Monday, May 21, 2012

മുടന്തിയും ഇഴഞ്ഞും 2-ാം യുപിഎ 4-ാം വര്‍ഷത്തിലേക്ക്


ഒന്നൊഴിയാതെയുള്ള അഴിമതിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയുമിടയില്‍ രണ്ടാം യുപിഎ സര്‍ക്കാരിന് നിറംകെട്ട മൂന്നാം പിറന്നാള്‍. ഈ ഘട്ടത്തിലുയരുന്ന പ്രധാന ചോദ്യം പ്രധാനമന്ത്രി പദവിയില്‍ മന്‍മോഹന്‍സിങ് അഞ്ചുവര്‍ഷം തികയ്ക്കുമോ എന്നതാണ്. സര്‍ക്കാര്‍ വിവിധ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി പദവിയിലേക്ക് കൊണ്ടുവരുന്നതിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് താല്‍പ്പര്യമില്ലെന്നതു മാത്രമാണ് മന്‍മോഹന്റെ കാലാവധി നീട്ടുന്നത്. എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി പദവിയില്‍ മാറ്റം വരുമെന്ന സൂചന കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവം.

എല്ലാരംഗത്തും തികഞ്ഞ പരാജയമെന്ന വിശേഷണമാണ് രണ്ടാം യുപിഎ സര്‍ക്കാരിനുള്ളത്. ഇടതുപക്ഷത്തിന്റെ "ബാധ്യതയില്ലാതെ" അധികാരത്തില്‍ വരാനായത് രാജ്യത്തിന്റെ സത്വര വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് അവകാശപ്പെട്ടവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ഒരു വര്‍ഷത്തിലേറെയായി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് സര്‍ക്കാര്‍. നയപരമായും ഭരണപരമായും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ പതറിനില്‍ക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയുള്ള നിയമനിര്‍മാണം രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പറഞ്ഞുകേള്‍ക്കുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. പൊതുമേഖലയില്‍ ഏറ്റവും കരുത്താര്‍ന്ന ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥിതി പോലും താറുമാറായി. 2ജി സ്പെക്ട്രം, ആദര്‍ശ്, കോമണ്‍വെല്‍ത്ത്, പ്രതിരോധരംഗത്തെ അഴിമതികള്‍, ടെലികോം മേഖലയില്‍ ചിദംബരവും ദയാനിധി മാരനുമൊക്കെ ഉള്‍പ്പെട്ട അഴിമതികള്‍, ആന്‍ട്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി സര്‍ക്കാരിന് നാണക്കേടായ സംഭവവികാസങ്ങള്‍ അനവധിയാണ്. പല അഴിമതിയിലും പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിരുത്തരവാദിത്തമാണ് നിറഞ്ഞുനില്‍ക്കുന്നത്.

പ്രതിരോധമേഖലയിലാകട്ടെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് മന്ത്രി എ കെ ആന്റണിയുടേത്. സൈന്യവും മന്ത്രാലയവുമായുള്ള ബന്ധം ഇത്രമാത്രം ഉലഞ്ഞ ഒരു കാലയളവും നേരത്തെ ഉണ്ടായിട്ടില്ല. ബജറ്റ് അവതരിപ്പിച്ച റെയില്‍ മന്ത്രിയെ തൊട്ടടുത്ത ദിവസം നീക്കി മറ്റൊരാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട ഗതികേടുമുണ്ടായി. ഭരണം നിലനിര്‍ത്താന്‍ കൂട്ടുകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രധാനമന്ത്രിയുടെ ഭരണം. നല്ല ബജറ്റെന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ചശേഷമാണ് മന്ത്രിയെ മാറ്റാന്‍ അദ്ദേഹം നിര്‍ബന്ധിതമായത്. മമതയുടെയും കൂട്ടരുടെയും ഭരണം റെയില്‍വേയെ നാശത്തിന്റെ വക്കിലേക്ക് തള്ളി. കണ്ടുനില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത സ്ഥിതിയിലാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും. അവകാശപ്പെടാന്‍ നേട്ടമൊന്നുമില്ലാതെയാണ് യുപിഎ ഭരണം നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.
(എം പ്രശാന്ത്)

deshabhimani 210512

1 comment:

  1. ഒന്നൊഴിയാതെയുള്ള അഴിമതിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയുമിടയില്‍ രണ്ടാം യുപിഎ സര്‍ക്കാരിന് നിറംകെട്ട മൂന്നാം പിറന്നാള്‍. ഈ ഘട്ടത്തിലുയരുന്ന പ്രധാന ചോദ്യം പ്രധാനമന്ത്രി പദവിയില്‍ മന്‍മോഹന്‍സിങ് അഞ്ചുവര്‍ഷം തികയ്ക്കുമോ എന്നതാണ്. സര്‍ക്കാര്‍ വിവിധ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി പദവിയിലേക്ക് കൊണ്ടുവരുന്നതിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് താല്‍പ്പര്യമില്ലെന്നതു മാത്രമാണ് മന്‍മോഹന്റെ കാലാവധി നീട്ടുന്നത്. എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി പദവിയില്‍ മാറ്റം വരുമെന്ന സൂചന കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവം.

    ReplyDelete