Sunday, February 27, 2011

മലബാര്‍ വീണ്ടും അവഗണനയുടെ പാളത്തില്‍

കോഴിക്കോട്: റെയില്‍വേ ബജറ്റില്‍ ഇത്തവണയും മലബാറുകാര്‍ക്ക് അവഗണനയുടെ കയ്പുനീര്‍ മാത്രം. കേരളത്തിന് അനുവദിച്ച 12 ദീര്‍ഘദൂര വണ്ടികളില്‍ മൂന്നെണ്ണം കോഴിക്കോട് വഴി കടന്നു പോകുമെന്നതുമാത്രമാണ് ഏക ആശ്വാസം. പാലക്കാട്-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, ഗുജറാത്ത്-തിരുവനന്തപുരം ഭാവ്നഗര്‍ എക്സ്പ്രസ്, ഹൌറ-മംഗലാപുരം എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് വഴി ഓടുക. എന്നാല്‍ ഈ വണ്ടികളുടെ സമയംകൂടി അറിഞ്ഞാലേ മലബാറിലെ സാധാരണ യാത്രക്കാര്‍ക്ക് അവ പ്രയോജനപ്പെടുമോയെന്ന് പറയാനാവൂ. യാത്രാദുരിതം തുടരുന്ന ബംഗളൂരു-കണ്ണൂര്‍, ചെന്നൈ-കണ്ണൂര്‍ റൂട്ടുകളില്‍ പുതിയ ട്രെയിന്‍ അനുവദിക്കുമെന്ന പ്രതീക്ഷയും കോഴിക്കോട്-ബംഗളൂരു ഇന്റര്‍സിറ്റി, ഗോവ-തിരുവനന്തപുരം എന്നീ ട്രെയിനുകള്‍ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കഴിഞ്ഞ ബജറ്റില്‍ ഷൊര്‍ണൂര്‍- മംഗലാപുരം പാതയില്‍ അനുവദിച്ച 68 കോടിയുടെ വൈദ്യുതീകരണ പദ്ധതി തുടങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനവും ബജറ്റിലില്ല. പാത ഇരട്ടിപ്പിക്കലിനും പദ്ധതിയില്ല. തലശേരി-മൈസൂരു പാത സര്‍വെ, ബേപ്പൂര്‍- കോഴിക്കോട് പാതയ്ക്ക് സര്‍വെ എന്നീ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിലേത് ആവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട്-അങ്ങാടിപ്പുറം പാതക്ക് സര്‍വെ നടത്തുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തെക്കുറിച്ചും ഇത്തവണ പരാമര്‍ശമില്ല.

വയനാടുകാരുടെ ചിരകാലസ്വപ്നമായ നിലമ്പൂര്‍- നഞ്ചന്‍ങ്കോട് റെയില്‍പാതയും അവഗണിച്ചു. കോഴിക്കോട് സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനവും കണ്ണൂര്‍, കാസര്‍കോട് സ്റേഷനുകള്‍ ആദര്‍ശ് സ്റേഷനാക്കി മാറ്റുമെന്നുള്ളതും ഇതുവരെ യാഥാര്‍ഥ്യമായില്ല. മലബാറില്‍ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടും രൂക്ഷമായ യാത്രാക്ളേശം പരിഹരിക്കന്‍ ബജറ്റില്‍ നടപടിയില്ല. നിലവിലുള്ള ട്രെയിനുകളിലെ ബോഗികള്‍ വര്‍ധിപ്പിച്ചാലും മറ്റു സ്റ്റേഷനുകളില്‍ വെറുതെ കിടക്കുന്ന വണ്ടികള്‍ നീട്ടിയാലും ഇപ്പോഴുള്ള യാത്രാക്ളേശം ഒരുപരിധിവരെ പരിഹാരിക്കാമായിരുന്നു.

