Monday, May 21, 2012

സഖാക്കളെത്തി, ആത്മവിശ്വാസത്തോടെ പാര്‍ട്ടി കുടുംബങ്ങള്‍

സഖാക്കളെത്തി, ആത്മവിശ്വാസത്തോടെ പാര്‍ടി കുടുംബങ്ങള്‍

ഒഞ്ചിയം: സിപിഐ എമ്മില്‍നിന്ന് രാജിവെച്ചില്ലെങ്കില്‍ നാട് വിട്ടോളണമെന്ന ആര്‍എംപിക്കാരുടെ കൊലവിളിയില്‍ പകച്ചുനിന്ന ഗ്രാമത്തില്‍ ആത്മവിശ്വാസം. ചെങ്കൊടി പ്രസ്ഥാനത്തിന്റെ പിന്തുണയുമായി സഖാക്കളെത്തിയത് വീടൊഴിഞ്ഞ പാര്‍ടി കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഞായറാഴ്ച രാവിലെ മുതല്‍ സിപിഐ എം മുയിപ്ര ബ്രാഞ്ച് ഓഫീസായ എ കെ ജി മന്ദിരത്തില്‍ പാര്‍ടി ക്യാമ്പ് ആരംഭിച്ചു. മാവോയിസ്റ്റ് അക്രമ പ്രതീതിയുണ്ടാക്കിയ ഭീകരതയില്‍ സര്‍വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ പാര്‍ടി നേതാക്കളും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരുമായി തങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും പങ്കവച്ചു. അക്രമികളെ നിലക്കുനിര്‍ത്തി പാര്‍ടി പ്രവര്‍ത്തകരെയും ബന്ധുക്കളെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമായിരുന്നു ക്യാമ്പില്‍ ഉയര്‍ന്നത്.

പാര്‍ടിവിരുദ്ധ സംഘം വിലക്കുകല്‍പ്പിച്ച അടിനിലക്കുനി ജയചന്ദ്രന്റെ ഗൃഹപ്രവേശന ചടങ്ങ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്താന്‍ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു. ഉടുവസ്ത്രം അഴിച്ച് റോഡിലൂടെ നടത്തിക്കുമെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ഗൗരവമായി കാണുന്നില്ല. പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെയാണ് അക്രമമെന്നും ക്യാമ്പിന് നേതൃത്വം നല്‍കിയ ജില്ലാ കമ്മിറ്റിയംഗം വി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ നേതാക്കളായ പാണൂര്‍ തങ്കം, എം എം പത്മാവതി, കെ ശൈലജ, പി സൗദാമിനി, കുട്ടിയമ്മ മാണി, എം നാരായണി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കൊന്നാലും പാര്‍ടി മാറില്ല

ഒഞ്ചിയം: "ഇവിടെ വീണ് ഞാനും മക്കളും മരിച്ചോട്ടെ, പാര്‍ടി മാറില്ല... കൊന്നാലും പാര്‍ടി മാറില്ല. കൊല്ലുന്നേല്‍ അവര്‍ കൊല്ലട്ടെ എന്നിട്ടവരുടെ പാര്‍ടി നന്നാവട്ടെ" -ഓര്‍ക്കാട്ടേരി മുയിപ്രയില്‍ ആര്‍എംപിക്കാരുടെ അക്രമത്തില്‍ വീടുവിട്ട വൃദ്ധമതാവിന്റെ വാക്കുകളാണിത്. അവര്‍ പാര്‍ടി വിട്ട്പോയശേഷം ഞങ്ങള്‍ക്കൊരു സൈ്വര്യവും തന്നിട്ടില്ല. മരിച്ച വീടുകളില്‍പോലും പക്ഷഭേദം കാട്ടും. മുയിപ്രയിലെ പുത്തന്‍പുരയില്‍ നാരായണിയും ഭര്‍ത്താവ് കണാരനും ഒഞ്ചിയത്തെ പാര്‍ടി വിരുദ്ധ സംഘത്തിന്റെ ക്രൂരതകള്‍ വിവരിച്ചു.

ഒന്നുകില്‍ സിപിഐ എമ്മില്‍നിന്ന് രാജി അല്ലെങ്കില്‍ നാട് വിടുക. മാവോയിസ്റ്റ് ഭീകരതയെ ഓര്‍മിപ്പിക്കുന്ന ഭീക്ഷണിയാണ് ഏറാമല, കുന്നുമ്മക്കര, മുയിപ്ര ഭാഗങ്ങളില്‍ ടി പി ചന്ദ്രശേഖരന്റെ വധം മറയാക്കി പാര്‍ടി വിരുദ്ധര്‍ മുഴക്കുന്നത്. "ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം വീട് തകര്‍ത്താല്‍ റോഡില്‍ കിടന്ന് ജീവിക്കും ഭീഷണികൊണ്ടൊന്നും പാര്‍ടിയെ തകര്‍ക്കനാകില്ല" -അക്രമത്തിനിരയായ അടിനിലക്കുനി ബാലനും ഭാര്യയും പറഞ്ഞു.

