Saturday, May 5, 2012
ചുമട്ടുതൊഴിലാളി ദ്രോഹനീക്കത്തിനെതിരെ 7ന് "ഡിജിപി സര്‍ക്കുലര്‍ വിരുദ്ധദിനം"
മട്ടുതൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കാനും തൊഴില്‍ ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ട് ഇറക്കിയ സര്‍ക്കുലറിനെതിരെ ഏഴിന് "ഡിജിപി സര്‍ക്കുലര്‍ വിരുദ്ധദിനം" ആചരിക്കുമെന്ന് കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റ് കെ എം സുധാകരന്‍ പറഞ്ഞു. നോക്കുകൂലി ചോദിച്ചാല്‍ കൊള്ളയ്ക്കും പിടിച്ചുപറിക്കും കേസെടുക്കുമെന്നു പറഞ്ഞാണ് ഡിജിപിയുടെ സര്‍ക്കുലര്‍. ഇത് ചുമട്ടുതൊഴിലാളി മേഖലയില്‍ പൊലീസിനെ ഇടപെടുവിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിന്റെ തുടക്കമാണെന്ന് സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തൊഴില്‍ ചെയ്യാനുള്ള അവകാശം ഇല്ലാതാക്കുകയും ചുമട്ടുതൊഴിലാളി രംഗത്ത് നിലവിലുള്ള സമാധാനാന്തരീക്ഷം തകര്‍ക്കുകയുമാണ് യുഡിഎഫ് ലക്ഷ്യം. നോക്കുകൂലിക്കെതിരെ ഫെഡറേഷന്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ജോലിചെയ്യാതെ കൂലി ചോദിക്കുന്നതിനും വാങ്ങുന്നതിനും സിഐടിയു എതിരാണ്. ഇതുസംബന്ധിച്ച ക്രിയാത്മകനിര്‍ദേശം തൊഴില്‍ മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗം വിളിക്കുകയും വര്‍ക്കല കഹാര്‍ എംഎല്‍എ ചെയര്‍മാനും കേന്ദ്ര ട്രേഡ്യൂണിയന്‍ പ്രതിനിധികള്‍ അംഗങ്ങളുമായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കമ്മിറ്റി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍,രൂപീകരണത്തിനപ്പുറം ഒന്നും നടന്നില്ല. കമ്മിറ്റി പ്രവര്‍ത്തിക്കാത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും വകുപ്പുമന്ത്രിക്കുമാണ്. നോക്കുകൂലിയില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഹെല്‍പ്പ് ലൈന്‍ രൂപീകരിച്ചതായി കഴിഞ്ഞ ജൂണില്‍ തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള നിയമപ്രകാരം തൊഴിലാളിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനു നല്‍കാം. അന്വേഷണം നടത്താനും പരാതി തെളിഞ്ഞാല്‍ തൊഴിലാളിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും ചെയര്‍മാന് അധികാരമുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് ഇടപെടുന്നത് എ കെ ആന്റണിയുടെ കാലത്ത് കൊണ്ടുവന്ന കരിനിയമത്തിലെ തൊഴിലാളിദ്രോഹവ്യവസ്ഥ മറ്റൊരു രൂപത്തില്‍ അടിച്ചേല്‍പ്പിക്കാനാണ്. സര്‍ക്കുലറിലെ ദ്രോഹവ്യവസ്ഥയുടെ പിതൃത്വം യുഡിഎഫ് സര്‍ക്കാരിനാണെന്നും സുധാകരന്‍ പറഞ്ഞു.
deshabhimani 050512
Subscribe to:
Post Comments (Atom)
No comments:
Post a Comment