Tuesday, May 8, 2012

എല്‍ഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ പൊലീസ് ഭീകരത


നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എല്‍ഡിഎഫ് മേഖലാകമ്മിറ്റി ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ സായുധ പൊലീസ് സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനയോഗം അലങ്കോലമാക്കി. വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്തു. മണ്ഡലത്തിലെ ചെങ്കല്‍ മേഖലാ കമ്മിറ്റി ഓഫീസിലാണ് ഒരു പ്രകോപനവുമില്ലാതെ പൊലീസ് അഴിഞ്ഞാടിയത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. ഉന്നത പൊലീസ് മേധാവികളുടെ നിര്‍ദേശമനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടി.

കൊടും ക്രിമിനലുകളെ പിടികൂടാനെന്നപോലെ ഏതാനും പൊലീസുകാര്‍ മഫ്തിയില്‍ രഹസ്യമായെത്തി ആദ്യം ഓഫീസിന്റെ പിന്‍ഭാഗത്ത് നിലയുറപ്പിച്ചു. തുടര്‍ന്ന് പാറശാല സിഐ റിയാസിന്റെ നേതൃത്വത്തില്‍ മുന്‍ഭാഗത്തുകൂടി ഇരച്ചുകയറി. ഇത് ചോദ്യംചെയ്ത സിപിഐ എം പാറശാല ഏരിയ കമ്മിറ്റി അംഗം ശോഭനകുമാരി ഉള്‍പ്പെടെയുള്ളവരെ പുരുഷ പൊലീസ് തള്ളി താഴെയിട്ടു. രാജാറാം, ഭാസ്കരന്‍, സി പാപ്പ എന്നിവരെയും കൈയേറ്റം ചെയ്തു. ഓഫീസില്‍ പൊലീസ് അതിക്രമിച്ചുകയറിയതറിഞ്ഞ് കൂടുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇ പി ജയരാജനും ജി സുധാകരനും യോഗം നിര്‍ത്തിവച്ച് പുറത്തുവന്ന് അന്തരീക്ഷം ശാന്തമാക്കി. അതോടെ സിഐയും സംഘവും സ്ഥലംവിട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടപടിക്ക് പിന്നിലെന്ന് കരുതുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്ന് സംശയിക്കുന്നു.

സംഭവത്തെക്കുറിച്ച് പരസ്പരവിരുദ്ധമായാണ് സിഐ സംസാരിച്ചത്. പട്രോളിങ്ങിന്റെ ഭാഗമായി കയറിയതാണെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ സിഐ പിന്നീട് മാറ്റിപ്പറഞ്ഞു. തെറ്റായ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് കയറിയതെന്നായിരുന്നു തിരുത്ത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കലില്‍ എല്‍ഡിഎഫ് പ്രകടനം നടത്തി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ മേഖലാ കമ്മിറ്റി ഓഫീസിലെത്തി.

എല്‍ഡിഎഫ് ഓഫീസിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹം വൈക്കം വിശ്വന്‍

നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ ചെങ്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ പോലീസ് കടന്നുകയറ്റത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രതിഷേധിച്ചു. ചെങ്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്ന ഘട്ടത്തിലാണ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓഫീസിലേക്ക് കയറിയത്. യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന സ്ത്രീകളെപോലും കൈയ്യേറ്റം ചെയ്യാനാണ് പോലീസ് ശ്രമിച്ചത്. ഓഫീസിലേക്ക് പോലീസ് കടന്നുകയറിയത് ചോദ്യം ചെയ്ത എല്‍.ഡി.എഫ് നേതാവായ ശോഭനയെ കൈയ്യേറ്റം ചെയ്യാനാണ് പോലീസ് മുതിര്‍ന്നത്. ഓഫീസിലുണ്ടായിരുന്ന എല്‍.ഡി.എഫ് നേതാക്കളായ ഇ.പി.ജയരാജനും ജി. സുധാകരനും ഇടപെട്ടതോടെയാണ് പോലീസ് പിന്മാറിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പോലീസിന് വരേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നിരിക്കെ ഇവിടേക്ക് കടന്നുകയറിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുഫലം തങ്ങള്‍ക്ക് എതിരാകും എന്നതിന്റെ അടിസ്ഥാനത്തില്‍ ഏത് വഴി ഉപയോഗിച്ചും ജയിച്ചുവരാനുള്ള നടപടികളാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ പോലും കയറി അതിക്രമം നടത്താനുള്ള പോലീസിന്റെ ശ്രമം. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും അറിവോടെയാണ് ഈ നടപടി ഉണ്ടായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യപരമായി നടക്കേണ്ട തെരഞ്ഞെടുപ്പിനെപോലും അട്ടിമറിക്കുവാനുള്ള ഇത്തരം പരിശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം എല്ലാ ജനാധിപത്യവിശ്വാസികളും ഉയര്‍ത്തണമെന്നും വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani 080512

1 comment:

  1. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എല്‍ഡിഎഫ് മേഖലാകമ്മിറ്റി ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ സായുധ പൊലീസ് സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനയോഗം അലങ്കോലമാക്കി. വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്തു. മണ്ഡലത്തിലെ ചെങ്കല്‍ മേഖലാ കമ്മിറ്റി ഓഫീസിലാണ് ഒരു പ്രകോപനവുമില്ലാതെ പൊലീസ് അഴിഞ്ഞാടിയത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. ഉന്നത പൊലീസ് മേധാവികളുടെ നിര്‍ദേശമനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടി.

    ReplyDelete