Thursday, February 24, 2011

ചരിത്രത്തില്‍ ഇടം നേടിയ റാലി

 ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ സുപ്രധാനസംഭവമാണ് ബുധനാഴ്ചത്തെ ഡല്‍ഹി റാലി. രണ്ട് ദശാബ്ദംമുമ്പ് ഇന്ത്യയില്‍ ആരംഭിച്ച നവലിബറല്‍ നയത്തിനെതിരെയുള്ള തൊഴിലാളികളുടെ ശക്തിപ്രകടനമാണ് ബുധനാഴ്ച ഡല്‍ഹിയില്‍ കണ്ടത്. കൂലിക്കൂടുതലിനോ സാമ്പത്തിക നേട്ടങ്ങള്‍ക്കോ വേണ്ടിയല്ല യുപിഎയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയാണ് രോഷം അണപൊട്ടിയൊഴുകിയത്. യൂറോപ്പിലും അറബ് രാജ്യങ്ങളിലും ജനരോഷം ഉയര്‍ന്നതും സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ്. അതുകൊണ്ടുതന്നെ കൊടിയുടെ നിറം നോക്കാതെ തൊഴിലാളികള്‍ പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് ഇരമ്പിവന്നത് മന്‍മോഹന്‍സിങ് സര്‍ക്കാരിന് കനത്ത താക്കീതായി.

മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ 1991ലാണ് ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇതോടെയാണ് കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ അനുകൂലമായി നയം മാറുന്നത്. ഇതിനെതിെരെയും തൊഴിലാളികളുടെ പരിമിതമായ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി തൊഴിലാളികള്‍ യോജിച്ച പ്രക്ഷോഭത്തിന് അന്നുമുതല്‍തന്നെ തയ്യാറെടുത്തു. ട്രേഡ് യൂണിയന്‍ സ്പോണ്‍സറിങ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ പ്രക്ഷോഭങ്ങള്‍. സിഐടിയു ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ് ഈ സ്പോണ്‍സറിങ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഈ സമിതിയുടെ നേതൃത്വത്തില്‍ 1991നു ശേഷം 12 പണിമുടക്ക് നടന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ കൂടുതല്‍ സമരോത്സുകരാവുന്നതിന്റെ തെളിവാകുകയായിരുന്നു ഈ പണിമുടക്കുകള്‍.

ഐഎന്‍ടിയുസിയും ബിഎംഎസും ഇടതുപക്ഷ ട്രേഡ് യൂണിയനുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായത് സമരചരിത്രത്തിന്റെ രണ്ടാംഘട്ടം. ഈ രണ്ട് സംഘടന ഉള്‍പ്പെടെ ഒമ്പത് ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം ആദ്യമായി 2009 ജൂലൈ 14ന് ഡല്‍ഹിയില്‍ ചേര്‍ന്നു. അന്ന് അംഗീകരിച്ച അഞ്ചിന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബുധനാഴ്ചത്തെ റാലി. സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തിയ നിരവധി സമരങ്ങളുടെ തുടര്‍ച്ച. 2009 ഒക്ടോബര്‍ 28ന് ദേശീയതലത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ഡിസംബര്‍ 16ന് പതിനായിരങ്ങള്‍ പങ്കെടുത്ത പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. 2010 മാര്‍ച്ച് 5ന് ജയില്‍നിറയ്ക്കല്‍ സമരവും നടത്തി. എന്നാല്‍, ഈ സംയുക്ത ട്രേഡ് യൂണിയന്റെ ഭാഗമായി നടന്ന ഏറ്റവും പ്രധാന സമരം കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഏഴിന് നടന്ന പൊതുപണിമുടക്കായിരുന്നു. ഉദാരവല്‍ക്കരണ നയത്തിനെതിരെ നടന്ന പതിമൂന്നാമത്തെ പണിമുടക്ക്. ബിഎംഎസ് പങ്കെടുത്തില്ലെങ്കിലും പണിമുടക്ക് വടക്കേ ഇന്ത്യയെപ്പോലും സാരമായി ബാധിച്ചു. ഈ വിജയത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടായിരുന്നു ബുധനാഴ്ചത്തെ റാലി നടന്നത്.