അടിസ്ഥാന സൌകര്യവികസനത്തിനോ തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കാനോ തയ്യാറായില്ല. ദീര്‍ഘദൂര ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള പിറ്റ്ലൈന്‍ എന്നത് കോഴിക്കോടിന്റെ ചിരകാലാഭിലാഷമായിരുന്നു. വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍ പിറ്റ്ലൈന്‍ സ്ഥാപിക്കാനുള്ള സൌകര്യവുമുണ്ട്. പിറ്റ് ലൈന്‍ ഇല്ലാത്തതിനാല്‍ അനുവദിച്ച വണ്ടികള്‍ പോലും മുഴുവന്‍ ദിവസവും ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കോഴിക്കോട്ടുനിന്ന് സര്‍വീസ് ആരംഭിക്കാനാവാത്തതും പിറ്റ്ലൈന്‍ ഇല്ലാത്തതിനാലാണ്. അറ്റകുറ്റപ്പണിക്ക് മംഗലാപുരത്തെയും തിരുവനന്തപുരത്തെയും ആശ്രയിക്കേണ്ടി വരുന്നു.

ചേര്‍ത്തല വാഗണ്‍ ഫാക്ടറി: കേരളത്തെ കബളിപ്പിക്കുന്നു

റെയില്‍വേ ബജറ്റില്‍ ചേര്‍ത്തല വാഗണ്‍ ഫാക്ടറി വീണ്ടും പ്രഖ്യാപിച്ച് മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തെ കബളിപ്പിക്കുന്നു. ഫാക്ടറിക്ക് ഒരുരൂപപോലും വകയിരുത്തിയിട്ടുമില്ല. ഒന്നാം യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും 85 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്ത പദ്ധതിയാണിത്. റെയില്‍മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുമായി കരാറിലും ഒപ്പുവച്ചിരുന്നു. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. ട്രെയിന്‍ ബോഗി, കപ്ളേഴ്സ്, ട്രാഫ്റ്റ് ഗിയര്‍ എന്നിവയ്ക്ക് ഭാവിയില്‍ വന്‍ കുറവുണ്ടാകുമെന്ന 2006ലെ റെയില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തല വാഗണ്‍ ഫാക്ടറി ആവശ്യവുമായി റെയില്‍വേയെ സമീപിച്ചത്. ഇതുസംബന്ധിച്ച് വ്യവസായവകുപ്പും റെയില്‍വേയുമായി നിരവധി തവണ ചര്‍ച്ച നടന്നു. സംസ്ഥാനം പൂര്‍ണപിന്തുണ അറിയിച്ചതോടെ റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് പച്ചക്കൊടി കാട്ടി.

2007-08 ലെ റെയില്‍വേ ബജറ്റില്‍ ചേര്‍ത്തലയില്‍ ബോഗി നിര്‍മാണ യൂണിറ്റ് അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് പ്രഖ്യാപിച്ചു. 85 കോടി രൂപയും വകയിരുത്തി. തുടര്‍ന്ന് പദ്ധതിക്കായി പഠനം നടത്താന്‍ റൈറ്റ്കസിനെ ചുമതലപ്പെടുത്തി. ചേര്‍ത്തല സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ്, ഓട്ടോകാസ്റ്റ് യൂണിറ്റ് എന്നിവയുടെ പശ്ചാത്തലസൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കാനാകുമെന്ന് കാട്ടി റൈറ്റ്സ് 2007 മേയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2008 ജൂണ്‍ 28ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കേന്ദ്ര റെയില്‍വേ മന്ത്രിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ ധാരണാപത്രപ്രകാരം നിയോഗിച്ചു. റെയില്‍വേ ബോര്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയറിങ് (വര്‍ക് ഷോപ്പ്സ്) അഡ്വൈസറും റെയില്‍വേയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും രണ്ടു പ്രതിനിധികളും വീതം അംഗങ്ങളായ വര്‍ക്കിങ്ഗ്രൂപ്പ് ഫാക്ടറി രൂപരേഖ തയ്യാറാക്കി.

തുടര്‍ന്ന് 2009 ഫെബ്രുവരി 27 ന് റെയില്‍വേയും കേന്ദ്രറെയില്‍ മന്ത്രാലയവും ചേര്‍ത്തലയില്‍ നടന്ന യോഗത്തില്‍ സംയുക്ത കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം റെയില്‍വേക്ക് 51 ശതമാനം സംസ്ഥാന സര്‍ക്കാരിന് 49 ശതമാനവും ഓഹരിപങ്കാളിത്തമുള്ള കേരള റെയില്‍ കമ്പണന്റ്സ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ 26 ഏക്കറും ഓട്ടോകാസ്റ്റിന്റെ 54 ഏക്കറും കമ്പനിക്ക് വിട്ടുനല്‍കാന്‍ ധാരണയായി.

