Saturday, February 26, 2011

റെയില്‍ബജറ്റിലെ രാഷ്ട്രീയക്കളി

രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍ ബജറ്റ് ആ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി തന്റെ സംസ്ഥാനത്ത് അധികാരം വെട്ടിപ്പിടിക്കാനുള്ള ആയുധമാക്കുകയാണോ എന്ന സംശയം ന്യായമായും ഉയര്‍ത്തുന്നതാണ്. താന്‍ പ്രതിനിധാനംചെയ്യുന്ന സംസ്ഥാനത്തിന് വാരിക്കോരിക്കൊടുത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന രീതി ഓരോ മന്ത്രിയും തുടര്‍ന്നാല്‍ എന്താകും അവസ്ഥ എന്ന സംശയമാണ്, റെയില്‍മന്ത്രി മമത ബാനര്‍ജിയുടെ ബജറ്റവതരണം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ റെയില്‍വേയുടെ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് ഒന്നരമണിക്കൂര്‍കൊണ്ട് മമത ബാനര്‍ജി വായിച്ചുതീര്‍ക്കുമ്പോഴേക്കും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങളുടെ പ്രതിഷേധവും പരിഹാസവും പാര്‍ലമെന്റിനെ ശബ്ദമുഖരിതമാക്കി. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെവിടെ എന്ന ബിഹാര്‍ അംഗങ്ങളുടെ ചോദ്യത്തെ അസഹിഷ്ണുതയോടെയാണ് മന്ത്രി നേരിട്ടത്. എതിര്‍പ്പുകള്‍ വീണ്ടും വന്നപ്പോള്‍ മമത ക്ഷുഭിതയായി, ഒച്ചവയ്ക്കരുതെന്ന് ആജ്ഞാപിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബജറ്റാണിതെന്ന് ഇടതുപക്ഷം മാത്രമല്ല ജനതാദള്‍-യു, തെലുങ്കുദേശം, ശിരോമണി അകാലിദള്‍ തുടങ്ങിയ കക്ഷികളും ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തെ സ്നേഹിക്കുമെന്നല്ല കേന്ദ്രമന്ത്രി അധികാരമേറ്റെടുക്കുമ്പോള്‍ ചൊല്ലുന്ന പ്രതിജ്ഞ. സിംഗൂരില്‍ല്‍മെട്രോ കോച്ച് ഫാക്ടറി, നന്ദിഗ്രാമില്‍ല്‍ റെയില്‍വേ വ്യവസായ പാര്‍ക്ക്, ഡാര്‍ജിലിങ്ങില്‍ സോഫ്റ്റ്വെയര്‍ കേന്ദ്രം- ഇങ്ങനെ പശ്ചിമ ബംഗാളിനാണ്, അവിടത്തെ ചില പ്രത്യേക പ്രദേശങ്ങള്‍ക്കാണ് എല്ലാം. സിംഗൂരിനെയും നന്ദിഗ്രാമിനെയും പരിഗണിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, കേന്ദ്ര ഭരണാധികാരം ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, എത്രമാത്രം നഗ്നമായാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുവേണ്ട.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍ ബജറ്റാണിത്. ഒറ്റനോട്ടത്തില്‍ ജനപ്രിയം എന്നുതോന്നുന്ന ചില പ്രഖ്യാപനങ്ങളുണ്ടെങ്കിലും സമര്‍ഥമായി മറച്ചുവയ്ക്കപ്പെട്ട അജന്‍ഡകളും സ്വകാര്യവല്‍ക്കരണനീക്കവുമാണ് അതില്‍ വായിച്ചെടുക്കാവുന്നത്. കഴിഞ്ഞ വര്‍ഷം ബജറ്റിനു മുന്നോടിയായി റെയില്‍മന്ത്രാലയം പ്രസിദ്ധീകരിച്ച കാഴ്ചപ്പാട് രേഖ- 2020, ധവളപത്രം എന്നിവയില്‍ സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കേണ്ടതിനെക്കുറിച്ചാണ് മമത ഊന്നിപ്പറഞ്ഞിരുന്നത്. ആ നയം കൂടുതല്‍ ശക്തമായി തുടരും എന്നുതന്നെയാണ് ഇത്തവണത്തെയും സമീപനം.

