Tuesday, May 22, 2012

കണ്ണൂരില്‍ കരുത്തിന്റെ കുത്തൊഴുക്ക്; ജനങ്ങള്‍ പാര്‍ടിക്കൊപ്പം


കലക്ടറേറ്റ് മൈതാനിയിലായിരുന്നു തിങ്കളാഴ്ച കണ്ണൂരിന്റെ കണ്ണും കാതും. പ്രതിരോധമെന്നു വിശേഷിപ്പിച്ചവരുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ച കരുത്തിന്റെ കുത്തൊഴുക്ക് മൈതാനിയില്‍ അവസാനിക്കാതെ ദേശീയപാതയിലേക്കും സമീപ റോഡിലേക്കും പടര്‍ന്നു. പാര്‍ടിയെ സംരക്ഷിക്കാന്‍ അവസാന ശ്വാസംവരെ പൊരുതുമെന്ന പ്രഖ്യാപനം അലയടിച്ച ചെറുജാഥകള്‍ കലക്ടറേറ്റ് മൈതാനിയിലെ ജനസാഗരത്തിലലിഞ്ഞു. കണ്ണൂരിനെ ചെങ്കടലാക്കിയ മഹാപ്രവാഹം സിപിഐ എമ്മിനെ നെഞ്ചേറ്റുന്നവര്‍ക്ക് ആവേശവും എതിര്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി. ഭരണകൂട ഭീകരതയ്ക്കും പൊലീസ് രാജിനും ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന വിളംബരമാണ് എങ്ങും ഉയര്‍ന്നുകേട്ടത്. ജീവന്‍ കൊടുത്തും പാര്‍ടിയെ സംരക്ഷിക്കാന്‍ തങ്ങളുണ്ടെന്ന പ്രഖ്യാപനം. വലതുപക്ഷ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ സിപിഐ എമ്മിന്റെ ചെങ്കോട്ടയില്‍ ഏശില്ലെന്ന് റാലിയിലെ വന്‍ബഹുജനപങ്കാളിത്തം ഓര്‍മിപ്പിച്ചു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ കണ്ണൂരിന്റെ മഹാഭൂരിപക്ഷവും നാടിന്റെ നന്മയ്ക്കും പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പാര്‍ടിയെ പ്രതിസന്ധിയിലാക്കാനും കടന്നാക്രമിക്കാനും ശത്രുക്കള്‍ കോപ്പുകൂട്ടുമ്പോള്‍ സംരക്ഷിക്കാനും പ്രതിരോധിക്കാനും സ്വയംസന്നദ്ധരായി ആയിരങ്ങള്‍ മുന്നോട്ടുവരുമെന്ന് ഈ ജനസഞ്ചയം ഓര്‍മിപ്പിച്ചു.

സഹനങ്ങളുടെ കടല്‍ താണ്ടിയ പോരാട്ടങ്ങളും രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണയും ഉയര്‍ത്തി എല്ലാ വെല്ലുവിളികളെയും അതിജീവിക്കും. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ അന്വേഷണത്തിനുമുമ്പേ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള മാധ്യമവിചാരണകള്‍ക്ക് കേരളത്തിന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യത്തെ തെല്ലുപോലും ഉലയ്ക്കാനാവില്ലെന്നും റാലിയില്‍ അണിനിരന്ന പതിനായിരങ്ങള്‍ പ്രഖ്യാപിച്ചു. സിപിഐ എം വിരുദ്ധ ഗൂഢാലോചനയ്ക്കെതിരെ കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച റാലി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതം പറഞ്ഞു.

ജനങ്ങള്‍ പാര്‍ടിക്കൊപ്പം: പിണറായി

കണ്ണൂര്‍: ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കം വകവച്ചു കൊടുക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ പാര്‍ടി ഒറ്റക്കെട്ടായി നേരിടും. പാര്‍ടി വെല്ലുവിളി നേരിടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ രംഗത്തിറങ്ങും. നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ബഹുജനങ്ങളും ഈ പ്രസ്ഥാനത്തിനൊപ്പമാണെന്ന് സിപിഐ എം വിരുദ്ധ ഗൂഢാലോചനക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പടുകൂറ്റന്‍ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

കള്ളമൊഴി രേഖപ്പെടുത്തി തെറ്റായ രീതിയില്‍ പാര്‍ടി നേതാക്കളെ പ്രതികളാക്കാനാണ് ശ്രമമെങ്കില്‍ അതിന് വഴങ്ങിക്കൊടുക്കില്ല. ഈ കേസുമായി ബന്ധപ്പെട്ട് പലതും ആഗ്രഹിക്കുന്നവരുണ്ട്. ഈ ദുരാഗ്രഹികളുടെ ചട്ടുകമായി പൊലീസ് മാറരുത്. അന്വേഷണത്തിന്റെ മറവില്‍ സിപിഐ എമ്മിനെ താറടിക്കാനും കരിതേക്കാനും പ്രതിക്കൂട്ടിലാക്കാനും അനുവദിക്കില്ല. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള പടപ്പുറപ്പാടാണെങ്കില്‍ അത് നേരിടും. കള്ളമൊഴിയെടുക്കുന്നതിന് പൊലീസ് ക്യാമ്പ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാക്കുകയാണ്. നേരെ നടക്കുന്ന അന്വേഷണം വഴിതെറ്റിക്കുകയും ഇടപെടുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഹോബിയാണ്. കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏതെങ്കിലും തരത്തില്‍ ഒതുക്കിക്കളയാമെന്നും ധരിക്കേണ്ട. ഏതാണ് ഈ കണ്ണൂര്‍ ലോബി. നിങ്ങളുടെ തെറ്റുകള്‍ വിമര്‍ശിക്കുന്നതിനാണ് അങ്ങനെ വിളിക്കുന്നതെങ്കില്‍ അത് ഇനിയും തുടരുമെന്നാണ് പറയാനുള്ളത്.

ജനങ്ങളുടെ ഏത് പ്രശ്നത്തിനും ഏത് ഘട്ടത്തിലും ഓടിയെത്തുന്ന നേതാവായിരുന്നു എ കെ ജി. ജന്മം കൊണ്ട് കണ്ണൂര്‍ക്കാരന്‍. സിപിഐ എമ്മിന് ദീര്‍ഘകാലം നേതൃത്വം കൊടുത്തയാളാണ് സി എച്ച് കണാരന്‍. അദ്ദേഹവും കണ്ണൂരാണ്. തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഴീക്കോടന്‍ രാഘവനും കണ്ണൂര്‍ക്കാരനാണ്. പാര്‍ടിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് ചടയന്‍ ഗോവിന്ദന്‍. ഇവരെല്ലാം കണ്ണൂര്‍ ലോബിയെന്ന പട്ടികയില്‍ വരുമോ. എന്തു ലക്ഷ്യം വച്ചാണ് പാര്‍ടിയെ കണ്ണൂര്‍ ലോബിയെന്ന് ആക്ഷേപിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരതയുടെയും കരുത്തിന്റെയും പ്രതീകങ്ങളാണ് കണ്ണൂരിലെ നേതാക്കള്‍. ഒരു ഘട്ടത്തിലും ചാഞ്ചാടിയിട്ടില്ല. അതിനാല്‍ ഞങ്ങളെ വല്ലാതെയങ്ങ് ഒതുക്കിക്കളയാമെന്ന് കരുതേണ്ട.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രങ്ങളുണ്ട്. ഈ ബുദ്ധികേന്ദ്രങ്ങളാണ് പാര്‍ടിക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ മാറ്റി ചവിട്ടണമെന്ന് തീരുമാനിച്ചത്. ഏകശിലപോലെ പ്രവര്‍ത്തിക്കുന്ന പാര്‍ടിയെ രണ്ടായി കണ്ട് കടന്നാക്രമിക്കുന്ന രീതി അങ്ങനെ വന്നതാണ്. ഒരു വിഭാഗം നന്മയുടെ മൂര്‍ത്തിമദ്ഭാവം. മറ്റേ വിഭാഗം തിന്മയുടെ പ്രതീകം. ഷൊര്‍ണൂരില്‍നിന്നാണ് ഇതിനു തുടക്കം. കേരളത്തിലങ്ങിങ്ങു പോയി പ്രസ്താവന ഇറക്കുന്ന ഷൊര്‍ണൂരിലെ ആ വിദ്വാന്റെ കൂടെ ഇപ്പോള്‍ ആരുമില്ല. സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഒന്നിച്ചു വരൂ എന്നാണ് കേരളത്തിലെ ഉന്നതരായ സാംസ്കാരിക നായകരോട് എം പി വീരേന്ദ്രകുമാറും പി സി ജോര്‍ജും ആവശ്യപ്പെടുന്നത്. കേരളത്തെ ഇന്നത്തെ നിലയില്‍ എത്തിച്ച പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ ഉന്നത സാംസ്കാരിക നായകര്‍ രംഗത്തു വരാത്തതിലാണ് ഇവര്‍ക്ക് അരിശമെന്നും പിണറായി പറഞ്ഞു.

