Friday, February 25, 2011

അഭിമാനപുരസ്സരം എല്‍ഡിഎഫ് സര്‍ക്കാര്‍

യുഡിഎഫ് ഇനിയെന്ത് അപവാദം പ്രചരിപ്പിക്കണമെന്നു ചിന്തിക്കുന്നു. മുനപോയ ആയുധങ്ങളും പറഞ്ഞുപഴകിയ ആരോപണങ്ങളുമായി തെരഞ്ഞെടുപ്പിലേക്ക് വേച്ചുവേച്ച് നടക്കുന്ന യുഡിഎഫിന്റെ ദയനീയാവസ്ഥ കണ്ടാണ് 12-ാം കേരള നിയമസഭയുടെ അവസാനസമ്മേളനം വ്യാഴാഴ്ച പിരിഞ്ഞത്. അഞ്ചുകൊല്ലംമുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപ്പോകുമ്പോള്‍, സകലമേഖലയിലും തകര്‍ന്ന; വികസനം മുരടിച്ച; അഴിമതിയില്‍ മുങ്ങിയ; മാഫിയകള്‍ വാണ കേരളമായിരുന്നു ശേഷിപ്പ്. ഒരു ദുരന്തത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് പിന്നീടുണ്ടായത്. എല്ലാ മേഖലയിലും മുന്നേറ്റം; പാവപ്പെട്ടവര്‍ക്ക് വയറെരിയാതെ ജീവിക്കാനുള്ള സാഹചര്യം, പാര്‍പ്പിടം, ആരോഗ്യപരിപാലനം, സമാധാനം, വര്‍ഗീയകലാപം ഇല്ലായ്മ, പൊതുമേഖലയുടെ പുരോഗതി, വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം- ഇങ്ങനെ എണ്ണിപ്പറയാനുള്ള പടിപടിയായ വളര്‍ച്ചയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്.

പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ പേരില്‍ പതിനായിരം രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുന്ന പദ്ധതി ഇക്കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചപ്പോള്‍, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാനാകാത്തതും മാതൃകയായി എവിടെയും അഭിമാനപുരസ്സരം ഉയര്‍ത്തിക്കാട്ടാവുന്നതുമായ ഒന്നായി അതു മാറി. ഇപ്പോഴിതാ, കേരളത്തില്‍ പട്ടിണി കിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുകയാണ് വി എസ് സര്‍ക്കാര്‍. എപിഎല്‍ എന്നോ ബിപിഎല്‍ എന്നോ നോക്കാതെ എല്ലാ കാര്‍ഡുടമയ്ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ പോകുന്നു. മാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പും ഇങ്ങനെ 14,235 റേഷന്‍കടയിലൂടെ വിതരണംചെയ്യും. ഒരു ചായ കുടിക്കാന്‍ അഞ്ചും ആറും രൂപ കൊടുക്കേണ്ടിടത്ത്, ഒരു ലിറ്റര്‍ പെട്രോളിന് 62 രൂപ കൊടുക്കേണ്ടിടത്ത് രണ്ടു രൂപയ്ക്ക് ഒരു കിലോ അരി ലഭ്യമാകുന്നു! ഇരുപത്തയ്യായിരം രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോ ഉള്ളവര്‍ക്കൊഴികെ സംസ്ഥാനത്തെ എല്ലാ കുടുംബത്തിനും രണ്ടു രൂപയ്ക്ക് അരി കിട്ടാന്‍ പോവുകയാണ്.

മാത്രമല്ല, റേഷന്‍കടകളിലൂടെ മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങളുടെ കിറ്റും വിതരണംചെയ്ത് തുടങ്ങിയിരിക്കുന്നു. പൊതുമാര്‍ക്കറ്റില്‍ നാനൂറോളം രൂപ വിലവരുന്ന 13 സാധനം 150 രൂപയ്ക്കാണ് കാര്‍ഡുടമകള്‍ക്ക് നല്‍കുന്നത്. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന ബിപിഎല്‍ അരി രണ്ടു രൂപയ്ക്ക് വിതരണംചെയ്യുമ്പോള്‍ കിലോയ്ക്ക് 4.20 രൂപവീതം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. എപിഎല്‍ കുടുംബങ്ങള്‍ക്കായി 8.90 രൂപയ്ക്ക് കിട്ടുന്ന അരിയും 6.70 രൂപയ്ക്ക് തരുന്ന ഗോതമ്പും രണ്ടു രൂപ നിരക്കില്‍ വിതരണംചെയ്യുമ്പോള്‍ ഓരോ കിലോയ്ക്കും സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ടത് യഥാക്രമം 6.90 രൂപയും 4.70 രൂപയുമാണ്. വിലക്കയറ്റം തടയുന്നതിനും അരിവില പിടിച്ചുനിര്‍ത്തുന്നതിനും ഉതകുന്ന നടപടിയായിമാത്രം ഇതിനെ ചുരുക്കിക്കാണാനാകില്ല. ഇന്നാട്ടില്‍ പട്ടിണികിടക്കുന്ന ഒരു മനുഷ്യനും ഉണ്ടാകാന്‍ പാടില്ലെന്ന ജനകീയ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന്റെ ഉല്‍പ്പന്നമാണിത്.

ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നെല്ലിന്റെ താങ്ങുവില ഏഴു രൂപയായിരുന്നത് ഇപ്പോള്‍ ഇരട്ടിയായി, 14 രൂപയായി ഉയര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും അവരുടെ ചുവടുപിടിച്ച് അന്നത്തെ യുഡിഎഫ് സര്‍ക്കാരും പിന്തുടര്‍ന്നുവന്ന കര്‍ഷകദ്രോഹനയംമൂലം ജീവിതം വഴിമുട്ടിയ 1400 കൃഷിക്കാര്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യയില്‍ അഭയംതേടി. ഇന്ന് കര്‍ഷകര്‍ കടംകയറി ജീവനൊടുക്കുന്നില്ല. അവര്‍ക്ക് താങ്ങും തണലുമായി സര്‍ക്കാര്‍ നിലകൊള്ളുന്നു. പച്ചക്കറിയും അരിയും മുട്ടയും ഇറച്ചിയുമടക്കം ഒട്ടുമിക്ക ഉപഭോക്തൃസാധനവും അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ഇവിടേക്കെത്തുന്നത്. എന്നിട്ടും ഇവിടെ വില പിടിച്ചുനിര്‍ത്താനാകുന്നു. പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയും സപ്ളൈകോയുടെയും സഹകരണസംഘങ്ങളുടെയും ഇടപെടല്‍ വ്യാപിപ്പിച്ചും സര്‍ക്കാര്‍ നേതൃത്വം നല്‍കിയ സമഗ്രമായ നടപടികളുടെ ഫലമാണത്. വിലക്കയറ്റം സൃഷ്ടിക്കുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ വരിഞ്ഞുമുറുക്കുമ്പോഴും വില നിയന്ത്രിച്ച് ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞത് യുഡിഎഫുകാര്‍ അംഗീകരിച്ചേക്കില്ലെങ്കിലും ജനങ്ങള്‍ ജീവിതാനുഭവത്തിലൂടെ അത് തിരിച്ചറിയുന്നു.

സാധാരണനിലയില്‍ തെരഞ്ഞെടുപ്പിനുമുന്നോടിയായി, സര്‍ക്കാരിനെക്കുറിച്ചുള്ള വിമര്‍ശമാണ് ഏത് പ്രതിപക്ഷവും ഉന്നയിക്കുക. ഇവിടെ നേരിയ വിമര്‍ശമുന്നയിക്കാനോ ആക്ഷേപിക്കാനോ ഉള്ള ഒരു പഴുതുപോലുംയുഡിഎഫിന്റെ കൈവശമില്ല.

എന്തിനെയാണ് എതിര്‍ക്കേണ്ടത്?

പാവപ്പെട്ട ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കിക്കൊടുക്കുന്നതിനെയോ? അരി കൊടുക്കുന്നതിനെയോ? വാര്‍ധക്യകാലത്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ മാന്യമായ പെന്‍ഷന്‍ നല്‍കുന്നതിനെയോ? വില്‍ക്കാന്‍വച്ച പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കിയതിനെയോ? ഇന്‍ഫോ പാര്‍ക്ക് അടിയറവയ്ക്കാതെ സ്മാര്‍ട്ട് സിറ്റി കരാര്‍ നടപ്പാക്കുന്നതിനെയോ? 40,000 കോടി രൂപയുടെ റോഡുവികസനം നടത്തുന്നതിനെയോ?

ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം യുഡിഎഫിന്റെ പക്കലില്ല. അതുകൊണ്ടവര്‍ അപവാദങ്ങള്‍ കൃഷിചെയ്യുന്നു. വികൃതമായ സ്വന്തം മുഖം പൂഴ്ത്തിവയ്ക്കാന്‍ ഒരു മണല്‍ക്കൂനയും തികയാതെ വരുമ്പോള്‍, എല്‍ഡിഎഫിനുമേല്‍ ചെളിവാരിയെറിയുക എന്ന ഏക അജന്‍ഡയുമായാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുരഥം ഉരുളുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുനേരെ അവര്‍ നടത്തുന്ന ആക്രമണം അത്തരമൊന്നുമാത്രം- അതിന് ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുണ്ടാകില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന സര്‍വതോമുഖമായ വികസനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയും വളര്‍ച്ചയും വരുന്ന അസംബ്ളി തെരഞ്ഞെടുപ്പിനുശേഷവും ഉണ്ടാകുന്നതിന് തടസ്സംപിടിക്കാന്‍ ഇത്തരം അപവാദപ്രചാരണങ്ങള്‍ പര്യാപ്തമാകില്ല. എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും വരണമെന്ന ചോദ്യത്തിന്, ഇന്നാട്ടില്‍ അന്തസ്സായി ജീവിക്കാന്‍വേണ്ടി എന്ന ഉത്തരമാണുള്ളത്. ആ ഉത്തരം അഭിമാനത്തോടെ നല്‍കാന്‍ കേരളീയന് കഴിയുന്നത്, രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതുപോലുള്ള ജനക്ഷേമനടപടികള്‍ ചൂണ്ടിക്കാട്ടിയാണ്.

ദേശാഭിമാനി മുഖപ്രസംഗം 250211

1 comment:

  1. എന്തിനെയാണ് എതിര്‍ക്കേണ്ടത്?

    പാവപ്പെട്ട ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കിക്കൊടുക്കുന്നതിനെയോ? അരി കൊടുക്കുന്നതിനെയോ? വാര്‍ധക്യകാലത്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ മാന്യമായ പെന്‍ഷന്‍ നല്‍കുന്നതിനെയോ? വില്‍ക്കാന്‍വച്ച പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കിയതിനെയോ? ഇന്‍ഫോ പാര്‍ക്ക് അടിയറവയ്ക്കാതെ സ്മാര്‍ട്ട് സിറ്റി കരാര്‍ നടപ്പാക്കുന്നതിനെയോ? 40,000 കോടി രൂപയുടെ റോഡുവികസനം നടത്തുന്നതിനെയോ?

    ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം യുഡിഎഫിന്റെ പക്കലില്ല. അതുകൊണ്ടവര്‍ അപവാദങ്ങള്‍ കൃഷിചെയ്യുന്നു.

    ReplyDelete