Monday, May 21, 2012

എന്നും താങ്ങായത് ഈ പാര്‍ടി


""അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട വേദനയില്‍ നീറി ജീവിക്കുകയാണ് മൂന്നുവര്‍ഷമായി ഞാന്‍. കൊലക്കത്തിക്കിരയായി ഭര്‍ത്താവ് രക്തസാക്ഷിയായപ്പോള്‍ മുപ്പത്തേഴാം വയസില്‍ വിധവയാകേണ്ടിവന്നു. ഉറ്റവര്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന ആരെക്കാളും നന്നായി എനിക്കറിയാം. വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടിയാണല്ലോ പ്രിയപ്പെട്ടവന്‍ രക്തസാക്ഷിയായതെന്നോര്‍ക്കുമ്പോള്‍ ഇന്ന് എനിക്ക് അഭിമാനമാണ്""- ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ പന്തക്കലിനടുത്ത എകരപ്പറമ്പത്ത് വീട്ടില്‍ ഇ പി രവീന്ദ്രന്റെ ഭാര്യ ഷീജയുടെ വേദനയും കണ്ണീരും നിറഞ്ഞ വാക്കുകള്‍.

ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പാര്‍ടിയെയും നേതാക്കളെയും കടന്നാക്രമിക്കാനും സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനും ശ്രമിക്കുന്നവര്‍ ഈ വിധവയുടെ വാക്കുകളും കേള്‍ക്കണം. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ ഇവരുടെ വേദനയും അറിയണം.

പറക്കമുറ്റാത്ത മൂന്നുമക്കളെ ഷീജയുടെ കൈയിലേല്‍പ്പിച്ചാണ് 2009 ജനുവരി 17ന് രവീന്ദ്രന്‍ പോയത്. വര്‍ഷങ്ങള്‍ക്കുശേഷവും ആ ഓര്‍മകളില്‍ ജീവിക്കുകയാണ് ഷീജയും കുടുംബവും. "സിപിഐ എം പന്തക്കല്‍ ബ്രാഞ്ചംഗമായിരുന്നു രവിയേട്ടന്‍. ചായക്കട നടത്തുന്നതിനൊപ്പം പൊതുപ്രവര്‍ത്തനത്തിനും പോയിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ നാട്ടുകാരുടെയാകെ സ്നേഹം പിടിച്ചുപറ്റിയ പാര്‍ടിപ്രവര്‍ത്തകന്‍. ഏതെങ്കിലും കേസിലുള്‍പ്പെട്ടതുകൊണ്ടോ, ആരെയെങ്കിലും ഉപദ്രവിച്ചതുകൊണ്ടോ അല്ല, സിപിഐ എം പ്രവര്‍ത്തകനായി എന്ന ഒറ്റക്കാരണത്താലാണ് അദ്ദേഹത്തെ ആര്‍എസ്എസ്-ബിജെപിക്കാര്‍ കൊലപ്പെടുത്തിയത്". വീടിനുമുന്നിലെ രക്തസാക്ഷികുടീരത്തെ നോക്കി തന്റെ സങ്കടമത്രയും ഉള്ളിലൊതുക്കി ഷീജ പറഞ്ഞു.

കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ഞാനും വളര്‍ന്നത്. തളരാതെ ഇന്നും മുന്നോട്ടുപോകാന്‍ കരുത്ത് നല്‍കുന്നത് ഈ പ്രസ്ഥാനമാണ്. പാര്‍ടിയാണ് അന്നും ഇന്നും ഞങ്ങളുടെ സര്‍വസ്വവും. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരുപാട് ത്യാഗംസഹിച്ചവരാണ് പാര്‍ടി നേതാക്കള്‍. ത്യാഗധനരായ ഈ നേതാക്കളെയാണ് മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ടയാടുന്നത്. ഓരോ കൊലപാതകവും വേദനാജനകമാണ്. കുടുംബത്തിന് മാത്രമല്ല നാടിനും പ്രസ്ഥാനത്തിനുമെല്ലാം അത് തീരാനഷ്ടമാണ്. ഒരുമനുഷ്യജീവനും അരുംകൊലചെയ്യപ്പെടരുതേ എന്ന് പ്രാര്‍ഥിക്കുന്ന സാധാരണസ്ത്രീയാണ് ഞാനും. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഭാര്യ രമയുടെ ദുഃഖം എനിക്ക് മനസിലാവും. വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുന്നതാണിത്. ഇതിന്റെ പേരില്‍ പാര്‍ടിയെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്ന് ഷീജ പറഞ്ഞു.

deshabhimani 210512

1 comment:

  1. ""അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട വേദനയില്‍ നീറി ജീവിക്കുകയാണ് മൂന്നുവര്‍ഷമായി ഞാന്‍. കൊലക്കത്തിക്കിരയായി ഭര്‍ത്താവ് രക്തസാക്ഷിയായപ്പോള്‍ മുപ്പത്തേഴാം വയസില്‍ വിധവയാകേണ്ടിവന്നു. ഉറ്റവര്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന ആരെക്കാളും നന്നായി എനിക്കറിയാം. വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടിയാണല്ലോ പ്രിയപ്പെട്ടവന്‍ രക്തസാക്ഷിയായതെന്നോര്‍ക്കുമ്പോള്‍ ഇന്ന് എനിക്ക് അഭിമാനമാണ്""- ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ പന്തക്കലിനടുത്ത എകരപ്പറമ്പത്ത് വീട്ടില്‍ ഇ പി രവീന്ദ്രന്റെ ഭാര്യ ഷീജയുടെ വേദനയും കണ്ണീരും നിറഞ്ഞ വാക്കുകള്‍.

    ReplyDelete