മുല്ലപ്പള്ളിക്ക് പണ്ടേ ഇഷ്ടം വന്‍ സ്രാവുകളെ

കണ്ണൂര്‍: മുല്ലപ്പള്ളിക്ക് വമ്പന്‍ സ്രാവുകളെയാണ് പണ്ടേ ഇഷ്ടമെന്ന കഥ ഒരാള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചന്ദ്രശേഖരന്‍ വധത്തില്‍ പരല്‍ മീനുകളല്ല, സിപിഐ എമ്മിലെ വന്‍ സ്രാവുകള്‍ പിടിയിലാകുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് പിണറായി ഈ കഥ വിവരിച്ചത്. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയല്ല, ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റായാലും ഈ കഥ പറഞ്ഞയാള്‍ക്ക് കാശ് കൊടുക്കാതെ വന്‍ സ്രാവിനെ വാങ്ങിയ മുല്ലപ്പള്ളിയുടെ ചിത്രമേ മനസ്സില്‍ വരൂ. അടിയന്തരാവസ്ഥക്കാലത്ത് വടകര പ്രദേശത്തെ പൊലീസിനെ കൈകാര്യം ചെയ്തിരുന്നത് മുല്ലപ്പള്ളിയാണ്. മീന്‍കൊട്ടയില്‍ സ്രാവ് കണ്ടാല്‍ പൊലീസിനെ വിട്ട് അത് വാങ്ങിപ്പിക്കും. ഒരു പൈസയും കൊടുക്കാതെയാണ് മീന്‍ വാങ്ങുക. പഴയ കാലത്ത് വടകരയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ വേട്ടയാടിയിരുന്നത് കോണ്‍ഗ്രസിന്റെ കുറുവടിപ്പടയായിരുന്നു. ആ പടയില്‍ കമ്യൂണിസ്റ്റുകാരെ തെരയുന്ന ഒരു അട്ടംപരതി ഗോപാലനുണ്ടായിരുന്നു. ആ ഗോപാലന്റെ പുത്രനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അട്ടംപരതി ഗോപാലന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. മകന്‍ രാമചന്ദ്രനും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. വടകര മണ്ഡലം ഒരു ചാന്‍സിന് കിട്ടിപ്പോയതിന്റെ നെറികേടാണ് ഇപ്പോള്‍ കാണിക്കുന്നത്. സിപിഐ എമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ അതിനെ തകര്‍ക്കുന്നതിനുള്ള നീക്കമാണ് മുല്ലപ്പള്ളി നടത്തുന്നത്. തലശേരിയിലെ ഫസല്‍ വധക്കേസില്‍ സിബിഐയെ സ്വാധീനിച്ച് സിപിഐ എം നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലും മുല്ലപ്പള്ളിയാണെന്ന് പിണറായി പറഞ്ഞു.

അക്രമത്തില്‍ ഒലിച്ചുപോകുന്ന പാര്‍ടിയല്ല സിപിഐ എം: പിണറായി

കണ്ണൂര്‍: ആക്രമിച്ചാല്‍ ഒലിച്ചുപോകുന്ന പാര്‍ടിയല്ല സിപിഐ എമ്മെന്ന് അതിനു കോപ്പുകൂട്ടുന്നവര്‍ ഓര്‍ക്കണമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ രീതിയിലുമുള്ള അക്രമങ്ങളും അതിജീവിച്ച് വളര്‍ന്നതാണ് സിപിഐ എമ്മിന്റെ ചരിത്രം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സിപിഐ എമ്മിനെതിരായ വേട്ടയാണ്. ചന്ദ്രശേഖരന്‍ വധത്തിനുശേഷം അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുംവിധമുള്ള വേട്ടയാടലാണെന്നും പിണറായി പറഞ്ഞു. ചെക്കിക്കുളത്ത് കൃഷ്ണപിള്ള വായനശാല ആന്‍ഡ് ഗ്രന്ഥാലയം കെട്ടിടവും മാലൂര്‍ നിട്ടാറമ്പ് സിപിഐ എം ബ്രാഞ്ച് ഓഫീസിനായി നിര്‍മിച്ച കൃഷ്ണപിള്ള സ്മാരക മന്ദിരവും ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

