Wednesday, May 16, 2012

ഗൂഢാലോചന ഒറ്റക്കെട്ടായി നേരിടുക


സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയുടെ പൂര്‍ണരൂപം

പാര്‍ടിയെ തകര്‍ക്കാനുദ്ദേശിച്ചുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പാര്‍ടിയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന സിപിഐ എം പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും മറ്റു ബഹുജനങ്ങളും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സിപിഐ എമ്മിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്, പാര്‍ടിക്കെതിരായി നടക്കുന്ന വിഷലിപ്തമായ കള്ളപ്രചാരണങ്ങള്‍. മുന്‍കാലങ്ങളിലെപ്പോലെ, പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ടിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ പാര്‍ടിപ്രവര്‍ത്തകരും പാര്‍ടിബന്ധുക്കളും അതീവജാഗ്രതയോടെ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. യുഡിഎഫും മറ്റു കമ്യൂണിസ്റ്റുവിരുദ്ധരും ഒരുപറ്റം മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തുന്ന നുണപ്രചാരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ എമ്മിനെയും ലക്ഷ്യംവച്ചുള്ള ഇപ്പോഴത്തെ ആക്രമണം, ഒരു സവിശേഷ സാഹചര്യത്തിലാണ്. സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഒരുവര്‍ഷത്തെ അവരുടെ ഭരണം, ജനങ്ങളിലാകെ കടുത്ത അസംതൃപ്തിയുണ്ടാക്കി. അതിരൂക്ഷമായ വിലക്കയറ്റം പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കി. റേഷന്‍വിതരണവും പൊതുവിതരണവും താറുമാറാക്കി. മണ്ണെണ്ണവിതരണം വെട്ടിക്കുറച്ചതുമൂലം മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രയാസത്തിലായി. ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ കരിഞ്ചന്തവില 100 രൂപയാണ്. ഇത്രയും വില നല്‍കി മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനം അസാധ്യമാണ്. പവര്‍കട്ട് മുഴുവന്‍ കുടുംബങ്ങളെയും രോഷാകുലരാക്കി. അതിനുപുറമെ വൈദ്യുതി ചാര്‍ജ് വര്‍ധനയും വന്നു. പവര്‍കട്ട് സംസ്ഥാനത്തെ വ്യവസായമേഖലയെ വലിയ പ്രതിസന്ധിയിലാക്കി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലം എല്ലാവരും ഓര്‍ത്തുപോവുകയാണ്. ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച ഒരു വികസനപദ്ധതിയും ആരംഭിക്കുകപോലും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചത് കടുത്ത സാമ്പത്തികഭാരമാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. അത് വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. മുസ്ലിംലീഗിന്റെ തീട്ടൂരത്തിന് വഴങ്ങി സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്നവിധത്തില്‍ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിലും ഘടകകക്ഷികളിലും അമര്‍ഷം പുകയുകയാണ്. ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായിത്തന്നെ പ്രതികരിച്ചു. ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കിയത്, സംസ്ഥാനത്തെ മതനിരപേക്ഷ അടിത്തറയ്ക്ക് പോറലേല്‍പ്പിച്ചു. വകുപ്പുകള്‍ സാമുദായികമായി വീണ്ടും വീതംവച്ചു. യുഡിഎഫിനെ പിന്താങ്ങിയിരുന്ന സാമുദായിക സംഘടനകള്‍ പരസ്യമായി അവരെ എതിര്‍ത്ത് രംഗത്തുവന്നു. യുഡിഎഫിന്റെ മുഖം കൂടുതല്‍ വികൃതമായി. പണവും വാഗ്ദാനങ്ങളും നല്‍കി സെല്‍വരാജിനെ ചാക്കില്‍ കയറ്റി രാജിവയ്പിച്ച് ആ കാലുമാറ്റക്കാരനെത്തന്നെ സ്ഥാനാര്‍ഥിയാക്കിയ യുഡിഎഫിനെതിരെ കടുത്ത അമര്‍ഷമാണ് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കുന്നത്. യുഡിഎഫില്‍ ചേരുന്നതിനേക്കാള്‍ ഭേദം ആത്മഹത്യയാണെന്ന് പറഞ്ഞയാളെ പേറേണ്ട ഗതികേടാണ് ഉമ്മന്‍ചാണ്ടിമുന്നണിക്ക്. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ സംസ്ഥാന മന്ത്രിസഭയില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നു. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസും മുഖ്യമന്ത്രിയും ന്യായീകരിക്കുമ്പോള്‍, കെ എം മാണിയും പി ജെ ജോസഫും പരസ്യമായി എതിര്‍ത്തു. കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരായ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനും യുഡിഎഫ് സര്‍ക്കാരിനുമെതിരെ സംസ്ഥാനത്താകെ ഇരമ്പിയ ജനരോഷം ചെറുതല്ല. ഇന്ത്യക്കാരെയാണ് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത് എന്ന വസ്തുത സര്‍ക്കാര്‍ ഓര്‍മിക്കുന്നില്ലേ എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടിവന്നത് ഇവരുടെ വഞ്ചനാപരമായ ഒത്തുകളിയുടെ വ്യക്തമായ തെളിവാണ്.

