Tuesday, February 22, 2011

കുടിയേറ്റ മണ്ണില്‍ വികസന മുന്നേറ്റത്തിന്റെ പുതു ചരിത്രം

ഇടുക്കി: നാടിന്റെ സമഗ്രവികസനത്തിന്റെയും സാമൂഹ്യനീതിയുടെയും വിളംബരമോതി കര്‍ഷക പോരാട്ടങ്ങളുടെ സ്മരണ ജ്വലിക്കുന്ന കുടിയേറ്റ മണ്ണിലെത്തുന്ന ജാഥ മറ്റൊരു ജനമുന്നേറ്റത്തിന്റെ ഇതിഹാസ രേഖയാകും. ഉന്നതശ്രേണിയില്‍ തമ്പടിച്ചിരുന്ന അധികാരവും അവകാശങ്ങളും പാവപ്പെട്ടവരിലേക്കെത്തിച്ച ജനകീയ സര്‍ക്കാര്‍. പൊതുഫണ്ട് നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും എങ്ങനെ ഉപയോഗിക്കാമെന്നും അത് സാധാരണക്കാര്‍ക്ക് ഏതുവിധം പ്രയോജനപ്പെടുത്താമെന്നും തെളിയിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ സാധാരണക്കാരന്റെയും ഹൃദയപക്ഷത്താണെന്ന് അടിവരയിടുന്നു.

എല്‍ഡിഎഫ് ഭരണത്തില്‍ മലയോര ജില്ലയ്ക്കുണ്ടായ ചരിത്രവികസനം ഓരോ പൌരനും തൊട്ടറിയുന്നതാണ്. എല്ലാ കൈവശക്കാര്‍ക്കും പൂര്‍ണാധികാരാവകാശ പട്ടയം എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മാത്രംഇഛാശക്തിയില്‍ കൈവന്നു. 50,000ത്തോളം കര്‍ഷകരുടെ ദീര്‍ഘകാല ജീവിതാഭിലാഷമാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. 1977 ജനുവരി ഒന്നിന് മുമ്പുള്ള എല്ലാ കൈവശക്കാര്‍ക്കും ഒരേക്കര്‍ മുതല്‍ നാലേക്കര്‍വരെ പട്ടയം ലഭിച്ചുവരുന്നു. കുടിയേറ്റ കര്‍ഷകരെ അദ്ധ്വാനഭൂമിയുടെ അവകാശികളാക്കിമാറ്റാന്‍ നീണ്ട നിയമയുദ്ധം തന്നെ നടത്തുകയുണ്ടായി. എംപിയുടെയും കേന്ദ്രത്തിന്റെയും ഉദാസീനത തുടര്‍ന്നിട്ടും ഇടുക്കി പാക്കേജ് നടത്തിപ്പിന് കോ-ഓര്‍ഡിനേഷന്‍ പ്രവര്‍ത്തനം, കര്‍ഷകര്‍ക്ക് കാര്‍ഷിക കടാശ്വാസമായി 21 കോടി 21 ലക്ഷം, ഏഴുകോടിയുടെ ഉദ്യാനപദ്ധതി, രാമക്കല്‍മേട്ടില്‍ കാറ്റാടി വൈദ്യുത പദ്ധതി, ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതി വെളിച്ചം, പഞ്ചായത്തുകള്‍തോറും ഹോമിയോ, ആയുര്‍വേദാശുപത്രികള്‍, മൂന്നുകോടി ചെലവില്‍ പന്നിയാര്‍കുട്ടി പാലം, 17 കോടി അടങ്കലില്‍ തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണം, വിവിധ ഭാഗങ്ങളില്‍ സിവില്‍സ്റ്റേഷനുകള്‍, കേന്ദ്രീയവിദ്യാലയകെട്ടിടത്തിന് 11 ഏക്കര്‍, മൃഗസംരക്ഷണത്തിന് 2.76 കോടി, അണക്കര വിമാനത്താവളം, മുല്ലപ്പെരിയാര്‍ പുതിയ ഡാമിനുള്ള നടപടി തുടങ്ങിയവ ജില്ലയുടെ നാനാമേഖലകളിലുമുള്ള വികസനക്കാഴ്ചയുടെ നാള്‍വഴികളാണ്.

