Tuesday, February 22, 2011

തൊഴിലാളികളുടെ മഹാപ്രവാഹത്തിന് തലസ്ഥാനം ഒരുങ്ങി

ന്യൂഡല്‍ഹി: ഭരണകൂടത്തിന്റെ നെറികേടിനെതിരെ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിഷേധപ്രവാഹത്തിന് തലസ്ഥാനനഗരി ഒരുങ്ങി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റങ്ങളില്‍ ഒന്നിനാകും ബുധനാഴ്ച ഡല്‍ഹി സാക്ഷിയാവുക. രണ്ടാംയുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ തുടങ്ങിവച്ച സമരത്തില്‍ ഭരണക്കാര്‍ക്ക് ശക്തമായ താക്കീതുമായി ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകളും അണിചേര്‍ന്നുകഴിഞ്ഞു.

പാര്‍ലമെന്റിലേക്കുള്ള മഹാറാലിയില്‍ കണ്ണികളാകാന്‍ കേരളം മുതല്‍ കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികള്‍ ഡല്‍ഹിയിലേക്ക് പ്രവഹിക്കുകയാണ്. തിങ്കളാഴ്ച രാവിലെയോടെ തന്നെ ഡല്‍ഹിയുടെ വീഥികളില്‍ ചെമ്പതാകകള്‍ നിറഞ്ഞുകഴിഞ്ഞു. ന്യൂഡല്‍ഹി റെയില്‍വേ സ്റേഷനില്‍ എത്തുന്ന ട്രെയിനുകളില്‍നിന്നെല്ലാം നൂറുകണക്കിന് തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി ജാഥയായാണ് പുറത്തേക്ക് എത്തുന്നത്. റെയില്‍വേ സ്റേഷന് സമീപമുള്ള വിശാലമായ രാംലീല മൈതാനിയിലാണ് സിഐടിയുവും എഐടിയുസിയും പ്രവര്‍ത്തകര്‍ക്ക് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ മൈതാനിയില്‍ ചെളികെട്ടിയെങ്കിലും അത് നീക്കംചെയ്യാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

ദ്രോഹനയങ്ങളുടെ ദുരിതമഴയില്‍ ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ പേമാരിക്കും ചോര്‍ത്താനാകാത്ത ആവേശത്തോടെ തെരുവുകളില്‍ ചെറുചെറു പ്രകടനങ്ങള്‍ നടത്തുകയാണ്. അസമില്‍നിന്ന് സ്ത്രീകളടക്കം ആയിരങ്ങള്‍ തിങ്കളാഴ്ച രാവിലെയെത്തി. ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വലിയ ട്രക്കുകളല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ എത്തുകയാണ്. കൊടിതോരണങ്ങളും പ്ളക്കാര്‍ഡുകളും മറ്റും തയ്യാറാക്കുന്ന തിരക്കിലാണ് ഇവര്‍. ഡല്‍ഹിയുടെ വ്യവസായ ശാലകളിലും തൊഴിലാളി കേന്ദ്രങ്ങളിലും റാലിയുടെ സന്ദേശമുള്ള ചുവരെഴുത്തും ബാനറുകളും പോസ്ററുകളും നിറഞ്ഞുകഴിഞ്ഞു. കേരളത്തില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും തിങ്കളാഴ്ച ഡല്‍ഹിയിലെത്തി. റാലി നിയന്ത്രിക്കാനായി സിഐടിയുവിന്റെ അഞ്ഞൂറ് വോളന്റിയര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി.

ബുധനാഴ്ച രാവിലെ അഞ്ച് കേന്ദ്രങ്ങളില്‍നിന്നായാണ് പാര്‍ലമെന്റിലേക്ക് റാലി പുറപ്പെടുകയെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. സിഐടിയുവിന്റെയും എഐടിയുസിയുടെയും പ്രവര്‍ത്തകര്‍ രാംലീല മൈതാനിയില്‍നിന്ന് രണ്ട് റോഡുകളിലൂടെ പുറത്തിറങ്ങും. ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ രാജ്ഘട്ടില്‍നിന്ന് റാലിയില്‍ ചേരും. എച്ച്എംഎസ് പ്രവര്‍ത്തകള്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റേഷനില്‍ കേന്ദ്രീകരിക്കും. മറ്റ് സംഘടനകള്‍ അജ്മീരിഗേറ്റില്‍നിന്ന് റാലിയില്‍ കണ്ണിയാകും. ഇതിനുപുറമെ ഇന്‍ഷുറന്‍സ്, ബാങ്ക് ജീവനക്കാരും കേന്ദ്ര-സംസ്ഥാന സര്‍വീസിലുള്ളവരും വിവിധ കേന്ദ്രങ്ങളില്‍നിന്ന് റാലിയില്‍ അണിചേരും. വിലക്കയറ്റം തടയുക, തൊഴില്‍നിയമം നടപ്പാക്കുക, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് റാലി നടത്തുന്നത്.
(വിജേഷ് ചൂടല്‍)

