ആരോഗ്യ സര്‍വകലാശാല ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു
തൃശൂര്‍: കേരളത്തിലെ വൈദ്യശാസ്ത്രമേഖലയും അക്കാദമിക് സമൂഹവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആരോഗ്യ സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഗവര്‍ണര്‍ ആര്‍ എസ് ഗവായി നിര്‍വഹിച്ചു. ആരോഗ്യ-ചികിത്സാരംഗത്തെ ആധുനിക സംവിധാനങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കാന്‍ ആരോഗ്യസര്‍വകലാശാലക്ക് സാധിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശാസ്ത്രം അതിവേഗം വികസിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന്. ടെലിമെഡിസിന്‍ പോലുള്ള സംവിധാനം ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്. അലോപ്പതിക്കൊപ്പം ആയുര്‍വേദം, ഹോമിയോ, സിദ്ധ, ദന്തല്‍, യുനാനി ചികിത്സാരീതികള്‍കൂടി വിപുലപ്പെടുത്തി രാജ്യത്തെ മികച്ച സര്‍വകലാശാലയാക്കുകയാണ് ലക്ഷ്യമാക്കേണ്ടത്. കേരള സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ സമഗ്ര പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി അധ്യക്ഷയായി.
ആരോഗ്യമേഖല അടുത്തിടെ വളരെ ചലനാത്മകമാണെന്ന് മന്ത്രി പറഞ്ഞു. 2003 മുതല്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ മെഡിക്കല്‍ കോളേജുകളടക്കം നിരവധി സ്ഥാപനങ്ങളാണ് വന്നിട്ടുള്ളത്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും ഗവേഷണവിഷയങ്ങളിലേക്ക് കൊണ്ടുവരാനും ആരോഗ്യ സര്‍വകലാശാലയ്ക്കാകണമെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ പത്നി കമല്‍തായ് ഗവായിയും പങ്കെടുത്തു. കേരളത്തിന്റെ സമഗ്ര ആരോഗ്യ പരിരക്ഷയും ഗവേഷണവും മുന്‍നിര്‍ത്തി ആരംഭിക്കുന്ന സര്‍വകലാശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വൈസ് ചാന്‍സിലര്‍ ഡോ. കെ മോഹന്‍ദാസ് വിശദീകരിച്ചു.
സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, മന്ത്രി കെ പി രാജേന്ദ്രന്‍, എം പിമാരായ പി സി ചാക്കോ, പി കെ ബിജു എന്നിവര്‍ സംസാരിച്ചു. ബാബു എം പാലിശേരി എംഎല്‍എ സ്വാഗതവും പ്രൊ- വൈസ് ചാന്‍സലര്‍ ഡോ. സി രത്നാകരന്‍ നന്ദിയും പറഞ്ഞു. അക്കാദമിക് ബ്ളോക്കാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. അഡ്മിനിസ്ട്രേഷന്‍, ഫിനാന്‍സ്, പരീക്ഷാവിഭാഗം, ഐടി ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍, കോഫറന്‍സ് ഹാള്‍, ഡീന്‍സ് ഓഫീസ്, ഗസ്റ്റ് ഹൌസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പബ്ളിക് റിലേഷന്‍ ഓഫീസ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ അക്കാദമിക് ബ്ളോക്കിന്റെ ഭാഗമാണ്. രണ്ട് വര്‍ഷത്തിനകം പണിപൂര്‍ത്തിയാക്കും. 14000 ചതുരശ്ര അടി വരുന്ന അക്കാദമിക് ബ്ളോക്കിന് 50 കോടി ചെലവുപ്രതീക്ഷിക്കുന്നു.
പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ ഉറപ്പുവരുത്തി: പിണറായി
പരിയാരം: പാവപ്പെട്ടവന്റെ ചികിത്സ പൂര്‍ണമായി ഏറ്റെടുത്തതാണ് ആരോഗ്യരംഗത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതരരോഗം ബാധിച്ച ദരിദ്ര വിഭാഗങ്ങളുടെ ചികിത്സക്ക് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കാശില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്. പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ ട്രോമാകെയര്‍-തീവ്രപരിചരണ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ആദിവാസികള്‍ ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇവരെ ആശുപത്രികളിലെത്തിക്കുന്നതിനുള്ള വാഹനച്ചെലവും നല്‍കും. മുമ്പ് ഇതായിരുന്നില്ല അവസ്ഥ. പൊതുജനാരോഗ്യത്തെ സര്‍ക്കാര്‍ കൈവിടുന്ന സാഹചര്യമായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നയം തിരുത്തി. ആരോഗ്യ മേഖലയ്ക്ക് മികച്ച പരിഗണനയാണ് ഇന്ന് നല്‍കുന്നത്.
ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിലെ കേരളത്തിന്റെ സമാനതകളില്ലാത്ത വളര്‍ച്ച മൂലം കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ സഹായം യഥാസമയം കിട്ടാത്ത സ്ഥിതിയുണ്ട്. ആരോഗ്യ രംഗത്തെ മുന്നേറ്റം വച്ച് നോക്കുമ്പോള്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പോലുള്ള സ്ഥാപനം ഇതിനു മുമ്പേ കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടേണ്ട സ്ഥാപനമാണ്. ആരോഗ്യ മേഖലയില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാപനമായി ഇതിനെ ഉയര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഏതൊരു സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് അത്യാവശ്യം ജനങ്ങളുടെ സഹകരണമാണ്. അത് പരിയാരം മെഡിക്കല്‍ കോളേജിന് ലോഭമില്ലാതെ ലഭിക്കുന്നു. ട്രസ്റ്റിന്റെ ചെയര്‍മാന്‍ ബി ഇക്ബാല്‍ കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിവുറ്റ വ്യക്തികളെ അണിനിരത്തി പരിയാരം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിയുമെന്ന് പിണറായി പറഞ്ഞു.
പരിയാരം കേരളത്തിലെ മികച്ച മെഡിക്കല്‍ കോളേജ്: മന്ത്രി സുധാകരന്‍
പരിയാരം: കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍കോളേജാണ് പരിയാരത്തേതെന്ന് സഹകരണ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 30 ഡയാലിസിസ് യൂണിറ്റ് മറ്റൊരു മെഡിക്കല്‍ കോളേജിലുമില്ല. നവീകരിച്ച ഡയാലിസിസ്- നെഫ്രോളജി യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിയാരത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് സഹകരണ മേഖലയില്‍ കോളേജ് തുടങ്ങിയത്. മെഡിക്കല്‍ കോളേജും എംബിഎ കോളേജും സര്‍ക്കാര്‍ നടത്തേണ്ടതല്ലെന്നായിരുന്നു ചിലരുടെ ധാരണ. ഇത് തിരുത്തപ്പെട്ടത് പിണറായി സഹകരണ മന്ത്രിയായപ്പോഴാണ്. ഗവമെന്റ് സഹകരണ മേഖലയ്ക്ക് 15 കോടി നല്‍കുമ്പോള്‍ 100 കോടി തിരിച്ചു നല്‍കുന്നു. അതിനാല്‍ സഹകരണ മെഡിക്കല്‍ കോളേജിന്റെ കടം സര്‍ക്കാര്‍ നികത്തണം. സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥി പ്രവേശനം സുതാര്യമായി നടത്തുകയും സാമൂഹ്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന സഹകരണ മെഡിക്കല്‍ കോളേജുകളോട് ആരും നീതി കാണിക്കാറില്ല. സഹകരണ മേഖല ഉപയോഗിച്ച് ലാഭം കൊയ്യുകയാണ് കേന്ദ്ര ഗവമെന്റിന്റെ ലക്ഷ്യം- സുധാകരന്‍ പറഞ്ഞു.
പാവങ്ങള്‍ ചികിത്സ കിട്ടാതെ മരിക്കുന്നത് ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: ഇ പി
പരിയാരം: ചികിത്സ കിട്ടാതെ പാവങ്ങള്‍ മരിക്കുന്നത് ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ആരോഗ്യരംഗത്ത് ദരിദ്ര വിഭാഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോളേജ് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെ അതിജീവിച്ചാണ് പരിയാരം മെഡിക്കല്‍ കോളേജ് ഇന്നത്തെ നിലയിലെത്തിയത്. പരിയാരത്തെ കേരളത്തിലെ വലിയ മെഡിക്കല്‍ കോളേജും ആതുര ശുശ്രൂഷാ കേന്ദ്രവുമാക്കി മാറ്റണം. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള വിശ്രമ കേന്ദ്രമായി മെഡിക്കല്‍ കോളേജിനെ മാറ്റണം. ഭരണസമിതിയും ഡോക്ടര്‍മാരും ജീവനക്കാരും ശ്രമിച്ചാല്‍ കഴിയുമെന്നും ജയരാജന്‍ പറഞ്ഞു.