കേന്ദ്ര ഓഹരി മൂലധനമുള്ളതിനാല്‍ കമ്പനി രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി റെയില്‍വേ ബോര്‍ഡ് അയച്ചു. എന്നാല്‍, പിന്നീട് വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മന്ത്രിമാരായ എളമരം കരിമും എം വിജയകുമാറും നിരന്തരം സമ്മര്‍ദംചെലുത്തിയെങ്കിലും കേന്ദ്രം നിഷേധ നിലപാട് തുടര്‍ന്നു. ഇതിനിടെ റെയില്‍വേ മന്ത്രാലയം ഫയല്‍ മടക്കി. ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ പദ്ധതിയെപറ്റി പഠിക്കാന്‍ റൈറ്റ്സിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചത്.
(ദിലീപ് മലയാലപ്പുഴ)

വൈദ്യുതിലൈനില്ലാതെ മെമു: മമത മറന്നത് കേരളത്തിന്റെ അടിയന്തരാവശ്യങ്ങള്‍

കഴിഞ്ഞ റെയില്‍വേ ബജറ്റിലെ വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുമ്പോള്‍ പുതിയ പ്രഖ്യാപനങ്ങളുമായി കേരളത്തെ വീണ്ടും കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് റെയില്‍വേമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തയ്യാറാക്കിയ ബജറ്റില്‍ കഴിഞ്ഞതവണത്തെ പ്രഖ്യാപനങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. പതിവുപോലെ ഇത്തവണയും കേരളത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടു. കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളായ റെയില്‍വേ സോ, ദക്ഷിണ ചരക്ക് ഇടനാഴി, മംഗലാപുരം-ഷൊര്‍ണൂര്‍ വൈദ്യുതീകരണം, നിലമ്പൂര്‍-മൈസൂര്‍, കൊല്ലങ്കോട്-തൃശ്ശൂര്‍ ലൈനുകള്‍ക്ക് അനുമതി, നേമത്ത് വാഗണ്‍ റിപ്പയര്‍ വര്‍ക്ക് ഷോപ്പ്, പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം, പ്രത്യേക അതിവേഗ ഇടനാഴി, പ്രത്യേക അതിവേഗ ചരക്ക് ഇടനാഴി, പാത ഇരട്ടിപ്പിക്കല്‍ പണി പൂര്‍ത്തിയാക്കല്‍, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം റെയില്‍വേ സ്റേഷനുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, കടയ്ക്കാവൂരില്‍ ഗുഡ്സ് ഷെഡ്ഡ്, അങ്കമാലി-ശബരി റെയില്‍വേ ലൈന്‍, കന്യാകുമാരി-കൊങ്ക-ഗോവ പാതയില്‍ പുതിയ ട്രെയിന്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം നിരസിച്ചു.

2010-11 ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായി കൊണ്ടാടിയ തിരുവനന്തപുരം റെയില്‍വേ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തല്‍, തിരുവനന്തപുരത്ത് കുടിവെള്ള ബോട്ടിലിങ് പ്ളാന്റ്, കാസര്‍കോട്ടും മാവേലിക്കരയിലും ബഹുമുഖ സേവന സമുച്ചയം എന്നിവയെല്ലാം വെറുതേയായി. ഇവയ്ക്കായി ബജറ്റില്‍ ഒരുരൂപപോലും വകയിരുത്തിയില്ല. പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനം വീണ്ടും അവഗണിച്ച കേന്ദ്രം, കേരളം സൌജന്യമായി നല്‍കിയ 429 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ചേര്‍ത്തല വാഗണ്‍ ഫാബ്രിക്കേഷന്‍ ഫാക്ടറിക്കും തുകയില്ല.

