Monday, May 7, 2012

പി സി ജോര്‍ജിന്റെ കണ്ണൂര്‍ യാത്ര അന്വേഷിക്കണം: പി ജയരാജന്‍


സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് മൂന്നുമാസംമുമ്പ് കണ്ണൂരിലും തലശേരിയിലും അനൗദ്യോഗികമായി വന്നതെന്തിനെന്ന് അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പഴയബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വന്‍ഗൂഢാലോചന ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നടന്നിട്ടുണ്ട്. സെല്‍വരാജിനെ കോടിക്കണക്കിന് രൂപ നല്‍കി വിലയ്ക്കെടുത്ത ക്വട്ടേഷന്‍ സംഘത്തിന്റെ ലീഡര്‍ പി സി ജോര്‍ജാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല തന്നെ പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിന്‍കര ഉപതരഞ്ഞെടുപ്പിലും സിപിഐ എമ്മിനെ ഞെട്ടിക്കുന്ന ബോംബ് പൊട്ടാന്‍ പോകുന്നുവെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ആ ബോംബാണ് ഒഞ്ചിയത്ത് പൊട്ടിയതെന്ന് സംശയിക്കണം. മൂന്നുമാസംമുമ്പ് ജോര്‍ജ് ഔദ്യോഗികമല്ലാതെ കണ്ണൂരിലും തലശേരിയിലും വന്നത് എന്തിനായിരുന്നു. ആ രഹസ്യകൂടിക്കാഴ്ചയില്‍ ആരൊക്കെയുണ്ടായിരുന്നു. ഏതൊക്കെ ക്വട്ടേഷന്‍ സംഘവുമായാണ് ചര്‍ച്ച നടത്തിയത്.

ചന്ദ്രശേഖരന്റെ മരണശേഷം കോണ്‍ഗ്രസ് നേതാക്കളുടെയും ചിലമാധ്യമങ്ങളുടെയും പ്രതികരണം സംശയകരമാണ്. രാത്രി പത്തിനുശേഷമാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കൊലനടത്തിയത് സിപിഐ എമ്മാണെന്ന് പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് കോഴിക്കോട് പ്രതിനിധിയും ഇതേകാര്യം പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കാറിന്റെ ഉടമ നവീന്‍ദാസ് സിപിഐ എം അനുഭാവിയാണെന്ന് ഒരു മാധ്യമം എഴുതി. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ അടുത്ത ബന്ധുവാണ് നവീന്‍ദാസ്. കാര്‍ വാടകക്കെടുത്ത റഫീഖിന് സിപിഐ എമ്മുമായി ഒരുബന്ധവുമില്ല.

തളിപ്പറമ്പില്‍ സംഘര്‍ഷത്തിനിടെ ലീഗുകാരന്‍ മരിച്ച് 25 ദിവസത്തിനുശേഷം മനോരമയും മാതൃഭൂമിയും വിചാരണ കഴിഞ്ഞു ശിക്ഷവിധിച്ചുവെന്ന് ഒരുപോലെ എഴുതി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് അന്നു പറഞ്ഞത്. അത്തരമൊരു റിപ്പോര്‍ട്ട് പൊലീസ് ഇതുവരെ കോടതിയില്‍ കൊടുത്തിട്ടില്ല. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിക്കുന്നത് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. കണ്ണൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നതും പൊലീസ് പിടികൂടിയപ്പോള്‍ സ്റ്റേഷനില്‍ കുത്തിയിരുന്നതും ജനം മറന്നിട്ടില്ല. സിപിഐ എം നേതാവ് ഇ പി ജയരാജനെ വധിക്കാന്‍ തോക്ക് കൊടുത്ത് ക്വട്ടേഷന്‍ സംഘത്തെ അയച്ചതാരാണെന്നും തെളിഞ്ഞതാണ്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട- പി ജയരാജന്‍ പറഞ്ഞു.

