Tuesday, February 22, 2011

റെയില്‍വേ ബജറ്റ്: പ്രശ്നങ്ങളും പ്രതീക്ഷകളുമായി പാലക്കാട്

റെയില്‍വേ ബജറ്റ് ഈ മാസം 25ന് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാലക്കാട്. മലബാറിലെ യാത്രാക്ളേശം പരിഹരിക്കാന്‍ പുതിയ ട്രെയിനുകള്‍, ദീര്‍ഘദൂരട്രെയിനുകള്‍ക്ക് സ്റ്റോപ്പ്, ആധുനിക സൌകര്യങ്ങള്‍ എന്നിങ്ങനെ പാലക്കാടിന്റെ സ്വപനങ്ങള്‍ ഏറെയാണ്. കഞ്ചിക്കോട് നിര്‍ദിഷ്ട കോച്ച്ഫാക്ടറിയുടെ നിര്‍മാണത്തിന് ഇത്തവണ ബജറ്റില്‍ തുക വകയിരുത്തുമെന്നും 'മെമു'ഷെഡ് ആരംഭിച്ച പാലക്കാട്ട് കൂടുതല്‍ 'മെമു'ട്രെയിനുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. കോയമ്പത്തൂര്‍-കോഴിക്കോട്, കോഴിക്കോട്-തൃശൂര്‍, കോയമ്പത്തൂര്‍-എറണാകുളം എന്നിങ്ങനെ ഷട്ടില്‍സര്‍വീസ് നടത്തുന്നതിനായുള്ള 'മെമു'വണ്ടികള്‍ക്കായുള്ള അപേക്ഷയും റെയില്‍വേയുടെ പരിഗണനയിലാണ്.

കൊച്ചുവേളി ട്രിവാന്‍ഡ്രം എക്സ്പ്രസിന് പട്ടാമ്പിയിലും 2685-2686 മംഗ്ളൂര്‍-ചെന്നൈ എക്സ്പ്രസ്, 6687-6688 മംഗലാപുരം-ജമ്മുതാവി എക്സ്പ്രസ്, 2696 ട്രിവാന്‍ഡ്രം ചെന്നൈ എക്സ്പ്രസ്, 1335 ആലപ്പി ധന്‍ബാദ് എക്സ്പ്രസ് എന്നീ ദീര്‍ഘദൂരട്രെയിനുകള്‍ക്ക് ഒറ്റപ്പാലത്തും സ്റ്റോപ്പ് വേണമെന്നാണ് പ്രധാന ആവശ്യം. ഇതു സംബന്ധിച്ച് എം ബി രാജേഷ് എം പി റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പാലക്കാട് വഴിയും മംഗലാപുരംവഴിയുമുള്ള കണ്ണൂര്‍ യശ്വന്തപുരം എക്സ്പ്രസിന് ബോഗികള്‍ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ നിര്‍ത്തലാക്കിയ 644നമ്പര്‍ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ പുനഃസ്ഥാപിക്കണം. നിര്‍മാണം ഇഴയുന്ന പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഫണ്ടും വരാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

റെയില്‍വേ ട്രാക്കുകളുടെ വൈദ്യുതീകരണമെന്ന ആവശ്യത്തിന് കാലങ്ങളോളം പഴക്കമുണ്ടെന്ന് മലബാര്‍ റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ റീജണല്‍ സെക്രട്ടറി സഷൈന്‍ പറയുന്നു. ഇക്കാലമത്രയും ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഷൊര്‍ണര്‍-മംഗലാപുരം, ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതകളിലാണ് വൈദ്യുതീകരണം മുടങ്ങിയിരിക്കുന്നത്. ഷൊര്‍ണൂരില്‍ വരാതെ 33 ദീര്‍ഘദൂരട്രെയിനകള്‍ കടന്നുപോകുന്നുണ്ട്. മുമ്പ് നിര്‍ത്തല്‍ ചെയ്ത ഭാരതപ്പുഴ സ്റ്റേഷന്‍ ഷൊര്‍ണൂര്‍ ഈസ്റ്റ് എന്ന പേരില്‍ നവീകരിക്കുകയാണെങ്കില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പു നല്‍കാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. പാത ഇരട്ടിപ്പിക്കല്‍ ഏകദേശം പൂര്‍ത്തിയായങ്കിലും ഷൊര്‍ണൂരും പാലക്കാടും പിറ്റ് ലൈന്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്. ഒരേസമയത്ത് കൂടുതല്‍ ട്രെയിനുകള്‍ വരാനും കടന്നുപോകാനും ഇത് ഉപകരിക്കും.

