Monday, May 7, 2012
സിപിഐ എമ്മിനെ കുറ്റപ്പെടുത്തിയിട്ടില്ല: ആഭ്യന്തരമന്ത്രി
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിങ്കളാഴ്ച തന്നെ സന്ദര്‍ശിച്ച എല്‍ഡിഎഫ് എംഎല്‍എമാരുടെ സംഘത്തോടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. കൊല നടന്നയുടന്‍ സിപിഐ എമ്മിനെ പ്രതിചാര്‍ത്തി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ പ്രസ്താവന എളമരം കരീം എംഎല്‍എയാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനു പ്രതികരണമായാണ് സിപിഐ എമ്മിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞത്.
അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയും വിവാദപ്രസ്താവന നിഷേധിച്ചിരുന്നു. കൊലയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൊലീസ് നല്‍കുന്നതല്ലെന്ന് പ്രത്യേകാന്വേഷകസംഘ തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ പറഞ്ഞു. ഈ വാര്‍ത്തകള്‍ക്ക് പൊലീസ് സ്ഥിരീകരണമില്ല. കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്ന് അന്വേഷണസംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടായാല്‍ അക്കാര്യം വെളിപ്പെടുത്തും. സൈബര്‍സെല്ലിന്റെയടക്കം സേവനം പ്രയോജനപ്പെടുത്തിയാണ് അന്വേഷണം മുന്നേറുന്നതെന്നും എഡിജിപി പറഞ്ഞു. അഞ്ചു ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. പ്രതികള്‍ വലയിലായെന്ന് തുടര്‍ച്ചയായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ചയും ആരേയും പിടികൂടാനായില്ല.
തലശേരിയില്‍നിന്ന് കണ്ടെടുത്ത, പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ പ്രത്യേക അന്വേഷകസംഘം പരിശോധിച്ചു. എടച്ചേരി പൊലീസ് സ്റ്റേഷനിലാണ് കാറുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു ജയിലിലെ പരിശോധന. പരോളിലിറങ്ങിയവരെപ്പറ്റിയും മറ്റുമുള്ള വിവരങ്ങളാണ് ശേഖരിച്ചത്. എഡിജിപിയും സംഘവും ചന്ദ്രശേഖരന്റെ വീട്ടിലെത്തി ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. ആഭ്യന്തരമന്ത്രി തിങ്കളാഴ്ചയും വടകരയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാം തവണയാണ് മന്ത്രി വടകരയിലെത്തി അന്വേഷണത്തില്‍ ഇടപെടുന്നത്. റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാക്കളെ കണ്ടശേഷമായിരുന്നു മന്ത്രി അന്വേഷകസംഘവുമായി സംസാരിച്ചത്.
അക്രമിസംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന റഫീഖടക്കം രണ്ടുപേര്‍ കേരളത്തിന് പുറത്തുകടന്നതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഒഞ്ചിയം മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. എളമരം കരീം, സി കെ നാണു, ഇ കെ വിജയന്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്. അക്രമബാധിതപ്രദേശങ്ങള്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിക്കും. ഞായറാഴ്ച രാത്രി ഒഞ്ചിയംമേഖലയില്‍ വനിതാപഞ്ചായത്ത് മെമ്പറുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ഒഞ്ചിയം പഞ്ചായത്തംഗം കൊയിലോത്ത് ശൈലജയുടെ വീട് കല്ലെറിഞ്ഞ് തകര്‍ത്തു. ചന്ദ്രശേഖരന്റെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചു. പ്രാദേശിക ചാനലായ ഗോകുലം സ്റ്റാര്‍ വിഷന്‍(ജിഎസ്വി) ക്യാമറാമാന്‍ പി കെ അബ്ദുള്‍ ഗഫൂറിനെയാണ് തിങ്കളാഴ്ച വൈകിട്ട് കൈയേറ്റം ചെയ്തത്. എഡിജിപിയും സംഘവും വീട്ടിലെത്തിയതിന്റെ ദൃശ്യം പകര്‍ത്തുമ്പോഴായിരുന്നു അക്രമം. ഇതിനിടെ, ആയുധങ്ങള്‍ക്കായി തലശേരിമേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സ്റ്റീല്‍ബോംബും ബോംബ്നിര്‍മാണ സാമഗ്രികളും പിടിച്ചു. ന്യൂമാഹി സ്റ്റേഷന്‍ പരിധിയിലെ പാറാലിനടുത്താണ് ബോംബ് കണ്ടെത്തിയത്.
deshabhimani 080512
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിങ്കളാഴ്ച തന്നെ സന്ദര്‍ശിച്ച എല്‍ഡിഎഫ് എംഎല്‍എമാരുടെ സംഘത്തോടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. കൊല നടന്നയുടന്‍ സിപിഐ എമ്മിനെ പ്രതിചാര്‍ത്തി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ പ്രസ്താവന എളമരം കരീം എംഎല്‍എയാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനു പ്രതികരണമായാണ് സിപിഐ എമ്മിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞത്.
ReplyDelete