ചരിത്രപ്രസിദ്ധമായ കൂത്താളി സമരത്തിലൂടെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ കീഴരിയൂര്‍ ബോംബ് കേസിലൂടെയും ജനമുന്നേറ്റത്തിന്റെ വീറുറ്റ പാരമ്പര്യമുള്ള നാടാണ് പേരാമ്പ്ര നിയമസഭാ മണ്ഡലം. 1957ലാണ് മണ്ഡലം രൂപീകൃതമായത്. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, അരിക്കുളം, ചെറുവണ്ണൂര്‍, മേപ്പയൂര്‍, തുറയൂര്‍, കീഴരിയൂര്‍ എന്നീ പത്ത് പഞ്ചായത്തുകളാണുള്ളത്. 321.98 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. കഴിഞ്ഞതവണ മണ്ഡലത്തിലുണ്ടായിരുന്ന കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകള്‍ ബാലുശേരി മണ്ഡലത്തിന്റെ ഭാഗമായി. പകരം മേപ്പയൂര്‍ മണ്ഡലത്തിലെ മേപ്പയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളും കൊയിലാണ്ടി മണ്ഡലത്തിലെ തുറയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകളും ചേര്‍ത്തു. 145 ബൂത്തുകളിലായി 1,58,000ത്തോളം വോട്ടര്‍മാരാണുള്ളത്. ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, അരിക്കുളം, മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണമാണ്. ചങ്ങരോത്ത്, ചെറുവണ്ണൂര്‍, തുറയൂര്‍ പഞ്ചായത്തുകളാണ് യുഡിഎഫ് ഭരിക്കുന്നത്. 154 വാര്‍ഡുകളില്‍ 87ലും എല്‍ഡിഎഫ് മെമ്പര്‍മാരാണ് വിജയിച്ചത്.
1957നു ശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ പത്തുതവണയും എല്‍ഡിഎഫാണ് ജയിച്ചത്. 1980നുശേഷം എല്‍ഡിഎഫിന്റെ കുത്തകമണ്ഡലമെന്ന ഖ്യാതിയും പേരാമ്പ്രയ്ക്കുണ്ട്. 2006ലെ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞമ്മത് (സിപിഐ എം) 10,640 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മണ്ഡലത്തിലുള്ള നിര്‍ണായക സ്വാധീനവും സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ വികസനമുന്നേറ്റവും ഇത്തവണയും എല്‍ഡിഎഫിന് കരുത്ത്പകരും.
സമ്പൂര്‍ണ വൈദ്യുതീകരണം, പേരാമ്പ്ര കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്കാശുപത്രിയായി ഉയര്‍ത്തിയത്, 50 കോടി ചെലവില്‍ കുറ്റ്യാടി ജലസേചനപദ്ധതിയുടെ നവീകരണ പ്രവൃത്തി, വടക്കുമ്പാട്, കല്ലാനോട്, അരിക്കുളം ഹൈസ്കൂളുകളില്‍ പുതിയ ഹയര്‍സെക്കന്‍ഡറി വിഭാഗം, മരക്കാടിതോട് നവീകരണം, ആവളപാണ്ടി, കരുവോട് ചിറ എന്നിവിടങ്ങളില്‍ കാര്‍ഷിക വികസനപദ്ധതി, പുതിയ മാവേലിസ്റ്റോറുകള്‍, പേരാമ്പ്ര മിനി സിവില്‍സ്റ്റേഷന്‍, പേരാമ്പ്ര 33 കെ വി സബ്സ്റ്റേഷന്‍ തുടങ്ങി വികസന പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടിക തന്നെ.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത വിജയത്തിന്റെ ആവേശത്തിലാണ് യുഡിഎഫ്. പേരാമ്പ്രയില്‍ 4,262 വോട്ടിന്റെ ലീഡ് മുല്ലപ്പള്ളിയ്ക്കുണ്ടായിരുന്നു. 1977ലെ തെരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. മുന്നണിക്കകത്ത് തീരെ സ്വാധീനമില്ലാത്ത കക്ഷി മത്സരിക്കുന്നതാണ് തുടര്‍ച്ചയായ പരാജയത്തിന്റെ കാരണമെന്നു പറഞ്ഞ് കഴിഞ്ഞതവണ കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെങ്കിലും പിന്‍വാങ്ങി. ഇത്തവണ കേരളകോണ്‍ഗ്രസിന് പുറമെ കോണ്‍ഗ്രസും ലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
വയനാടന്‍ മലനിരകളും നിബിഡവനവുമാണ് മണ്ഡലത്തിന്റെ കിഴക്ക് അതിരിടുന്നത്. കുറ്റ്യാടിമണ്ഡലം വടക്കും ബാലുശേരി മണ്ഡലം തെക്കും കൊയിലാണ്ടി മണ്ഡലം പടിഞ്ഞാറും അതിര്‍ത്തിയാകുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമഴി ഡാം, പെരുവണ്ണാമൂഴി ഇക്കോ ടൂറിസം പദ്ധതി, പെരുവണ്ണാമൂഴി ആസ്ഥാനമായുള്ള മലബാര്‍ വന്യജീവി സങ്കേതം, ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം, കൂത്താളി ജില്ലാ കൃഷിഫാം, പ്ളാന്റേഷന്‍ കോര്‍പറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്റ്റേറ്റ്, കോര്‍പറേഷനിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിന് നിര്‍മാണം പുരോഗമിക്കുന്ന ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ആസ്ഥാനം എന്നിവ ഈ മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തിലാണ്. ജില്ലയുടെ നെല്ലറയെന്നറിയപ്പെടുന്ന ആവളപാണ്ടി, കരുവോട്ചിറകളും മണ്ഡലത്തിലാണ്.
ദേശാഭിമാനി 220211
1957നു ശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ പത്തുതവണയും എല്‍ഡിഎഫാണ് ജയിച്ചത്. 1980നുശേഷം എല്‍ഡിഎഫിന്റെ കുത്തകമണ്ഡലമെന്ന ഖ്യാതിയും പേരാമ്പ്രയ്ക്കുണ്ട്. 2006ലെ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞമ്മത് (സിപിഐ എം) 10,640 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മണ്ഡലത്തിലുള്ള നിര്‍ണായക സ്വാധീനവും സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ വികസനമുന്നേറ്റവും ഇത്തവണയും എല്‍ഡിഎഫിന് കരുത്ത്പകരും.
ReplyDelete