രാവിലെ പാലക്കാട്ടെത്തുന്ന അമൃത എക്സ്പ്രസ് 15 മണിക്കൂറോളം വെറുതെ കിടക്കുന്നതിനാല്‍ ഇടവേളയില്‍ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. എംപിയുടെ മണ്ഡലത്തില്‍ കംപ്യൂട്ടര്‍ റിസര്‍വേഷന്‍ സെന്റര്‍ അനുവദിക്കുന്ന കാര്യത്തിലും അനുകൂലതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് സ്റ്റേഷനില്‍ പോകാതെ റിസര്‍വേഷന്‍ ചെയ്യാമെന്നാണ് ഇതിന്റെ പ്രത്യേകത. മണ്ണാര്‍ക്കാട് സര്‍വീസ് സഹകരണബാങ്കില്‍ ടിക്കറ്റ് റിസര്‍വേഷന്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും എം ബി രാജേഷ് എം പി ബന്ധപ്പെട്ട അധികാരകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. വടക്കഞ്ചേരിയില്‍ ബസ്സ്റ്റാന്‍ഡില്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ സെന്റര്‍ ആശവശ്യപ്പെട്ടാണ് പി കെ ബിജു എം പി അപേക്ഷ നല്‍കിയത്. പാലക്കാട് സ്റ്റേഷനില്‍ പ്ളാറ്റ്ഫോം നവീകരണമുള്‍പ്പെടെ ജില്ലയിലെ സ്റ്റേഷനുകളിലെ ആധുനികവല്‍ക്കരണത്തിനും ഈ ബജറ്റ് കാതോര്‍ക്കുകയാണ്.

ദേശാ‍ഭിമാനി പാലക്കാട് ജില്ല വാര്‍ത്ത


നരകത്തിലേക്ക് ഒരു ചൂളംവിളി ദൂരം

1 comment:

  1. റെയില്‍വേ ബജറ്റ് ഈ മാസം 25ന് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാലക്കാട്. മലബാറിലെ യാത്രാക്ളേശം പരിഹരിക്കാന്‍ പുതിയ ട്രെയിനുകള്‍, ദീര്‍ഘദൂരട്രെയിനുകള്‍ക്ക് സ്റ്റോപ്പ്, ആധുനിക സൌകര്യങ്ങള്‍ എന്നിങ്ങനെ പാലക്കാടിന്റെ സ്വപനങ്ങള്‍ ഏറെയാണ്. കഞ്ചിക്കോട് നിര്‍ദിഷ്ട കോച്ച്ഫാക്ടറിയുടെ നിര്‍മാണത്തിന് ഇത്തവണ ബജറ്റില്‍ തുക വകയിരുത്തുമെന്നും 'മെമു'ഷെഡ് ആരംഭിച്ച പാലക്കാട്ട് കൂടുതല്‍ 'മെമു'ട്രെയിനുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. കോയമ്പത്തൂര്‍-കോഴിക്കോട്, കോഴിക്കോട്-തൃശൂര്‍, കോയമ്പത്തൂര്‍-എറണാകുളം എന്നിങ്ങനെ ഷട്ടില്‍സര്‍വീസ് നടത്തുന്നതിനായുള്ള 'മെമു'വണ്ടികള്‍ക്കായുള്ള അപേക്ഷയും റെയില്‍വേയുടെ പരിഗണനയിലാണ്.

    ReplyDelete