എന്ഡോസള്ഫാന് നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഉടന്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോയെന്ന് പഠിക്കുന്നതിന് വിദഗ്ധസമിതിയെ വച്ചിട്ടുണ്ടെന്നും ഇവരുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുമെന്നും ലോക്സഭയില്‍ കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ചോദ്യോത്തരവേളയില്‍ പി കരുണാകരന്‍ ആവശ്യപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ പഠനറിപ്പോര്‍ട്ട് കാക്കുകയാണെന്ന് പവാര്‍ അറിയിച്ചത്.
എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ- പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള സാഹചര്യത്തില്‍ ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ലെന്ന് പി കരുണാകരന്‍ പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ കൌസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ സമിതിയെ വച്ചിട്ടുണ്ടെന്നും അവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നുമായിരുന്നു പവാറിന്റെ പ്രതികരണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നവരോടൊപ്പം അത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ടെന്ന് പവാര്‍ പറഞ്ഞു.
ഞെട്ടലോടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍
കാസര്‍കോട്: ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ രോഗ ബാധിതരായതിന് എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്ന കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ഒക്ടോബറില്‍ കാസര്‍കോടെത്തി ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് എന്‍ഡോസള്‍ഫാനാണെന്നതിന് തെളിവില്ലെന്ന കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന ഉയര്‍ത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പായി ശരത് പവാര്‍ നടത്തിയ വാദം ദുരിതബാധിതരെയും മനുഷ്യ മനസാക്ഷിയെയും ഞെട്ടിച്ചിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ ശുപാര്‍ശ ചെയ്ത ഒ പി ദുബെ കമ്മിറ്റിയുടെയും മായി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി രാജ്യത്തിന്റെ പരമോന്നത വേദിയില്‍ കള്ളപ്രചരണം നടത്തിയ മന്ത്രി ഇരകളുടെ ജീവിതത്തിനുമേല്‍ വീണ്ടും ദുരിതം വിതക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും വിവിധ പഠന കമ്മിറ്റികള്‍ എന്‍ഡോസള്‍ഫാനെ കുറ്റ വിമുക്തമാക്കിയെന്നുമുള്ള ശരത്പവാറിന്റെ വാദം കമ്പനിയെ സഹായിക്കാനുള്ളതാണ്. വിഷമല്ലെങ്കില്‍ എന്തിന് ലോകരാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നുവെന്നതിന് മന്ത്രിക്ക് മറുപടിയില്ല. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് (എന്‍ഐഒഎച്ച്) റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളപ്പോഴും രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് പഠനങ്ങളൊന്നും തെളിയിച്ചിട്ടില്ലെന്ന് മന്ത്രി പ്രചരിപ്പിക്കുന്നു.
ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ എന്‍ഐഒഎച്ച് നടത്തിയ എപ്പിഡൊമോളജി സര്‍വേ റിപ്പോര്‍ട്ടിലാണ് കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്ക് കാരണം വര്‍ഷങ്ങളോളം തുടര്‍ച്ചയായി തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് പറയുന്നത്. പിന്നീട് കൃഷി ശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം അടിസ്ഥാനമാക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. എന്നാല്‍ ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാല് അംഗങ്ങളും വിയോജനക്കുറിപ്പ് എഴുതിക്കൊടുത്തതാണ്. ഇത് മറച്ചുവെച്ചാണ് ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അംഗങ്ങള്‍തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച അച്യുതന്‍ കമ്മിറ്റിയുടെ നിഗമനവും എന്‍ഡോസള്‍ഫാനാണ് രോഗ കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ എന്‍ജിഒകള്‍ നടത്തിയ പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ദുരന്തം വിതച്ചതെന്ന് പറഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് ഇത് ബോധ്യപ്പെടാത്തത്.
