Wednesday, February 23, 2011

ജെപിസി പ്രഖ്യാപനം: വൈകിയുദിച്ച വിവേകം

ജെ.പി.സി പ്രഖ്യാപനമായി

രാജ്യത്തിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ 2 ജി സ്പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ലോക്സഭയില്‍ പ്രഖ്യാപിച്ചു. രാജ്യം കണ്ട ഏറ്റവും ഭീമമായ അഴിമതിയില്‍ ജെപിസി അന്വേഷണത്തില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന പ്രതിപക്ഷ നിലപാട് ഗത്യന്തരമില്ലാതെ ഗവര്‍മെന്റ് അംഗീകരിക്കുകയായിരുന്നു. രാജ അറസ്റ്റ് ചെയ്യപ്പെട്ടതും ഈ തീരുമാനത്തിലേക്കെത്താന്‍ പ്രേരിപ്പിച്ചു. എന്നാല്‍, ജാള്യം മറയ്ക്കാന്‍ ബജറ്റ് സമ്മേളനം സുഗമമായി നടത്തുന്നതിനു വേണ്ടി മാത്രമാണ് ജെപിസി അന്വേഷണത്തിന് തയ്യാറാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.

ചൊവ്വാഴ്ച രാവിലെ പുതിയ മന്ത്രിസഭാംഗങ്ങളെ പരിചയപ്പെടുത്തിയശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ജെപിസി സംബന്ധിച്ച ഔദ്യോഗിക പ്രമേയം ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജെപിസി രൂപീകരണത്തിനുള്ള നടപടിക്രമം ആരംഭിക്കാന്‍ പ്രധാനമന്ത്രി, സ്പീക്കര്‍ മീരാകുമാറിനോട്അഭ്യര്‍ഥിച്ചു. വ്യാഴാഴ്ച ടെലികോംമന്ത്രി കപില്‍സിബല്‍ പ്രമേയം അവതരിപ്പിക്കും. ശീതകാലസമ്മേളനം തടസ്സപ്പെട്ട സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ജെപിസി രൂപീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വാദിച്ചു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ശിവരാജ് പാട്ടീല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. എന്നാലിതൊന്നും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ സഹായിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റ് സമ്മേളനം സുഗമമാക്കാന്‍ മാത്രമാണ് ജെപിസി രൂപം നല്‍കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഭരണസംവിധാനം എങ്ങനെയൊക്കെയാണ് ദുരുപയോഗിക്കുന്നതെന്ന് മനസ്സിലാക്കാനും ഭാവിയില്‍ അതു തടയാനുള്ള നിയന്ത്രണ സംവിധാനം കൊണ്ടുവരാനുമാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ജെപിസി രൂപീകരിക്കുന്ന പ്രഖ്യാപനം രാജ്യസഭയില്‍ നടത്തിയപ്പോഴാണ് പ്രസ്താവനയുടെ ഉള്ളടക്കത്തെ യെച്ചൂരി വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയും യെച്ചൂരിയുടെ വാദത്തെ പിന്തുണച്ചു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി രൂപീരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ജെപിസിയിലും പാലിക്കണമെന്ന് യെച്ചൂരി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജെപിസി രൂപീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ലോകസഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. സര്‍ക്കാര്‍ കടമ നിര്‍വഹിക്കുകമാത്രമാണ് ചെയ്തതെന്ന് സിപിഐ എമ്മിലെ ബസുദേവ് ആചാര്യയും സിപിഐയിലെ ഗുരുദാസ്ദാസ് ഗുപ്തയും പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ടികളെയും ജെപിസിയില്‍ ഉള്‍പ്പെടുത്തണമെന്ന് എഐഎഡിഎംകെ നേതാവ് തമ്പിദുരൈ ആവശ്യപ്പെട്ടു. എന്നാല്‍, കാലതാമസം സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് എസ് പി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. എസ് ബാന്‍ഡ് സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളും ജെപിസിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജെഡിയു നേതാവ് ശരദ് യാദവ് പറഞ്ഞു.

