ഇരുപത്തിനാലു മണിക്കൂറും ബ്രേക്കിംഗ് ന്യൂസ് നല്‍കാന്‍ എങ്ങനെ സാധിക്കുമെന്ന് വിഷമിക്കുന്ന പൂര്‍ണ്ണദിന വാര്‍ത്താ ചാനലുകള്‍ക്ക് ഇതുപോലെ ചാകരയൊരുങ്ങിയൊരു കാലമില്ല. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് തുടങ്ങിയാല്‍ റൌഫും മുനീറും തങ്ങളും പിന്നെയും റൌഫും ചേര്‍ന്ന് തുടരെത്തുടരെ വാര്‍ത്തകള്‍ വരികയാണ്. കുഞ്ഞാലിക്കുട്ടി തങ്ങളെവരെ ബ്ളാക്ക്മെയില്‍ചെയ്ത കഥ മാത്രമല്ല, കോതമംഗലം പെണ്‍വാണിഭം ഒതുക്കാന്‍ കര്‍ത്താവിന്റെ വിശുദ്ധിക്കുമേലും പാപത്തിന്റെ ശമ്പളം നല്‍കി കരിപുരട്ടിയതുംകൂടി രണ്ടാംവട്ടത്തില്‍ റൌഫ് വെളിപ്പെടുത്തിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ കയ്യിലുണ്ടെന്ന് അദ്ദേഹംതന്നെ പറഞ്ഞ ബോംബ് ഇനിയും പൊട്ടിയിട്ടില്ല. കയ്യിലിരുന്ന് പൊട്ടിപോകരുതേയെന്ന് പഴയ അനിയനെന്നനിലയില്‍ റൌഫ് തന്നെ ഉപദേശിച്ചിട്ടും കുഞ്ഞാലിക്കുട്ടി ബോംബ് പൊട്ടിക്കുന്നുമില്ല.
കുഞ്ഞാലിക്കുട്ടിക്കഥകള്‍ കേള്‍ക്കാന്‍ കേരളം കാതോര്‍ക്കുമ്പോള്‍ "കള്ള''മേതുമില്ലാത്ത പിള്ള മനസ്സിന്റെ വേദനകള്‍ മാലോകരെയറിയിക്കാന്‍ മനോരമ രംഗത്തെത്തി. ചാനലും പത്രവും ഒരേ മുതലാളിയുടേതാണെങ്കില്‍ പേയ്ഡ് ജേര്‍ണലിസത്തിന് സ്കോപ്പ് കൂടുതലാണ്. ചാനലിലെ വെളിപ്പെടുത്തല്‍ പത്രത്തിലെ മുഖ്യതലക്കെട്ടാക്കാം. ഇവിടെ ബാലകൃഷ്ണപിള്ളയെ ഒരു ദിവസം മുഴുവന്‍ "ചോദ്യം''ചെയ്യുന്ന മനോരമന്യൂസ് റിപ്പോര്‍ട്ടില്‍ കാമദേവന്റെ പൂവമ്പ് പോലത്തെ ചോദ്യങ്ങളാണ് പിള്ളയോട് ചോദിച്ചത്. പിള്ളയുടെ വീട്ടിലെ ആനയുടെ എണ്ണവും ആനപെറ്റ കഥയുമെല്ലാം കൂടിചേര്‍ത്ത് വലിയവീട്ടിലെ പിള്ള ചെറിയ തുക മോഷ്ടിക്കുമോയെന്ന ന്യായം ചമയ്ക്കാനാണ് മനോരമ തുനിഞ്ഞത്. ഇതിനിടയില്‍ 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ, തന്നോട് പറഞ്ഞ ചില ശുപാര്‍ശകള്‍ നടത്തിക്കൊടുക്കാത്തതിന്റെ വിരോധം വി എസ് തീര്‍ക്കുന്നതാണെന്ന് പിള്ള കാച്ചിയപ്പോള്‍ മനോരമയ്ക്ക് അത് മുഖ്യ തലക്കെട്ടായി. കള്ളനെന്ന് സുപ്രീംകോടതിവരെ വിധിച്ച പിള്ളയുടെ മൊഴികള്‍ ഏതോ വേദവാക്യംപോലെ മുഖ്യതലക്കെട്ടാക്കാന്‍ ഇവര്‍ക്ക് നാണമെന്ന വികാരം ഇനിയും ബാക്കിയില്ലേയെന്ന് കേരളം ശങ്കിച്ചുപോകും.