സിപിഐ എമ്മുമായി റഫീഖിന് ബന്ധമില്ല

തലശേരി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ മാധ്യമങ്ങള്‍ സത്യം വളച്ചൊടിക്കുന്നു. കോണ്‍ഗ്രസുകാരനെ സിപിഐ എം പ്രവര്‍ത്തകനാക്കിയും കസ്റ്റഡിയിലുള്ള യുവാവിനെ ഇരട്ടക്കൊലക്കേസ് പ്രതിയാക്കിയും സിപിഐ എമ്മിനെതിരെ അസത്യപ്രചാരണം നടത്തുന്നു. ക്വട്ടേഷന്‍ സംഘം യാത്രക്കുപയോഗിച്ച വാഹനത്തിന്റെ ഉടമ നവീന്‍ദാസ് തലശേരിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണ്. ഇയാളെ മലയാള മനോരമ സിപിഐ എം അനുഭാവിയാക്കി. കസ്റ്റഡിയിലായ പള്ളൂര്‍ സ്വദേശി റഫീഖിനെ മാതൃഭൂമി ഇരട്ടക്കൊലക്കേസ് പ്രതിയാക്കിയും അവതരിപ്പിച്ചു. ആലപ്പുഴ സ്വദേശിയും തലശേരിയിലെ വ്യവസായിയുമായ എ കെ പ്രകാശന്റെ മകളുടെ ഭര്‍ത്താവാണ് നവീന്‍ദാസ്. സിപിഐ എമ്മുമായി ഒരു ബന്ധവും ഇയാള്‍ക്കോ കുടുംബത്തിനോ ഇല്ല. തലശേരി കോട്ടക്കുസമീപം താമസിക്കുന്ന ഇവര്‍ പരമ്പരാഗത കോണ്‍ഗ്രസുകാരാണ്. കേന്ദ്രമന്ത്രി വയലാര്‍ രവി ഉള്‍പ്പെടെയുള്ളവരുമായി അടുപ്പമുള്ളയാളാണ് പ്രകാശന്‍. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് മനോരമ വാര്‍ത്ത. 

നവീന്‍ദാസിനെ ശനിയാഴ്ച ചോദ്യംചെയ്തിരുന്നു. വാടകയ്ക്ക് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. കസ്റ്റഡിയിലുള്ള പള്ളൂരിനടുത്ത കോഹിനൂരിലെ പുത്തലത്ത്വീട്ടില്‍ വായപ്പടച്ചി റഫീഖിനെയാണ് മാതൃഭൂമി ഇരട്ടക്കൊലക്കേസ് പ്രതിയാക്കിയത്. മാഹിപ്പാലത്തിനടുത്ത് രണ്ട് ആര്‍എസ്എസ്- ബിജെപിക്കാര്‍ മരിച്ച കേസിലെ പ്രതിപ്പട്ടികയില്‍ റഫീഖെന്ന പേരില്‍ ആരുമില്ല. സിപിഐ എമ്മുമായി അകന്ന ബന്ധംപോലുമില്ലാത്ത ആളാണ് റഫീഖെന്ന് വ്യക്തമായിട്ടും പത്രങ്ങള്‍ക്ക് അതു വിഷയമല്ല. അന്വേഷണം പൂര്‍ത്തിയാവും മുമ്പ് വിധികല്‍പിക്കുകയാണ് യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും ചെയ്തത്. അടുത്തിടെ, പെട്ടിപ്പാലത്ത് നഗരസഭയുടെ ലോറി കത്തിച്ചപ്പോഴും കുറ്റം സിപിഐ എമ്മിനും നഗരസഭക്കുമായിരുന്നു. പൊലീസ് അന്വേഷിച്ചപ്പോള്‍ മുസ്ലിംലീഗ് നേതാവ് പി സി റിസാലിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്എസ്-ബിജെപി ക്വട്ടേഷന്‍ സംഘമാണ് ലോറി കത്തിച്ചതെന്ന് തെളിഞ്ഞു.

deshabhimani 070512

1 comment:

  1. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് മൂന്നുമാസംമുമ്പ് കണ്ണൂരിലും തലശേരിയിലും അനൗദ്യോഗികമായി വന്നതെന്തിനെന്ന് അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പഴയബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete