Sunday, May 20, 2012

ചന്ദ്രശേഖരനെ പാര്‍ടിയില്‍ തിരികെയെത്തിക്കാന്‍ ചര്‍ച്ച നടത്തി: പി ജയരാജന്‍


ടി പി ചന്ദ്രശേഖരനും എന്‍ വേണുവും ഉള്‍പ്പെടെയുള്ള ആര്‍എംപി നേതാക്കളെ പാര്‍ടിയില്‍ തിരികെ കൊണ്ടുവരാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ചന്ദ്രശേഖരനും വേണുവുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്് ഇവരുമായി ചര്‍ച്ച നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖാമുഖം പരിപാടിയില്‍ ജയരാജന്‍ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഞങ്ങള്‍ ഇരുവര്‍ക്കും വേണ്ടപ്പെട്ട പാര്‍ടി ബന്ധു എന്നെ സമീപിച്ച് നിങ്ങള്‍ ചന്ദ്രശേഖരനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇദ്ദേഹത്തിന്റെ വടകരയിലെ വീട്ടില്‍വച്ച് വേണുവുമായി സംസാരിക്കുന്നത്. സിപിഐ എമ്മിലേക്ക് തിരിച്ചുവരുന്നതിന് അനുകൂലമായിരുന്നു അന്ന് വേണുവിന്റെ നിലപാട്. ആര്‍എംപിയിലെ പലര്‍ക്കും ഈ അഭിപ്രായമുള്ളതായും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരനുമായി ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും വേണു ഏറ്റു. ഇതിനുശേഷം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും വേണ്ടപ്പെട്ട സഖാവ് ചന്ദ്രശേഖരനുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ ഫോണില്‍ ഞാനും സംസാരിച്ചു. പാര്‍ടി പരിപാടിയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നാണ് അന്ന് ചന്ദ്രശേഖരന്‍ പറഞ്ഞത്. ചില പ്രാദേശിക നയപ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.

അതിന് എന്റെ മറുപടി ഇപ്രകാരമായിരുന്നു: ""സിപിഐ എമ്മും സിപിഐയും വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. ഇപ്പോള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ചര്‍ച്ചചെയ്താല്‍ ചില പ്രശ്നങ്ങളില്‍ മഞ്ഞുരുക്കം വരും. ആ നിലയില്‍ എത്തിക്കണം. പ്രാദേശിക തര്‍ക്കങ്ങളില്‍ സിപിഐയുമായിപ്പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടയാളാണ് അരയാക്കണ്ടി അച്യുതന്‍. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് സിപിഐ എമ്മിനെ കടന്നാക്രമിച്ചു. എന്നാല്‍ മരിക്കുന്ന സമയത്ത് അരയാക്കണ്ടി സിപിഐ എം അംഗമായിരുന്നു. അതിനാല്‍ സിപിഐ എം പരിപാടി അംഗീകരിക്കുന്നയാള്‍ക്ക് വേറെ പാര്‍ടിയില്‍ നില്‍ക്കാനാവില്ല. ഏതായാലും ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കണം"". ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം. ചുരുക്കത്തില്‍ ഈ ചര്‍ച്ച അടഞ്ഞ അധ്യായമായിരുന്നില്ല. തുറന്നുവച്ച വാതിലായിരുന്നു.

പിന്നീട് ചന്ദ്രശേഖരന്‍ ഒരു വിവരവും അറിയിച്ചിരുന്നില്ല. അദ്ദേഹത്തെ ഏതോ ശക്തി തുടര്‍ചര്‍ച്ചയില്‍നിന്ന് പിന്തിരിപ്പിച്ചതായാണ് അനുമാനിക്കുന്നത്. ചന്ദ്രശേഖരനുമായി ദീര്‍ഘകാലത്തെ പരിചയമുണ്ടെന്ന് മാത്രമല്ല, ഒന്നിച്ച് ജയിലിലും കഴിഞ്ഞിട്ടുണ്ട്. ഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് എം വി ജയരാജനും ചന്ദ്രശേഖരനും വേണുവും ഞാനും കോഴിക്കോട്ട് ജയിലില്‍ അടയ്ക്കപ്പെട്ടത്. നാല്‍പാടി വാസു വധക്കേസില്‍ ഒന്നാം പ്രതിയായിരുന്ന അന്നത്തെ ഡിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഈ കേസിന്റെ വിചാരണവേളയില്‍ ഇടയ്ക്കിടെ കാണുമായിരുന്നു. 1999ല്‍ എ കെ പ്രേമജം മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകര മണ്ഡലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാനന്ന്. ചന്ദ്രശേഖരന്റെ ഭാര്യയുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. രമയുടെ പിതാവ് മാധവനും സഹോദരി പ്രേമയും വീട്ടില്‍ വരാറുണ്ട്. സതീദേവിക്കൊപ്പം എത്താറുള്ള പ്രേമ വീട്ടില്‍ താമസിച്ചിട്ടുമുണ്ട്. അത്രമാത്രം ബന്ധം ഈ കുടുംബവുമായുണ്ട്- ജയരാജന്‍ പറഞ്ഞു.

deshabhimani 200512

1 comment:

  1. ടി പി ചന്ദ്രശേഖരനും എന്‍ വേണുവും ഉള്‍പ്പെടെയുള്ള ആര്‍എംപി നേതാക്കളെ പാര്‍ടിയില്‍ തിരികെ കൊണ്ടുവരാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ചന്ദ്രശേഖരനും വേണുവുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്് ഇവരുമായി ചര്‍ച്ച നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖാമുഖം പരിപാടിയില്‍ ജയരാജന്‍ വ്യക്തമാക്കി.

    ReplyDelete