മുരിയാട് കനാല്‍ നിര്‍മാണ കരാറുകാരനെ തോമസ് ഉണ്ണിയാടന്‍ എംഎല്‍എ വഴിവിട്ട് സഹായിച്ചെന്ന കേസില്‍ സമഗ്രാന്വേഷണം നടത്താനുള്ള ഉത്തരവ് യുഡിഎഫിന് തിരിച്ചടിയാകുന്നു. തൃശൂര്‍ വിജിലന്‍സ് ബ്യൂറോയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടത്.
മുരിയാട് കനാല്‍ നിര്‍മാണ കരാറുകാരനും ഭാര്യാബന്ധുവുമായ ടി ആര്‍ കുര്യനെയാണ് ഉണ്ണിയാടന്‍ സഹായിച്ചത്. വിവിധ ഘട്ടങ്ങളില്‍ പൂര്‍ത്തീകരിക്കേണ്ട അഞ്ചു പ്രവൃത്തിയ്ക്കാണ് കുര്യന്‍ കരാറെടുത്തിരുന്നത്. യഥാസമയം പണി പൂര്‍ത്തിയാക്കാതിരുന്ന ഇയാളെ 96ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ എംഎല്‍എയുടെ സ്വാധീനത്തില്‍ വീണ്ടും കരാര്‍ നല്‍കി. 2003 മാര്‍ച്ചില്‍ പണി പൂര്‍ത്തികരിക്കണമെന്ന നിബന്ധനയില്‍ പണവും മുന്‍കൂര്‍ അനുവദിച്ചു. പണം കൊടുക്കാന്‍ ബാങ്ക് ഗ്യാരണ്ടി വേണമെന്ന വ്യവസ്ഥയും ഇയാള്‍ക്കായി ഒഴിവാക്കി. പണം മുന്‍കൂര്‍ കൊടുക്കുന്നതിന് കെഎല്‍ഡിഎ അംഗമായിരുന്ന മുരളി പെരുനെല്ലിയും അന്നത്തെ കലക്ടര്‍ വി എം ഗോപാലമേനോനും എതിര്‍ത്തു. ഇതിനിടെ രണ്ടു ഘട്ടമായി 75 ലക്ഷം രൂപ കുര്യന്‍ കൈപ്പറ്റി. ആദ്യം കിട്ടിയ 35 ലക്ഷംകൊണ്ട് പുത്തൂര്‍, ആമ്പല്ലൂര്‍ വില്ലേജുകളില്‍ നിലം കുറഞ്ഞ വിലയ്ക്ക് വാങ്ങി മുദ്രപ്പത്രവില കൂട്ടിക്കാണിച്ചു. പിന്നീടു വാങ്ങിയ 40 ലക്ഷത്തിന് വസ്തുഗ്യാരണ്ടിയായി ഈ നിലമാണ് കാണിച്ചത്.
2005ല്‍ പണി തുടങ്ങിയെന്നുവരുത്തി മുന്‍കൂര്‍ പറ്റിയ പണംകൊണ്ട് നാട്ടിലെ കടബാധ്യത തീര്‍ത്ത് ഇയാള്‍ സൗദിയിലേക്ക് കടന്നു. ഈ ഘട്ടത്തില്‍ സിപിഐ എം നേതൃത്വത്തില്‍ ഉണ്ണിയാടന്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചും പോസ്റ്റര്‍ പ്രചാരണവും നടത്തിയിരുന്നു. കരാറുകാരന് പണം കൊടുത്തതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും എംഎല്‍എ എന്ന നിലയ്ക്ക് അനൗദ്യോഗിക അംഗം മാത്രമാണെന്നും കാണിച്ച് ഉണ്ണിയാടന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ചന്ദ്രനെതിരെ അപകീര്‍ത്തികേസ് ഫയല്‍ചെയ്തു. ഇതിനിടെ 2003ല്‍ പൊറത്തിശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം പി രാജു സംഭവത്തില്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് ആദ്യം അന്വേഷണം നടന്നത്.
കെഎല്‍ഡിഎ ചട്ടപ്രകാരം ഫണ്ട് ലഭ്യമാക്കുന്നതിലും അനുവദിക്കുന്നതിലും പണിയുടെ മേല്‍നോട്ടം വഹിക്കുന്നതിലും നിര്‍വഹണം ഉറപ്പാക്കുന്നതിലും എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഇത് ഗൗനിക്കാതെയാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രാഥമികാന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇതിനിടെ ഹൈക്കോടതി വിജിലന്‍സിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പരാതി കൊടുത്ത പൊറത്തിശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം പി രാജുവിന്റെ മൊഴിമാത്രമാണ് വിജിലന്‍സ് അന്നെടുത്തത്. മറ്റ് പ്രതികളുടേയോ സാക്ഷികളുടേയോ മൊഴിയെടുക്കാന്‍പോലും തയ്യാറായില്ല. 2007ല്‍ നാട്ടില്‍ തിരിച്ചെത്തിയ കരാറുകാരന്‍ സര്‍ക്കാരില്‍നിന്ന് വാങ്ങിയ 75 ലക്ഷം ബാങ്ക് പലിശയോടെ തിരിച്ചടച്ച് തടിയൂരാന്‍നോക്കി. സര്‍ക്കാര്‍ പണം കൊണ്ട് കടംവീട്ടി വിദേശത്തുപോയി തിരിച്ചെത്തിയശേഷം പലിശസഹിതം മുതല്‍ തിരിച്ചടയ്ക്കുകയായിരുന്നു. കനാല്‍ നിര്‍മാണം താളം തെറ്റിയതും തുടര്‍ന്നുണ്ടായ കൃഷിക്കാരുടെ കഷ്ടനഷ്ടങ്ങളും പരിഗണിക്കപ്പെട്ടില്ല. പുതിയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചതോടെ അഴിമതിയില്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എയുടെ പങ്ക് പുറത്തുവരുമെന്നാണ് കരുതുന്നത്.
(എന്‍ രാജന്‍)
deshabhimani
No comments:
Post a Comment