Wednesday, May 16, 2012

പാഠപുസ്തക വില്‍പ്പനയുടെ മറവില്‍ കോടികളുടെ അഴിമതി


സംസ്ഥാനത്തെ പാഠപുസ്തക ഡിപ്പോകളിലെ പഴകിയ പുസ്തകങ്ങള്‍ തൂക്കിവില്‍ക്കുന്നതിന്റെ മറവില്‍ കോടികളുടെ അഴിമതി. മൂന്ന് കേന്ദ്ര ഡിപ്പോ ഉള്‍പ്പെടെയുള്ള 37 ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് വന്‍ തട്ടിപ്പ്. ഇതിനു പിന്നില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും ബന്ധുവും ഉള്‍പ്പെട്ട ലോബിയാണെന്നാണ് വിവരം. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് അവശ്യമായ പുസ്തകങ്ങളുടെ 20 ഇരട്ടിയിലധികം ഓര്‍ഡര്‍ നല്‍കി കൃത്രിമ വേസ്റ്റ് സൃഷ്ടിച്ചാണ് തിരിമറി. 2011-2012 അധ്യയന വര്‍ഷം ഇങ്ങനെ 12.24 കോടി രൂപയുടെ പുസ്തകങ്ങളാണ് ഉപയോഗശൂന്യമായി കെട്ടികിടക്കുന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികമായി കരുതാവുന്ന പുസ്തകങ്ങള്‍ 10 ശതമാനമാണെങ്കില്‍ 40 മുതല്‍ 100 ശതമാനം വരെ പുസ്തകങ്ങള്‍ അടിച്ചുകൂട്ടിയതായി കണ്ടെത്തി. ഒന്നാം ക്ലാസിലേക്ക് 2,53,530 വേണ്ടിടത്ത് 8,20,000 (219%) പുസ്തകങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പുസ്തക അച്ചടിക്ക് 73.99 ലക്ഷം രൂപ മതി. എന്നാല്‍ ഡിപ്പോകളില്‍ എത്തിച്ചത് 12.24 കോടിയുടേതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ഒക്ടോബര്‍ 30ന് ആരംഭിച്ച ടെന്‍ഡര്‍ നടപടികള്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീട്ടി പിന്നീട് കായംകുളം സ്വദേശിക്ക് കരാര്‍ ഉറപ്പിച്ചതിനു പിന്നിലും വന്‍ അഴിമതിയാണ് അരങ്ങേറിയത്.

13 പേരാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഇതില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ കരാര്‍ പാലിക്കാതെ ഒഴിഞ്ഞുപോയി. മൂന്നാം സ്ഥാനത്തേക്ക് രണ്ടു പേര്‍ ടെന്‍ഡര്‍വച്ചത് ഓരേ നിരക്കിലും. തുടര്‍ന്ന് ഇവരെ ടെക്സ്റ്റ് ബുക്ക് ഓഫീസില്‍ വിളിച്ച് ധാരണയുണ്ടാക്കി. ഒടുവില്‍ കായംകുളത്തെ ഒരു കരാറുകാരന് കിലോയ്ക്ക് 18.95 രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. ഇവര്‍ മൂന്ന് ഡിപ്പോകളില്‍നിന്നും മാത്രം പുസ്തകം ഏറ്റെടുത്തശേഷം കരാറില്‍നിന്നും പിന്മാറി. ഈ ഘട്ടത്തില്‍ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിക്കുന്നതിനു പകരം ആറാം സ്ഥാനക്കാരനായ കായംകുളത്തുതന്നെയുള്ള മറ്റൊരു സ്ഥാപനത്തിന് തുക വീണ്ടും കുറച്ച് 15.95 രൂപയ്ക്ക് അധികൃതര്‍ കരാര്‍ നല്‍കുകയായിരുന്നു. 2007 മുതല്‍ 2008 വരെയുള്ള കാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ മാത്രം നീക്കം ചെയ്യാനാണ് അനുമതി നല്‍കിയത്. എന്നാല്‍ 2010 ഏപ്രിലില്‍ കാലാവധി കഴിഞ്ഞ ഒമ്പതാം ക്ലാസിലെ പുസ്തകങ്ങളും ഇവര്‍ അനധികൃതമായി പല ഡിപ്പോകളില്‍നിന്നും കടത്തി. അധികമായി അച്ചടിച്ച 10-ാം ക്ലാസിലെ പുസ്തകങ്ങള്‍ കാലഹരണപ്പെട്ടതെന്ന് കണക്കാക്കി എണ്ണവും തൂക്കവുമില്ലാതെ നീക്കം ചെയ്യാനും ടെന്‍ഡറിന് വിരുദ്ധമായി കരാറുകാരന് അനുമതി നല്‍കി. കൂടാതെ പ്ലസ്വണ്‍, ടു ക്ലാസുകളിലെ പുസ്തകങ്ങള്‍ കടത്തിക്കൊണ്ടുപോകാനും ഇയാള്‍ക്ക് അനുവാദം നല്‍കി. ഇതിനെതിരെ സ്വകാര്യ ഏജന്‍സി വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ടെന്‍ഡറിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കാനും പാഠപുസ്തക ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവ് മറികടന്ന് കഴിഞ്ഞ ഫ്രെബുവരി 13നും മെയ് നാലിനും പാഠപുസ്തക ഓഫീസര്‍ ഉത്തരവ് (നം. എ4/3537/08/ടിബിഒ) ഇറക്കി.
(ആര്‍ രാജേഷ്)

deshabhimani 160512

1 comment:

  1. സംസ്ഥാനത്തെ പാഠപുസ്തക ഡിപ്പോകളിലെ പഴകിയ പുസ്തകങ്ങള്‍ തൂക്കിവില്‍ക്കുന്നതിന്റെ മറവില്‍ കോടികളുടെ അഴിമതി. മൂന്ന് കേന്ദ്ര ഡിപ്പോ ഉള്‍പ്പെടെയുള്ള 37 ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് വന്‍ തട്ടിപ്പ്.

    ReplyDelete