Monday, May 21, 2012
പൗരമുന്നണിയില്‍ ഭിന്നത കണ്ണാടിയില്‍ ഭരണസമിതി അംഗത്തിന്റെ വീട് ആക്രമിച്ചു
കണ്ണാടി പഞ്ചായത്തിലെ ഭരണമുന്നണി അംഗത്തിന്റെ വീട് ഒരു സംഘം ആക്രമിച്ചു. ഭരണകക്ഷിയായ പൗരമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി 13-ാം വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രഭകുമാറിന്റെ കണ്ണാടി കാവുവട്ടം കളത്തില്‍ വീടാണ് ഞായറാഴ്ച പുലര്‍ച്ച ആക്രമിച്ചത്. അക്രമി സംഘം പ്രഭകുമാറിന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ പൗരമുന്നണിയാണെന്നാണ് സൂചന. പഞ്ചായത്ത്ഭരണത്തിനെതിരെ ഇടതുപക്ഷ അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനു തൊട്ടു പിന്നാലെയാണ് ആക്രമണം. ഏതാനം മാസങ്ങളായി ഭരണമുന്നണിയിലെ അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നത ഇതോടെ പരസ്യമായി. അവിശ്വാസം പാസാകുമെന്ന ഭീതിയും ഭരണമുന്നണിയെ അലട്ടുന്നുണ്ട്. ഒരാളുടെ ഭൂരിപക്ഷത്തിലാണ് പൗരമുന്നണി പഞ്ചായത്ത് ഭരിക്കുന്നത്.
പുലര്‍ച്ചെ രണ്ടോടെയാണ് ഒരു സംഘം ആളുകള്‍ പ്രഭകുമാറിന്റെ വീട് ആക്രമിച്ചത്. വീട്ടില്‍ പ്രഭകുമാറും ഭാര്യയും മാത്രമാണുള്ളത്. കല്ലും കോണ്‍ക്രീറ്റ് പാളികളും എടുത്ത് അക്രമികള്‍ വീട്ടിലേക്ക് എറിയുകയായിരുന്നു. തേങ്ങയോ മറ്റോ വീണതാണെന്ന ധാരണയില്‍ എഴുന്നേറ്റ് നോക്കിയില്ല. രാവിലെ ഉണര്‍ന്നപ്പോഴാണ് ആക്രമണം നടന്നതായി അറിഞ്ഞത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മുന്‍വശത്തുള്ള ചാരുപടി, മേല്‍ക്കൂരയില്‍ പാകിയിട്ടുള്ള ഓട് എന്നിവയ്ക്കും കേടുപറ്റി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പൗരമുന്നണിയുടെ പഞ്ചായത്ത് ഭരണസമിതിയിലെ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതാണ് പ്രഭകുമാറിനെ ആക്രമിക്കാന്‍ കാരണമെന്നറിയുന്നു. പഞ്ചായത്ത് ഭരണസമിതി അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനെതിരെ കഴിഞ്ഞ ദിവസം സിപിഐ എം സംഘടിപ്പിച്ച ബഹുജന മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. വീട് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് സൗത്ത് എസ്ഐ എ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം വീടും പരിസരവും പരിശോധിച്ചു.
അക്രമികളെ ഉടന്‍ പിടികൂടണം: സിപിഐ എം
കണ്ണാടി: കണ്ണാടി പഞ്ചായത്തംഗം പ്രഭകുമാറിന്റെ വീട് ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐ എം കണ്ണാടി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഭരണത്തിലെ അഴിമതിക്കെതിരെ പൗരമുന്നണിയിലെ പ്രഭകുമാര്‍ നിരന്തരം പ്രതികരിച്ചിരുന്നു. ഇതിനാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പൗരമുന്നണിയിലെ സാമൂഹ്യവിരുദ്ധസംഘവും ചേര്‍ന്ന് പല തരത്തില്‍ ഭീഷണിപ്പെടുത്തി. വൈസ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തു. ഇതിന് വഴങ്ങാതെ വന്നപ്പോഴാണ് അക്രമവുമായി രംഗത്തുവന്നത്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പഞ്ചായത്തില്‍ തങ്ങളുടെ അടിത്തറ ഇളകുന്നതില്‍ വിറളിപൂണ്ടാണ് പൗരമുന്നണി സംഘം അക്രമം നടത്തുന്നത്. അക്രമികളെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ലോക്കല്‍ സെക്രട്ടറി വി സുരേഷ് ആവശ്യപ്പെട്ടു.
deshabhimani 210512
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment