റെയില്‍വേ ബജറ്റ് ഇന്ന്
റെയില്‍വേ ബജറ്റ് വെള്ളിയാഴ്ച 12 ന് മന്ത്രി മമതാ ബാനര്‍ജി ലോക്സഭയില്‍ അവതരിപ്പിക്കും. റെയില്‍വേ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെയാണ് ബജറ്റ് അവതരണം. പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടുതന്നെ യാത്രാ- ചരക്കുക്കൂലി വര്‍ധനവിന് സാധ്യതയില്ല. നൂറൂ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. പ്രതിദിനം ലക്ഷം ഭക്ഷണപ്പൊതികള്‍വരെ വിറ്റഴിക്കാന്‍ മെട്രോനഗരങ്ങളില്‍ തുടങ്ങാന്‍ പോകുന്ന കൂറ്റന്‍ അടുക്കള പദ്ധതി പ്രധാന ആകര്‍ഷണമാകും.
നഷ്ടക്കണക്കില്‍ വീണ്ടും മമതയുടെ ബജറ്റ്
മറ്റൊരു റെയില്‍മന്ത്രിക്കും സാധ്യമാകാത്തത് നേടിയെടുത്തെന്ന ഖ്യാതിയോടെയാകും മമത ബാനര്‍ജി വെള്ളിയാഴ്ച ലോക്സഭയില്‍ റെയില്‍ബജറ്റവതരിപ്പിക്കുക. ആദ്യമായി റെയില്‍വേയെ കടുത്ത സാമ്പത്തികനഷ്ടത്തിലെത്തിച്ചുവെന്ന ഖ്യാതിയാണ് മമത സ്വന്തമാക്കിയിരിക്കുന്നത്. മമതയുടെ മനസ്സില്‍ ബംഗാളില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്. അതിനുള്ള കുതന്ത്രം മെനയുന്ന തിരക്കില്‍ റെയില്‍വേയുടെ ഭരണം മറന്നു. മന്ത്രിസ്ഥാനം അലങ്കാരം മാത്രമായി. ഉദ്യോഗസ്ഥര്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സ്ഥിതി വന്നു. ഫലം കടുത്ത സാമ്പത്തികനഷ്ടവും തുടരുന്ന അപകടങ്ങളും.
2010 ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ 16 റെയില്‍വേ സോണുകളില്‍ പത്തെണ്ണവും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്. ഈ സോണുകളിലെല്ലാം ചെലവുകൂടുതലും വരുമാനം കുറവുമാണ്. എല്ലാ സോണുകളുടെയും ശരാശരിയെടുത്താല്‍ ഓരോ നൂറുരൂപ വരുമാനം ലഭിക്കുമ്പോള്‍ ചെലവ് 116 രൂപ. വരവ്- ചെലവ് അന്തരം ആദ്യമായാണ് ഇത്രയേറെ രൂക്ഷമാകുന്നത്. ചരക്കു- യാത്രനിരക്കുകളില്‍നിന്നുള്ള വരുമാനം കുറഞ്ഞതും ചെലവ് കൂടിയതുമാണ് റെയില്‍വേയെ ഈ സ്ഥിതിയിലെത്തിച്ചത്. അശാസ്ത്രീയമായ പണം ചെലവഴിക്കലും നഷ്ടത്തിന് കാരണമായി. തൃണമൂല്‍ പ്രചാരണത്തിനായുള്ള പരസ്യങ്ങള്‍ക്ക് കോടികളാണ് പൊടിക്കുന്നത്. ബംഗാള്‍ പത്രങ്ങളില്‍ മൂന്നുമാസങ്ങള്‍ക്കകം എണ്‍പതിലേറെ പരസ്യങ്ങള്‍ റെയില്‍വേയുടെതായി വന്നു. കിഴക്കന്‍ റെയില്‍വേയും വടക്കു-കിഴക്കന്‍ അതിര്‍ത്തി റെയില്‍വേയും വടക്കു- കിഴക്കന്‍ റെയില്‍വേയുമാണ് പ്രകടനത്തില്‍ ഏറ്റവും ദയനീയം. വടക്കു-കിഴക്കന്‍ അതിര്‍ത്തി റെയില്‍വേ നൂറുരൂപ വരുമാനം കിട്ടുമ്പോള്‍ ചെലവിടുന്നത് 201.7 രൂപ.
നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെങ്കിലും ബജറ്റില്‍ റെയില്‍ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. കാരണം പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുതന്നെ. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം നിരക്കുവര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നിരക്കുകളില്‍ മാറ്റംവരുത്താതെയുള്ള തുടര്‍ച്ചയായ എട്ടാം റെയില്‍ബജറ്റായിരിക്കും മമത അവതരിപ്പിക്കുക. നൂറോളം പുതിയ വണ്ടികള്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. പന്ത്രണ്ട് തുരന്തോ ട്രെയിനുകള്‍ ഇതിലുള്‍പ്പെടും. മെട്രോനഗരങ്ങളില്‍ വന്‍അടുക്കളകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ബജറ്റിലുണ്ടാകും. പ്രതിദിനം അമ്പതിനായിരംമുതല്‍ ഒരുലക്ഷംവരെ ഭക്ഷണപൊതികള്‍ വന്‍അടുക്കളകളില്‍ തയ്യാറാക്കാനാകും. റെയില്‍വേക്ക് തന്നെയാണ് മേല്‍നോട്ടം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ ബംഗാളിന് ഏറെ പദ്ധതികള്‍ ബജറ്റിലുണ്ടാകും. കഴിഞ്ഞ രണ്ടുബജറ്റിലെ പദ്ധതികളൊക്കെ കടലാസില്‍ തുടരുകയാണെങ്കിലും പ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല.
(എം പ്രശാന്ത്)
കേരളം പാളത്തിന് പുറത്തുതന്നെയോ?
റെയില്‍ബജറ്റില്‍ കേരളത്തിന് സ്ഥാനം പാളത്തിന് പുറത്തുതന്നെയാകുമോ? കേരളത്തിന്റെ റെയില്‍ആവശ്യങ്ങള്‍ ഉന്നയിച്ച് വിശദമായ നിവേദനം രണ്ടുമാസം മുമ്പുതന്നെ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. തലവേദന പിടിച്ച വകുപ്പെന്ന പഴിയോടെ ഇ അഹമ്മദ് സഹമന്ത്രിസ്ഥാനം ഒഴിയുകകൂടി ചെയ്ത സാഹചര്യത്തില്‍ കേരളത്തിനുള്ള അവഗണന ഇരട്ടിക്കും.
അഹമ്മദ് മന്ത്രിയായ കാലത്തും കേരളം അവഗണിക്കപ്പെടുകയായിരുന്നു. ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെ കേരളത്തിന് അനുവദിച്ച പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല ബോഗിനിര്‍മാണ യൂണിറ്റ് എന്നിവയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വന്‍ തൊഴില്‍സാധ്യതയുള്ള ഈ രണ്ട് പദ്ധതിക്കുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ബജറ്റിലും മമത ഈ പദ്ധതികളെ അവഗണിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കാവശ്യമായ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ സൌജന്യമായി ഏറ്റെടുത്ത് നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നതിന്റെ ഒരു സൂചനയും റെയില്‍വേ നല്‍കുന്നില്ല. കഴിഞ്ഞ രണ്ട് ബജറ്റിലും തുകയൊന്നും നീക്കിവച്ചിട്ടില്ല. കഞ്ചിക്കോട് പദ്ധതിക്കൊപ്പം ലാലുപ്രസാദ് യാദവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചിരുന്നു. ഇവിടെ നിര്‍മാണപ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. മുഴുവന്‍ മുതല്‍മുടക്കും റെയില്‍വേയുടേത്. കഞ്ചിക്കോട്ടാകട്ടെ സ്വകാര്യപങ്കാളിത്തത്തിനുള്ള ശ്രമത്തിലാണ് റെയില്‍വേ.
പാതഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ആവശ്യത്തിന് പണം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ റെയില്‍വികസനത്തിന് മുഖ്യതടസ്സമായി നില്‍ക്കുന്നത് പാതഇരട്ടിപ്പിക്കലിലും വൈദ്യുതീകരണത്തിലും വരുന്ന കാലതാമസമാണ്. തിരുവനന്തപുരം ആസ്ഥാനമായി പെനിന്‍സുലര്‍ റെയില്‍സോ എന്നതും കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമാണ്. പാലക്കാട് ഡിവിഷനെ വിഭജിച്ചപ്പോള്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പായിരുന്നു കേരളത്തിന് പ്രത്യേക റെയില്‍സോ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
ദേശാഭിമാനി 250211
റെയില്‍ബജറ്റില്‍ കേരളത്തിന് സ്ഥാനം പാളത്തിന് പുറത്തുതന്നെയാകുമോ? കേരളത്തിന്റെ റെയില്‍ആവശ്യങ്ങള്‍ ഉന്നയിച്ച് വിശദമായ നിവേദനം രണ്ടുമാസം മുമ്പുതന്നെ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. തലവേദന പിടിച്ച വകുപ്പെന്ന പഴിയോടെ ഇ അഹമ്മദ് സഹമന്ത്രിസ്ഥാനം ഒഴിയുകകൂടി ചെയ്ത സാഹചര്യത്തില്‍ കേരളത്തിനുള്ള അവഗണന ഇരട്ടിക്കും.
ReplyDeleteഅഹമ്മദ് മന്ത്രിയായ കാലത്തും കേരളം അവഗണിക്കപ്പെടുകയായിരുന്നു.