പിള്ളയും മാണിയും ലയിച്ച് ഒരു പാര്‍ടിയാവില്ലെങ്കിലും മാണിയുടെ അനുയായി സജീവും പിള്ളയും അഴിമതിക്കേസില്‍ കൂട്ടുപ്രതികളാണ്. ടി എം ജേക്കബിനുള്ള കൈവിലങ്ങുകൂടി സുപ്രീംകോടതി തയ്യാറാക്കുന്നുണ്ട്. ചുരുക്കത്തില്‍ നടക്കാതെപോയ കേരളാ കോണ്‍ഗ്രസ് ഐക്യം ജയിലില്‍വച്ച് സംഭവിക്കുന്ന നിലയായി.
അഴിമതിക്കേസില്‍ ജയില്‍ കാത്തിരിക്കുന്നയാളെ കുടുംബക്കാര്‍ സ്വീകരിച്ച് ദുഃഖം പങ്കുവയ്ക്കുന്നത് അനുചിതമാകില്ല. എന്നാല്‍ കൊട്ടാരക്കരയില്‍ നടന്ന യാത്രയയപ്പ് സമ്മേളനം കടുത്തകയ്യായി. അതിന്റെ ധാര്‍മികതയൊന്നും മാധ്യമങ്ങള്‍ക്ക് വിഷയമല്ല. പിള്ളയെപ്പറ്റി കാര്‍ട്ടൂണുകള്‍ ഉണ്ടാകുന്നില്ല. പിള്ളയ്ക്കുവേണ്ടി മുറവിളിയുമായി ഓടിവന്ന കെ സുധാകരന്‍ എം പി, കോടതിയെ നന്നായി ബഹുമാനിക്കുന്ന ശുദ്ധ കോണ്‍ഗ്രസാണന്ന് തെളിയിച്ചതും നാം കണ്‍കുളിര്‍ക്കെ കണ്ടു. ഇപ്പോള്‍ സുധാകരനും ജയിലിലേക്കുള്ള വഴിയിലായി. പക്ഷേ മറുചോദ്യമില്ലാത്ത മാധ്യമഅച്ചടക്കംകണ്ട് ആരും സ്തംഭിച്ചുപോകുന്ന നിലയായിരിക്കുന്നു.
കെ സുധാകരന്‍ എം പി പറഞ്ഞത്, 21 ബാര്‍ ഹോട്ടലുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപീം കോടതിയില്‍പോയി അനുകൂല വിധി ലഭിക്കാന്‍ ജഡ്ജിപണം നേരിട്ട് കൈപ്പറ്റുന്നതിന് അദ്ദേഹം സാക്ഷിയാണെന്നാണ്. ഒരു മുറിയില്‍വച്ച് നടന്ന ഈ കുറ്റകൃത്യം രഹസ്യമായി ഇത്രയുംകാലം സൂക്ഷിച്ചതിന്റെ ധാര്‍മികത മാത്രമല്ല സുധാകരനും അദ്ദേഹത്തിന്റെ പാര്‍ടിയും തുറന്നുകാണിയ്ക്കപ്പെടുന്ന വിഷയംകൂടിയായി ഇത് മാറുകയാണ്. സുധാകരനും അദ്ദേഹത്തിന്റെ ബാര്‍ ഹോട്ടല്‍ അനുവദിപ്പിക്കാന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാലും വയലാര്‍ രവിയും പത്മജാ വേണുഗോപാലും പണം കൈപ്പറ്റിയെന്ന വിവരം പുറത്താകുന്നു. നിയമവിരുദ്ധമായി കരുണാകരസര്‍ക്കാരിന്റെകാലത്ത് പണം കൈപ്പറ്റി നടത്തിയ ബാര്‍ ഇടപാടാണ് ഹൈക്കോടതി തടഞ്ഞത്. അതിനെ മറികടക്കാന്‍ ബാറുടമകളില്‍നിന്ന് പിരിച്ച ലക്ഷങ്ങളില്‍ കുറെ സംഖ്യ സുപ്രീംകോടതി ജഡ്ജിക്ക് കൊടുത്തുവെന്നാണ് സുധാകരമൊഴികളില്‍നിന്ന് അനുമാനിക്കേണ്ടത്. ഇത്രയേറെ സ്തോഭജനകമായ വാര്‍ത്തകള്‍ തുടരെത്തുടരെ പ്രവഹിക്കുമ്പോഴും എന്തുകൊണ്ടാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രതിരോധം ചമയ്ക്കുന്ന വാര്‍ത്താ വിന്യാസത്തിലേക്ക് നീങ്ങുന്നത്.
