Friday, May 11, 2012

2ജി: കേന്ദ്രത്തിന് സുപ്രീംകോടതി വിമര്‍ശം


2ജി സ്പെക്ട്രം വിതരണം റദ്ദാക്കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍, ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കാണിച്ച് കേസിലെ മറ്റ് കക്ഷികള്‍ക്ക് കത്തയച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രം ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നുവെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, കെ എസ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ്ങാണ് വ്യാഴാഴ്ച കോടതി മുമ്പാകെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചത്. അപേക്ഷ സ്വീകരിച്ച കോടതി എന്നാല്‍ കേസിലെ മറ്റ് കക്ഷികള്‍ക്ക് കത്തയച്ച നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ശരിയാംവിധം അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നെന്ന് പറഞ്ഞ കോടതി ഉചിതമായ ബെഞ്ചിന് രൂപം നല്‍കണമെന്ന ആവശ്യം എപ്പോഴാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്നും ചോദിച്ചു. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കെ ചീഫ് ജസ്റ്റിസ് ഉചിതമായ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികള്‍ക്ക് കത്തയക്കേണ്ട സാഹചര്യം എന്തായിരുന്നെന്ന് കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ തുടര്‍ച്ചയായി കത്തുകള്‍ വരാറുണ്ട്. അതില്‍ പലപ്പോഴും അനുചിതമായ ഭാഷാപ്രയോഗങ്ങളും കാണാറുണ്ട്-കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, കോടതിയുടെ നിരീക്ഷണങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക പ്രതികരിച്ചില്ല.

പുനഃപരിശോധനാഹര്‍ജി പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളണമെന്ന് കേസില്‍ കക്ഷിയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന് വേണ്ടി ഹാജരായ പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടു. പുനഃപരിശോധനാഹര്‍ജി കൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് പിന്‍വലിക്കല്‍ നാടകം. വിധിയുടെ വിവിധ വശങ്ങളില്‍ വ്യക്തത തേടുന്ന രാഷ്ട്രപതിയുടെ പരാമര്‍ശം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിച്ചിട്ടുണ്ടെന്നും പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു.

എന്നാല്‍, രാഷ്ട്രപതിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കാതിരിക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് ജി എസ് സിങ്വി പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ പരാമര്‍ശത്തിന് തയ്യാറാകുന്നില്ല. പരാമര്‍ശം എപ്പോള്‍ കോടതിക്ക് മുമ്പില്‍ എത്തുമെന്നും പറയാനാകില്ല. വേണമെങ്കില്‍ മറുപടി നല്‍കാതിരിക്കുകയുമാകാം. ലൈസന്‍സുകള്‍ റദ്ദാക്കിയുള്ള തങ്ങളുടെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് തോന്നുന്നില്ല- കോടതി അറിയിച്ചു.

മറ്റൊരു കക്ഷിയായ ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയും സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തു. എന്നാല്‍, സര്‍ക്കാരിന്റെ നീക്കങ്ങളോടുമുള്ള ഭിന്നത പരസ്യമായി പ്രകടിപ്പിച്ച്് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. യുപിഎ സര്‍ക്കാര്‍ അനുവദിച്ച 2ജി ലൈസന്‍സുകള്‍ ഫെബ്രുവരി രണ്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെതിരെ ഏപ്രില്‍ 13ന് പുനഃപരിശോധനാഹര്‍ജിയുമായി കേന്ദ്രം കോടതിയെ സമീപിച്ചു. ലൈസന്‍സ് നഷ്ടമായ ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജികളും കോടതി തള്ളി. കേന്ദ്രത്തിന്റെ ഹര്‍ജി മാത്രം വാദത്തിന് മാറ്റി. പ്രകൃതിവിഭവം ലേലപ്രക്രിയയിലൂടെ മാത്രമേ വിതരണംചെയ്യാവൂ എന്ന കോടതിയുടെ പരാമര്‍ശത്തില്‍ വ്യക്തത തേടിയായിരുന്നു കേന്ദ്രത്തിന്റെ പുനഃപരിശോധനാഹര്‍ജി. സമാനമായ വിഷയത്തില്‍ രാഷ്ട്രപതിയുടെ പരാമര്‍ശവും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

deshabhimani 110512

1 comment:

  1. 2ജി സ്പെക്ട്രം വിതരണം റദ്ദാക്കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍, ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കാണിച്ച് കേസിലെ മറ്റ് കക്ഷികള്‍ക്ക് കത്തയച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രം ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നുവെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, കെ എസ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ്ങാണ് വ്യാഴാഴ്ച കോടതി മുമ്പാകെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചത്. അപേക്ഷ സ്വീകരിച്ച കോടതി എന്നാല്‍ കേസിലെ മറ്റ് കക്ഷികള്‍ക്ക് കത്തയച്ച നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

    ReplyDelete