ജെപിസിയില്‍ ഇരുസഭകളിലെയും അംഗങ്ങളുണ്ടാകും. മൂന്നില്‍ രണ്ട് അംഗങ്ങള്‍ ലോകസഭയില്‍ നിന്നും മൂന്നില്‍ ഒന്ന് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നും. സ്പീക്കര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിസമിതിയുടെ വലുപ്പവും പരിഗണനാവിഷയങ്ങളും തീരുമാനിക്കും. ഏതൊക്കെ പാര്‍ടികളെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചശേഷം തുടര്‍ന്ന് സ്പീക്കര്‍ വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തും. സമിതിയിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് മറ്റ് പാര്‍ടികളില്‍ നിന്ന് പേരുകള്‍ സ്പീക്കര്‍ ആവശ്യപ്പെടും. ഇവരെ ഉള്‍പ്പെടുത്തിയാണ് ജെപിസിക്ക് രൂപം നല്‍കുക.

ജെപിസി പ്രഖ്യാപനം: വൈകിയുദിച്ച വിവേകം


2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ജെപിസി അന്വേഷണമില്ലെന്ന് തറപ്പിച്ച് പറഞ്ഞ യുപിഎ സര്‍ക്കാര്‍ വൈകിയാണെങ്കിലും പ്രതിപക്ഷസമ്മര്‍ദത്തിന് വഴങ്ങി. പ്രതിപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ വിജയമാണ് ജെപിസി രൂപീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

2008ല്‍ നടന്ന 2 ജി സ്പെക്ട്രം വില്‍പ്പനയില്‍ 1.76 ലക്ഷം കോടിരൂപയുടെ നഷ്ടം ഉണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഈ അഴിമതി ജെപിസി അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുന്നത്. ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ജെപിസി ഒഴികെ ഏതന്വേഷണത്തിനും തയ്യാറാണെന്ന സമീപനമാണ് പ്രധാനമന്ത്രിയും ധനമന്ത്രി പ്രണബ് മുഖര്‍ജിയും ആവര്‍ത്തിച്ചത്. 2 ജി ഇടപാട് ആദായ നികുതിവകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പറഞ്ഞത്. പിന്നീട് പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി (പിഎസി) അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ സിബിഐ പോലുള്ള ഏജന്‍സികളുടെ സഹായം വേണമെങ്കില്‍ നല്‍കാമെന്നുമായി സര്‍ക്കാരിന്റെ വാദം. പിഎസി പാര്‍ലമെന്ററി സമിതി തന്നെയാണെന്നും അതിന്റെ അധ്യക്ഷന്‍ പ്രതിപക്ഷപാര്‍ടിയുടെ നേതാവായതിനാല്‍ അതിനാണ് കൂടുതല്‍ വിശ്വാസ്യതയെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍, സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം മാത്രമേ പിഎസിക്ക് ഉള്ളൂവെന്ന് തിരിച്ചടിച്ച പ്രതിപക്ഷം പ്രധാനമന്ത്രിയില്‍നിന്ന് തെളിവെടുക്കാന്‍ ജെപിസിക്ക് അവകാശമുണ്ടെന്നും വാദിച്ചു. പിഎസിക്ക് മുമ്പില്‍ ഹാജരാകാമെന്ന് ബുറാഡിയില്‍ നടന്ന എഐസിസി പ്ളീനറിയില്‍ പ്രധാനമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ നിരായുധമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍, ജെപിസി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ഇതിനിടയില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കി. ശിവരാജ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ഏകാംഗ സമിതി റിപ്പോര്‍ട്ടുനല്‍കി. അതിനിടെ സിഎജിയുടെ തന്നെ പ്രതിച്ഛായ തകര്‍ക്കാന്‍ പുതിയ ടെലികോംമന്ത്രി കപില്‍ സിബല്‍ രംഗത്തെത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കി. സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്നും സര്‍ക്കാരിന് ഒരു പൈസപോലും നഷ്ടപ്പെട്ടിട്ടില്ലെന്നും സിബല്‍ അവകാശപ്പെട്ടു.