രോഗികള്‍ക്ക് സാന്ത്വനമായി സാന്ത്വനവനം യാഥാര്‍ഥ്യമായി
കോഴിക്കോട്: സാന്ത്വന പരിചരണകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ (ഐപിഎം) എത്തുന്ന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് സാന്ത്വനവനം. സംസ്ഥാന വനം-വന്യജീവി വകുപ്പാണ് നാലേക്കറില്‍ രോഗികള്‍ക്ക് വീല്‍ചെയറിന്റെ സഹായത്തോടെ എത്തിച്ചേരാവുന്ന സാന്ത്വനവനം യാഥാര്‍ഥ്യമാക്കിയത്. ശനിയാഴ്ച ഐപിഎമ്മിന്റെ മുറ്റത്ത് നടന്ന ചടങ്ങില്‍ മന്ത്രി ബിനോയ് വിശ്വം സാന്ത്വനവനം രോഗികള്‍ക്കായി സമര്‍പ്പിച്ചു.
ഫോറസ്റ്റ് പ്രൊട്ടക്റ്റഡ് സ്റ്റാഫ് അസോസിയേഷന്‍ അംഗങ്ങള്‍ 10 വര്‍ഷം മുമ്പ് നിര്‍മിച്ച 'സ്മൃതി വന'മാണ് സാന്ത്വനവനം പദ്ധതിക്ക് പ്രേരണയായത്. ഐപിഎമ്മിന് സമീപമുള്ള സ്മൃതിവനം വര്‍ഷത്തില്‍ ഒരുദിവസം ജീവനക്കാരെത്തി സംരക്ഷണപ്രവൃത്തി നടത്തും. ഒരിക്കല്‍ ഉദ്ഘാടകനായി മന്ത്രി ബിനോയ് വിശ്വവുമെത്തി. വനസംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് സാന്ത്വനവനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി കൂടുതല്‍ വികസനങ്ങള്‍ നടപ്പാക്കാനാണ് ഉദ്ദേശ്യം. ഇതിന്റെ ‘ഭാഗമായി കൂടുതല്‍ ഔഷധസസ്യങ്ങളും അപൂര്‍വയിനം സസ്യജാലങ്ങളും ഇവിടെ വെച്ചുപിടിപ്പിക്കും. സാന്ത്വനവനം പദ്ധതിക്ക് 25 ലക്ഷം രൂപയാണ് ചെലവ്.
സംസ്ഥാനത്ത് ഇതാദ്യമായാണ് രോഗികള്‍ക്കായി ഒരു പദ്ധതി വനംവകുപ്പ് നടപ്പാക്കുന്നത്. കാടിനും വന്യജീവികള്‍ക്കും വേണ്ടി ശബ്ദിക്കുന്നവര്‍ വികസന വിരോധികളാണെന്ന ധാരണ തെറ്റാണ്. ആദിവാസികള്‍ പ്രതികളായ വനവുമായി ബന്ധപ്പെട്ട പല കേസുകളും പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കനകദാസ് അധ്യക്ഷനായി. മേയര്‍ എ കെ പ്രേമജം, കമീഷണര്‍ പി വിജയന്‍, സിസിഎഫ് സുബ്രഹ്മണ്യന്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. കെ സുരേഷ് കുമാര്‍, കവി പി കെ ഗോപി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ പി സുധീര, യു കെ കുമാരന്‍, അലി അക്ബര്‍, സി എം കേശവന്‍ എന്നിവര്‍ സംസാരിച്ചു. ബേബി ഫാത്തിമ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി 270211
പാവപ്പെട്ടവന്റെ ചികിത്സ പൂര്‍ണമായി ഏറ്റെടുത്തതാണ് ആരോഗ്യരംഗത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതരരോഗം ബാധിച്ച ദരിദ്ര വിഭാഗങ്ങളുടെ ചികിത്സക്ക് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കാശില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്. പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ ട്രോമാകെയര്‍-തീവ്രപരിചരണ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ReplyDeleteinquilab zindabad
ReplyDelete