എന്നാല്‍, വിഷന്‍ 2020ലൂടെ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ പലതും മമത വിഴുങ്ങി. റെയില്‍വേ മൊത്തം നഷ്ടത്തിലേക്ക് പോവുകയാണ്. മാനേജ്മെന്റ് കുത്തഴിഞ്ഞുകിടക്കുന്നു. മികച്ച മാനേജ്മെന്റിലൂടെ ജനങ്ങള്‍ക്ക് കിടയറ്റ സേവനം ഉറപ്പാക്കി ലാഭം വര്‍ധിപ്പിക്കാമെന്നിരിക്കെ, സ്വകാര്യ മേഖലയിലേക്കാണ് കണ്ണുപായിക്കുന്നത്.

പൊതുബജറ്റിന്റെ ആനുകൂല്യത്തിലാണ് ഇനി റെയില്‍വേക്ക് മുന്നോട്ടുപോകാനാവുക എന്നും ബജറ്റിലെ കണക്ക് സൂചിപ്പിക്കുന്നു. സുരക്ഷാ കാര്യങ്ങളില്‍ പരിഗണനയേതുമില്ല. മൂന്നു സോണില്‍ കൂട്ടിയിടി തടയാനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നത് 2009ലെ മമതയുടെ വാഗ്ദാനമായിരുന്നു. അതുകഴിഞ്ഞ് നാലുസോണിനെക്കൂടി അതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഒന്നും നടപ്പായിട്ടില്ല. ട്രെയിന്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. അതും നടപ്പാക്കിയില്ല. ഇക്കുറി അതേക്കുറിച്ച് മിണ്ടിയതുമില്ല.
ഒന്നേമുക്കാല്‍ ലക്ഷം ഒഴിവുകള്‍ (ഗ്രൂപ്പ് സി, ഡി) റെയില്‍വേയിലും 13,000 ഒഴിവ് റെയില്‍വേ സംരക്ഷണ സേനയിലുമുണ്ട്. അതൊന്നും നികത്താന്‍ ചെറുവിരലനക്കാതെ, പുതിയ നിയമനങ്ങളെക്കുറിച്ച് ഇപ്പോള്‍ വാഗ്ദാനം ചൊരിയുന്നു.

കേരളം ആസ്ഥാനമായി റെയില്‍വേ സോണ്‍ രൂപീകരിക്കണമെന്ന ആവശ്യത്തോട് ഇത്തവണയും മുഖംതിരിച്ചു. റെയില്‍വേമേഖലയില്‍ കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഏറെ പരിഹാരം കാണാന്‍ സോണ്‍ രൂപീകരണം സഹായിക്കും. പക്ഷേ, റെയില്‍വേ ഇത് കേട്ടഭാവമില്ല. ചേര്‍ത്തലയില്‍ വാഗണ്‍ നിര്‍മാണ ഫാക്ടറിയെക്കുറിച്ച് മമത വീണ്ടും വാഗ്ദാനംചെയ്തിട്ടുണ്ട്. വാഗണ്‍ നിര്‍മാണ ഫാക്ടറി പദ്ധതിക്കായി 2007-08ല്‍ കമ്പനി രൂപീകരിച്ചതാണ്. വര്‍ഷംതോറും ഇതേക്കുറിച്ച് ബജറ്റില്‍ വാഗ്ദാനം ആവര്‍ത്തിക്കുന്നു. പാലക്കാട് കോച്ച് ഫാക്ടറിക്ക് ആവശ്യമായത്രയും ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറി. എന്നിട്ടും സാങ്കേതികകാര്യങ്ങളില്‍ കുരുങ്ങി കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകാതെ നീണ്ടുനീണ്ടുപോകുന്നു.

