രണ്ടാം യുപിഎ സര്‍ക്കാര്‍ നിലവിലുള്ള പരിതോവസ്ഥയില്‍നിന്ന് തെല്ലും മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നതിന്റെ നയപ്രഖ്യാപനംകൂടിയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്ട്രപതിയെക്കൊണ്ട് നടത്തിച്ചത്. അഴിമതിയും വിലക്കയറ്റവും തടയും എന്നാണ് രാഷ്ട്രപതി പ്രസംഗിച്ചത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ അഴിമതി തടയും എന്ന് വെറുംവാക്കു പറയുന്നത് ഇതാദ്യമല്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്ന് സ്വതന്ത്രമായി അന്വേഷിക്കാന്‍പോലും തയ്യാറല്ല എന്നതായിരുന്നു ഇന്നലെവരെ യുപിഎ നേതൃത്വത്തിന്റെ നിലപാട്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പരിപൂര്‍ണമായി തടസ്സപ്പെട്ടത് ആ കടുംപിടിത്തംമൂലമാണ്. ഇക്കുറിയും അത്തരമവസ്ഥ ആവര്‍ത്തിക്കപ്പെടുമെന്ന ഭീതിമൂലമാണ്, മനസ്സില്ലാമനസ്സോടെയെങ്കിലും 2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിശ്ചയിക്കാമെന്ന് യുപിഎ സര്‍ക്കാര്‍ സമ്മതിച്ചത്. ഈ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ ഇന്ന് തിഹാര്‍ ജയിലിലാണ് എന്നതുമായി കൂട്ടിവായിക്കുമ്പോള്‍ എന്തുകൊണ്ട് കേസന്വേഷണത്തെ ഭയക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമാകും.
അഴിമതിയുടെ കുത്തൊഴുക്കാണ് രാജ്യത്ത് നടക്കുന്നത്. അതിന്റെ നേതൃത്വം കോണ്‍ഗ്രസിനാണ്; യുപിഎ സര്‍ക്കാരിനാണ്. രാജ്യത്തിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ ഉള്‍പ്പെടെ കൊള്ളയടിച്ച് വിറ്റ് കാശുമാറുന്നവരായി ജനങ്ങള്‍ക്ക് മുന്നില്‍ ലജ്ജാവിഹീനരായി നില്‍ക്കുമ്പോള്‍, "അഴിമതിക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കും'' എന്ന് രാഷ്ട്രപതിയെക്കൊണ്ട് പറയിപ്പിച്ചത്, ആ സമുന്നത സ്ഥാനത്തെത്തന്നെ അവഹേളിക്കലാണ്.
ടെലികോം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായി എന്നാണ് വളര്‍ച്ചയുടെ അളവുകോലായി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യം. അതേ ടെലികോം മേഖലയില്‍നിന്നാണ് അനധികൃതമായി ടു ജി സ്പെക്ട്രം അനുവദിച്ചതിലൂടെ രാജ്യത്തിന് ഒന്നേമുക്കാല്‍ ലക്ഷം കോടിരൂപ നഷ്ടപ്പെട്ടതെന്ന യാഥാര്‍ഥ്യം പ്രസംഗത്തില്‍ സൌകര്യപൂര്‍വം മറച്ചുവയ്ക്കപ്പെട്ടു. ടെലികോം മേഖലയിലെ ആധുനിക സങ്കേതങ്ങളും സാധ്യതകളും കോര്‍പറേറ്റുകള്‍ക്കായി തുറന്നുവിട്ട് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നവര്‍ സ്വകാര്യ കമ്പനികള്‍ തടിച്ചുകൊഴുത്തതിനെയും നാടിന്റെ നേട്ടമായി അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സമ്പദ്-വ്യവസ്ഥയില്‍ പൊതുമേഖലയ്ക്കുള്ള സവിശേഷസ്ഥാനം ബോധപൂര്‍വം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എയര്‍ ഇന്ത്യയുടെയും ബിഎസ്എന്‍എല്ലിന്റെയും കാര്യത്തില്‍ ഇത് പ്രകടമായി കാണാം. ഈ മേഖലകളില്‍ സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് അനിയന്ത്രിതമായ പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. പ്രകൃതിവാതക ഉല്‍പ്പാദനം, വൈദ്യുതി ഉല്‍പ്പാദനം, എണ്ണ തുടങ്ങിയ മേഖലകളില്‍ ഒഎന്‍ജിസി, എന്‍ടിപിസി, ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ സ്ഥാപനങ്ങളെയും അതേ വിധി കാത്തിരിക്കുന്നു.
ഗരീബി ഹഠാവോയില്‍ തുടങ്ങി ആം ആദ്മിയിലെത്തിനില്‍ക്കുന്ന കേള്‍ക്കാനിമ്പമുള്ള തട്ടിപ്പുമുദ്രാവാക്യങ്ങളുടെ തുടര്‍ച്ചയേ ഇന്നും കോണ്‍ഗ്രസിന്റെ കൈയിലുള്ളൂ. വിലക്കയറ്റത്തിന്റെ അവസ്ഥ നോക്കൂ. അവശ്യവസ്തുക്കളുടെ, വിശിഷ്യ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം സര്‍വകാലത്തെയും കവച്ചുവയ്ക്കുകയാണ്. എഫ്സിഐ ഗോഡൌണുകളില്‍ 5.7 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. അത് പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞവിലയ്ക്ക് പാവങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നുവെങ്കില്‍ ഭക്ഷ്യധാന്യങ്ങളുടെ വിപണിവില കുറയുമായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ അഭൂതപൂര്‍വമായ വിലക്കയറ്റത്തിന് കാരണം, ഊഹക്കച്ചവടത്തില്‍ ശക്തരായ വന്‍കിട നിക്ഷേപകര്‍ പ്രവേശിച്ചതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യാവകാശസമിതി വ്യക്തമാക്കുന്നു. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും അതിന്റെ ഫലമായി ആറുമാസത്തിനുള്ളില്‍ പെട്രോള്‍ വില 7 തവണ വര്‍ധിച്ചതും ഭക്ഷ്യധാന്യ വിലവര്‍ധനയ്ക്ക് കാരണമായി. വിലക്കയറ്റം എല്ലാ വിഭാഗം ജനങ്ങളുടെയും യഥാര്‍ഥ വരുമാനം കുത്തനെ ഇടിച്ചുകൊണ്ടിരിക്കുന്നു.
