Monday, May 21, 2012

കൊച്ചിനഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം കൂടുന്നു



നഗരത്തിലെ ബസുകളിലടക്കം പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടിവരുന്നതായും പഠനറിപ്പോര്‍ട്ട്. യുഎന്‍ വിമനിന്റെ സഹായത്തോടെ മഞ്ഞുമ്മല്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇക്കോളജി (സമന്വയ)യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായതെന്ന് ഡയറക്ടര്‍ സിസ്റ്റര്‍ മറിയാമ്മ കളത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥിനികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, സേഫ്റ്റി ഓഡിറ്റ് എന്നീ രീതികളിലൂടെയാണ് പഠനം നടത്തിയത്. തോപ്പുംപടി, കെഎസ്ആര്‍ടിസി-സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോര്‍പറേഷന്‍, പൊലീസ് അധികാരികള്‍ക്ക് പഠനറിപ്പോര്‍ട്ട് കൈമാറി. കിസാന്‍ കോളനി, ബസ്സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍, കാരിക്കാമുറി, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്മുതല്‍ റെയില്‍വേസ്റ്റേഷന്‍വരെയുള്ള വാക്വേ, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, അമൃത ആശുപത്രിയുടെ സമീപപ്രദേശങ്ങള്‍, ലെവല്‍ക്രോസ്, പോണേക്കര എന്നിവിടങ്ങളില്‍ സ്ത്രീകള്‍ തീരെ സുരക്ഷിതരല്ലെന്നാണ് കണ്ടെത്തല്‍.

നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലെ യാത്രയ്ക്കിടയില്‍ പുരുഷന്മാര്‍ ബോധപൂര്‍വം സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാണ്. അശ്ലീല സിനിമാ പോസ്റ്ററുകള്‍ ഉള്ളിടത്ത് ചില ഡ്രൈവര്‍മാര്‍ ബസ് നിര്‍ത്തി ആസ്വദിക്കുന്നതും, സ്ത്രീകള്‍ കേള്‍ക്കുന്ന തരത്തില്‍ കണ്ടക്ടര്‍മാര്‍ അശ്ലീലച്ചുവയുള്ള ദ്വയാര്‍ഥപ്രയോഗം നടത്തുന്നതും പതിവാണ്. വൈകിട്ട് ആറരയ്ക്കുശേഷം ബസില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഇത്തരം അനുഭവം കൂടുതല്‍. സ്വകാര്യബസുകളില്‍ സ്ത്രീകള്‍ കയറുന്ന മുന്‍വാതിലിലൂടെ ചില പുരുഷന്മാര്‍ കയറുന്നതും പിന്നിലേക്കു മാറിനില്‍ക്കാതിരിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പരിസരത്തെ സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര സുരക്ഷിതമല്ല.

രാത്രിയില്‍ വഴിവിളക്കുകള്‍ കത്താത്തത് ജോലികഴിഞ്ഞു മടങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ അതിക്രമങ്ങള്‍ കൂടുന്നതിനു കാരണമാകുന്നുണ്ട്. വസ്ത്രധാരണത്തിലുള്‍പ്പെടെ മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള ജീവിതരീതി നഗരവാസികള്‍ക്കിടയില്‍ കൂടിവരുന്നുണ്ടെന്നും വ്യക്തമായതായി സിസ്റ്റര്‍ മറിയാമ്മ പറഞ്ഞു. സ്ത്രീകള്‍ക്കുനേരെ ആക്രമണം ഉണ്ടായാല്‍ അധികൃതരെ ബന്ധപ്പെടാന്‍ ഹെല്‍പ്ലൈന്‍ സൗകര്യം ഉണ്ടാക്കുക, പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം ഉണ്ടാക്കുക, പരാതിക്കാര്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കുക, ആവശ്യത്തിന് വഴിവിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങി വിവിധ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് പൊലീസ്, കോര്‍പറേഷന്‍ അധികാരികള്‍ക്കു സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുമായി തിങ്കളാഴ്ച പകല്‍ 10.30ന് കോര്‍പറേഷന്‍ ഓഫീസില്‍ ചര്‍ച്ച നടക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്സി ജോസഫ്, വത്സമ്മ രാജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 210512

No comments:

Post a Comment