ബുധനാഴ്ചത്തെ ഹര്‍ത്താലിന്റെ സമ്പൂര്‍ണവിജയത്തിലൂടെ കേരളം കണ്ടത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണത്തിന്റെ ജീര്‍ണസംസ്കാരത്തിനെതിരായ പൊതുജനവികാരമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഹ്വാനപ്രകാരമുള്ളതായിരുന്നു ഹര്‍ത്താല്‍. എന്നാല്‍, അതു വിജയിപ്പിക്കാന്‍ സഹകരിക്കേണ്ടത് കേരളത്തിലെ പൊതുജീവിതത്തില്‍ ശ്രദ്ധ നിലനിര്‍ത്താനാഗ്രഹിക്കുന്ന എല്ലാവരുടെയും കടമയാണ് എന്ന നിലയ്ക്കാണ് ഭേദചിന്തകള്‍ക്കതീതമായി കേരളജനത പ്രതികരിച്ചത്.
ഐക്യകേരളം രൂപപ്പെടുത്തുമ്പോള്‍ അതിന് മുന്‍നിന്നു പ്രവര്‍ത്തിച്ച മഹാന്മാരുടെ മനസ്സില്‍ ഭാവികാല കേരളത്തെക്കുറിച്ചുള്ള മഹത്തരങ്ങളായ സ്വപ്നങ്ങളുണ്ടായിരുന്നു. സംശുദ്ധമായ രാഷ്ട്രീയമൂല്യങ്ങളിലൂടെ സമസ്തതലങ്ങളിലും രാജ്യത്തിന് മാതൃകയായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഒരു കേരളം. ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വകതരുന്ന ചൈതന്യവത്തായ ഒരു രാഷ്ട്രീയ സംസ്കാരം. അതിലൂടെ സാമൂഹ്യ- സംസ്കാരിക- സാമ്പത്തിക മണ്ഡലങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കേരളം. ആ സംസ്കാരത്തെയും അത് മുന്‍നിര്‍ത്തി ഇടയ്ക്കിടെയുണ്ടാക്കിയ നേട്ടങ്ങളെയും ആകെ തകര്‍ത്തെറിഞ്ഞുകൊണ്ട് ജീര്‍ണതയുടെ പാതാളക്കുണ്ടിലേക്ക് കേരളത്തെ താഴ്ത്തുന്ന ഒരു ഭരണത്തിനാണ് കേരളീയര്‍ ഇന്ന് ഇരയായിക്കൊണ്ടിരിക്കുന്നത്. അഴിമതിക്കും സ്വാര്‍ഥലാഭത്തിനും സ്വജനപക്ഷപാതത്തിനും വേണ്ടിയുള്ള സംവിധാനമായി ഭരണത്തെ അധഃപതിപ്പിച്ചിരിക്കുന്നു. മന്ത്രിസഭ ഒരു തട്ടിപ്പുകമ്പനിയായി തരംതാഴ്ന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആ കമ്പനിയുടെ ആസ്ഥാനമായിരിക്കുന്നു. മുഖ്യമന്ത്രി തന്നെ ആ തട്ടിപ്പുസംവിധാനത്തിന്റെ രക്ഷാധികാരിയായിരിക്കുന്നു.
