Monday, May 21, 2012

കര്‍ണാടകത്തില്‍ ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ ഭീകരത: കാരാട്ട്

കര്‍ണാടകത്തില്‍ ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഭീകരത അരങ്ങേറുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആദിവാസികള്‍ക്കുനേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ പോരാടുന്നതിനായുള്ള പ്രതിരോധസമിതി രൂപീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.

ഒരു ഭാഗത്ത് പൊലീസും മറുഭാഗത്ത് മാവോയിസ്റ്റുകളും ചേര്‍ന്ന് ആദിവാസികളായ സിപിഐ എം പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കുന്നവരെ കുറ്റക്കാരാക്കുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും സിപിഐ എം ഏറ്റെടുത്ത പോരാട്ടങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നക്സല്‍ ബന്ധം ആരോപിച്ച് ബെല്‍ത്തങ്ങാടിയില്‍ ആദിവാസി വിദ്യാര്‍ഥി വിട്ടല്‍ മലേക്കുടിയയുടെ അറസ്റ്റ്. ഇത്തരം ജനാധിപത്യവിരുദ്ധനീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ആദിവാസി ക്ഷേമനയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. രാജ്യത്തെ എട്ടുകോടിയോളം ആദിവാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാനും ഇവരുടെ അവകാശങ്ങള്‍ നിലനിര്‍ത്താനും സിപിഐ എം പോരാടും. നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മനസ്സുമാറ്റി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുപകരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനുപകരം മാവോയിസ്റ്റ് ബന്ധത്തിന്റെപേരില്‍ നിരപരാധികളെ പീഡിപ്പിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല.

വിട്ടലിന്റെ കാര്യത്തില്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് നടന്നത്. നിയമം അനുശാസിക്കുന്ന അവകാശംപോലും വിട്ടലിന് ലഭിച്ചില്ല. ഭഗത്സിങ്ങിന്റെ പുസ്തകം സൂക്ഷിച്ചതിനും വായിച്ചതിനും ഒരു യുവാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നത് രാജ്യത്തെ ആദ്യസംഭവമാണ്. അറസ്റ്റിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടും. വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കും. ദേശീയോദ്യാനങ്ങളുടെയും മറ്റും മറവില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന സര്‍ക്കാരുകള്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കുവേണ്ടി നിലകൊള്ളുകയാണ്-കാരാട്ട് പറഞ്ഞു. ഞായറാഴ്ച പകല്‍ പത്തിന് മംഗളൂരു സബ്ജയിലില്‍ എത്തിയ കാരാട്ട് വിട്ടലിനെയും അച്ഛന്‍ ലിംഗണ്ണയെയും സന്ദര്‍ശിച്ചു. ഇതിനുശേഷം വിട്ടലിനും ലിംഗണ്ണയ്ക്കും പഴവര്‍ഗങ്ങളും ഷാളും കാരാട്ട് നല്‍കി. സിപിഐ എം ജില്ലാസെക്രട്ടറി ബി മാധവ, കെ ആര്‍ ശ്രീയാന്‍, മുനീര്‍ കാട്ടിപ്പള്ള എന്നിവരും കാരാട്ടിനൊപ്പമുണ്ടായി.
(അനീഷ് ബാലന്‍)

പിന്തുണയുമായി സാറ അബൂബക്കര്‍

മംഗളൂരു: നക്സല്‍ ബന്ധം ആരോപിച്ച് ആദിവാസി വിദ്യാര്‍ഥി വിട്ടല്‍ മലേക്കുടിയയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിരോധ സമിതി രൂപീകരണയോഗത്തില്‍ പ്രമുഖ എഴുത്തുകാരി സാറാ അബൂബക്കറും. വിട്ടലിന്റെ അമ്മ ഹൊണ്ണമ്മ, സഹോദരി രാജീവി എന്നിവരുമായി സംസാരിച്ച സാറ അബൂബക്കറിന്റെ സാന്നിധ്യം യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി.

പുസ്തകം വായിക്കരുതെന്നും അഭിപ്രായം പറയരുതെന്നും നിബന്ധന വയ്ക്കുന്ന ഭരണാധികാരികള്‍ പ്രതികരണശേഷിയുള്ള സമൂഹത്തെ തളര്‍ത്തുകയാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധനടപടികള്‍ അതേപടി അംഗീകരിക്കണമെന്ന നിലപാട് ജനവിരുദ്ധമാണ്. വായ മൂടിക്കെട്ടി ഇരിക്കണമെന്ന സര്‍ക്കാരിന്റെ തീട്ടൂരം അംഗീകരിക്കാന്‍ കഴിയില്ല. വിട്ടലിന്റെ അറസ്റ്റ് ജനാധിപത്യവിരുദ്ധമാണ്. ഇത്തരം ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് എഴുത്തുകാരുടെ കടമയാണ്. ഈ തിരിച്ചറിവില്‍നിന്നാണ് എന്‍ജിഒ ഹാളില്‍ മാനവത വേദികെ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ പങ്കെടുത്തതെന്നും സാറ അബൂബക്കര്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

deshabhimani 210512

1 comment:

  1. കര്‍ണാടകത്തില്‍ ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഭീകരത അരങ്ങേറുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആദിവാസികള്‍ക്കുനേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ പോരാടുന്നതിനായുള്ള പ്രതിരോധസമിതി രൂപീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.

    ReplyDelete