രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുവിടുകയും യുപിഎ സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാകുകയും ചെയ്തപ്പോള്‍ സ്വതന്ത്രമായ അന്വേഷണമേ വേണ്ടെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. സംയുക്ത പാര്‍ലമെന്ററി സമിതിയെവച്ച് 2ജി സ്പെക്ട്രം കുംഭകോണം അന്വേഷിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പുച്ഛത്തോടെയും അഹങ്കാരത്തോടെയുമാണ് യുപിഎ നേതൃത്വം കണ്ടത്. സങ്കല്‍പ്പാതീതമായ കൊള്ള നടത്തിയവരെ സംരക്ഷിക്കാനുള്ള ആ നിലപാടിനെതിരായ സമരമെന്ന നിലയില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം പ്രതിപക്ഷത്തിന് സ്തംഭിപ്പിക്കേണ്ടിവന്നു. അന്ന് കേന്ദ്ര മന്ത്രിസഭാംഗമായിരുന്ന എ രാജ 2ജി സ്പെക്ട്രം ഇടപാടിന്റെ പേരില്‍ ഇന്ന് ഇരുമ്പഴിക്കുള്ളിലാണ്. എല്ലാ വാശിയും വെടിഞ്ഞ് ജെപിസി അന്വേഷണവും പ്രഖ്യാപിക്കേണ്ടിവന്നിരിക്കുന്നു. ഇത്രയേറെ ഗൌരവസ്വഭാവമുള്ള ഒരു പ്രശ്നമായിട്ടുപോലും അതിനെ ഒഴിവാക്കി, പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിനെതിരെ ഒച്ചവയ്ക്കാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുതിര്‍ന്നത്. ആ കോറസില്‍ ഈ കേരളത്തിലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നു. അതേകൂട്ടര്‍, ഇവിടെ കേരളനിയമസഭയില്‍ ചൊവ്വാഴ്ച നടത്തിയ പരാക്രമങ്ങള്‍ വീക്ഷിച്ചാല്‍ കാപട്യത്തിന്റെയും അവസരവാദത്തിന്റെയും രാഷ്ട്രീയനെറികേടിന്റെയും ഏത് കൊടുമുടിയിലാണ് യുഡിഎഫ് കയറിനില്‍ക്കുന്നതെന്ന് സംശയലേശമെന്യേ ബോധ്യപ്പെടും.
ഇന്ത്യാരാജ്യത്ത് ലോട്ടറിമാഫിയയെ സംരക്ഷിക്കുന്നതും അതിന്റെ ദയാദാക്ഷിണ്യം രണ്ട് കൈയുംനീട്ടി സ്വീകരിക്കുന്നതുമായ രാഷ്ട്രീയപാര്‍ടി കോണ്‍ഗ്രസാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാകില്ല. നേപ്പാളില്‍നിന്ന് അതിര്‍ത്തി ചാടിവന്ന് ലോട്ടറിക്കച്ചവടം നടത്തി കോടാനുകോടികളുടെ അധിപനായ മണികുമാര്‍ സുബ്ബ വെറും കോണ്‍ഗ്രസുകാരനല്ല; ആ പാര്‍ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് പാര്‍ലമെന്റിലെത്തിയ നേതാവാണ്- ഖദര്‍ പാര്‍ടിയുടെ പുതിയ മുഖമാണ്. ഇന്നത്തെ ലോട്ടറിവിവാദത്തിലെ മുഖ്യനായകന്‍ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പരിചാരകവൃന്ദത്തിലാണ് രാജ്യം ഭരിക്കുന്ന ആഭ്യന്തരമന്ത്രി ചിദംബരവും കോണ്‍ഗ്രസിന്റെ ഔദ്യോഗികവക്താവ് അഭിഷേക് സിങ്വിയുമടക്കമുള്ളവര്‍. ലോട്ടറിക്കൊള്ളക്കാര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കേന്ദ്രനിയമം ഉണ്ടാക്കിയവരാണ് കോണ്‍ഗ്രസ്. അന്യസംസ്ഥാന ലോട്ടറിയെ സംരക്ഷിക്കാനായി കേരള ലോട്ടറി നിരോധിച്ച് ലക്ഷക്കണക്കിന് പാവങ്ങളുടെ അന്നം മുട്ടിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അങ്ങനെയുള്ള കൂട്ടരാണ്, ലോട്ടറിവിഷയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ബന്ധിപ്പിച്ച് അസംബന്ധമെഴുന്നള്ളിച്ച് കേരള നിയമസഭ സ്തംഭിപ്പിക്കാന്‍ തയ്യാറായത്.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടിപറയാന്‍ മുഖ്യമന്ത്രിയെ അനുവദിക്കാത്തിടത്തോളം പ്രതിപക്ഷധാര്‍ഷ്ട്യം അതിരുകടക്കുന്ന കാഴ്ചയാണ് നിയമസഭയിലുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ ആറുതവണ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ലോട്ടറിത്തട്ടിപ്പില്‍ മറച്ചുവയ്ക്കാനുള്ളതും ഒളിച്ചുകളിക്കാനുള്ളതും കോണ്‍ഗ്രസിനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ എടുത്ത നടപടികള്‍ സുതാര്യവും കേരളത്തിന്റെ താല്‍പ്പര്യത്തെ സംരക്ഷിക്കുന്നതുമാണ്. അത് നന്നായറിയുന്നതുകൊണ്ടുതന്നെ, ഒരു കത്തിന്റെ കാര്യം ഉയര്‍ത്തിയാണ് പ്രതിപക്ഷം നാടകമാടിയത്.
