Wednesday, July 10, 2013

മുഖ്യമന്ത്രിക്ക് സരിത ചെക്ക് നല്‍കിയതിനും തെളിവ്

സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ പറയുന്ന 2012 ജൂലൈ ഒമ്പതിന് സരിതയുടെ സ്ഥാപനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നല്‍കിയതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു.

തന്നോടൊപ്പം മുഖ്യമന്ത്രിയെകണ്ട സരിത രണ്ടുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കിയതായി ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്ന നിയമസഭയിലെ ചോദ്യോത്തരമായി മുഖ്യമന്ത്രിയില്‍ നിന്നുതന്നെ ഉണ്ടായി. സഭ പിരിഞ്ഞ ചൊവ്വാഴ്ച എ കെ ബാലന് രേഖാമൂലം നല്‍കിയ മറുപടിയിലാണ്  ശ്രീധരന്‍ നായര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിവെക്കുന്ന വിവരമുള്ളത്.

ടീം സോളാറിന്റെ  ജൂലൈ 10 തീയതിവെച്ചിരുന്ന ചെക്ക് ബാങ്കില്‍ നല്‍കിയപ്പോള്‍ പണമില്ലാതെ മടങ്ങിയെന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലുണ്ട്. ശ്രീധരന്‍ നായര്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെകണ്ടു എന്ന മൊഴിക്ക് കുടുതല്‍ സ്ഥിരീകരണം നല്‍കുന്നതാണ് സഭയില്‍ നല്‍കിയ ഉത്തരമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.ജൂലൈ ഒമ്പതിന് രാത്രിയായിരുന്നു സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നത്. ചെക്കിലെ തീയതി 10 ആയത് ഇതിനാലാണ്.

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ചെക്കുകളില്‍ ഇത് മാത്രമാണ് മടങ്ങിയതെന്നും മറുപടിയിലുണ്ട്.

ശ്രീധരന്‍ നായര്‍ക്കൊപ്പം സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടു

തിരു: ശ്രീധരന്‍ നായര്‍ക്കൊപ്പം സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടിരുന്നെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ്. ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിലാണ് ശെല്‍വരാജിന്റെ വെളിപ്പെടുത്തലുള്ളത്. വാര്‍ത്ത എങ്ങനെ വന്നെന്ന് തനിക്ക് അറിയില്ലെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ശെല്‍വരാജ് പറഞ്ഞെങ്കിലും പത്രം വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണ്.

തങ്ങളെ കാണും മുന്‍പ് മുഖ്യമന്ത്രി ആര്‍ ശെല്‍വരാജുമായി സംസാരിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ശെല്‍വരാജിന്റെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് പ്രതിനിധിയായി നിയമസഭയിലെത്തിയ ശെല്‍വരാജിനെ യുഡിഎഫ് ചാക്കിട്ട് പിടിച്ച് രാജിവെപ്പിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.

deshabhimani

No comments:

Post a Comment