കുഞ്ഞാലിക്കുട്ടിയോട് നേരെചൊവ്വെയെന്ന പരിപാടിയില്‍ മാനോരമ ന്യൂസിന്റെ അവതാരകനായ ജോണി ലൂക്കോസ് നടത്തിയ ചോദ്യംചെയ്യലും നാടകീയമായി. കുഞ്ഞാലിക്കുട്ടിയുടെ കണ്ണുനീര്‍ അവതരിപ്പിക്കാന്‍ സൌകര്യമൊരുക്കികൊടുക്കുമ്പോള്‍ ഇതേ കുഞ്ഞാലിക്കുട്ടിമാര്‍ എത്രപേരെ കണ്ണീരുകുടിപ്പിച്ചുവെന്നതിനല്ലേ, വാര്‍ത്താമൂല്യമുള്ളത്. ഇവിടെ ഉലളലിശ്െല ഖീൌൃിമഹശാ എന്ന രീതിയില്‍ കുറ്റവാളികളെ പ്രതിരോധിക്കുന്ന ശൈലി പുറത്തെടുക്കുന്നത് പത്രപ്രവര്‍ത്തകര്‍ക്കുതന്നെ അഭിമാനകരമാണോ?
ഈജിപ്തിലെ ഏകാധിപത്യത്തെ കടപുഴക്കിയത് സുപ്രധാന വാര്‍ത്തയാണ്. അത്തരം വിപ്ളവങ്ങളെ നിയമം കയ്യിലെടുക്കുന്ന അധമവൃത്തികളായി അവതരിപ്പിച്ചുവന്ന വലതുപക്ഷ മാധ്യമങ്ങള്‍തന്നെ ഈജിപ്റ്റ് സംഭവങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി മുന്‍പേജില്‍ സ്ഥാപിച്ചത് നന്നായി. യുഡിഎഫ് ചെന്നുപെട്ട പ്രതിസന്ധിയുടെ വാര്‍ത്തകള്‍ ചെറുതാക്കാനും, അപ്രധാനമാക്കാനും തല്‍ക്കാലം ഈജിപ്റ്റ് മതിയാകും. ഇതിനിടയില്‍ ബംഗാളില്‍നിന്നുള്ള കഥകള്‍ ചമച്ച് ഇടതുപക്ഷത്തെ കുത്താനുള്ള വഴി മാതൃഭൂമി തേടുന്നതും കണ്ടു. ബംഗാളിലെ മുസ്ളീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ ഇടതുപക്ഷത്തിന്റെ കുഴപ്പംകൊണ്ടാണത്രേയെന്നാണ് മാതൃഭൂമി പറയുന്നത്. ഇതുസംബന്ധിച്ച് ആധികാരികമായ പഠനം നടത്തിയ സച്ചാര്‍കമ്മിറ്റിക്ക് അങ്ങനെയൊരഭിപ്രായം ഇല്ല. മുസ്ളിം പിന്നോക്കാവകഥ രാജ്യവ്യാപകമായുണ്ട്. മലബാര്‍ കലാപമുള്‍പ്പടെയുള്ള ചരിത്രപരമായ കാരണങ്ങളാല്‍ പിന്‍തള്ളപ്പെട്ടതാണ് മലബാറിലെ മുസ്ളീം പിന്നോക്കാവസ്ഥയ്ക്കിടയാക്കിയത്. ഇതേപോലെ 1905ലെ ബംഗാള്‍ വിഭജനം, 1947ലെ ബംഗാള്‍ വിഭജനം, 1971ലെ ബംഗ്ളാദേശ് സ്വാതന്ത്യ്രസമരം, ഈ കാലഘട്ടങ്ങളില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരാണ് ബംഗാളിലെ മുസ്ളീം ജനസംഖ്യയില്‍ നല്ല പങ്ക് വരുന്നത്. ചരിത്രം ശ്രദ്ധച്ച ഇത്തരം സമസ്യകളെ മൂന്നു പതിറ്റാണ്ടുകൊണ്ടുമാത്രം പൂര്‍ണ്ണമായി പരിഹരിപ്പിച്ചത് കുറ്റവിചാരം നടത്തുമ്പോള്‍, 1977ല്‍ ഇടതുപക്ഷം വരുന്ന കാലത്തെ ബംഗാള്‍ എന്തായിരുന്നുവെന്നാണ് ചിന്തിക്കേണ്ടത്. ബംഗാളിന്റെ വികസനത്തിന് എല്‍ഡിഎഫ് നടത്തിയ ശ്രമങ്ങളെ മാവോവാദികള്‍ തടസ്സപ്പെടുത്തുമ്പോള്‍ അവര്‍ക്കും തൃണമൂലിനും സ്തുതിപാടുന്നവര്‍, വികസനമില്ലായെന്ന പഴി ഇടതുപക്ഷത്തിനു ചാര്‍ത്താനും ശ്രമിക്കുന്നു.
