Monday, May 21, 2012

റഫീഖിനെ "വിട്ടു"; ഇപ്പോള്‍ സിപിഐ എമ്മിന്പിന്നാലെ


ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങള്‍ പ്രതികളെ മാറ്റി മാറ്റി കള്ളനും പൊലീസും കളിക്കുന്നു. കേസില്‍ ഗൂഢാലോചനക്കാര്‍, പ്രതികള്‍ എന്നിങ്ങനെ ഓരോദിവസവും പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് മാതൃഭൂമിയും മലയാളമനോരമയും. മുമ്പേ പറക്കുന്ന ചാനലുകളും പത്രമുത്തശ്ശികളുടെ ശൈലിയില്‍ തന്നെ. പ്രതിയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയ വായപ്പടച്ചി റഫീഖിനെക്കുറിച്ച് മാധ്യമങ്ങള്‍ക്കിപ്പോള്‍ മിണ്ടാട്ടമില്ല. അന്തിയേരി സുര, എല്‍ടിടിഇ സംഘം തുടങ്ങി നിരവധിപേരെ പത്രങ്ങള്‍ രംഗത്തുകൊണ്ടുവന്നിരുന്നു. റഫീഖ് എന്‍ഡിഎഫുകാരനാണെന്ന് വെളിപ്പെട്ടതോടെയാണ് മാതൃഭൂമിയും മനോരമയും ഇയാളെക്കുറിച്ച് മിണ്ടാതായത്. തുടര്‍ന്ന്, സിപിഐ എം നേതാക്കളെ കുടുക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ഇതിനുസൃതമായ കള്ളവാര്‍ത്തകളാണ് ഇപ്പോള്‍ നല്‍കുന്നത്.

നാലിനാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ആറുമുതല്‍ പത്രങ്ങളില്‍ റഫീഖിനെക്കുറിച്ചായിരുന്നു കഥകളും ഉപകഥകളും. കാറില്‍ റഫീഖിന്റെ വിരലടയാളമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു. റഫീഖിന്റെ താവളം, കൊലയ്ക്കുപയോഗിച്ച ഇന്നോവ ചൊക്ലിയില്‍ ഉപേക്ഷിക്കാന്‍ കാരണം റഫീഖാണ്, ഇവിടെ ഇയാള്‍ക്ക് വലിയ ബന്ധങ്ങളുണ്ട് എന്നിങ്ങനെയായിരുന്നു വാര്‍ത്തകള്‍. റഫീഖ് സിപിഐ എം അനുഭാവിയാണെന്നും മനോരമ അടിച്ചുവിട്ടു. മാഹിപ്പാലത്തിനടുത്ത് രണ്ട് ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണെന്നും എഴുതി. എന്നാല്‍, പ്രതിപ്പട്ടികയില്‍ റഫീഖെന്ന പേരിലാരുമില്ല. ഇതോടൊപ്പമാണ് റഫീഖ് എന്‍ഡിഎഫുകാരനാണെന്നും അറിവായത്. സിപിഐ എമ്മുമായി ബന്ധമില്ലെന്നു വ്യക്തമായതോടെ മാധ്യമങ്ങളെല്ലാം വാര്‍ത്ത നിര്‍ത്തി. പിന്നീട് റഫീഖ് എന്ന പേരുതന്നെ മഷിപുരണ്ടിട്ടില്ല.

പ്രതികളായി എഴുന്നള്ളിച്ച ഒട്ടേറെപ്പേരെ സിപിഐ എം അല്ലെന്ന് വന്നതോടെ മാധ്യമസംഘം ഉപേക്ഷിച്ചു. അതില്‍ പ്രധാനിയാണ് പ്രതികള്‍ ഉപയോഗിച്ചതായി കരുതുന്ന കാറിന്റെ ഉടമ നവീന്‍ദാസ്. തലശേരി സ്വദേശിയാണ് നവീന്‍ദാസ് എന്നറിഞ്ഞതോടെ മനോരമയും മാതൃഭൂമിയും ചില ചാനലുകളും പ്രഖ്യാപിച്ചു-ഇദ്ദേഹം സിപിഐ എം അനുഭാവിയാണ്, കുടുംബം പാര്‍ടിയുമായി അടുത്തബന്ധമുള്ളതാണ്. എന്നാല്‍, അതും പിന്നീട് വിഴുങ്ങി. നവീന്‍ദാസിന് സിപിഐ എമ്മുമായല്ല കോണ്‍ഗ്രസുമായാണ് ബന്ധമെന്ന് തെളിഞ്ഞതോടെയാണിത്. ഇയാള്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ അടുത്തബന്ധുവാണെന്ന് വെളിപ്പെട്ടതോടെ അദ്ദേഹത്തെയും ചാനല്‍-പത്രപ്പട കൈവിട്ടു. സംശയത്തിന്റെ മുന നീളാനും പ്രതികളാകാനും ഒരു തെളിവേ മാധ്യമങ്ങള്‍ തേടുന്നുള്ളു- സിപിഐ എമ്മുമായി ബന്ധം. അകന്ന ബന്ധമുണ്ടായാലും മതി, ബാക്കി ശരിയാക്കാമെന്ന രീതിയിലാണിപ്പോള്‍ റിപ്പോര്‍ട്ടിങ്.

deshabhimani 210512

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങള്‍ പ്രതികളെ മാറ്റി മാറ്റി കള്ളനും പൊലീസും കളിക്കുന്നു. കേസില്‍ ഗൂഢാലോചനക്കാര്‍, പ്രതികള്‍ എന്നിങ്ങനെ ഓരോദിവസവും പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് മാതൃഭൂമിയും മലയാളമനോരമയും. മുമ്പേ പറക്കുന്ന ചാനലുകളും പത്രമുത്തശ്ശികളുടെ ശൈലിയില്‍ തന്നെ. പ്രതിയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയ വായപ്പടച്ചി റഫീഖിനെക്കുറിച്ച് മാധ്യമങ്ങള്‍ക്കിപ്പോള്‍ മിണ്ടാട്ടമില്ല. അന്തിയേരി സുര, എല്‍ടിടിഇ സംഘം തുടങ്ങി നിരവധിപേരെ പത്രങ്ങള്‍ രംഗത്തുകൊണ്ടുവന്നിരുന്നു. റഫീഖ് എന്‍ഡിഎഫുകാരനാണെന്ന് വെളിപ്പെട്ടതോടെയാണ് മാതൃഭൂമിയും മനോരമയും ഇയാളെക്കുറിച്ച് മിണ്ടാതായത്. തുടര്‍ന്ന്, സിപിഐ എം നേതാക്കളെ കുടുക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ഇതിനുസൃതമായ കള്ളവാര്‍ത്തകളാണ് ഇപ്പോള്‍ നല്‍കുന്നത്.

    ReplyDelete