മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ പരാതി പറഞ്ഞത് സരിത ഉടന്‍ അറിഞ്ഞെന്ന് മാത്യു പീപ്പിള്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞു. പൊലീസ് അറസ്റ്റുചെയ്തശേഷവും സരിത തന്നെ വിളിച്ചതായി മാത്യു പറഞ്ഞു. ചെന്നൈയില്‍ 14 മെഗാവാട്ട് കാറ്റാടിപ്പാടവും പാലക്കാട്ട് ഒരു മെഗാവാട്ട് സൗരോര്‍ജപ്ലാന്റും സ്ഥാപിക്കാമെന്നു വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ഡീലര്‍ഷിപ്പും വാഗ്ദാനം ചെയ്തു. വൈദ്യുതി കെഎസ്ഇബിക്ക് നല്‍കാമെന്നും വിശ്വസിപ്പിച്ചു. ലക്ഷ്മി നായര്‍ എന്ന പേരിലാണ് തന്നെ പരിചയപ്പെട്ടത്. തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായതോടെയാണ് സഹായം തേടി മുഖ്യമന്ത്രിയെ ചെന്നുകണ്ടത്. ഒരേ പള്ളിയില്‍ പോകുന്നവരെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഭാര്യയുമായും പരിചയമുണ്ട്. സരിത എസ് നായരെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവരുടെ ഫോട്ടോ കാണിച്ചുകൊടുത്തെങ്കിലും മുഖ്യമന്ത്രിയും ഭാര്യയും അവരെ അറിയില്ലെന്ന് ആവര്‍ത്തിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ജീവനക്കാരന്‍ ഫോട്ടോയിലുള്ള സ്ത്രീയെ അറിയാമെന്നും പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുമായും എംഎല്‍എമാരുമായും നല്ല ബന്ധമുണ്ടെന്ന് സരിത വിശ്വസിപ്പിച്ചതിനാലാണ് മുഖ്യമന്ത്രിയെ നേരിട്ടുകണ്ടത്. പലപ്പോഴായി തന്റെ ഓഫീസില്‍ വന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരെയും ചില മന്ത്രിമാരെയും സരിത ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. പല മന്ത്രിമാരെയും വിളിച്ച ഫോണ്‍ നമ്പര്‍ കാണിച്ചുതരാറുണ്ടായിരുന്നു. സ്വകാര്യവിഷയമായതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.
പരാതി എഴുതിത്തന്നാല്‍ ഡിജിപിക്ക് നല്‍കാമെന്നും പറഞ്ഞു. മന്ത്രിസഭയെ തന്നെ താഴെയിറക്കാന്‍ കഴിവുള്ള ആളാണ് താനെന്ന് പറഞ്ഞാണ് സരിത ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെ താന്‍ പോയി കണ്ടവിവരം എങ്ങനെ സരിത അറിഞ്ഞെന്ന് ചോദിച്ചപ്പോള്‍ ഈസ്റ്റര്‍ ആശംസിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് സരിത തന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ആര്‍ ബി നായര്‍ എന്നയാളുമായി തന്നെ വന്നുകണ്ട് പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി മെയ് 25ന് ചെന്നൈയില്‍ പോകണമെന്നും പറഞ്ഞു. രണ്ടുപേര്‍ക്കുമുള്ള ടിക്കറ്റും ബുക്ക് ചെയ്തു. കെ ബി ഗണേശ്കുമാറും സരിതയുമായുള്ള ബന്ധം സരിതയില്‍ നിന്നും അവരുടെ ഡ്രൈവര്‍മാരില്‍ നിന്നും അറിയുന്നതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ ഗണേശനെയും പോയി കണ്ടിരുന്നു- ടി സി മാത്യു പറഞ്ഞു. മാത്യുവിന്റെ പരാതി എഡിജിപിക്ക് കൈമാറിയതായി മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
deshabhimani
No comments:
Post a Comment