മുഖ്യമന്ത്രി അയച്ച കത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടി ഇന്നാട്ടിലെ ഒട്ടുമിക്ക മാധ്യമങ്ങളും അതേപടി റിപ്പോര്‍ട്ട് ചെയ്തതാണ്. "നവംബര്‍ 29ന് അയച്ച കത്തിന് ഡിസംബര്‍ 29ന് ആഭ്യന്തരമന്ത്രിയുടെ മറുപടി ലഭിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിബിഐ അന്വേഷണം വേണമെങ്കില്‍ പേഴ്സണല്‍ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടതെന്ന് ചിദംബരത്തിന്റെ കത്തില്‍ പറയുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു.'' ഇങ്ങനെയാണ് ജനുവരി അഞ്ചിന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. അത്തരമൊരു കത്ത് ആരെങ്കിലും പൂഴ്ത്തിവച്ചു എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് വിശ്വസിക്കാന്‍ കഴിയുക? എന്നിട്ടും അതിന്റെപേരില്‍ നിയമസഭ സ്തംഭിപ്പിക്കാന്‍ മുതിര്‍ന്നവരെ ജനാധിപത്യത്തിന്റെ ആരാച്ചാരന്മാരെന്നല്ലാതെ എന്താണ് വിളിക്കാന്‍ കഴിയുക? പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍നിന്ന് മറുപടി കിട്ടാഞ്ഞതിലല്ല, ആരോപണക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചതിലാണ് സഭയില്‍ ഉമ്മന്‍ചാണ്ടിയും സംഘവും രോഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വന്തം കാല്‍ച്ചുവട്ടില്‍നിന്ന് ഉരുള്‍പൊട്ടി മണ്ണൊലിക്കുമ്പോള്‍ ഉണ്ടാകാവുന്ന പരിഭ്രാന്തി മനസ്സിലാക്കാവുന്നതേയുള്ളൂ. നിയമസഭയെ അലങ്കോലപ്പെടുത്തി രാഷ്ട്രീയസംവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി അപവാദപ്രചാരണത്തിന്റെയും കുതന്ത്രങ്ങളുടെയും കുറുക്കുവഴിയിലൂടെ തെരഞ്ഞെടുപ്പിലേക്കെത്താനുള്ള യുഡിഎഫിന്റെ പരിഹാസ്യമായ തന്ത്രമാണ് നിയമസഭയില്‍ പ്രകടമായത്. ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ സംശുദ്ധിയെയും വിലമതിക്കുന്നവര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. യുഡിഎഫിന്റെ കൊള്ളരുതായ്മകള്‍ ഇന്ന് കേരളത്തിലെ ജനങ്ങള്‍ കാര്യമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഒരുവട്ടം കൂടി യുഡിഎഫിന്റെ കൈയില്‍ ഭരണം എത്തിയാല്‍ അപരിഹാര്യമായ ദുരന്തമാണുണ്ടാവുക എന്ന തിരിച്ചറിവില്‍നിന്നാണ് ജനങ്ങളുടെ തീരുമാനം രൂപപ്പെടുന്നത്. സ്വതന്ത്രമായ തീരുമാനത്തിലെത്താനുള്ള ജനങ്ങളുടെ ആ അവകാശത്തെ അട്ടിമറിക്കാനുള്ളതുകൂടിയാണ് യുഡിഎഫിന്റെ ശ്രമം. അത് ചെറുത്ത് തോല്‍പ്പിക്കാനും നിയമസഭയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തുന്ന ഏത് ശ്രമങ്ങള്‍ക്കും കേരളീയരുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകും
ദേശാഭിമാനി മുഖപ്രസംഗം 230211

ReplyDelete