Monday, July 1, 2013

കേരളത്തിലെ ഏക ഡീസല്‍ ലോക്കോഷെഡ് പൂട്ടാന്‍ നീക്കം

കേരളത്തിലെ ഏക ഡീസല്‍ ലോക്കോ ഷെഡ് അടച്ചുപൂട്ടാന്‍ നീക്കം. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഷെഡ് പൂട്ടി ഈറോഡിലെ ഷെഡ്ഡിനെ സഹായിക്കാനുള്ള തമിഴ്ലോബിയുടെ താല്‍പ്പര്യമാണ് ഇതിനുപിന്നിലെന്ന് ആരോപണം ശക്തമാണ്. ഡീസല്‍ എന്‍ജിനുകള്‍ സൂക്ഷിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും ലോക്കോ ഷെഡ്ഡിലാണ്. 1981ല്‍ പ്രവര്‍ത്തനമാരംഭിച്ച ലോക്കോ ഷെഡ്ഡില്‍ മുന്നൂറിലധികം തൊഴിലാളികളാണുള്ളത്. എറണാകുളത്ത് ഇപ്പോള്‍ 52 ഡീസല്‍ എന്‍ജിനുണ്ട്. ഭൂരിഭാഗം പാതകളും വൈദ്യുതീകരിച്ചതോടെ കേരളത്തിലെ ഡീസല്‍ ലോക്കോ ഷെഡ്ഡിന് പ്രാധാന്യമില്ലെന്നാണ് ബോര്‍ഡിന്റെ വാദം.

എന്നാല്‍ തമിഴ്നാട്ടിലെ ഈറോഡിലും തിരുച്ചിറപ്പള്ളിയിലും ഡീസല്‍ ലോക്കോ ഷെഡ്ഡുകളോടൊപ്പം ഇലക്ട്രിക് ലോക്കോ ഷെഡ്ഡുകളുമുണ്ട്. കേരളത്തില്‍ ഇലക്ട്രിക് ഷെഡ്ഡില്ല. ഡീസല്‍ ലോക്കോ ഷെഡ് നിലനിര്‍ത്തി കേരളത്തില്‍ ഇലക്ട്രിക് ലോക്കോ ഷെഡ് സ്ഥാപിക്കാവുന്നതാണ്. കേരളത്തിലേക്കുള്ള ഇലക്ട്രിക് എന്‍ജിനുകള്‍ ഇപ്പോള്‍ ഈറോഡിലെ ലോക്കോ ഷെഡ്ഡില്‍നിന്നാണ് എത്തുന്നത്. മംഗലാപുരം, കൊങ്കണ്‍ ഭാഗത്തേക്കും ഈറോഡില്‍നിന്ന് ഡീസല്‍ എന്‍ജിന്‍ കൊണ്ടുവന്ന് ഓടിക്കുകയാണ്. ഇത് എറണാകുളം ഡീസല്‍ ഷെഡ്ഡിന്റെ പ്രധാന്യം കുറയ്ക്കുന്നു. എറണാകുളത്തുനിന്ന് 20 എന്‍ജിനുകളാണ് ഇപ്പോള്‍ കൊങ്കണ്‍ ഭാഗത്തേക്ക് ഉപയോഗിക്കുന്നത്. മംഗളാ എക്സ്പ്രസിനും ടീ ഗാര്‍ഡന്‍ എക്സ്പ്രസിനും വേണ്ട എന്‍ജിന്‍ എറണാകുളം ഷെഡ്ഡില്‍നിന്നാണ് നല്‍കിയിരുന്നത്. ഇതും കുറച്ചുകാലമായി ഈറോഡില്‍നിന്നുമാണ് എത്തിക്കുന്നത്. ഈറോഡ് ഷെഡ് നിലനിര്‍ത്തി എറണാകുളം ഷെഡ് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. തമിഴ്നാട്ടില്‍ മൂന്ന് ഡീസല്‍ ലോക്കോ ഷെഡ് ഉള്ളപ്പോഴാണ് കേരളത്തിലെ ഏക ഷെഡ് ഇല്ലതാക്കാനുള്ള നീക്കം.

തിരുവനന്തപുരം ഡിവിഷനില്‍ കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍സിലേക്കുള്ള പാതയില്‍ ഡീസല്‍ എന്‍ജിന്‍ ആണ് ഉപയോഗിക്കുന്നത്. പാലക്കാട് ഡിവിഷനില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലും കോഴിക്കോട്-മംഗലാപുരം കൊങ്കണ്‍ പാതയിലും ഡീസല്‍ എന്‍ജിനാണ്. എറണാകുളം ഡീസല്‍ ലോക്കോ ഷെഡാണ് ഇവയ്ക്കെല്ലാം ഏറ്റവും അടുത്തുള്ളത്. ഇത് ഇല്ലാതായാല്‍ ഈറോഡിനെ ആശ്രയിക്കേണ്ടിവരും. വൈദ്യുതിലൈനുകളില്‍ മരം വീഴുകയോ മറ്റ് തകരാറുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഡീസല്‍ എന്‍ജിനേ സംഭവസ്ഥലത്ത് എത്താനാകു. അപകടസ്ഥലങ്ങളില്‍ എത്താനും ഡീസല്‍ എന്‍ജിനാണ് അഭികാമ്യം. എറണാകുളം ഡീസല്‍ ലോക്കോ ഷെഡ് പൂട്ടിയാല്‍ 300 കിലോമീറ്റര്‍ അകലെയുള്ള ഈറോഡ് ഷെഡ്ഡില്‍നിന്ന് എന്‍ജിന്‍ എത്താന്‍ കാത്തിരിക്കണം.
(ദിലീപ് ഡൊമിനിക്)

deshabhimani

No comments:

Post a Comment