യുഡിഎഫ് നേരിടുന്നത് കടുത്ത വെല്ലുവിളിയെയാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഐ എമ്മിനെതിരായ ഗൂഢാലോചന അരങ്ങേറുന്നത്. ടി പി ചന്ദ്രശേഖരന്റെ അതിനിഷ്ഠുരമായ കൊല, ഈ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിച്ചാല്‍ തെറ്റില്ല. കൊല നടന്ന ഉടന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ വ്യഗ്രത കാട്ടിയത് ഈ സംശയം വര്‍ധിപ്പിക്കുന്നു. അതിദാരുണമായ ഈ വധം നീചവും നികൃഷ്ടവും ദുഃഖകരവുമാണ്. ഈ കൊലപാതകത്തെ സംസ്ഥാന സെക്രട്ടറിയറ്റ് അപലപിക്കുകയും പാര്‍ടിയുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയുമുണ്ടായി. കൊലപാതകികളെ കണ്ടുപിടിക്കുന്നതിന് ജാഗ്രതയാര്‍ന്ന അന്വേഷണം വേണമെന്നും പാര്‍ടി ആവശ്യപ്പെട്ടു. പാര്‍ടിശത്രുക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ, ഈ കൊലപാതകത്തില്‍ പാര്‍ടിക്ക് ഒരു ബന്ധവുമില്ലെന്നും പാര്‍ടി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. കൊലയാളികളെയും അവരെ കൊലയ്ക്ക് പ്രേരിപ്പിച്ചവരെയും എത്രയുംവേഗം കണ്ടുപിടിച്ച് നീതിന്യായസംവിധാനത്തിനുമുന്നില്‍ ഹാജരാക്കി അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കേണ്ടതുണ്ട്.
അഭിപ്രായവ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മചെയ്യല്‍ പാര്‍ടിയുടെ നയമല്ല. രാഷ്ട്രീയകാരണങ്ങളാലോ സംഘടനാപരമായ കാരണങ്ങളാലോ പാര്‍ടി വിട്ടുപോയ ഒരാളെപ്പോലും കൊലപ്പെടുത്താന്‍ പാര്‍ടി തുനിഞ്ഞിട്ടില്ല. ഈ സത്യങ്ങളെയെല്ലാം മൂടിവച്ചാണ്, പാര്‍ടിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. കൊല നടന്ന ഉടനെ സിപിഐ എമ്മിന്റെമേല്‍ കുറ്റം ആരോപിച്ച് ആദ്യം രംഗത്തുവന്നത്, വടകര എംപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഈ നുണ ആവര്‍ത്തിച്ചു. കൊലപാതകസംഭവത്തിന്റെ എഫ്ഐആര്‍ തയ്യാറാക്കുംമുമ്പ്, എന്തടിസ്ഥാനത്തിലാണ് ഉത്തരവാദപ്പെട്ടവര്‍ സിപിഐ എമ്മിന്റെ പേരില്‍ കുറ്റാരോപണം നടത്തിയത്? ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തം. ചന്ദ്രശേഖരന്‍വധം സ്വകാര്യലാഭത്തിനുവേണ്ടി ചെയ്തതാണെന്നും രാഷ്ട്രീയമാനം അതിന് നല്‍കുന്നില്ലെന്നും ഡിജിപി പറഞ്ഞപ്പോള്‍, ധൃതിപിടിച്ച് ഡിജിപിയെ തിരുത്തി "രാഷ്ട്രീയ കൊലപാതകം" തന്നെ എന്നു പ്രസ്താവിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ദുഷ്ടലാക്ക് ആര്‍ക്കാണ് മനസ്സിലാകാത്തത്? പൊലീസ് വകുപ്പിന്റെ ഔദ്യോഗികതലവനായ ഡിജിപിക്കെതിരെ, ഭരണത്തലവനായ ആഭ്യന്തരമന്ത്രി നടത്തിയ പരസ്യമായ ഈ പ്രതികരണം ഭരണത്തകര്‍ച്ചയാണ് കാണിക്കുന്നത്. ഇത് അതീവ ഗുരുതരമാണ്. സിപിഐ എമ്മിനെ വേട്ടയാടാന്‍ ഗൂഢപദ്ധതി രൂപംകൊള്ളുന്നതായി കരുതേണ്ടിയിരിക്കുന്നു.