ജീവിത ദുരിതങ്ങളില്‍പ്പെട്ട് ആത്മഹത്യയുടെ ചുടലപ്പറമ്പായിരുന്ന തോട്ടം മേഖലയെ രക്ഷിച്ച് നവോന്മേഷം പകര്‍ന്നു. പൂട്ടിയ 17തോട്ടങ്ങളും തുറക്കാനായി. സൌജന്യ റേഷന്‍, ലക്ഷങ്ങളുടെ പുനരുദ്ധാരണം, വേതന വര്‍ധനവ്, 25 ശതമാനം ബോണസ് തുടങ്ങിയവ തോട്ടം തൊഴിലാളികളുടെ ജീവിതനിലവാരം ഉയരാനിടയാക്കി. തോട്ടം തൊഴിലാളി ക്ഷേമത്തിന് 85 ലക്ഷം, ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്‍പ്പെടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍, വ്യവസായ സംരംഭകര്‍ക്ക് 30കോടി, തോട്ടം തൊഴിലാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, നെടുങ്കണ്ടത്ത് കായിക സ്റ്റേഡിയം, രണ്ടുരൂപയ്ക്ക് 41 ലക്ഷം കുടുംബങ്ങള്‍ക്ക് അരി, വനഭൂമി വീണ്ടെടുക്കല്‍, ജില്ലയിലാകെ 49,778 വീടുകള്‍, 818.08 ലക്ഷത്തിന്റെ ക്ഷീരസാഗരം സമഗ്ര പദ്ധതി, 23 കോടിയുടെ നീര്‍ത്തടാധിഷ്ഠിത പദ്ധതി എന്നിവ കൂടാതെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം എല്ലാം ഇടുക്കി ജില്ലയില്‍ വികസന വിപ്ളവം തന്നെയുണ്ടായി. ത്രിതല സമിതികളുടെ പദ്ധതികള്‍ കൂടിയായപ്പോള്‍ വികസനവേഗം വര്‍ധിച്ചു. ജില്ലയുടെ ബഹുമുഖമായ വികസനം രാഷ്ട്രീയ എതിരാളികളും സമ്മതിക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരണത്തില്‍ ഏതെങ്കിലും ആനുകൂല്യങ്ങളോ, സഹായങ്ങളോ, നേരിട്ടോ അല്ലാതെയോ ലഭിക്കാത്ത ഒരു കുടുംബംപോലും ജില്ലയിലുണ്ടാവില്ല.
(കെ ടി രാജീവ്)

deshabhimani 220211

1 comment:

  1. നാടിന്റെ സമഗ്രവികസനത്തിന്റെയും സാമൂഹ്യനീതിയുടെയും വിളംബരമോതി കര്‍ഷക പോരാട്ടങ്ങളുടെ സ്മരണ ജ്വലിക്കുന്ന കുടിയേറ്റ മണ്ണിലെത്തുന്ന ജാഥ മറ്റൊരു ജനമുന്നേറ്റത്തിന്റെ ഇതിഹാസ രേഖയാകും. ഉന്നതശ്രേണിയില്‍ തമ്പടിച്ചിരുന്ന അധികാരവും അവകാശങ്ങളും പാവപ്പെട്ടവരിലേക്കെത്തിച്ച ജനകീയ സര്‍ക്കാര്‍. പൊതുഫണ്ട് നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും എങ്ങനെ ഉപയോഗിക്കാമെന്നും അത് സാധാരണക്കാര്‍ക്ക് ഏതുവിധം പ്രയോജനപ്പെടുത്താമെന്നും തെളിയിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ സാധാരണക്കാരന്റെയും ഹൃദയപക്ഷത്താണെന്ന് അടിവരയിടുന്നു.

    ReplyDelete