എന്നാല്‍, പ്രതിപക്ഷത്തെ ഒരിഞ്ച് വിട്ടുകൊടുത്തില്ല. പ്രധാനമന്ത്രി കാര്യാലയത്തിന് പങ്കാളിത്തമുള്ള രണ്ടുലക്ഷം കോടിയുടെ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതി പുറത്തുവന്നതോടെ പ്രതിപക്ഷാവശ്യത്തിന് ശക്തിയേറി. മുന്‍ മന്ത്രി രാജയുടെ അറസ്റ് അഴിമതി നടന്നതിന് തെളിവായി. ജെപിസി രൂപീകരിക്കാത്ത പക്ഷം ബജറ്റ് സമ്മേളനത്തിനും ശീതകാല സമ്മേളനത്തിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പ് പ്രതിപക്ഷം നല്‍കി. ഈ ഘട്ടത്തിലാണ് ടെലിവിഷന്‍ എഡിറ്റര്‍മാരുമായുള്ള വാര്‍ത്താസമ്മേളനത്തില്‍വച്ച് പ്രധാനമന്ത്രി ജെപിസിക്കുമുമ്പില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് പ്രസ്താവിക്കുന്നത്. അതിന്റെ തുടര്‍ച്ചയായി ചൊവ്വാഴ്ചത്തെ ജെപിസി പ്രഖ്യാപനം. ഇതിന് സര്‍ക്കാര്‍ നേരത്തേ തയ്യാറായിരുന്നെങ്കില്‍ ശീതകാലസമ്മേളനം മുടങ്ങില്ലായിരുന്നു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 230211

2 comments:

  1. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ജെപിസി അന്വേഷണമില്ലെന്ന് തറപ്പിച്ച് പറഞ്ഞ യുപിഎ സര്‍ക്കാര്‍ വൈകിയാണെങ്കിലും പ്രതിപക്ഷസമ്മര്‍ദത്തിന് വഴങ്ങി. പ്രതിപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ വിജയമാണ് ജെപിസി രൂപീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

    ReplyDelete
  2. 2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ചെയര്‍മാന് പുറമെ മുപ്പതംഗങ്ങള്‍ വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. പ്രതിപക്ഷ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാന്‍വേണ്ടി 21 അംഗ ജെപിസി രൂപീകരിക്കാനായിരുന്നു നീക്കം. ഇടതുപക്ഷ പാര്‍ടികളും എന്‍ഡിഎ കക്ഷികളും മറ്റ് ചെറുപാര്‍ടികളും വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് ജെപിസി വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ ധാരണയായത്. 20പേര്‍ ലോക്സഭയില്‍നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമായിരിക്കും. പി സി ചാക്കോ ജെപിസി തലവനാകുമെന്നാണ് സൂചന. 38 അംഗങ്ങളുള്ള കക്ഷിക്ക് ഒരു പ്രതിനിധി എന്ന തോതിലായിരിക്കും ജെപിസിയിലെ പ്രാതിനിധ്യം. കോഗ്രസിന് ലോക്സഭയില്‍നിന്ന് എട്ട് പ്രതിനിധികളും രാജ്യസഭയില്‍നിന്ന് മൂന്ന് പ്രതിനിധികളും ജെപിസിയിലുണ്ടാകും. ബിജെപിക്ക് ഇരുസഭകളില്‍നിന്നുമായി ആറ് അംഗങ്ങളെ ലഭിക്കും. ഇതിലൊന്ന് ശിവസേനയ്ക്ക് നല്‍കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ഇടതുപക്ഷ പാര്‍ടികള്‍ക്ക് രണ്ട് അംഗങ്ങളെ ലഭിക്കും. ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും ഓരോ അംഗം വീതമാകും ഉണ്ടാവുക. ബിഎസ്പി, ജെഡിയു, ഡിഎംകെ എന്നീ കക്ഷികള്‍ക്ക് രണ്ടംഗങ്ങള്‍ വീതവും എന്‍സിപി, തൃണമൂല്‍, എസ്പി, ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികള്‍ക്ക് ഒരംഗവും സമിതിയിലുണ്ടാകും.

    ReplyDelete