Friday, February 25, 2011

ജനമുന്നേറ്റം കാണാതെ വീരഭൂമിയും മുത്തശ്ശിയും

കോഴിക്കോട്: എല്‍ഡിഎഫിന്റെ ജനമുന്നേറ്റത്തില്‍ അന്ധാളിച്ച് മനോരമയും മാതൃഭൂമിയും വികസനമുന്നേറ്റ ജാഥയുടെ വാര്‍ത്ത മുക്കി. പതിനായിരങ്ങള്‍ അണിനിരന്ന സ്വീകരണത്തിന്റെ ചിത്രം തിരസ്കരിച്ച് വേദിയിലെ നേതാക്കളുടെ മാത്രം പടം പ്രസിദ്ധീകരിച്ച് യുഡിഎഫ് വിധേയത്വവും ഭക്തിയും രണ്ടു പത്രങ്ങളും പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫിന്റെ മുഖപത്രമായി മാറിയിരിക്കയാണ് വീരഭൂമിയും കോട്ടയം മുത്തശ്ശിയുമെന്ന് വ്യക്തമാക്കുന്നതാണ് എല്‍ഡിഎഫ് ജാഥ വാര്‍ത്ത തിരസ്കരിച്ചതിലൂടെ വെളിപ്പെടുന്നത്. സ്വതന്ത്രമെന്ന് മേനിപറഞ്ഞുനടിക്കുന്നത് തുടരുന്നതിനിടയിലാണ് ഇരുപത്രങ്ങളുടെയും ഇടതുപക്ഷവിരോധവും യുഡിഎഫ് പ്രേമവും തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ മാസം ഉമ്മന്‍ചാണ്ടി നയിച്ച കേരള മോചനയാത്ര ഇവ ആഘോഷിച്ചിരുന്നു. നിറംപൂശിയ വാര്‍ത്തകള്‍ക്കൊപ്പം വര്‍ണചിത്രങ്ങളുമായി മത്സരിച്ചായിരുന്നു ഉമ്മന്‍ചാണ്ടിക്ക് മനോരമ, മാതൃഭൂമി വരവേല്‍പ്പ്. രണ്ടുദിവസങ്ങളിലായി 10 കേന്ദ്രങ്ങളിലായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണി വികസന സന്ദേശ ജാഥക്ക് സ്വീകരണം. ഇതിനായി മാതൃഭൂമി മാറ്റിവെച്ചത് ഇരുപത് സെന്റിമീറ്ററോളം സ്ഥലമാണ്. പ്രാദേശിക പേജില്‍ കൊച്ചുചിത്രവും നല്‍കാന്‍ മാധ്യമധാര്‍മ്മികതയുടെ വീരവക്താക്കള്‍ സന്മനസ്സുകാട്ടി. മനോരമ മാതൃഭൂമിയോട് കിടപിടിക്കുന്ന ഇടതുപക്ഷ തിരസ്കാരംതന്നെ പ്രകടിപ്പിച്ചു. രണ്ടുദിവസങ്ങളിലായി രണ്ടു ചിത്രം രണ്ടു കുഞ്ഞു വാര്‍ത്തയും. ആദ്യ ദിവസത്തേത് പ്രാദേശിക എഡിഷനില്‍ മാത്രമൊതുക്കാനും ശ്രദ്ധിച്ചു.

മൂന്നുമന്ത്രിമാരും മുന്‍മന്ത്രിയും ജനപ്രതിനിധികളുമടങ്ങുന്ന ജാഥ രണ്ടുദിവസമായി ഒരു ലക്ഷത്തോളം പേരുടെ അഭിവാദനമാണ് ഏറ്റുവാങ്ങിയത്. കോഴിക്കോട് കടപ്പുറത്ത് ജനസാഗരമാണ് വരവേറ്റത്. എന്നാല്‍ രണ്ടുപത്രങ്ങളും ജനത്തെ ഉള്‍പ്പെടുത്താതെ സദസ്സ്മാത്രം കാട്ടി അപമാനിച്ചു. കേരളം മോചിപ്പിക്കാനെത്തിയ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഈ പത്രങ്ങള്‍ നല്‍കിയ പ്രാധാന്യവും സ്ഥലവും പരിഗണിച്ചാലാണ് ഇവയുടെ അധഃപതനവും എല്‍ഡിഎഫ് വിരോധവും ബോധ്യമാവുക.

 ഫെബ്രുവരി ആറ്, ഏഴ് ദിവസങ്ങളിലായിരുന്നു പ്രതിപക്ഷനേതാവിന്റെ ജാഥ. ആദ്യദിവസം മനോരമയും മാതൃഭൂമിയും തങ്ങളുടെ മാനസസന്താനമായ നേതാവിന്റെ വര്‍ണചിത്രം ഒന്നാംപേജില്‍ തന്നെ കൊടുത്ത് സ്വാഗതം ചെയ്തു. അതും കാല്‍പേജോളം വലുപ്പത്തില്‍. ഇതുകൂടാതെ മനോരമ ഏഴിന് നാലാംപേജില്‍ മറ്റൊരു ചിത്രം, എട്ടാംപേജില്‍ നാലുകോളം മറ്റൊരു ചിത്രം, മൂന്നുകോളം ചിത്രം നാലാംപേജില്‍, 11-ാം പേജില്‍ ആറ്കോളം തലക്കെട്ടില്‍ പ്രസംഗം, നാലാംപേജില്‍ ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗങ്ങള്‍. ആകെക്കൂടി വീക്ഷണത്തെ നാണിപ്പിച്ചു മനോരമ. ആകെ ആദ്യദിവസം മനോരമ നല്‍കിയത് മൂന്നു ചിത്രങ്ങളും അഞ്ചു വാര്‍ത്തയും. രണ്ടാംദിവസം രണ്ടു വര്‍ണചിത്രമടക്കം മൂന്നു വാര്‍ത്തകള്‍ നല്‍കി ആഘോഷം തുടര്‍ന്നു.

എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയതാല്‍പര്യാര്‍ഥം സ്വീകരിച്ച മാതൃഭൂമിയുടെ തരംതാണശൈലി എല്‍ഡിഎഫ് ജാഥാവാര്‍ത്ത നല്‍കുന്നതില്‍ കൂടുതല്‍ വെളിവായി. ഒന്നാംപേജില്‍ വര്‍ണചിത്രം നല്‍കി പ്രതിപക്ഷനേതാവിന്റെ ജാഥയില്‍ ആദ്യദിനം ആവേശംകൊണ്ട പത്രം നാലുകോളത്തില്‍ പ്രസംഗവും വീശി. മൂന്നാംപേജില്‍ മറ്റൊരു വര്‍ണചിത്രം, കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം, സ്വന്തം മുതലാളി വീരേന്ദ്രകുമാറിന്റെ പ്രസംഗം, പ്രാദേശിക പേജില്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം അങ്ങനെ വീരഭൂമി കൊണ്ടാടുകയായിരുന്നു വലതുപക്ഷജാഥ. അടുത്തദിവസവും തകര്‍ത്തു നിറംപൂശിയ വാര്‍ത്തകള്‍. മൂന്നുവാര്‍ത്തയും രണ്ടു ചിത്രവും. മുതലാളിയുടെ സ്വന്തം മുഖപത്രമാണെന്ന് തെളിയിച്ചു രണ്ടുദിവസവും. തെരഞ്ഞെടുപ്പിന് മുമ്പെ യുഡിഎഫിനെ കരകയറ്റാനുള്ള ബാധ്യത ഈ പത്രങ്ങള്‍ ഭംഗിയായി നിറവേറ്റാനിറങ്ങി എന്നതിന് തെളിവാണ് എല്‍ഡിഎഫ് ജാഥാവാര്‍ത്ത അവഗണിച്ചതിലൂടെ പറുത്തുവന്നിരിക്കുന്നത്.

ദേശാഭിമാനി 250211

2 comments:

  1. എല്‍ഡിഎഫിന്റെ ജനമുന്നേറ്റത്തില്‍ അന്താളിച്ച് മനോരമയും മാതൃഭൂമിയും വികസനമുന്നേറ്റ ജാഥയുടെ വാര്‍ത്ത മുക്കി. പതിനായിരങ്ങള്‍ അണിനിരന്ന സ്വീകരണത്തിന്റെ ചിത്രം തിരസ്കരിച്ച് വേദിയിലെ നേതാക്കളുടെ മാത്രം പടം പ്രസിദ്ധീകരിച്ച് യുഡിഎഫ് വിധേയത്വവും ഭക്തിയും രണ്ടു പത്രങ്ങളും പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫിന്റെ മുഖപത്രമായി മാറിയിരിക്കയാണ് വീരഭൂമിയും കോട്ടയം മുത്തശ്ശിയുമെന്ന് വ്യക്തമാക്കുന്നതാണ് എല്‍ഡിഎഫ് ജാഥ വാര്‍ത്ത തിരസ്കരിച്ചതിലൂടെ വെളിപ്പെടുന്നത്. സ്വതന്ത്രമെന്ന് മേനിപറഞ്ഞുനടിക്കുന്നത് തുടരുന്നതിനിടയിലാണ് ഇരുപത്രങ്ങളുടെയും ഇടതുപക്ഷവിരോധവും യുഡിഎഫ് പ്രേമവും തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

    ReplyDelete
  2. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചില പത്രങ്ങള്‍ മറച്ചുവച്ചതായി മന്ത്രി എളമരം കരീം പറഞ്ഞു. എന്നാല്‍ സ്വന്തം അനുഭവങ്ങളിലൂടെ ജനങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞു. രണ്ട് രൂപക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം മനോരമ പത്രത്തില്‍ പരതിയാല്‍ കാണില്ല. ഈ വിവരം ജനങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ചെറുതാക്കിയാണ് നല്‍കിയത്. ജനങ്ങള്‍ക്ക് ഇതുപോലെ ആനുകൂല്യങ്ങള്‍ നല്‍കിയ മറ്റൊരു സര്‍ക്കാരില്ല. ഈ സര്‍ക്കാരിനൊരു തുടര്‍ച്ച ആവശ്യമാണ്. അതിനാല്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. യുഡിഎഫിന്റെ എല്ലാ ജീര്‍ണതകളും പുറത്തുവരുന്നു. യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസുണ്ടാക്കിയതും ശിക്ഷിച്ചതും എല്‍ഡിഎഫല്ല. അതിനാല്‍ 2001-06 കാലഘട്ടത്തിലെ ഇരുണ്ട നാളുകള്‍ തിരിച്ചുവരണമോയെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് കരീം പറഞ്ഞു.

    ReplyDelete