1972ല്‍ പശ്ചിമബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഹേമന്ത് ബാസുവിന്റെ കൊലയെ മറപിടിച്ചാണ്, അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്ക് തുടക്കംകുറിച്ചത്. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണം, ഏതാണ്ട് 1500 പാര്‍ടിപ്രവര്‍ത്തകരെയാണ് ബംഗാളില്‍ അരുംകൊല ചെയ്തത്. ആ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നവിധത്തിലുള്ളതാണ് കമ്യൂണിസ്റ്റുവിരുദ്ധ ശക്തികളുടെ പുറപ്പാട്. അതിന് പശ്ചാത്തലമൊരുക്കാന്‍ നിറംപിടിപ്പിച്ച നുണകള്‍ ചാലിച്ച പരമ്പരകളും പ്രത്യേകതരത്തില്‍ രൂപപ്പെടുത്തിയ പ്രചാരണപരിപാടികളും ചേര്‍ത്ത് വലതുപക്ഷ അച്ചടി- ദൃശ്യ മാധ്യമങ്ങള്‍ ഉറഞ്ഞുതുള്ളുകയാണ്. നിഷ്പക്ഷമായ കേസന്വേഷണം അസാധ്യമാകുന്ന നിലയിലുള്ള രാഷ്ട്രീയ ഇടപെടലുകളും നടക്കുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരസ്യപ്രസ്താവനകള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

2008ലാണ് ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി പി ചന്ദ്രശേഖരന്‍, ഒരുപറ്റം പ്രവര്‍ത്തകരെയും ചേര്‍ത്ത് പാര്‍ടി വിട്ടത്. ഒഞ്ചിയം ഏരിയയിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫ് കൈക്കൊണ്ട തീരുമാനപ്രകാരം രണ്ടരക്കൊല്ലത്തിനുശേഷം ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്റുസ്ഥാനം സിപിഐ എമ്മും ജനതാദളും പരസ്പരം മാറണമെന്നായിരുന്നു. പിന്നീട് പാര്‍ടി വിട്ട വേണുവായിരുന്നു ഏറാമല പഞ്ചായത്തിന്റെ 2005 മുതലുള്ള പ്രസിഡന്റ്. അത് മാറുന്നതിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഇവര്‍ ഒരുപറ്റം സഖാക്കളെ കൂടെനിര്‍ത്തിയത്. ഇത് നഗ്നമായ സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയും കമ്യൂണിസ്റ്റ് മൂല്യരാഹിത്യവുമാണ്. മുന്നണിമര്യാദയുടെ ലംഘനത്തിന് ജില്ലാ പാര്‍ടി നേതൃത്വം തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി ഉണ്ടാക്കിയത്. ഇതില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപ്രശ്നമൊന്നും അടങ്ങിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ വേറിട്ടുമാറിയവരുടെ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തില്‍നിന്നുള്ള പ്രകടമായ വ്യതിയാനംമാത്രമാണ്. എന്നിട്ട് ഇക്കൂട്ടര്‍ വിപ്ലവ മാര്‍ക്സിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കുന്നത് അപഹാസ്യമാണ്. പാര്‍ടിയുടെ രാഷ്ട്രീയനിലപാടിനോടോ ആശയങ്ങളോടോ ഇവര്‍ക്ക് ആ സന്ദര്‍ഭത്തില്‍ ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല.

2001ല്‍ ഒരുവര്‍ഷത്തേക്ക് പാര്‍ടിയില്‍നിന്ന് സസ്പെന്‍ഷന് വിധേയനായ ചന്ദ്രശേഖരനെ, തെറ്റുതിരുത്തി വീണ്ടും പാര്‍ടിയുടെ ഏരിയ കമ്മിറ്റിവരെ വരാന്‍ അവസരം നല്‍കിയ പാര്‍ടി, ചന്ദ്രശേഖരനോട് എന്തെങ്കിലും വിരോധം പ്രകടിപ്പിച്ചിരുന്നു എന്ന് ആര്‍ക്കും പറയാനാകില്ല.

ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനം തകരാതെ നിലനിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി, ഘടകകക്ഷിയായ ജനതാദളിന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാനത്തെ രണ്ടരവര്‍ഷം നല്‍കണമെന്ന തീരുമാനത്തിനെതിരെ, ഒരുപറ്റം സഖാക്കളെ തെറ്റിദ്ധരിപ്പിച്ച് പാര്‍ടിക്കുപുറത്തേക്ക് പോയവര്‍ അക്കാലത്ത് ഒരു ഘട്ടത്തിലും ഒരു ആശയപ്രശ്നവും ഉയര്‍ത്തിയിരുന്നില്ല. ഏറാമല പഞ്ചായത്തിലെ ജനതാദളും സിപിഐ എം പ്രവര്‍ത്തകരും തമ്മില്‍ പല പ്രശ്നത്തിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഒരവസരമായി ഉപയോഗപ്പെടുത്തുകയാണ് അന്ന് ഇവര്‍ ചെയ്തത്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ജയിപ്പിക്കാന്‍ സഹായകമായതരത്തില്‍ എല്‍ഡിഎഫ് വോട്ടില്‍ അല്‍പ്പം വിള്ളലുണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു. 2010ലെ തദ്ദേശതെരഞ്ഞെടുപ്പില്‍, ഏറാമല പഞ്ചായത്ത് ജയിക്കാന്‍ വീരന്‍ വിഭാഗം ജനതാദള്‍കൂടി ചേര്‍ന്ന യുഡിഎഫിന് പ്രയാസമുണ്ടായില്ല. എന്നാല്‍, ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപി വിജയിച്ചത് യുഡിഎഫുമായി ധാരണയുണ്ടാക്കിയ വാര്‍ഡുകളില്‍മാത്രമാണ്. അത്തരം വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തോറ്റത് നിസ്സാരവോട്ടിനും. അത് കഴിഞ്ഞ് 2011ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ പിളര്‍പ്പന്‍ പണിയെടുത്തിട്ടും, വീരേന്ദ്രകുമാര്‍ ജനതാദള്‍ ഉള്‍ക്കൊള്ളുന്ന യുഡിഎഫിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. സംസ്ഥാനത്തുതന്നെ വീരന്‍ ജനതാദളിന് വലിയ സ്വാധീനമുള്ള പ്രദേശമായാണ് വടകര മണ്ഡലത്തിലെ ഏറാമല കണക്കാക്കിയിരുന്നത്. ആ മണ്ഡലത്തിലാണ് വീരന്‍ ജനതാദള്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടതും എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച ജനതാദള്‍ വിജയിച്ചതും. യുഡിഎഫും ഒരുപറ്റം ബൂര്‍ഷ്വാ മാധ്യമങ്ങളും ഊതിവീര്‍പ്പിച്ച "റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി" എന്ന ബലൂണ്‍ കാറ്റൊഴിയാന്‍ തുടങ്ങിയെന്ന് ഇതോടെ വ്യക്തമായി. പാര്‍ടി ക്ഷമയോടെയും ജാഗ്രതയോടെയും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിട്ടുപോയവരില്‍ വലിയൊരു വിഭാഗം പാര്‍ടിയോടൊപ്പം തിരിച്ചുവന്നു. 2011ലെ പാര്‍ടി സമ്മേളനങ്ങളിലെ വന്‍ ജനപങ്കാളിത്തം എതിരാളികളെപ്പോലും വിസ്മയിപ്പിച്ചു. താമസിയാതെ പാര്‍ടിവിരുദ്ധസംഘത്തിന് നിലനില്‍പ്പില്ലാതാകുമെന്ന് എല്ലാവര്‍ക്കും ബോധ്യമായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ചന്ദ്രശേഖരനെ ആക്രമിച്ച് ഇല്ലായ്മചെയ്യേണ്ട എന്തുകാര്യമാണുണ്ടായിരുന്നത്? വധം ഈ ഘട്ടത്തില്‍ ആര്‍ക്കാണ് ഗുണംചെയ്തത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍നിന്ന് വ്യക്തമാകും, ചന്ദ്രശേഖരന്‍വധത്തിനുപിന്നിലെ ഗൂഢതാല്‍പ്പര്യം.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, പാര്‍ടിശത്രുക്കള്‍ പുതിയതരം അടവുകളാണ് സ്വീകരിച്ചുവരുന്നത്. പാര്‍ടിയെ ഒന്നാകെ എതിര്‍ക്കുന്നതിനുപകരം പാര്‍ടിയില്‍ ഒരു കൂട്ടര്‍ നന്മയുടെ പ്രതീകങ്ങളും മറ്റൊരു കൂട്ടര്‍ തിന്മയുടെ വക്താക്കളുമെന്ന നിലയില്‍ പ്രചരിപ്പിക്കലാണ് ആ അടവ്. ഷൊര്‍ണൂരിലെ പാര്‍ടിവിരുദ്ധര്‍ ആരംഭിച്ച ഈ പ്രചാരണതന്ത്രമാണ് ഒഞ്ചിയത്തും പാര്‍ടി പിളര്‍പ്പന്മാര്‍ പ്രയോഗിച്ചിരുന്നത്. ഇത് ബൂര്‍ഷ്വാ മാധ്യമങ്ങളും ഏറ്റെടുത്തു. പാര്‍ടിപ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കലായിരുന്നു അവരുടെ ലക്ഷ്യം. ചന്ദ്രശേഖരന്റെ വധത്തിനുശേഷവും ആ പ്രചാരണം തുടരുകയാണ്. പാര്‍ടിയിലെ ചിലര്‍ക്ക് ചന്ദ്രശേഖരന്റെ വീട്ടില്‍ വരാം, മറ്റു ചിലര്‍ക്ക് വരാന്‍ പാടില്ല എന്നാണവര്‍ പരസ്യമായി പറഞ്ഞത്. പാര്‍ടിയെ ഭിന്നിപ്പിക്കാനും പാര്‍ടിനേതൃത്വത്തെ ജനമധ്യത്തില്‍ താറടിച്ചുകാണിക്കാനും ഉദ്ദേശിച്ചുള്ള ഇത്തരം കുപ്രചാരണങ്ങളെ പ്രബുദ്ധരായ കേരളജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസും യുഡിഎഫും ചില പിന്തിരിപ്പന്‍ മാധ്യമങ്ങളും ചേര്‍ന്ന് സിപിഐ എമ്മിനെ കരിവാരിത്തേക്കാന്‍, ഒരു തെളിവും കൂടാതെ നടത്തിവരുന്ന അപവാദപ്രചാരണത്തില്‍ ഒരുകൂട്ടം എഴുത്തുകാര്‍ പങ്കുചേര്‍ന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്. കാരണമുണ്ടെങ്കില്‍ പാര്‍ടിയെ ആരുവിമര്‍ശിക്കുന്നതിലും വിഷമമില്ല. എന്നാല്‍, ഊഹംവച്ച് ഇത്തരത്തില്‍ അധിക്ഷേപം ചൊരിയുന്നത് ചില സാംസ്കാരികപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നാകുമ്പോള്‍ ഒട്ടും ന്യായീകരിക്കാവുന്നതല്ല.