ചെങ്ങന്നൂര്‍-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം, കോഴിക്കോട്-മലപ്പുറം-അങ്ങാടിപ്പുറം, പാണത്തൂര്‍-കാണിയൂര്‍ പുതിയ പാതകള്‍ക്കുള്ള സര്‍വേ ആവശ്യവും നിരസിച്ചു. മധുര-കോട്ടയം, ഡിണ്ടിഗല്‍-കുമളി, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, തലശ്ശേരി-മൈസൂര്‍ പാതകളുടെ സര്‍വേ പൂര്‍ത്തിയാക്കുമെന്ന് പരാമര്‍ശത്തിലൊതുങ്ങി. തുക നീക്കിവച്ചിട്ടില്ല. കഴിഞ്ഞ തവണ പ്രഖ്യാപിച്ച എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിനെക്കുറിച്ചും മിണ്ടാട്ടമില്ല. എറണാകുളം റെയില്‍വേ സ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും വകയിരുത്തലോ പരാമര്‍ശമോയില്ല.

കഴിഞ്ഞതവണ പ്രഖ്യാപിച്ച് ഷെഡ് നിര്‍മാണത്തില്‍ മാത്രം ഒതുങ്ങിയ എറണാകുളം - കൊല്ലം മെമു സര്‍വീസ് വീണ്ടും വാഗ്ദാനത്തിലുണ്ട്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വേഗം കൂടിയതും ബോഗികള്‍ കുറഞ്ഞതുമായ ട്രെയിന്‍ സര്‍വീസാണിത്. വൈദ്യുതീകരണം നടന്നിട്ടില്ലാത്ത നാഗര്‍കോവില്‍-തിരുവനന്തപുരം പാതയില്‍ മറ്റൊരു മെമു സര്‍വീസ് കൂടി പ്രഖ്യാപിച്ചിരിക്കയാണ്. കഴിഞ്ഞതവണത്തെ ഭോപ്പാല്‍-കന്യാകുമാരി-തിരുവനന്തപുരം, കൊച്ചി-ഭോപ്പാല്‍ തീര്‍ഥാടക ട്രെയിന്‍, മംഗലാപുരം-പാലക്കാട്-തിരുച്ചിറപ്പള്ളി എന്നീ ട്രെയിനുകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. യശ്വന്ത്പൂര്‍-കൊച്ചുവേളി എക്സ്പ്രസ്സ് ഹൂബ്ളിവരെ നീട്ടുന്നതും നടപ്പിലായില്ല. അഴീക്കല്‍-ബേപ്പൂര്‍-തലശ്ശേരി തുറമുഖങ്ങളിലേയ്ക്ക് റെയില്‍പാത, തിരുനെല്‍വേലി-തെങ്കാശി, ഡിണ്ടിഗല്‍-പൊള്ളാച്ചി-പാലക്കാട് പാതകളുടെ ഗേജ്മാറ്റം എന്നിവയും മമത മറന്നു. ധനുവച്ചപുരം, ആലപ്പുഴ, ചങ്ങനാശ്ശേരി, ചേര്‍ത്തല, കരുവാറ്റ, കായംകുളം, കൊച്ചുവേളി, മാവേലിക്കര, ഓച്ചിറ, വയലാര്‍, തിരുവിഴ എന്നിവയെ ആദര്‍ശ് സ്റേഷനുകളാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, ഷൊര്‍ണ്ണൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കാനായി ഒ പി സൌകര്യമോ ഡയഗ്നോസ്റിക് സെന്ററുകളോ ആരംഭിക്കുമെന്ന വാഗ്ദാനവും മറന്ന മട്ടാണ്.