കമ്യൂണിസ്റ്റ് പാര്‍ടി പിറവികൊണ്ടതുമുതല്‍ തകര്‍ക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അത് ഇന്നും മുടക്കമില്ലാതെ തുടരുന്നു. ലോകത്ത് 95 ശതമാനം മാധ്യമങ്ങളും നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇവര്‍ കോടികളാണ് ഒഴുക്കുന്നത്. സിപിഐ എം പോലൊരു പാര്‍ടിയെ തകര്‍ത്തിട്ട് ആരെയാണ് കേരളത്തിന്റെ ഭാവി ഏല്‍പ്പിക്കുക. ഇന്നത്തെ കേരളം ഉണ്ടായത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിയര്‍പ്പിലൂടെയാണെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക. ചന്ദ്രശേഖരന്‍ വധത്തിനുപിന്നാലെ സിപിഐ എമ്മിനെതിരെ നിലപാട് പ്രഖ്യാപിക്കാത്ത സാംസ്കാരികനായകരെ തെറിപറയുകയാണ് പി സി ജോര്‍ജും വീരേന്ദ്രകുമാറും. ഒരു നുകത്തില്‍ കെട്ടാവുന്ന കൂട്ടരാണ് ഇരുവരും. സിപിഐ എമ്മിനെ തകര്‍ക്കാനൊരുമ്പെട്ടാല്‍ അതേ രീതിയില്‍ നേരിടാന്‍ പാര്‍ടിക്കറിയാമെന്നും പിണറായി പറഞ്ഞു.

deshabhimani 220512

1 comment:

  1. കലക്ടറേറ്റ് മൈതാനിയിലായിരുന്നു തിങ്കളാഴ്ച കണ്ണൂരിന്റെ കണ്ണും കാതും. പ്രതിരോധമെന്നു വിശേഷിപ്പിച്ചവരുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ച കരുത്തിന്റെ കുത്തൊഴുക്ക് മൈതാനിയില്‍ അവസാനിക്കാതെ ദേശീയപാതയിലേക്കും സമീപ റോഡിലേക്കും പടര്‍ന്നു. പാര്‍ടിയെ സംരക്ഷിക്കാന്‍ അവസാന ശ്വാസംവരെ പൊരുതുമെന്ന പ്രഖ്യാപനം അലയടിച്ച ചെറുജാഥകള്‍ കലക്ടറേറ്റ് മൈതാനിയിലെ ജനസാഗരത്തിലലിഞ്ഞു. കണ്ണൂരിനെ ചെങ്കടലാക്കിയ മഹാപ്രവാഹം സിപിഐ എമ്മിനെ നെഞ്ചേറ്റുന്നവര്‍ക്ക് ആവേശവും എതിര്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി. ഭരണകൂട ഭീകരതയ്ക്കും പൊലീസ് രാജിനും ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന വിളംബരമാണ് എങ്ങും ഉയര്‍ന്നുകേട്ടത്. ജീവന്‍ കൊടുത്തും പാര്‍ടിയെ സംരക്ഷിക്കാന്‍ തങ്ങളുണ്ടെന്ന പ്രഖ്യാപനം. വലതുപക്ഷ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ സിപിഐ എമ്മിന്റെ ചെങ്കോട്ടയില്‍ ഏശില്ലെന്ന് റാലിയിലെ വന്‍ബഹുജനപങ്കാളിത്തം ഓര്‍മിപ്പിച്ചു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ കണ്ണൂരിന്റെ മഹാഭൂരിപക്ഷവും നാടിന്റെ നന്മയ്ക്കും പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പാര്‍ടിയെ പ്രതിസന്ധിയിലാക്കാനും കടന്നാക്രമിക്കാനും ശത്രുക്കള്‍ കോപ്പുകൂട്ടുമ്പോള്‍ സംരക്ഷിക്കാനും പ്രതിരോധിക്കാനും സ്വയംസന്നദ്ധരായി ആയിരങ്ങള്‍ മുന്നോട്ടുവരുമെന്ന് ഈ ജനസഞ്ചയം ഓര്‍മിപ്പിച്ചു.

    ReplyDelete