പന്ത്രണ്ടാം നിയമസഭയുടെ പതിനേഴാം സമ്മേളനം സമാപിച്ചു. ഈ സഭയുടെ അവസാന സമ്മേളന ദിനമായിരുന്നു ഇന്നലെ. കേരളത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ നിരവധി നിയമനിര്‍മാണങ്ങള്‍ക്കും ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിനും വേദിയായ സഭ കേരളത്തിന്റെ ഒരു സുവര്‍ണകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.
സമസ്ത മേഖലകളിലും സര്‍വനാശം വിതച്ച്, കേരളത്തെ സമ്പൂര്‍ണമായി തകര്‍ത്ത യു ഡി എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് എല്‍ ഡി എഫിന് മികച്ച ഭൂരിപക്ഷമുള്ള സഭയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം കേരളത്തിന് സമ്മാനിച്ചത്. തകര്‍ന്നുപോയ കേരളത്തെ പുനരുദ്ധരിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷവും സഭ വേദിയായി. കേരളത്തിന്റെ ചരിത്രത്തിലെ മികവുറ്റ നിരവധി നിയമങ്ങള്‍ ഇക്കാലയളവില്‍ സഭ നിര്‍മിച്ചു. ഈ സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിവസം പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് ഇതില്‍ പ്രധാനമാണ്. കൊക്കകോള കമ്പനിയുടെ ചൂഷണത്തില്‍പ്പെട്ടു ജീവിതം നശിച്ചുപോയ ജനതയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള നിയമമാണ് സഭ നിര്‍മിച്ചത്.
നെല്‍വയലുകള്‍ അന്യംനിന്ന് പോകുന്നത് തടയാനായി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയത് ഈ സഭയാണ്. വിദ്യാഭ്യാസ കച്ചവടക്കാരെ നിയന്ത്രിക്കാനായി സഭ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം രാജ്യത്ത് തന്നെ സജീവമായ ചര്‍ച്ചയ്ക്ക് വിധേയമായതാണ്. പൊലീസ് സംവിധാനത്തെ അടിമുടി ഉടച്ചുവാര്‍ക്കുന്നതിനുള്ള പൊലീസ് ബില്‍ രാജ്യത്തിനാകെ മാതൃകയായി. ഇത് നിയമപരിപാലനരംഗത്ത് ഒരു നാഴികക്കല്ലായിരുന്നു. ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിയമവും സഭ പാസാക്കി. ഗുണ്ടാ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും സഭ പാസാക്കി. മൂന്നാറിലെ ഭൂമി സംബന്ധമായ കേസുകള്‍ പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണല്‍ ബില്‍, ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍, കാര്‍ഷിക കടാശ്വാസ കമ്മിഷനും മത്സ്യതൊഴിലാളി കടാശ്വാസ കമ്മിഷനും രൂപീകരിക്കുന്നതിനുള്ള ബില്‍ എന്നിവയും സഭ പാസാക്കി. പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങളും ശ്രദ്ധേയമായി. ഫിഷറീസ്, വെറ്ററിനറി, മെഡിക്കല്‍ തുടങ്ങിയ കേരളത്തിന്റെ ഭാവി വികസനത്തിനുതകുന്ന സര്‍വകലാശാലകള്‍ രൂപീകരിക്കുന്നതിനുള്ള നിയമങ്ങളും സഭ പാസാക്കി.
രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയാണ് ഈ സഭയിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ബി പി എല്‍ കുടുംബങ്ങള്‍ക്കുവേണ്ടി പ്രഖ്യാപിച്ച പദ്ധതി പിന്നീട് എല്ലാ കാര്‍ഡുടമകള്‍ക്കുമായി വിപുലപ്പെടുത്തി. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധികള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ സഭയില്‍ നടന്നു. അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും സഭ പുതിയ റെക്കോഡിട്ടു. സഭാ ചരിത്രത്തിലിതുവരെ 19 അടിയന്തര പ്രമേയങ്ങള്‍ മാത്രമാണ് സഭ ചര്‍ച്ചക്കെടുത്തത്. അതില്‍ അഞ്ചണ്ണം ഈ സഭയിലായിരുന്നു.
40 ശ്രദ്ധക്ഷണിക്കലും 3547 സബ്മിഷനുകളും സഭയുടെ പരിഗണനയ്ക്ക് വന്നു.
നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ നടന്നതും ഈ സഭയുടെ കാലത്താണ്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള സുപ്രധാനമായ ഒരു ഗ്രന്ഥവും ഇക്കാലയളവില്‍ സഭയുടേതായി പുറത്തിറക്കി. സഭാ രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായിവരുന്നു. നിയമനിര്‍മാണത്തിന് വേണ്ടി മാത്രമായി എല്ലാ വര്‍ഷവും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനായി എന്നതാണ് സഭയുടെ ശ്രദ്ധേയമായ മറ്റൊരു നേട്ടം.
2006 മെയ് 24 ന് ആദ്യമായി സമ്മേളിച്ച 12-ാം കേരള നിയമസഭ 253 ദിവസം സമ്മേളിച്ചു. 2011 ഫെബ്രുവരി 24 ന് അവസാന സമ്മേളനവും പൂര്‍ത്തിയാക്കി സഭ പിരിയുമ്പോള്‍, നിയമനിര്‍മാണ ചരിത്രത്തിലെ ഒരു സുവര്‍ണശോഭയുള്ള അധ്യായമാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ സഭാധ്യക്ഷനായി സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ മാറുകയും ചെയ്തു.
(കെ എസ് അരുണ്‍)
ജനയുഗം 250211
പന്ത്രണ്ടാം നിയമസഭയുടെ പതിനേഴാം സമ്മേളനം സമാപിച്ചു. ഈ സഭയുടെ അവസാന സമ്മേളന ദിനമായിരുന്നു ഇന്നലെ. കേരളത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ നിരവധി നിയമനിര്‍മാണങ്ങള്‍ക്കും ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിനും വേദിയായ സഭ കേരളത്തിന്റെ ഒരു സുവര്‍ണകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.
ReplyDeleteസമസ്ത മേഖലകളിലും സര്‍വനാശം വിതച്ച്, കേരളത്തെ സമ്പൂര്‍ണമായി തകര്‍ത്ത യു ഡി എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് എല്‍ ഡി എഫിന് മികച്ച ഭൂരിപക്ഷമുള്ള സഭയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം കേരളത്തിന് സമ്മാനിച്ചത്. തകര്‍ന്നുപോയ കേരളത്തെ പുനരുദ്ധരിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷവും സഭ വേദിയായി. കേരളത്തിന്റെ ചരിത്രത്തിലെ മികവുറ്റ നിരവധി നിയമങ്ങള്‍ ഇക്കാലയളവില്‍ സഭ നിര്‍മിച്ചു. ഈ സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിവസം പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് ഇതില്‍ പ്രധാനമാണ്. കൊക്കകോള കമ്പനിയുടെ ചൂഷണത്തില്‍പ്പെട്ടു ജീവിതം നശിച്ചുപോയ ജനതയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള നിയമമാണ് സഭ നിര്‍മിച്ചത്.