ലേബര്‍ ബ്യൂറോയുടെ സര്‍വേയനുസരിച്ച് തൊഴിലില്ലായ്മാനിരക്ക് 9.4 ശതമാനമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികാരണം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. പരമ്പരാഗത വ്യവസായങ്ങളില്‍ നിലവിലുള്ള ജോലി സംരക്ഷിക്കുന്നതിനോ അല്ലെങ്കില്‍ പകരം ജോലി ഉണ്ടാക്കികൊടുക്കുന്നതിനോ സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ല. ലക്ഷക്കണക്കിന് കോടി രൂപയുടെ ഉത്തേജക പാക്കേജുകള്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്നു. പക്ഷേ, തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്നതിന് ഒരു നടപടിയും ഇല്ല. ആസൂത്രണക്കമീഷന്റെ മാനദണ്ഡമനുസരിച്ച് ബിപിഎല്‍ വിഭാഗത്തില്‍പെടുന്നവരുടെ വരുമാനപരിധി ഗ്രാമീണമേഖലയില്‍ ദിവസവരുമാനം 11 രൂപയില്‍ താഴെയും പട്ടണപ്രദേശങ്ങളില്‍ 16 രൂപയില്‍ താഴെയുമാണ്. അങ്ങനെ കണക്കാക്കുമ്പോള്‍ അസംഘടിത മേഖലയിലെ 90 ശതമാനത്തിലേറെ തൊഴിലാളികളും ക്ഷേമപദ്ധതികളുടെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. ഇങ്ങനെ എണ്ണിയെണ്ണിപ്പറയാന്‍ ജനദ്രോഹ നടപടികള്‍ അനേകം.
അംബാനിമാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ പാര്‍ലമെന്റിനെ വേദിയാക്കാന്‍ ആവേശം കാണിക്കുന്ന യുപിഎ നേതൃത്വത്തിന് സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രവിക്കാന്‍പോലും ക്ഷമയില്ല. സ്വകാര്യ ദേശീയ കോര്‍പറേറ്റുകളും ബഹുരാഷ്ട്ര കോര്‍പറേറ്റുകളും ചേര്‍ന്ന് രാജ്യത്തിന്റെ ആസ്തി മുഴുവന്‍ കൊള്ളയടിക്കുന്നതിന് കാര്‍മികത്വം വഹിക്കുകയാണവര്‍. ഈ അപകടംപിടിച്ച നയത്തിനെതിരെയുള്ള പ്രതിഷേധ ശബ്ദം യുപിഎ സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചിട്ടില്ല എന്നതിനാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അടിവരയിടുന്നത്.
വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന് പറയുന്നവര്‍, സ്വന്തം നേതൃത്വത്തിന് എത്രമാത്രം കള്ളപ്പണമുണ്ട് എന്നുകൂടി തുറന്നുപറയേണ്ടതുണ്ട്. പൊതുജീവിതത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് വീമ്പടിക്കുന്നതിനു മുമ്പ് അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാതൃകാപരമായ നിലപാടെടുക്കേണ്ടതുണ്ട്. അത്തരം ആത്മാര്‍ഥമായ എന്തെങ്കിലുമൊരു നീക്കത്തിനുശേഷമായിരുന്നു വാഗ്ദാനങ്ങളുടെയും വീമ്പുപറച്ചിലിന്റെയും പെരുമഴയെങ്കില്‍ ജനങ്ങള്‍ അല്‍പ്പമെങ്കിലും ക്ഷമിച്ചേനേ. ഇത് ക്ഷമയുടെ നെല്ലിപ്പടി കാട്ടുന്ന അപഹാസ്യ നയപ്രഖ്യാപനമാണെന്നു പറയാതെ വയ്യ.
ദേശാഭിമാനി മുഖപ്രസംഗം 210211
അഴിമതിയുടെ കുത്തൊഴുക്കാണ് രാജ്യത്ത് നടക്കുന്നത്. അതിന്റെ നേതൃത്വം കോണ്‍ഗ്രസിനാണ്; യുപിഎ സര്‍ക്കാരിനാണ്. രാജ്യത്തിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ ഉള്‍പ്പെടെ കൊള്ളയടിച്ച് വിറ്റ് കാശുമാറുന്നവരായി ജനങ്ങള്‍ക്ക് മുന്നില്‍ ലജ്ജാവിഹീനരായി നില്‍ക്കുമ്പോള്‍, "അഴിമതിക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കും'' എന്ന് രാഷ്ട്രപതിയെക്കൊണ്ട് പറയിപ്പിച്ചത്, ആ സമുന്നത സ്ഥാനത്തെത്തന്നെ അവഹേളിക്കലാണ്.
ReplyDelete