Monday, February 28, 2011

മുഖ്യമന്ത്രിക്കെതിരായ ആരോപണം: പ്രതിപക്ഷം ഒളിച്ചോടുന്നു- പിണറായി

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ കെട്ടിച്ചമച്ച ആക്ഷേപങ്ങളുയര്‍ത്തി സ്വയം പരിഹാസ്യരായ പ്രതിപക്ഷത്തിന്റെ ഒളിച്ചോട്ടമാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ തെളിയുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രം മുഖ്യമന്ത്രിക്കും മകനുമെതിരായ ആരോപണങ്ങള്‍ എഴുതിക്കൊടുക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ നിബന്ധന വിലകുറഞ്ഞ രാഷ്ട്രീയ തമാശയാണ്. മുഖ്യമന്ത്രിക്കും കുടുംബാംഗത്തിനുമെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഞൊടിന്യായം ഉന്നയിച്ചുള്ള ഈ ഒളിച്ചോട്ടം. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇപ്പോഴുയര്‍ത്തിയ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് പ്രതിപക്ഷത്തിന് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഇത്രയുംനാള്‍ അതു ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണ്? അഴിമതി-പീഡന കേസുകളില്‍ യുഡിഎഫ് നേതാക്കള്‍ ജയിലിലാകുകയോ ജയിലില്‍ പോകാനുള്ള വഴി തുറക്കുകയോ ചെയ്തിരിക്കുന്നു. അതിനൊപ്പം നിയമസഭാതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ കരിപുരണ്ട യുഡിഎഫ് നേതൃത്വം മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണത്തിലേര്‍പ്പെട്ടിരിക്കുന്നത്.

നാടിനും ജനങ്ങള്‍ക്കും നന്മയും വികസനവും പ്രദാനംചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒന്നുംപറയാനില്ലാത്തതുകൊണ്ടാണ് തുമ്പും ചേലുമില്ലാത്ത ഇല്ലാക്കഥകളുമായി ഇറങ്ങിയിരിക്കുന്നത്. ഇതുകൊണ്ടൊന്നും ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസം ആര്‍ജിച്ച എല്‍ഡിഎഫ് ഗവമെന്റിന്റെ ശോഭ കെടുത്താനാകില്ലെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളുടെയും അന്യരാജ്യങ്ങളുടെയും ലോട്ടറി കേരളത്തിന് വേണ്ടായെന്ന പ്രഖ്യാപിത നിലപാടാണ് എല്‍ഡിഎഫിന്റേത്. എന്നാല്‍, ഇതു നടപ്പിലാകാന്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ലോട്ടറി മാഫിയ ദേശീയമായി കോടിക്കണക്കിന് രൂപയാണ് കൊള്ളയടിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇതു മറച്ചുവെച്ചാണ് ലോട്ടറിയുടെ പേരില്‍ കേരളത്തില്‍ പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊറാട്ടുനാടകം കളിക്കുന്നതെന്ന് പിണറായി പറഞ്ഞു.

ദേശാഭിമാനി

1 comment:

  1. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ കെട്ടിച്ചമച്ച ആക്ഷേപങ്ങളുയര്‍ത്തി സ്വയം പരിഹാസ്യരായ പ്രതിപക്ഷത്തിന്റെ ഒളിച്ചോട്ടമാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ തെളിയുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രം മുഖ്യമന്ത്രിക്കും മകനുമെതിരായ ആരോപണങ്ങള്‍ എഴുതിക്കൊടുക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ നിബന്ധന വിലകുറഞ്ഞ രാഷ്ട്രീയ തമാശയാണ്. മുഖ്യമന്ത്രിക്കും കുടുംബാംഗത്തിനുമെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഞൊടിന്യായം ഉന്നയിച്ചുള്ള ഈ ഒളിച്ചോട്ടം.

    ReplyDelete