ലക്ഷങ്ങളുടെ പങ്കാളിത്തം തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്ന് ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിലെ അതികായനും സിഐടിയു വൈസ് പ്രസിഡന്റുമായ ഡോ. എം കെ പന്ഥെ പറഞ്ഞു. തൊഴിലാളികള്‍ അവരുടെ യഥാര്‍ഥ ശക്തിയാണ് തെളിയിച്ചത്. ഇത് അവഗണിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം രൂക്ഷമായിരിക്കും. മറ്റൊരു ദേശീയ പ്രസ്ഥാനത്തിനാണ് തുടക്കമായിട്ടുള്ളത്-പന്ഥെ പറഞ്ഞു.
(വി ബി പരമേശ്വരന്‍)

തെളിഞ്ഞത് തൊഴിലാളിവര്‍ഗത്തിന്റെ നിശ്ചയദാര്‍ഢ്യം: സിപിഐ എം


യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, നവലിബറല്‍ നയങ്ങള്‍ക്കെതിരെ യോജിച്ച് പോരാടാനുള്ള തൊഴിലാളിവര്‍ഗത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഡല്‍ഹി റാലിയില്‍ തെളിഞ്ഞതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ തീരുമാനത്തിനുള്ള താക്കീതുകൂടിയാണ് പാര്‍ലമെന്റ് മാര്‍ച്ചെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത തൊഴിലാളികളെ അഭിനന്ദിച്ച പിബി യോജിച്ച പോരാട്ടത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

വിലക്കയറ്റം തടയുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതിലുള്ള തൊഴിലാളികളുടെ പ്രതിഷേധംകൂടിയാണ് മാര്‍ച്ചില്‍ ദൃശ്യമായത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. ഓഹരിവില്‍പ്പനയ്ക്കെതിരെയുള്ള തൊഴിലാളികളുടെ താക്കീത് കൂടിയാണ് ബുധനാഴ്ചത്തെ മാര്‍ച്ച്.

പ്രധാന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ ബഹുരാഷ്ട്ര സ്വദേശ കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കം പൊതുമുതലിന്റെ കൊള്ളയടിയാണ്. ഇത് തടയാനുള്ള നിശ്ചയദാര്‍ഢ്യമാണ് റാലിയില്‍ തൊഴിലാളികള്‍ കാണിച്ചത്. നിലവിലുള്ള നിയമങ്ങള്‍ മറികടന്ന്, നികുതിവെട്ടിച്ച്, വിഭവങ്ങള്‍ കൊള്ളയടിച്ച് വന്‍ ലാഭം നേടാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് പരിമിതമായ സംരക്ഷണം മാത്രം നല്‍കുന്ന തൊഴില്‍നിയമങ്ങള്‍ പോലും പാലിക്കാന്‍ താല്‍പ്പര്യം കാട്ടുന്നുമില്ല. തൊഴില്‍നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. കരാര്‍, താല്‍ക്കാലിക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണമെന്നും റാലിയില്‍ തൊഴിലാളികള്‍ ആവശ്യപ്പെടുകയുണ്ടായി-പിബി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണം: സിഐടിയു


പാര്‍ലമെന്റ് മാര്‍ച്ച് ചരിത്രവിജയമാക്കിയ തൊഴിലാളികളെ സിഐടിയു അഭിവാദ്യംചെയ്തു. തലസ്ഥാന നഗരി കണ്ട ഏറ്റവും വലിയ തൊഴിലാളിപ്രക്ഷോഭമാണ് ബുധനാഴ്ച നടന്നതെന്നും ഇത് രണ്ടാം യുപിഎ സര്‍ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണെന്നും സിഐടിയു പറഞ്ഞു. ഈ പ്രതിഷേധത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍സെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘടിതവും അസംഘടിതവുമായ മേഖലയില്‍നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികളാണ് മാര്‍ച്ചില്‍ അണിനിരന്നത്. ഗ്രാമനഗര ഭേദമെന്യേ കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തിന്റെ പ്രതിഫലനമാണിത്. ട്രേഡ് യൂണിയനുകളുടെ ഐക്യവും കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടവും ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ സിഐടിയു പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കോര്‍പറേറ്റ് നയങ്ങള്‍ തുടര്‍ന്നാല്‍ ജനം തിരിച്ചടിക്കും: യെച്ചൂരി


