Tuesday, May 22, 2012
ഭൂസമരം: വയനാട്ടില്‍ ആദിവാസികളെ ജയിലിലടച്ചു
വയനാട്ടില്‍ ഭൂമിക്കായി സമരംചെയ്യുന്ന ആദിവാസികളെ കുടിയൊഴിപ്പിച്ച് ജയിലിലടച്ചു. ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോട് തുമ്പശേരിക്കുന്നില്‍ കുടില്‍കെട്ടിയ 58 പേരെ പൊലീസും വനംവകുപ്പുദ്യോഗസ്ഥരുംചേര്‍ന്നാണ് അറസ്റ്റുചെയ്തത്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ കോടതി റിമാന്‍ഡ് ചെയ്ത് മാനന്തവാടി സബ്ജയിലില്‍ അടച്ചു. ജയിലിലടയ്ക്കപ്പെട്ടവരില്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ അടുത്തബന്ധു പുല്ലാറകോളനിയിലെ ബാബുവും ഉള്‍പ്പെടുന്നു. ആദിവാസികളുടെ പ്രതിഷേധത്തിനിടെയായിരുന്നു തിങ്കളാഴ്ച രാവിലെ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഒരുവയസ്സുള്ള ആദിത്യന്‍ മുതല്‍ സ്റ്റേഡിയം കോളനിയിലെ 85 കഴിഞ്ഞ പാറ്റയും ഗര്‍ഭിണികളും ഉള്‍പ്പെടെ അറസ്റ്റിലായവരില്‍പ്പെടും. നാല് വയസ്സില്‍ താഴെയുള്ള നാല് കുട്ടികളും 14 സ്ത്രീകളും അറസ്റ്റിലായി. പനമരം വാഴക്കണ്ടി കോളനിയിലെ മൊറിയന്‍ (75), വാഴക്കണ്ടി കോളനിയിലെ കുളിയന്‍ (70), തോലന്‍ (60) എന്നിവരും അറസ്റ്റിലായി. ഇവരില്‍ ശാരീരികമായി പ്രയാസങ്ങളുള്ള രണ്ടുപേരെ പൊലീസ് വിട്ടയച്ചു. സ്ത്രീകളേയും കുട്ടികളേയും മാനന്തവാടി കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടു. മറ്റുള്ള 40 പേരെയാണ് റിമാന്‍ഡുചെയ്തത്.
രാവിലെ എട്ടോടെയാണ് പൊലീസ്-വനപാലകസംഘങ്ങള്‍ യുദ്ധഭൂമിയിലേക്കെന്നപോലെ തുമ്പശേരിക്കുന്നില്‍ ആദിവാസികളെ അറസ്റ്റുചെയ്യാന്‍ എത്തിയത്. മാനന്തവാടി ഡിവൈഎസ്പി മാത്യു എക്സല്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ വി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പോലീസുകാരും നോര്‍ത്ത് വയനാട് ഡിഎഫ്ഒ കെ കാര്‍ത്തികേയന്‍, സൗത്ത് വയനാട് ഡിഎഫ്ഒ പി ധനേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുനൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്നതായിരുന്നു സംഘം. പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി ആദിവാസികള്‍ അറസ്റ്റിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, ആദിവാസി ക്ഷേമസമിതി സംസ്ഥാനപ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍, ജില്ലാപ്രസിഡന്റ് സീതാബാലന്‍, സെക്രട്ടറി പി വാസുദേവന്‍, സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എ എന്‍ പ്രഭാകരന്‍ എന്നിവരും അറസ്റ്റ് നടക്കുന്നതറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. മെയ് ഏഴിനാണ് തുമ്പശേരിക്കുന്നിലെ 40 ഏക്കര്‍ സര്‍ക്കാര്‍ നിക്ഷിപ്ത വനഭൂമിയില്‍ ആദിവാസി കുടുംബങ്ങള്‍ കയറി കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. ജില്ലയില്‍ ഇതുവരെ 27 കേന്ദ്രങ്ങളില്‍ ഭൂസമരം തുടങ്ങി. രണ്ടായിരത്തഞ്ഞൂറിലേറെ കുടുംബങ്ങളാണ് സമരഭൂമിയിലുള്ളത്. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് എകെഎസ് നേതാക്കള്‍ അറിയിച്ചു.
deshabhimani 220512
Subscribe to:
Post Comments (Atom)
വയനാട്ടില്‍ ഭൂമിക്കായി സമരംചെയ്യുന്ന ആദിവാസികളെ കുടിയൊഴിപ്പിച്ച് ജയിലിലടച്ചു. ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോട് തുമ്പശേരിക്കുന്നില്‍ കുടില്‍കെട്ടിയ 58 പേരെ പൊലീസും വനംവകുപ്പുദ്യോഗസ്ഥരുംചേര്‍ന്നാണ് അറസ്റ്റുചെയ്തത്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ കോടതി റിമാന്‍ഡ് ചെയ്ത് മാനന്തവാടി സബ്ജയിലില്‍ അടച്ചു.
ReplyDelete