കേരളത്തിന് 12 പുതിയ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പ്രതിവാര ട്രെയിനുകളാണ്. അതേസമയം,അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഭാവനാപൂര്‍ണമായ സമീപനമില്ല. സുഗമമായി ട്രെയിനുകള്‍ ഓടുമെന്ന് ഉറപ്പാകണമെങ്കില്‍ ഇന്നത്തെ പാതകള്‍ പോരാ. ഇപ്പോള്‍ത്തന്നെ പലയിടത്തും ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടുന്നതുമൂലം യാത്രക്കാര്‍ വിഷമമനുഭവിക്കുന്നു. പാത ഇരട്ടിപ്പിക്കലിന് മുന്‍ഗണന നല്‍കാതെ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കാര്യമില്ല. വൈദ്യുതീകരണം, സ്റേഷനുകളിലെ സൌകര്യം ഉയര്‍ത്തല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സജീവമായി പരിഗണിക്കപ്പെട്ടിട്ടില്ല. പഴകിപ്പൊളിഞ്ഞ കോച്ചുകളാണ് കേരളത്തില്‍ ഓടുന്ന ഒട്ടുമിക്ക ട്രെയിനുകളിലുമുള്ളത്. അന്തസ്സായി യാത്രചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ റെയില്‍വേ പരാജയപ്പെടുന്നു. കണ്ടംചെയ്യാറായ കോച്ചുകള്‍ കേരളത്തിലെ ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതിന് റെയില്‍വേക്ക് ഒട്ടും മടിയില്ല. സൌകര്യപ്രദമായി യാത്രചെയ്യാനുള്ള സൌകര്യം ഒരുക്കാനുള്ള ചുമതല റെയില്‍വേ നിറവേറ്റുമെന്ന് ഉറപ്പിക്കാന്‍ ഈ ബജറ്റും പര്യാപ്തമല്ല.

ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. സൌമ്യ എന്ന പെകുട്ടിയുടെ ക്രൂരമായ അനുഭവം നമുക്കു മുമ്പിലുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുനല്‍കാന്‍ വനിതാമന്ത്രിക്കുപോലും കഴിഞ്ഞില്ല. അങ്ങനെ എന്തെങ്കിലും പ്രതീക്ഷിച്ചവര്‍ക്ക് നിരാശയാണ് ഫലം.

കേരളത്തില്‍ ഇപ്പോള്‍ ഓടുന്ന ദീര്‍ഘദൂര ട്രെയിനുകളിലെ തിരക്ക് വിവരണാതീതമാണ്. സംസ്ഥാനത്തിന്റെ രണ്ടറ്റവും ബന്ധിപ്പിക്കുന്ന രാത്രികാല ട്രെയിനുകളില്‍ റിസര്‍വേഷന്‍ കിട്ടുന്നത് എളുപ്പമല്ല. ഈ ദിശയില്‍ പുതിയ ട്രെയിന്‍ വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് 2009-10ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനത്തിനപ്പുറത്തേക്ക് ഒന്നുമുണ്ടായില്ല. തിരുവനന്തപുരത്ത് കുടിവെള്ള ബോട്ടിലിങ് പ്ളാന്റ് സ്ഥാപിക്കുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനവും കടലാസില്‍ത്തന്നെയാണ്.

ചുരുക്കത്തില്‍, റെയില്‍ ബജറ്റ് പ്രതീക്ഷ നല്‍കുന്നില്ല; ആശങ്കകള്‍ പരിഹരിക്കുന്നുമില്ല- ആകെ എടുത്താല്‍ ഒരു രാഷ്ട്രീയ വ്യായാമംമാത്രം. കണക്കുകൊണ്ടുള്ള കളിയാണത്. കേരളീയനെ സംബന്ധിച്ചിടത്തോളം എന്തൊക്കെയോ ഉണ്ടെന്നുതോന്നിക്കുകയും ഒന്നും പ്രയോജനപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് അത് പ്രദാനം ചെയ്യുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 260211

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍ ബജറ്റ് ആ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി തന്റെ സംസ്ഥാനത്ത് അധികാരം വെട്ടിപ്പിടിക്കാനുള്ള ആയുധമാക്കുകയാണോ എന്ന സംശയം ന്യായമായും ഉയര്‍ത്തുന്നതാണ്. താന്‍ പ്രതിനിധാനംചെയ്യുന്ന സംസ്ഥാനത്തിന് വാരിക്കോരിക്കൊടുത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന രീതി ഓരോ മന്ത്രിയും തുടര്‍ന്നാല്‍ എന്താകും അവസ്ഥ എന്ന സംശയമാണ്, റെയില്‍മന്ത്രി മമത ബാനര്‍ജിയുടെ ബജറ്റവതരണം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്.

    ReplyDelete