നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പരിധിയില്‍നിന്ന് എപിഎല്‍ കുടുംബങ്ങളെ ഒഴിവാക്കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രമേ നല്‍കൂ എന്ന് ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ വ്യക്തമാക്കി. സോണിയ ഗാന്ധി അധ്യക്ഷയായുള്ള ദേശീയ ഉപദേശകസമിതിയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെന്നും രാഷ്ട്രപതി പറഞ്ഞു. വിലക്കയറ്റവും അഴിമതിയും രൂക്ഷമാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികളുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. വിദേശനിക്ഷേപവും സ്വകാര്യപങ്കാളിത്തവും സമസ്ത മേഖലയിലും വ്യാപിപ്പിക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനും കഴിഞ്ഞ സാഹചര്യത്തിലാണ് സാമ്പത്തിക പരിഷ്കരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. പരിഷ്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ പൊതുസ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കും. പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പന്ത്രണ്ടാം പദ്ധതിയില്‍ 80 ലക്ഷം കോടി രൂപ ആവശ്യമാണ്. കഴിഞ്ഞവര്‍ഷം മൊത്തം നിക്ഷേപത്തിന്റെ 34 ശതമാനവും സ്വകാര്യ മേഖലയില്‍ നിന്നാണ്. പന്ത്രണ്ടാം പദ്ധതിക്കാലത്ത് ഇതു വീണ്ടും വര്‍ധിക്കുമെന്ന് രാഷ്ട്രപതി സൂചിപ്പിച്ചു.
രാജ്യത്തെ ഗ്രസിച്ച അഴിമതിയും രൂക്ഷമായ വിലക്കയറ്റവും തടയാന്‍ പുതിയ ഒരു നടപടിയും പ്രസംഗത്തില്‍ മുന്നോട്ടുവയ്ക്കുന്നില്ല. പൊതുജീവിതം സംശുദ്ധമാക്കാനുള്ള നടപടിക്ക് മുന്‍തൂക്കം നല്‍കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. അഴിമതി തടയാന്‍ രൂപംനല്‍കിയ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഭരണപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രിമാരുടെ വിവേചനാധികാരങ്ങള്‍ എടുത്തുകളയുമെന്നും പ്രകൃതിവിഭവങ്ങള്‍ തുറന്ന ലേലത്തിലൂടെ മാത്രമേ കൈമാറ്റം ചെയ്യൂ എന്നും ജീവനക്കാര്‍ക്കെതിരെയുള്ള അഴിമതിക്കേസുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അഴിമതി സംബന്ധിച്ച യുഎന്‍ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കും. ആദ്യമായാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കൈക്കൊണ്ട നടപടി ഫലം കണ്ടുതുടങ്ങിയെന്നും പ്രസംഗത്തില്‍ അവകാശപ്പെട്ടു. കള്ളപ്പണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മൂര്‍ത്തമായ നടപടിയൊന്നും മുന്നോട്ടുവയ്ക്കുന്നില്ല. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും നീതിന്യായ സംവിധാനം മെച്ചപ്പെടുത്താന്‍ നടപടികളുണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു. വനിതാസംവരണ ബില്‍ ഈവര്‍ഷം ലോക്സഭയില്‍ പാസാക്കുമെന്ന് രാഷ്ട്രപതി ആവര്‍ത്തിച്ചു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ശബ്ദം മുഴക്കാനും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുംവിധം ബന്ധങ്ങളില്‍ ഏര്‍പ്പെടും. അമേരിക്ക മുന്നോട്ടുവച്ച ടാപി വാതകക്കുഴല്‍ പദ്ധതി രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഉറപ്പുവരുത്തുമെന്നു പറഞ്ഞ പ്രസംഗത്തില്‍ ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ല.
(വി ബി പരമേശ്വരന്‍)
deshabhimani 220211
നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പരിധിയില്‍നിന്ന് എപിഎല്‍ കുടുംബങ്ങളെ ഒഴിവാക്കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രമേ നല്‍കൂ എന്ന് ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ വ്യക്തമാക്കി. സോണിയ ഗാന്ധി അധ്യക്ഷയായുള്ള ദേശീയ ഉപദേശകസമിതിയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെന്നും രാഷ്ട്രപതി പറഞ്ഞു
ReplyDelete