യുഡിഎഫിന്റെ ജീര്‍ണതകള്‍ എത്ര ആഴത്തില്‍ അടക്കംചെയ്താലും ദുര്‍ഗന്ധം ഇല്ലാതാവില്ല. കോടികള്‍കൊണ്ട് മൂടിയാലും മറക്കാനാകാത്ത വൃത്തികേടുകളാണ് കോണ്‍ഗ്രസും യുഡിഎഫും കേരളത്തില്‍ നടത്തിവന്നത്. അത് എത്രകാലം കഴിഞ്ഞാലും പൊതുജന ദൃഷ്ടിയില്‍ വരുമെന്നത് മറക്കേണ്ടതില്ല. അതിനെ മൂടിവെയ്ക്കാനും, യുഡിഎഫിനുണ്ടാകുന്ന ആഘാതം കുറയ്ക്കാനും യുഡിഎഫിന്റെ "ഷോക്ക് അബ്സോര്‍ബര്‍''കളായി വലതുപക്ഷ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. വാര്‍ത്തകള്‍ ചാകരയാകുമ്പോള്‍, ആഹ്ളാദിക്കേണ്ട പത്രപ്രവര്‍ത്തകര്‍ പലരും മൌനത്തിലാകാന്‍ കാരണം അവരുടെ ജോലി പത്രപ്രവര്‍ത്തനമല്ല, വലതുപക്ഷ സേവ മാത്രമാണെന്നതിനാലാണ്.
അഡ്വ. കെ അനില്‍കുമാര്‍ chintha 250211
യുഡിഎഫിന്റെ ജീര്‍ണതകള്‍ എത്ര ആഴത്തില്‍ അടക്കംചെയ്താലും ദുര്‍ഗന്ധം ഇല്ലാതാവില്ല. കോടികള്‍കൊണ്ട് മൂടിയാലും മറക്കാനാകാത്ത വൃത്തികേടുകളാണ് കോണ്‍ഗ്രസും യുഡിഎഫും കേരളത്തില്‍ നടത്തിവന്നത്. അത് എത്രകാലം കഴിഞ്ഞാലും പൊതുജന ദൃഷ്ടിയില്‍ വരുമെന്നത് മറക്കേണ്ടതില്ല. അതിനെ മൂടിവെയ്ക്കാനും, യുഡിഎഫിനുണ്ടാകുന്ന ആഘാതം കുറയ്ക്കാനും യുഡിഎഫിന്റെ "ഷോക്ക് അബ്സോര്‍ബര്‍''കളായി വലതുപക്ഷ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. വാര്‍ത്തകള്‍ ചാകരയാകുമ്പോള്‍, ആഹ്ളാദിക്കേണ്ട പത്രപ്രവര്‍ത്തകര്‍ പലരും മൌനത്തിലാകാന്‍ കാരണം അവരുടെ ജോലി പത്രപ്രവര്‍ത്തനമല്ല, വലതുപക്ഷ സേവ മാത്രമാണെന്നതിനാലാണ്.
ReplyDelete