Monday, May 7, 2012

പൊലീസ്, മാധ്യമ പുകമറയില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നു


ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള വ്യഗ്രതക്കിടയില്‍ പൊലീസും ചില മാധ്യമങ്ങളും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നു. പ്രതികളെക്കുറിച്ച് സൂചനയും കൊലയ്ക്ക് ഉപയോഗിച്ച വാഹനവും ലഭിച്ചിട്ടും പൊലീസ് മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളക്കഥ പ്രചരിപ്പിക്കുന്നത് കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കരങ്ങള്‍ പുറത്തുവരാതിരിക്കാനാണെന്ന് വ്യക്തം. പ്രതികള്‍ക്ക് സിപിഐ എം ബന്ധം ആരോപിക്കുന്നതിനായി മാധ്യമങ്ങളില്‍ വരുന്ന കഥകള്‍ പലതും ബാലിശവും പരസ്പര വിരുദ്ധവുമാണ്. രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശത്തിനുസരിച്ച് അന്വേഷണം മൂന്നോട്ടുകൊണ്ടുപോകാന്‍ നിര്‍ബന്ധിതരായ പൊലീസ് പുറത്തുവിടുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ പരിഹാസ്യമാകുന്നു.

സിപിഐ എം സംസ്ഥാന നേതൃത്വം മുതല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഏരിയാകമ്മറ്റികളുംവരെ മാധ്യമങ്ങളുടെ "പ്രതിപ്പട്ടിക"യിലുണ്ട്. കൊന്നത് കണ്ണൂര്‍ സംഘമാണെന്ന് പറയുന്ന മലയാള മനോരമ കൊലചെയ്ത രീതിയിലെ സാമ്യത്തിലൂടെ ചൊക്ലി, പാനൂര്‍ പ്രദേശങ്ങളില്‍നിന്നുള്ളവരാണ് കൊലയാളികളെന്ന നിഗമനത്തിലെത്തുന്നു. വടിവാള്‍ കൊണ്ട് മുഖത്തുവെട്ടി കൊല്ലുന്ന "ചൊക്ലി മോഡ"ലും പത്രം പരിചയപ്പെടുത്തുന്നു. കാര്‍ കണ്ടെത്തിയത് സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലാണെന്ന തലക്കെട്ടിലും മുഴച്ചുനില്‍ക്കുന്നത് ദുഃസൂചന തന്നെ. വടക്കന്‍ കേരളത്തില്‍ ഏത് പ്രദേശത്താണ് സിപിഐ എമ്മിന് ശക്തിയില്ലാത്തത്? കാര്‍ ഉടമ നവീന്‍ദാസ് സിപിഐ എം അനുഭാവിയാണെന്നും മനോരമ നിര്‍ലജ്ജം പറയുന്നു. യഥാര്‍ഥ പ്രതികളെ കണ്ടത്താന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്ന മനോരമ അസംഖ്യം വാര്‍ത്തകളിലൂടെ സിപിഐ എമ്മിനെതിരെ കുറ്റാരോപണം നടത്തുന്നു.

"മാധ്യമ"മാകട്ടെ ഒരുപടികൂടി കടന്ന് കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതില്‍ സിപിഐ എം സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നു. ചൊക്ലി, പാനൂര്‍, വളയം മേഖലയിലുള്ള പ്രതികള്‍ പിടിയിലായെന്നാണ് പ്രധാന വാര്‍ത്ത. സെന്‍ട്രല്‍ ജയിലില്‍ ഗൂഢാലോചന നടന്നുവെന്നും പരോളിലിറങ്ങിയ ഒരാളുടെ മകളുടെ കല്യാണത്തിന് കണ്ണൂര്‍കാരായ രണ്ട് സിപിഐ എം നേതാക്കള്‍ എത്തിയെന്നുമാണ് മറ്റൊരുകഥ. ആരുടെ മകളുടെ കല്യാണം? വന്ന നേതാക്കള്‍ ആരൊക്കെ? അവര്‍ കല്യാണ വീട്ടില്‍ ആരുമായി ഗൂഢാലോചന നടത്തി? ഇതൊന്നും പത്രം പറയുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം, വസ്തുതകള്‍ നേര്‍ക്കുനേര്‍ പറഞ്ഞുപോകാനല്ല താല്‍പര്യം.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പു ചന്ദ്രശേഖരനു വന്ന ഒരു ഫോണ്‍കോളിനെക്കുറിച്ച് "മാതൃഭൂമി" പറയുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പ്രതികളെ കണ്ടെത്തുമെന്ന് പറയുന്ന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അന്വേഷണ വഴികളുടെ സൂക്ഷ്മാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പൊലീസിനെ നിയന്ത്രിക്കുന്നില്ല. ഒഞ്ചിയത്തെ പല സിപിഐ എം നേതാക്കളും സംഭവത്തിനു മുമ്പ് വീടൊഴിഞ്ഞുപോയെന്ന് പറയുന്ന മാതൃഭൂമി ആരുടേയും പേര് പറയുന്നില്ല. കൊലയ്ക്ക് ഉപയോഗിച്ച കാര്‍, സിപിഐ എം തലശേരി താലൂക്ക് ഓഫീസ് പിക്കറ്റ് ചെയ്ത സമയത്ത് പരിസരത്ത് ഉണ്ടായിരുന്നു എന്ന കണ്ടെത്തലും മാതൃഭൂമി നടത്തുന്നു. പുകമറകളില്‍ സത്യത്തെ ഒളിപ്പിക്കാനും സിപിഐ എമ്മിനെ കരിതേക്കാനുമുള്ള ആസൂത്രിത ശ്രമം നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പുവരെ നീളുമെന്നുറപ്പാണ്. കഥകളുടെ കുത്തൊഴുക്ക് സൃഷ്ടിച്ച് യാഥാര്‍ഥ്യം മറയ്ക്കുകയും ചന്ദ്രശേഖരന്റെ കൊലയിലൂടെ രാഷ്ട്രീയ നേട്ടം കൊതിച്ചവരെ നിയമത്തിന്റെ മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയുമാണ് പൊലീസും ഒരു വിഭാഗം മാധ്യമങ്ങളും.
(മനോഹരന്‍ മോറായി)

deshabhimani 070512

1 comment:

  1. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള വ്യഗ്രതക്കിടയില്‍ പൊലീസും ചില മാധ്യമങ്ങളും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നു. പ്രതികളെക്കുറിച്ച് സൂചനയും കൊലയ്ക്ക് ഉപയോഗിച്ച വാഹനവും ലഭിച്ചിട്ടും പൊലീസ് മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളക്കഥ പ്രചരിപ്പിക്കുന്നത് കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കരങ്ങള്‍ പുറത്തുവരാതിരിക്കാനാണെന്ന് വ്യക്തം. പ്രതികള്‍ക്ക് സിപിഐ എം ബന്ധം ആരോപിക്കുന്നതിനായി മാധ്യമങ്ങളില്‍ വരുന്ന കഥകള്‍ പലതും ബാലിശവും പരസ്പര വിരുദ്ധവുമാണ്. രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശത്തിനുസരിച്ച് അന്വേഷണം മൂന്നോട്ടുകൊണ്ടുപോകാന്‍ നിര്‍ബന്ധിതരായ പൊലീസ് പുറത്തുവിടുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ പരിഹാസ്യമാകുന്നു.

    ReplyDelete