ഉപധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ വിഷയബാഹുല്യം ഭരണപക്ഷത്തെ വലച്ചുവെന്ന് തന്നെ പറയണം. പാമോയിലും ഐസ്‌ക്രീമും സ്‌പെക്ട്രവും, സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുമൊക്കെയായി ഭരണപക്ഷം ചര്‍ച്ച കൊഴുപ്പിച്ചപ്പോള്‍ കാര്യമായ പ്രതിരോധമില്ലാതെ പ്രതിപക്ഷം നിസംഗതയിലായിരുന്നു. ഭരണപക്ഷത്ത് നിന്ന് ചര്‍ച്ച തുടങ്ങിവച്ച കെ കുഞ്ഞിരാമന്‍ പാമോയിലാണ് പ്രധാനമായും ഉന്നയിച്ചത്. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പിട്ടില്ലായിരുന്നുവെങ്കില്‍ പാമോയില്‍ ഇടപാട് നടക്കില്ലായിരുന്നുവെന്ന് കുഞ്ഞിരാമന്‍ ഉറപ്പിച്ചു പറഞ്ഞു. അതിനാല്‍ പാമോയില്‍ ഇടപാടിലെ മുഖ്യ ഉത്തരവാദി പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ പുരപ്പുറത്ത് കയറി ധാര്‍മികതയെക്കുറിച്ച് പ്രസംഗിക്കരുതെന്ന ഉപദേശവും കുഞ്ഞിരാമന്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കി.
യു ഡി എഫ് ഭരണത്തിലായിരുന്നപ്പോള്‍ പ്രതിപക്ഷത്തിരുന്ന് ഉന്നയിച്ച 60 ല്‍പരം അഴിമതി ആക്ഷേപങ്ങള്‍ അന്വേഷിച്ച് നടപടിയെടുത്തില്ലെന്നാണ് പി സി ജോര്‍ജിന്റെ പരാതി. വൈദ്യുതിമന്ത്രി എ കെ ബാലന്റെ മകനെതിരായി ലോ കോളജില്‍ നടന്ന പ്രശ്‌നങ്ങളുടെ പേരില്‍ ആക്ഷേപം ഉന്നയിച്ചത് തെറ്റാണെന്ന് പറഞ്ഞ ജോര്‍ജ് പ്രതിപക്ഷത്തെ ഞെട്ടിച്ചു. കുടുംബാംഗങ്ങളെക്കുറിച്ച് സഭയില്‍ ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കൂടി ജോര്‍ജ് പറഞ്ഞതോടെ പ്രതിപക്ഷം അമ്പരന്നു.
പി സി ജോര്‍ജിന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം മാപ്പ് പറയണമെന്നതായി കെ രാജുവിന്റെ ആവശ്യം. ലോ കോളജ് സംഭവത്തില്‍ അടിയന്തിര പ്രമേയത്തിനെ പിന്താങ്ങി ഒപ്പിട്ട ജോര്‍ജ് തന്നെ ആക്ഷേപം നിഷേധിച്ച സ്ഥിതിക്ക് ഉമ്മന്‍ചാണ്ടിയും മാപ്പ് പറയണമെന്നതില്‍ രാജു ഉറച്ചുനിന്നു. ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ മാണിയുടെ കോലം കത്തിച്ചത് പ്രതിപക്ഷത്തെ ഓര്‍മിപ്പിക്കാനും കെ രാജു മറന്നില്ല.
പീലാത്തോസ് പി സി ജോര്‍ജിന്റെ ഗുരുവാണോ, പി സി ജോര്‍ജ് പീലാത്തോസിന്റെ ഗുരുവാണോ എന്നതാണ് എ കെ ശശീന്ദ്രന്റെ മുഖ്യ സംശയം.
പെണ്‍വാണിഭവും അഴിമതി വ്യവസായവുമാണ് യു ഡി എഫ് കാലത്ത് മുഖ്യമായും വളര്‍ന്നതെന്നാണ് വി എസ് സുനില്‍കുമാറിന്റെ നിരീക്ഷണം.
ഉമ്മന്‍ചാണ്ടിയോടുള്ള ചോദ്യങ്ങള്‍ തോമസ് ഐസക് അവസാനിപ്പിക്കുന്നില്ല. പാമോയില്‍ ഇടപാട് സംബന്ധിച്ച് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നടപടികളിലെ പാകപ്പിഴ ചൂണ്ടിക്കാട്ടുന്ന മൂന്ന് ചോദ്യങ്ങളാണ് വ്യാഴാഴ്ച ഐസക് ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ ഇന്നലെയും ധനമന്ത്രി ആവര്‍ത്തിച്ചെങ്കിലും എന്നെ പ്രതിയാക്കാനാകുമെങ്കില്‍ ചെയ്‌തോളൂ എന്ന പഴയ പല്ലവി തന്നെ ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ധനവകുപ്പ് സെക്രട്ടറിയുടെ വിയോജിപ്പുള്ള ഫയല്‍ മേശപ്പുറത്ത് വയ്ക്കാമോ എന്ന ഉമ്മന്‍ചാണ്ടിയുടെ ചോദ്യം ഐസക് സ്വീകരിച്ചു. ചോദ്യം പലരൂപത്തില്‍ മാറിയും തിരിഞ്ഞും വന്നിട്ടും പ്രതിപക്ഷ നേതാവ് പഴയ മറുപടി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഉപധനാഭ്യര്‍ഥനകള്‍ സഭ പാസാക്കി.
