിക്ക് ആവിയാക്കി കുഞ്ഞാലി-പിള്ളമാരെ രക്ഷിക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ മനസില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അല്‍പബുദ്ധിക്കാരുടെ കുതന്ത്രങ്ങള്‍ക്ക് ഇത്രയും ആയുസേ ഉണ്ടാകൂയെന്ന സത്യം ഇനിയെങ്കിലും മനസിലാക്കിയാല്‍ അവര്‍ക്ക് നന്ന്. 'ഖാദര്‍ പടക്കം' ചീറ്റിയതോടെ ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായി. യുഡിഎഫിന്റെ കൈയില്‍ ഇത്തരം നനഞ്ഞ പടക്കങ്ങളെ ഉള്ളൂവെന്ന്. വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ യുഡിഎഫ് സംസ്ഥാനതലത്തില്‍ ഉപസമിതി തന്നെ ഉണ്ടാക്കിയിട്ടുണ്ടത്രെ. ഈ രാഷ്ട്രീയ പാപ്പരത്തവും സഹിക്കേണ്ടത് നമ്മള്‍ കേരളീയരാണല്ലോ ഈശ്വരാ.

    ReplyDelete