സിപിഐ എം അക്രമം എന്ന പുകമറ സൃഷ്ടിക്കുന്ന കോണ്‍ഗ്രസിന്റെ തൊലിക്കട്ടി അപാരമാണ്. ചീമേനിയില്‍ അഞ്ച് സഖാക്കളെ ഒരു കാരണവും കൂടാതെ ചുട്ടുകൊന്നവരാണ് കോണ്‍ഗ്രസുകാര്‍. ധീരനായ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസിന്റെ ചരിത്രകാരനുമായിരുന്ന മൊയാരത്ത് ശങ്കരന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നപ്പോള്‍ നീചമായി തച്ചുകൊന്നത് കോണ്‍ഗ്രസുകാരായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അഴീക്കോടന്‍ രാഘവന്റെ വധത്തിനുപിന്നില്‍ തീവ്രവാദികളും കോണ്‍ഗ്രസുകാരും യോജിച്ചാണ് പ്രവര്‍ത്തിച്ചത്. ഏറനാട്ടെ കമ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലിയെ വെടിവച്ചുകൊന്നതുള്‍പ്പെടെ എണ്ണമറ്റ കൊലപാതകങ്ങളുടെ രക്തക്കറ പുരണ്ട കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍, ഒഞ്ചിയത്തിന്റെ പേരില്‍ ശാന്തിയാത്ര നടത്തുന്നത് വിരോധാഭാസമാണ്. ചരിത്രത്തില്‍ ഒഞ്ചിയം ഓര്‍മിക്കപ്പെടുന്നത്, എട്ട് സഖാക്കളെ വെടിവച്ചും രണ്ട് സഖാക്കളെ ലോക്കപ്പിലിട്ടും ദാരുണമായി കൊലപ്പെടുത്തിയ കോണ്‍ഗ്രസിന്റെ കിരാതഭരണത്തിന്റെ പേരിലാണെന്നതും പ്രസക്തമാണ്.