ഗ്യാലറിയില്‍നിന്ന് കെ എസ് അരുണ്‍ janayugom 220211
കാണാതായ ഫയല്‍ ഇന്ന് സഭയില്‍
പാമൊലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ധനവകുപ്പില്‍ നിന്ന് പണ്ടു കാണാതായ ഫയല്‍ ചൊവ്വാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമായി നടന്ന രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പാമൊലിന്‍ ഇറക്കുമതി ചെയ്ത സമയത്ത് ധനവകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്തിയ ഫയല്‍ പിന്നീട് വകുപ്പില്‍ തിരികെ വന്നില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഫയല്‍ എവിടെയെന്ന് മന്ത്രി ചോദിച്ചപ്പോള്‍ വിജിലന്‍സിന്റെ പക്കല്‍ ആയിരിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. അണ്ടര്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്ത ഫയലാണിതെന്നും അദ്ദേഹം പറഞ്ഞു. ധന സെക്രട്ടറിയുടെ അഭിപ്രായം അടങ്ങിയ ഫയലിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എങ്കില്‍ ഫയല്‍ സഭയില്‍ വയ്ക്കാന്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചൊവ്വാഴ്ച വയ്ക്കാമെന്ന് മന്ത്രി അറിയിച്ചത്.
താന്‍ ചോദിച്ച മൂന്ന് കാര്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് അദ്ദേഹവും പ്രതിപക്ഷനേതാവും തമ്മില്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥനോടാണ് ഇത് ചോദിക്കേണ്ടതെന്നും തെളിവുണ്ടെങ്കില്‍ തന്നെ പ്രതിയാക്കണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ധനമന്ത്രിയെന്ന നിലയില്‍ എടുത്ത നിലപാട് ശരിയോ തെറ്റോ എന്ന് പറയാതെ ഒഴിഞ്ഞുമാറുന്നത് എന്ത് എന്നായി മന്ത്രി. പ്രതിയാക്കാന്‍ തന്റേടമുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുത്ത ധനമന്ത്രി തന്റേടം എന്തെന്ന് കാണിച്ചുതരാമെന്നും ഇപ്പോള്‍ പറയുന്നില്ലെന്നും പ്രതികരിച്ചു. അന്ന് പ്രതിയാകാതെ പോയത് മാപ്പുസാക്ഷിയാക്കാന്‍ വേണ്ടിയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. തലപോയാലും മാപ്പുസാക്ഷിയാകില്ലെന്നും അങ്ങനെ വന്നാല്‍ തന്റെ നിലപാടിന് എതിരായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമോ ഇല്ലയോ എന്നത് തന്റെ പ്രശ്നമല്ലെന്നും തെളിവുണ്ടെങ്കില്‍ അത് ചെയ്യേണ്ടവര്‍ ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതു രാഷ്ട്രീയചര്‍ച്ചയുടെ ഭാഗമായാണ് താന്‍ ഇക്കാര്യം പറഞ്ഞത്. ഇത്തരം പ്രശ്നം ഇതിന് മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
deshabhimani 220211
ഉപധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ വിഷയബാഹുല്യം ഭരണപക്ഷത്തെ വലച്ചുവെന്ന് തന്നെ പറയണം. പാമോയിലും ഐസ്‌ക്രീമും സ്‌പെക്ട്രവും, സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുമൊക്കെയായി ഭരണപക്ഷം ചര്‍ച്ച കൊഴുപ്പിച്ചപ്പോള്‍ കാര്യമായ പ്രതിരോധമില്ലാതെ പ്രതിപക്ഷം നിസംഗതയിലായിരുന്നു. ഭരണപക്ഷത്ത് നിന്ന് ചര്‍ച്ച തുടങ്ങിവച്ച കെ കുഞ്ഞിരാമന്‍ പാമോയിലാണ് പ്രധാനമായും ഉന്നയിച്ചത്. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പിട്ടില്ലായിരുന്നുവെങ്കില്‍ പാമോയില്‍ ഇടപാട് നടക്കില്ലായിരുന്നുവെന്ന് കുഞ്ഞിരാമന്‍ ഉറപ്പിച്ചു പറഞ്ഞു. അതിനാല്‍ പാമോയില്‍ ഇടപാടിലെ മുഖ്യ ഉത്തരവാദി പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ പുരപ്പുറത്ത് കയറി ധാര്‍മികതയെക്കുറിച്ച് പ്രസംഗിക്കരുതെന്ന ഉപദേശവും കുഞ്ഞിരാമന്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കി.
ReplyDelete