സൈ്വര ജീവിതത്തിന് അവസരമൊരുക്കണം: ജനാധിപത്യ മഹിളാ അസോസിയേഷന്‍

വടകര: ഏറാമല, മുയിപ്ര, കുന്നുമ്മക്കര ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട് ആര്‍എംപിക്കാര്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം ഭീഷണിപ്പെടുത്തി ഭയവിഹ്വലരാക്കുകയാണ്. പേടികാരണം പരാതി പറയാന്‍പോലും പലരും മടിക്കുന്നു. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യം ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള സമൂഹം ഏറ്റെടുക്കേണ്ടി വരുമെന്ന് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അക്രമത്തിനിരയായവരുടെയും തകര്‍ത്ത വീടുകളിലേതും വേദനാജനകമായ അവസ്ഥയാണ്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അമര്‍ഷവും വേദനയുമുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് സൈ്വര്യമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നും മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ ലതിക എംഎല്‍എ പറഞ്ഞു.

അക്രമികള്‍ അഴിഞ്ഞാടുന്നത് പൊലീസ് ഒത്താശയോടെ

ഒഞ്ചിയം: ഒഞ്ചിയത്തും പരിസരത്തും പാര്‍ടി വിരുദ്ധ സംഘവും യുഡിഎഫും അഴിഞ്ഞാടുന്നത് പൊലീസിന്റെ ഒത്താശയോടെ. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും സഹായിച്ചില്ല. ഗുഡ്സ് ഓട്ടോറിക്ഷയിലാണ് അക്രമത്തിനിരയായവരെ കഴിഞ്ഞ ദിവസം ആശുപത്രിയിലാക്കിയത്. കഴിഞ്ഞദിവസംരാത്രി സിപിഐ എം പ്രവര്‍ത്തകരായ കിടഞ്ഞോത്ത് മധു (32), കാട്ടില്‍പറമ്പത്ത് പ്രദീപന്‍ (42) എന്നിവരാണ് ആദിയൂരില്‍ അക്രമത്തിനിരയായി.തലനാരിഴക്കാണ് മധു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തലക്ക് ഇരുപത്തിനാലോളം തുന്നുണ്ട്.

രാത്രി പത്തോടെയുണ്ടായ സംഭവത്തില്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടും ആരുമെത്തിയില്ല. മാരകായുധങ്ങളുമായായിരുന്നു അക്രമം.നിരോധനാജ്ഞയുണ്ടെങ്കിലും അതൊന്നും ബാധകമല്ലെന്ന വിധം സംഘടിച്ചാണ് അക്രമികളുടെ അഴിഞ്ഞാട്ടം. നിരവധിപേര്‍ ഇവിടെ ദിവസേന മര്‍ദ്ദിക്കപ്പെടുന്നുണ്ട്. കൂടാതെ വീടകളില്‍ കയറി അസഭ്യം പറയല്‍, ഭീഷണി എന്നിവയും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പത്തോളം സിപിഐ എം പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. മലയില്‍ ഗോപാലനെയും അടിനിലംകുനി ജയേന്ദ്രനെയും അക്രമി സംഘം പരിക്കേല്‍പിച്ചിരുന്നു.

സാംസ്കാരിക സംഗമം 22ന്

കോഴിക്കോട്: അപവാദ പ്രചാരണ രാഷ്ട്രീയത്തെ അപലപിക്കുന്നതിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും സാംസ്കാരിക നായകര്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ക്കുമെതിരെ പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി 22ന് വൈകിട്ട് 5ന് ടൗണ്‍ഹാളില്‍ സാംസ്കാരിക സംഗമം സംഘടിപ്പിക്കും. ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്യും.

deshabhimani 210512

1 comment:

  1. സിപിഐ എമ്മില്‍നിന്ന് രാജിവെച്ചില്ലെങ്കില്‍ നാട് വിട്ടോളണമെന്ന ആര്‍എംപിക്കാരുടെ കൊലവിളിയില്‍ പകച്ചുനിന്ന ഗ്രാമത്തില്‍ ആത്മവിശ്വാസം. ചെങ്കൊടി പ്രസ്ഥാനത്തിന്റെ പിന്തുണയുമായി സഖാക്കളെത്തിയത് വീടൊഴിഞ്ഞ പാര്‍ടി കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.

    ReplyDelete