റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ ശ്രമം പുറത്തായി. അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസ് ഓഫീസര്‍മാരുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തുന്ന മുറിയിലേക്ക് രഹസ്യമായി കയറിച്ചെന്നാണ് രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടത്.
പകല്‍ പതിനൊന്നരയോടെയാണ് സംഭവം. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃശൂര്‍ റേഞ്ച് ഐജി എസ് ഗോപിനാഥ്, കണ്ണൂര്‍ ഡിഐജി എസ് ശ്രീജിത്, വടകര റൂറല്‍ എസ്പി ടി കെ രാജ്മോഹന്‍ എന്നിവരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുവരുത്തി ചര്‍ച്ച തുടങ്ങി. ഈ സമയത്ത് രമേശ് ചെന്നിത്തല ഗസ്റ്റ്ഹൗസില്‍ തന്നെയുണ്ടായിരുന്നു. ചര്‍ച്ച തുടങ്ങി നിമിഷങ്ങള്‍ക്കകം ചെന്നിത്തല മുറിയിലേക്ക് അതിവേഗം നടന്നുവന്നു. തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ മന്ത്രിയും ചെന്നിത്തലയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവരം മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞെന്ന് ശ്രദ്ധയില്‍പെട്ടപ്പോള്‍ ചെന്നിത്തല 15 മിനുട്ടിനകം മുറിയില്‍നിന്ന് പുറത്തുവരികയും ചെയ്തു.
സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് ചെന്നിത്തലയുടെ ഇടപെടലുണ്ടായത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരിക്കുന്ന പാര്‍ടിയുടെ പ്രസിഡന്റ് പൊലീസ് ഓഫീസര്‍മാരുമായി ആഭ്യന്തരമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അന്വേഷണ ദിശ സിപിഐ എമ്മിനുനേരെ തിരിച്ചുവിടാന്‍ ഭരണനേതൃത്വത്തിലുള്ളവര്‍ വ്യക്തമായി ഗൂഢാലോചന നടത്തുന്നതിന്റെ തെളിവാണിത്. ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണ് ചെന്നിത്തല മുറിയിലേക്ക് വന്നതെന്ന് വ്യക്തം. കൊലപാതകം സിപിഐ എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് രമേശ് ചെന്നിത്തല നേരത്തെ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. സംഭവം വിവാദമായപ്പോള്‍ ആഭ്യന്തരമന്ത്രിയെ കാണാനാണ് ഗസ്റ്റ്ഹൗസിലെത്തിയതെന്നു പറഞ്ഞ് ചെന്നിത്തല ഒഴിഞ്ഞുമാറി.
ചെന്നിത്തലയുടെ ചര്‍ച്ചയില്‍ തെറ്റില്ലെന്ന് വയലാര്‍ രവി
നെയ്യാറ്റിന്‍കര: ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. നേതാക്കള്‍ പൊലീസുകാരുമായി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണ്. ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ ചെന്നിത്തല പൊലീസുകാരെ കണ്ടതല്ല, കൊലപാതകമാണ് ചര്‍ച്ചചെയ്യേണ്ടത്. അന്വേഷണം തുടങ്ങുംമുമ്പ് മുഖ്യമന്ത്രിയും സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്. നേതാക്കള്‍ക്ക് ഭീഷണിയുണ്ടായാല്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണം- വയലാര്‍ രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്വട്ടേഷന്‍ സംഘമെന്നു സൂചന; 7 പ്രതികളെന്ന് പൊലീസ്
വടകര: ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സൂചന. സംഘത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ്. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഗള്‍ഫ് മലയാളിയെ തട്ടിക്കൊണ്ടുപോയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മാഹി പള്ളൂര്‍ സ്വദേശി പുത്തലത്ത് വീട്ടില്‍ വായപ്പടച്ചി റഫീഖി (35)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റഫീഖിന് സിപിഐ എമ്മുമായി ബന്ധമില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. അക്രമികള്‍ ഉപയോഗിച്ചെന്ന് പറയുന്ന കെഎല്‍ 58 ഡി 8144 നമ്പര്‍ സ്വര്‍ണ നിറത്തിലുള്ള ഇന്നോവ കാര്‍ ചൊക്ലി മാരംകണ്ടി സബ്സ്റ്റേഷന്‍ പരിസരത്ത് പുനത്തില്‍മുക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ആറരയോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കിയത്. കാറിന്റെ ഉടമ തലശേരി കോട്ടക്ക് സമീപത്തെ കെ പി നവീന്‍ദാസിനെ പൊലീസ് ചോദ്യംചെയ്തു. പത്തുദിവസം മുമ്പ് മാഹി പൂഴിത്തല സ്വദേശി ഹാരീസ് മുഖേന റഫീഖിന് വാഹനം വാടകയ്ക്കു നല്‍കുകയായിരുന്നെന്ന് നവീന്‍ദാസ് പൊലീസിനോടു പറഞ്ഞു.
ഡിഐജി എസ് ശ്രീജിത്ത്, കണ്ണൂര്‍ എസ് പി രാഹുല്‍ എസ് നായര്‍, ഡിവൈഎസ്പിമാരായ എ പി ഷൗക്കത്തലി, ജോസി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്സറ്റഡിയില്‍ എടുത്ത കാര്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധിച്ചു. കാര്‍ പിന്നീട് വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊലപാതകം അന്വേഷിക്കാന്‍ എഡിജിപി വിന്‍സന്‍ എം പോളിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ് പി ടി കെ രാജ്മോഹനാണ് അന്വേഷണ ചുമതല. ഇതിനിടെ ചന്ദ്രശേഖരന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകളെക്കുറിച്ച് സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. തൃശൂര്‍ ഐജി ഗോപിനാഥും വടകരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
deshabhimani 060512
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ ശ്രമം പുറത്തായി. അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസ് ഓഫീസര്‍മാരുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തുന്ന മുറിയിലേക്ക് രഹസ്യമായി കയറിച്ചെന്നാണ് രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടത്.
ReplyDelete