ജനങ്ങളെ മറന്ന് കോര്‍പറേറ്റുകളെ പിന്തുണയ്ക്കുന്ന നയം തുടര്‍ന്നാല്‍ ജനം തിരിച്ചടിക്കുമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. യുപിഎയുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന താക്കീതാണ് ബുധനാഴ്ച നടന്ന തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ച്. നയങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ മാര്‍ച്ച് ചെയ്ത ലക്ഷങ്ങളുടെ സ്ഥാനത്ത് കോടിക്കണക്കിനു ജനങ്ങള്‍ മാര്‍ച്ച് ചെയ്യുമെന്ന് രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ യെച്ചൂരി പറഞ്ഞു.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടെന്നാണ് രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ പറയുന്നത്. എന്നാല്‍, ജീവിതസാഹചര്യം കൂടുതല്‍ മോശമാകുകയാണെന്നതിനു തെളിവാണ് മാര്‍ച്ചിലെ വര്‍ധിച്ച പങ്കാളിത്തം. വിലക്കയറ്റമാണ് ഏറ്റവും രൂക്ഷമായ പ്രശ്നം. വിലവര്‍ധനയ്ക്കു കാരണം ഊഹക്കച്ചവടമാണ്. ഇതു നിരോധിക്കാതെ വിലവര്‍ധന തടയാനാകില്ല. ഊഹക്കച്ചവട വിപണിയിലെ ഒരുവര്‍ഷത്തെ കച്ചവടം 15 ലക്ഷം കോടി രൂപയുടേതാണ്. വാര്‍ഷികബജറ്റിന്റെ ഒന്നര ഇരട്ടിയാണിത്. ഊഹക്കച്ചവടത്തെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ ഒരു പരാമര്‍ശവുമില്ല. പൊതുവിതരണം സംവിധാനം ശക്തിപ്പെടുത്തുമെന്നു പോലും പറയുന്നില്ല. ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നു നശിക്കുകയാണ്. സുപ്രീംകോടതി തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചു. ഭക്ഷ്യധാന്യം കുറഞ്ഞവിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന മാറ്റണം. ഊഹക്കച്ചവടം നിരോധിക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക, പെട്രോളിയം നികുതിഘടന മാറ്റുക എന്നീ കാര്യങ്ങള്‍ക്ക് തയ്യാറാകാതെ വിലവര്‍ധന പിടിച്ചുനിര്‍ത്താനാകില്ല.

ദരിദ്രര്‍ക്കുള്ള സബ്സിഡി വളര്‍ച്ചയ്ക്ക് മോശമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. അതേ സര്‍ക്കാര്‍ തന്നെ കോര്‍പറേറ്റുകള്‍ക്ക് ഇളവുനല്‍കുന്നു. ഇത് വളര്‍ച്ചയെ സഹായിക്കുമെന്നും വാദിക്കുന്നു. ഇവര്‍ ആരെയാണ് വിഡ്ഡിയാക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ വേണ്ടെന്നുവച്ച വരുമാനമെന്ന ഭാഗമുണ്ട്. ഇപ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വേണ്ടെന്നുവച്ച വരുമാനം ഒമ്പതുലക്ഷം കോടി രൂപയുടേതാണ്. ഇതെല്ലാം കോര്‍പറേറ്റുകളെ സഹായിക്കാനാണ്. സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കിയ നികുതിഇളവുകള്‍ 2,25,000 കോടി രൂപയുടേതാണ്. ഈ പണം പൊതുനിക്ഷേപമായി ഭക്ഷ്യ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലായി ചെലവഴിച്ചാല്‍ രാജ്യം വലിയ വളര്‍ച്ചയിലേക്ക് നീങ്ങും. ഈ ദിശയിലുള്ള നയംമാറ്റമാണ് വേണ്ടത്-യെച്ചൂരി പറഞ്ഞു.

പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം


കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളികളും ജീവനക്കാരും നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആക്ഷന്‍ കൌണ്‍സിലിന്റെയും സമരസമിതിയുടെയും കോണ്‍ഫെഡറേഷന്റെയും സംയുക്ത നേതൃത്വത്തില്‍ ഏജീസ് ഓഫീസ് മാര്‍ച്ച് നടത്തി. ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി 240211

2 comments:

  1. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ സുപ്രധാനസംഭവമാണ് ബുധനാഴ്ചത്തെ ഡല്‍ഹി റാലി. രണ്ട് ദശാബ്ദംമുമ്പ് ഇന്ത്യയില്‍ ആരംഭിച്ച നവലിബറല്‍ നയത്തിനെതിരെയുള്ള തൊഴിലാളികളുടെ ശക്തിപ്രകടനമാണ് ബുധനാഴ്ച ഡല്‍ഹിയില്‍ കണ്ടത്. കൂലിക്കൂടുതലിനോ സാമ്പത്തിക നേട്ടങ്ങള്‍ക്കോ വേണ്ടിയല്ല യുപിഎയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയാണ് രോഷം അണപൊട്ടിയൊഴുകിയത്. യൂറോപ്പിലും അറബ് രാജ്യങ്ങളിലും ജനരോഷം ഉയര്‍ന്നതും സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ്. അതുകൊണ്ടുതന്നെ കൊടിയുടെ നിറം നോക്കാതെ തൊഴിലാളികള്‍ പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് ഇരമ്പിവന്നത് മന്‍മോഹന്‍സിങ് സര്‍ക്കാരിന് കനത്ത താക്കീതായി.

    ReplyDelete
  2. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ മൂന്നാംദിവസവും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധപ്രവാഹം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഇരുപതിനായിരത്തിലേറെ അങ്കണവാടി ജീവനക്കാരാണ് പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരന്നത്. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് (സിഐടിയു) പ്രസിഡന്റ് നീലിമ മൈത്ര, ജനറല്‍ സെക്രട്ടറി ഹേമലത, ജോയിന്റ് സെക്രട്ടറി എ ആര്‍ സിന്ധു, അമര്‍ജിത് കൌര്‍, ബി വിജയലക്ഷ്മി (എഐടിയുസി), ഗിരീഷ് പാണ്ഡെ, കിര അറോറ (എച്ച്എംഎസ്) തുടങ്ങിവര്‍ സംസാരിച്ചു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത തുടങ്ങിവര്‍ ഐക്യദാര്‍ഢ്യവുമായെത്തി. ഗ്രാറ്റുവിറ്റിയും പെന്‍ഷനുമടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക, ജോലിനോക്കാനാകാതെ വിരമിക്കുന്ന വര്‍ക്കര്‍മാര്‍ക്ക് ഒരുലക്ഷവും ഹെല്‍പ്പര്‍മാര്‍ക്ക് അമ്പതിനായിരവും രൂപ എക്സ്ഗ്രേഷ്യ നല്‍കുക, പ്രതിഫലം ഉടന്‍ വര്‍ധിപ്പിക്കുക, വിദഗ്ധ തൊഴിലാളികള്‍ക്കുള്ള മിനിമംകൂലി അങ്കണവാടി ജീവനക്കാര്‍ക്കും ഉറപ്പാക്കുക, ഉപഭോക്തൃ വിലസൂചികയുമായി ഇതിനെ ബന്ധപ്പെടുത്തുക, പോഷകാഹാര വിതരണം അടക്കം സമഗ്ര ശിശുവികസന പദ്ധതി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും ഗ്രേഡ് 3, ഗ്രേഡ് 4 സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.

    ReplyDelete