പാര്‍ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനം എല്ലാ നടപടികളും ഏകകണ്ഠമായിട്ടാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തെ പാര്‍ടിയില്‍ ശക്തിപ്പെട്ടുവന്ന ഐക്യമാണ് ഇത് പ്രകടമാക്കിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയരേഖയും പ്രത്യയശാസ്ത്രരേഖയും ഏകകണ്ഠമായി അംഗീകരിച്ചു. സിപിഐ എം രാഷ്ട്രീയ അടവുനയത്തിലും പ്രത്യയശാസ്ത്രപ്രശ്നങ്ങളിലും ഏകീകരിച്ച ധാരണയില്‍ എത്തിയത് പാര്‍ടിയിലാകെ ആവേശമുണര്‍ത്തി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തും പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട്ടും അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഇതില്‍ എതിരാളികള്‍ വിറളിപൂണ്ടത് യാദൃച്ഛികമല്ല. അവര്‍ പാര്‍ടിക്കെതിരെ പുതിയ ആയുധങ്ങള്‍ തേടുകയായിരുന്നു. പാര്‍ടിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന പേരില്‍ ഒരു സംഘം ആളുകള്‍ കഴിഞ്ഞ നാലുവര്‍ഷമായി ഒഞ്ചിയം മേഖലയില്‍ നടത്തിക്കൊണ്ടിരുന്നത്.

ധീരരായ ഒഞ്ചിയം രക്തസാക്ഷികളുടെ പാരമ്പര്യമുള്ള ഒഞ്ചിയത്തെ പാര്‍ടിക്ക്, വെല്ലുവിളികളെ അതിജീവിക്കാനും കരുത്തോടെ മുന്നോട്ടുപോകാനും കഴിഞ്ഞു. പിളര്‍പ്പന്മാര്‍ നടത്തിവന്നത് ആശയസമരമാണെന്ന ദുഷ്പ്രചാരണമാണ് നാളിതുവരെ കമ്യൂണിസ്റ്റുവിരുദ്ധരും അവരുടെ പ്രചാരണമാധ്യമങ്ങളും നടത്തിവന്നത്. അതാണിപ്പോഴും തുടരുന്നത്. വര്‍ഗശത്രുക്കളുടെ കള്ളപ്രചാരവേലകളില്‍ താല്‍ക്കാലികമായി കുടുങ്ങിയവര്‍, തെറ്റ് മനസ്സിലാക്കി തിരുത്താന്‍ സന്നദ്ധമാകുമെന്നതില്‍ സംശയമില്ല. പാര്‍ടിയെ സംരക്ഷിക്കാനും ശത്രുക്കളുടെ കടന്നാക്രമണങ്ങളെ ചെറുക്കാനും എല്ലാ പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും പാര്‍ടിബന്ധുക്കളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിക്കുന്നു.


ദേശാഭിമാനി 160512

1 comment:

  1. പാര്‍ടിയെ തകര്‍ക്കാനുദ്ദേശിച്ചുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പാര്‍ടിയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന സിപിഐ എം പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും മറ്റു ബഹുജനങ്ങളും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സിപിഐ എമ്മിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്, പാര്‍ടിക്കെതിരായി നടക്കുന്ന വിഷലിപ്തമായ കള്ളപ്രചാരണങ്ങള്‍. മുന്‍കാലങ്ങളിലെപ്പോലെ, പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ടിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ പാര്‍ടിപ്രവര്‍ത്തകരും പാര്‍ടിബന്ധുക്കളും അതീവജാഗ്രതയോടെ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. യുഡിഎഫും മറ്റു കമ്യൂണിസ്റ്റുവിരുദ്ധരും ഒരുപറ്റം മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തുന്ന നുണപ്രചാരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

    ReplyDelete