അര്‍ധരാത്രി സൂര്യനുദിച്ചാലെന്നപോലെ ഈ ഭരണ നേതൃത്വം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇതിലുള്ള വെപ്രാളത്തില്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നേര്‍ക്ക് പൊലീസിന്റെ വേട്ടപ്പട്ടികളെ അഴിച്ചുവിട്ട് സ്വയം രക്ഷപ്പെടാന്‍ മന്ത്രിസംഘം ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആസ്ഥാനമായി, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഏജന്റുമാരായി, മന്ത്രിമാര്‍ ആശീര്‍വാദകരായി, മുഖ്യമന്ത്രി തന്നെ മുഖ്യകാര്‍മികനായി ഇത്രയേറെ വ്യാപ്തിയുള്ള ഒരു തട്ടിപ്പ് നടന്ന ചരിത്രം കേരളത്തിലെന്നല്ല, ഇന്ത്യയിലെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തുപോലുമില്ല. മുഖ്യമന്ത്രിതന്നെ, കൊലയാളിയായ തട്ടിപ്പുസംഘത്തലവനുമായി രഹസ്യചര്‍ച്ച നടത്തുന്നു. ആഭ്യന്തരമന്ത്രി തന്നെ, പ്രതിയെ രക്ഷപ്പെടുത്തിയയക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത കൂട്ടുപ്രതിയെ ആവോളം സംരക്ഷിക്കുകയും നിവൃത്തിയില്ലാതെ വന്ന ഘട്ടത്തില്‍ കോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റു ചെയ്യേണ്ടി വന്നപ്പോഴും പരിരക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പൊലീസിനെ നിയോഗിക്കാതെ മറ്റൊരു കൂട്ടുപ്രതിക്ക് ആശുപത്രിയില്‍ നിന്നിറങ്ങി ഒളിവില്‍ പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു. നിരവധി മന്ത്രിമാരും ഭരണരാഷ്ട്രീയ നേതാക്കളുംതട്ടിപ്പുസംഘത്തിലെ സ്ത്രീകളുടെ ആകര്‍ഷണവലയത്തില്‍ സ്വയം മറന്ന് കറങ്ങിനടന്നവരാണെന്നും വന്നിരിക്കുന്നു. ഭരണം തട്ടിപ്പുകാര്‍ക്കും വ്യഭിചാരികള്‍ക്കും തിന്നുകൊഴുക്കാനും സ്വയം സംരക്ഷണവലയം തീര്‍ത്തെടുക്കാനുമുള്ളതാണെന്ന് വന്നിരിക്കുന്നു. മുഖ്യമന്ത്രി തന്നെ സിആര്‍പിസി 164-ാം വകുപ്പുപ്രകാരമുള്ള മൊഴിയിലൂടെ പ്രതിക്കൂട്ടിലാകുകയും പൊലീസിന്റെ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും വിധേയനാകേണ്ട നിലയിലാകുകയും ചെയ്തിരിക്കുന്നു. ധാര്‍മികമായി പണ്ടേ രാജിവച്ചുപോകേണ്ടിയിരുന്ന ഇവര്‍ നിയമപരമായികൂടി അധികാരമൊഴിയാന്‍ ബാധ്യസ്ഥരാകുന്ന നില വന്നിരിക്കുന്നു. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണിവര്‍. അധികാരത്തിന്റെ പരിച ഉപയോഗിച്ച് നീതിന്യായ പ്രക്രിയയുടെ ഗതിയെ പ്രതിരോധിക്കാമെന്ന് ഇവര്‍ കരുതുന്നുണ്ടാകണം. അധികാരം പോയാല്‍ അടുത്ത ദിവസം കാരിരുമ്പഴികള്‍ക്കുള്ളിലാകും തങ്ങള്‍ എന്ന് ഇവര്‍ ഭയക്കുന്നുണ്ടാകണം. ഇതൊക്കെ അവരുടെ കാര്യം. എന്നാല്‍, കേരളീയരുടെ താല്‍പ്പര്യമല്ല അത്. ഏതു കേരളീയനും ഈ മന്ത്രിസഭയെയും അതിന്റെ ദുഷ്ചെയ്തികളെയും കൊണ്ട് അപമാനഭാരത്താല്‍ തല താഴ്ത്തി നില്‍ക്കുകയാണ്. കേരളത്തിന്റെ യശ്ശസ്സുകൂടി കളങ്കപ്പെടുത്തുകയാണ് കുറ്റവാളികളുടെ ഈ ചെങ്കോല്‍ നടത്തിപ്പ്. ഈ അപമാനം കേരളത്തിന്റെ തലയില്‍നിന്ന് ഒഴിഞ്ഞേ പറ്റൂ. ഈ ദൃഢനിശ്ചയമാണ് ഹര്‍ത്താലിന്റെ സമ്പൂര്‍ണ വിജയത്തില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രി ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കവെ, താന്‍ ഒന്നും മാറ്റിപ്പറഞ്ഞില്ലെന്ന് ആവര്‍ത്തിച്ചു. അപ്പോള്‍ ബിജുവിനെ കണ്ടില്ലെന്നു പറഞ്ഞതോ? സരിതയെ ദല്‍ഹിയില്‍ കണ്ടിട്ടില്ലെന്നു പറഞ്ഞതോ? ജൂലൈ 9ന് ശ്രീധരന്‍നായരെ ക്വാറി ഉടമകള്‍ക്കൊപ്പമല്ലാതെ കണ്ടിട്ടില്ലെന്നു പറഞ്ഞതോ? ഇതൊന്നും സത്യമല്ലായിരുന്നെന്ന് പിന്നീട് തെളിയുകയായിരുന്നില്ലേ? സത്യത്തെ മുഖ്യമന്ത്രി എന്തിനാണ് ഈ വിധം ഓരോ ഘട്ടത്തിലും ഭയപ്പെട്ടത്? ക്രിമിനല്‍ പ്രൊസീജ്വര്‍ കോഡിന്റെ 164-ാം വകുപ്പ് പ്രകാരമുള്ള മൊഴി രേഖപ്പെടുത്തപ്പെട്ടാല്‍ അതില്‍ ആരോപിതനായി നില്‍ക്കുന്നയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസ് ബാധ്യസ്ഥമാണ്. മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന വ്യക്തിക്കെതിരെ അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിലുള്ള പൊലീസിന് എങ്ങനെ നീതിപൂര്‍വകമായി ആ അന്വേഷണം നടത്താനാകും? അക്കാര്യം മുന്‍നിര്‍ത്തിയെങ്കിലും ഒഴിവാക്കേണ്ടതല്ലേ ആ മുഖ്യമന്ത്രിസ്ഥാനം? ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രിക്കസേര വിടാതിരിക്കുന്നത് അതുപയോഗിച്ചുവേണം തനിക്ക് കേസില്ലാതാക്കാനും തെളിവ് നശിപ്പിച്ച് കുറ്റവിമുക്തനാകാനും എന്നതുകൊണ്ടാണെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
ഏത് മാര്‍ഗവുമുപയോഗിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നയാളല്ല എന്ന അലങ്കാരപ്രയോഗം കൊണ്ട് മറയ്ക്കാനാകുന്നതല്ല, മുഖ്യമന്ത്രി അധാര്‍മികമായും നിയമവിരുദ്ധമായും അധികാരത്തില്‍ കടിച്ചുതൂങ്ങുക തന്നെയാണെന്ന യാഥാര്‍ഥ്യം. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നതുകൊണ്ടാണ് ഹര്‍ത്താല്‍ വന്‍വിജയമായത്. ഇത് ജനങ്ങള്‍ മനസ്സിലാക്കുന്നതുകൊണ്ടാണ് സ്വയമേവ ജനങ്ങള്‍ സമരരംഗത്തേക്ക് വരുന്നത്.
പ്രതിപക്ഷ നേതാക്കളുടെ പ്രധാന വേദിയിലേക്കുപോലും ഗ്രനേഡ് എറിഞ്ഞും പ്രതിഷേധിക്കുന്നവരെയാകെ ഭീകരമാംവിധം മര്‍ദിച്ചൊതുക്കിയും ഒരു ഭരണാധികാരിക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും? ജനാധിപത്യവിരുദ്ധമായി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിന് ചരിത്രത്തിലില്ലാത്തവിധം ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് മുഖ്യമന്ത്രി. അതിനെതിരായ പ്രതിഷേധത്തിന്റെ സമരാഗ്നിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കേരളമാകെ ജ്വലിച്ചത്. അത് മുന്നോട്ടുവയ്ക്കുന്ന പാഠം, പക്ഷേ മുഖ്യമന്ത്രിക്കു മനസ്സിലാകുന്നതല്ല. കാരണം, അധികാരപരിരക്ഷയില്‍ മാത്രമണല്ലോ അദ്ദേഹത്തിന്റെ മനസ്സ് ഇപ്പോള്‍ വ്യാപരിക്കുന്നത്.
deshabhimani editorial
No comments:
Post a Comment