ബജറ്റില്‍ തുകയില്ല: പാലക്കാട് കോച്ച് ഫാക്ടറി അട്ടിമറിച്ചു

പാലക്കാട്: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച്ഫാക്ടറിയുടെ നിര്‍മാണത്തിന് റെയില്‍ ബജറ്റില്‍ ഒരു പൈസ പോലും വകകൊള്ളിക്കാതെ കേന്ദ്രം വീണ്ടും അവഗണിച്ചു. കോച്ച്ഫാക്ടറിക്ക് ആവശ്യമായ മുഴുവന്‍ സ്ഥലവും സംസ്ഥാനസര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ശേഷമാണ് കേന്ദ്രത്തിന്റെ ഈ വഞ്ചന. ഇതോടെ പദ്ധതി അനന്തമായി നീളുമെന്ന് ഉറപ്പായി. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് എല്ലാ ബജറ്റിലും നടത്തുന്ന പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണ് റെയില്‍ മന്ത്രി മമത ബാനര്‍ജി ചെയ്തത്. ചില തടസ്സങ്ങള്‍ ഉണ്ടെന്ന് മമത പറഞ്ഞെങ്കിലും എന്താണ് തടസ്സമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും എം ബി രാജേഷ് എം പി പറഞ്ഞു. ബജറ്റിനു മുമ്പും കോച്ച്ഫാക്ടറി നിര്‍മാണം സംബന്ധിച്ച ചോദ്യത്തിന് തടസങ്ങള്‍ ഉണ്ടെന്ന് മാത്രം പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും എം പി പറഞ്ഞു.

പദ്ധതിക്കായി 431 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ട് എട്ടുമാസമായി. ശിലാസ്ഥാപനം നടത്താന്‍പോലുമായിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അവഗണന തുടരുന്ന കേന്ദ്രം റായ്ബറേലിയില്‍ അനുവദിച്ച കോച്ച് ഫാക്ടറിയില്‍ നിന്നും അടുത്ത മൂന്ന് മാസത്തിനകം കോച്ചുകള്‍ പുറത്തിറക്കുമെന്നും പറയുന്നു. പദ്ധതിക്ക് തടസ്സമാകരുത് എന്നതുകൊണ്ട് റെയില്‍വേ ആവശ്യപ്പെട്ടതുപോലെ ഭൂമി പാട്ടത്തിനു നല്‍കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇത്രയും വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടും റെയില്‍വേ ബജറ്റില്‍ അനുകൂലസമീപനം കൈക്കൊണ്ടില്ല.

ദേശാഭിമാനി 270211

1 comment:

  1. റെയില്‍വേ ബജറ്റില്‍ ഇത്തവണയും മലബാറുകാര്‍ക്ക് അവഗണനയുടെ കയ്പുനീര്‍ മാത്രം. കേരളത്തിന് അനുവദിച്ച 12 ദീര്‍ഘദൂര വണ്ടികളില്‍ മൂന്നെണ്ണം കോഴിക്കോട് വഴി കടന്നു പോകുമെന്നതുമാത്രമാണ് ഏക ആശ്വാസം. പാലക്കാട്-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, ഗുജറാത്ത്-തിരുവനന്തപുരം ഭാവ്നഗര്‍ എക്സ്പ്രസ്, ഹൌറ-മംഗലാപുരം എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് വഴി ഓടുക. എന്നാല്‍ ഈ വണ്ടികളുടെ സമയംകൂടി അറിഞ്ഞാലേ മലബാറിലെ സാധാരണ യാത്രക്കാര്‍ക്ക് അവ പ്രയോജനപ്പെടുമോയെന്ന് പറയാനാവൂ. യാത്രാദുരിതം തുടരുന്ന ബംഗളൂരു-കണ്ണൂര്‍, ചെന്നൈ-കണ്ണൂര്‍ റൂട്ടുകളില്‍ പുതിയ ട്രെയിന്‍ അനുവദിക്കുമെന്ന പ്രതീക്ഷയും കോഴിക്കോട്-ബംഗളൂരു ഇന്റര്‍സിറ്റി, ഗോവ-തിരുവനന്തപുരം എന്നീ ട്രെയിനുകള്‍ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കഴിഞ്ഞ ബജറ്റില്‍ ഷൊര്‍ണൂര്‍- മംഗലാപുരം പാതയില്‍ അനുവദിച്ച 68 കോടിയുടെ വൈദ്യുതീകരണ പദ്ധതി തുടങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനവും ബജറ്റിലില്ല. പാത ഇരട്ടിപ്പിക്കലിനും പദ്ധതിയില്ല. തലശേരി-മൈസൂരു പാത സര്‍വെ, ബേപ്പൂര്‍- കോഴിക്കോട് പാതയ്ക്ക് സര്‍വെ എന്നീ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിലേത് ആവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട്-അങ്ങാടിപ്പുറം പാതക്ക് സര്‍വെ നടത്തുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തെക്കുറിച്ചും ഇത്തവണ പരാമര്‍ശമില്ല.

    ReplyDelete