പാര്‍ലമെന്റിനുമുന്നില്‍ ഇന്ന് പ്രതിഷേധമുയരും

ന്യൂഡല്‍ഹി: കേന്ദ്രനയങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനു മുന്നില്‍ ചൊവ്വാഴ്ച ശക്തമായ പ്രതിഷേധമുയരും. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വ്യത്യസ്ത സമരപരിപാടികളില്‍ ആയിരങ്ങള്‍ അണിചേരും. മത്സ്യമേഖലയിലെ പ്രശ്നങ്ങളുയര്‍ത്തി ഓള്‍ ഇന്ത്യ ഫിഷേഴ്സ് ആന്‍ഡ് ഫിഷറീസ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ രാവിലെ ജന്തര്‍മന്ദറില്‍ നടത്തുന്ന ധര്‍ണ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. എസ് രാമചന്ദ്രന്‍പിള്ള, കെ വരദരാജന്‍, എ കെ പത്മനാഭന്‍, തപന്‍ സെന്‍ തുടങ്ങിയവര്‍ അഭിവാദ്യംചെയ്യും. ഇന്റഷുറന്‍സ് മേഖലയെ തകര്‍ക്കുന്ന നിയമഭേദഗതിക്കെതിരെയും മറ്റ് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചും എല്‍ഐസി ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്ചെയ്യും.

പ്രതിരോധ വ്യവസായ മേഖലയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ പാര്‍ലമെന്റിനുമുന്നില്‍ നടത്തുന്ന ധര്‍ണയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുക്കും. ദക്ഷിണ റെയില്‍വേ എംപ്ളോയീസ് യൂണിയന്‍ (ഡിആര്‍ഇയു) നേതൃത്വത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും റെയില്‍വേ ജീവനക്കാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്ചെയ്യും. ഒഴിവുകള്‍ നികത്തുക, പുതിയ പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി നേരത്തെയുള്ള രീതിയില്‍ എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

deshabhimani 220211

3 comments:

  1. ഭരണകൂടത്തിന്റെ നെറികേടിനെതിരെ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിഷേധപ്രവാഹത്തിന് തലസ്ഥാനനഗരി ഒരുങ്ങി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റങ്ങളില്‍ ഒന്നിനാകും ബുധനാഴ്ച ഡല്‍ഹി സാക്ഷിയാവുക. രണ്ടാംയുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ തുടങ്ങിവച്ച സമരത്തില്‍ ഭരണക്കാര്‍ക്ക് ശക്തമായ താക്കീതുമായി ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകളും അണിചേര്‍ന്നുകഴിഞ്ഞു.

    ReplyDelete
  2. കേന്ദ്രസര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരായ തൊഴിലാളികളുടെ മഹാപ്രക്ഷോഭത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രതിഷേധം അലയടിച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നടന്ന പ്രതിഷേധപരിപാടികള്‍ പാര്‍ലമെന്റ് സ്ട്രീറ്റിനെ പോരാട്ടഭൂമിയാക്കി. ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ ഓള്‍ ഇന്ത്യ ഫിഷേഴ്സ് ആന്‍ഡ് ഫിഷറീസ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. രാജ്യസഭയിലെ സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, പി കരുണാകരന്‍ എംപി, ഹേമലത തുടങ്ങിയവര്‍ അഭിവാദ്യംചെയ്തു. മത്സ്യമേഖലയുടെ വികസനത്തിനായി സമഗ്രനിയമം നടപ്പാക്കുക, കേന്ദ്ര ബജറ്റില്‍ ആവശ്യമായ തുക നീക്കിവയ്ക്കുക, മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷയ്ക്ക് അയല്‍ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കുക, സര്‍ക്കാര്‍ പദ്ധതികളിലൂടെ ജീവനോപാധി നഷ്ടമായ തൊഴിലാളികള്‍ക്ക് പുനരധിവാസപദ്ധതി നടപ്പാക്കുക, മത്സ്യമേഖലയ്ക്ക് കേന്ദ്ര മന്ത്രാലയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എല്‍ഐസി ഏജന്റുമാര്‍ ഇന്‍ഷുറന്‍സ് ബില്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ഇന്ധനവില കുറയ്ക്കുക, എല്‍ഐസി ഏജന്റുമാരുടെ ക്ഷേമത്തിന് നിയമനിര്‍മാണം നടത്തുക, ഏജന്റുമാരെ സെയില്‍സ് എക്സിക്യൂട്ടീവുമാരാക്കുക, 1972ലെ ഏജന്റ്സ് റൂളിലെ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ധര്‍ണ നടത്തി. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ഏജന്റുമാര്‍ പങ്കെടുത്തു

    ReplyDelete
  3. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിഷേധ പ്രവാഹത്തില്‍ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം ബുധനാഴ്ച സ്തംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കേരളം മുതല്‍ കശ്മീര്‍ വരെയുള്ള തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്ത് നീങ്ങുമ്പോള്‍ രാജ്യം പോരാട്ടത്തിന്റെ പുതു ചരിത്രമെഴുതും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, യുടിയുസി എന്നീ എട്ട് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ദേശീയ ഫെഡറേഷനുകളും കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സര്‍വീസ് സംഘടനകളും പങ്കുചേരും. പത്തുലക്ഷം തൊഴിലാളികള്‍ അണിചേരും.

    ReplyDelete