ശരത്പവാറിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് എഴുത്തുകാരനും നെഹ്റു കോളേജ് അധ്യാപകനുമായ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന ദുരന്തത്തിനുമുകളിലുള്ള മറ്റൊരു ദുരന്തമാണ്. ഇത് ജനത്തോടുള്ള വെല്ലുവിളിയാണ്. മന്ത്രി പറയുന്ന രണ്ട് കാര്യങ്ങളും അവാസ്തവമാണ്. എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്ന് പറയുന്ന പവാര്‍ എന്തുകൊണ്ടാണ് ലോക രാജ്യങ്ങള്‍ ഈ കീടനാശിനിയെ നിരോധിക്കുന്നതെന്ന് മനസിലാക്കണം. കാസര്‍കോടിന്റെ മണ്ണില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചു വീഴുകയും നിരവധി പേര്‍ ജീവച്ഛവങ്ങളായി നരകിക്കുകയും ചെയ്യുന്ന കാഴ്ച ആര്‍ക്കും മറക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
ശരത് പവാറിനെതിരെ യുവജന പ്രതിഷേധം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കമ്പനിയെ ന്യായീകരിച്ച കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച്ഡിവൈഎഫ്ഐ കാസര്‍കോട് ടൌണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തുടര്‍ന്ന് ശരത് പവാറിന്റെ കോലം കത്തിച്ചു. യോഗത്തില്‍ സി സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സാബു അബ്രാഹം, പ്രസിഡന്റ് സിജിമാത്യു, മധു മുതിയക്കാല്‍, സി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. കുണ്ടംകുഴിയില്‍ ടി കെ മനോജ് അധ്യക്ഷനായി. സുരേഷ് പായം, സി പ്രശാന്ത്, ബി സി പ്രകാശന്‍, കെ വിനോദ്, എം മാധവന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ളോക്ക്കമ്മിറ്റി കാഞ്ഞങ്ങാട് ടൌണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ജില്ലാ ട്രഷറര്‍ കെ രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. എ വി സഞ്ജയന്‍ സംസാരിച്ചു. രതീഷ് നെല്ലിക്കാട്ട് സ്വാഗതം പറഞ്ഞു. അമ്പലത്തറ ടൌണില്‍ രാജേഷ് പന്നിക്കുന്ന്, ജയേഷ് അമ്പലത്തറ, ജനാര്‍ദനന്‍ മീങ്ങോത്ത് എന്നിവര്‍ സംസാരിച്ചു.
deshabhimani 230211
കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ രോഗ ബാധിതരായതിന് എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്ന കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ഒക്ടോബറില്‍ കാസര്‍കോടെത്തി ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് എന്‍ഡോസള്‍ഫാനാണെന്നതിന് തെളിവില്ലെന്ന കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന ഉയര്‍ത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പായി ശരത് പവാര്‍ നടത്തിയ വാദം ദുരിതബാധിതരെയും മനുഷ്യ മനസാക്ഷിയെയും ഞെട്ടിച്ചിരിക്കുകയാണ്.
ReplyDeleteഎന്‍ഡോസള്‍ഫാന്‍ ലോബിക്ക് കേന്ദ്ര കൃഷിമന്ത്രി ശരത്പവാറും കൃഷിമന്ത്രാലയവും ഒത്താശചെയ്യുകയാണെന്ന് വി എം സുധീരന്‍ പറഞ്ഞു. ആഴ്ചകള്‍ക്കുമുമ്പ് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ സംഘടിപ്പിച്ച സെമിനാറില്‍ കൃഷിമന്ത്രാലയ പ്രതിനിധികള്‍ പങ്കെടുത്തത് ഇതിന് തെളിവാണെന്നും കൊല്ലം പ്രസ് ക്ളബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ വി എം സുധീരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന് എതിരെ പ്രക്ഷോഭരംഗത്തുള്ള വ്യക്തികളെയും സംഘടനകളെയും മോശക്കാരായി ചിത്രീകരിക്കാന്‍ ചില കൃഷിശാസ്ത്രജ്ഞരുടെ പേരില്‍ എന്‍ഡോസള്‍ഫാന്‍ ലോബി ശ്രമം തുടങ്ങി. ഏപ്രില്‍ 25നു നടക്കുന്ന സ്റ്റോക്ക്ഹോം കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ നിലപാട് എന്‍ഡോസള്‍ഫാന് അനുകൂലമാക്കുകയാണ് ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം അടിയന്തരമായി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കണം-വി എം സുധീരന്‍ പറഞ്ഞു.
ReplyDelete