Monday, May 12, 2014

വീണ്ടും 1000 കോടി കടംവാങ്ങും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവെ സംസ്ഥാനം വീണ്ടും 1000 കോടി രൂപ കടമെടുക്കുന്നു. ഈ മാസം അവസാന ആഴ്ചയില്‍ 1000 കോടിയുടെ കടപ്പത്രംകൂടി ഇറക്കാനാണ് തീരുമാനം. 27ന് റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം വരും.

സാമ്പത്തികവര്‍ഷത്തിലെ രണ്ടുമാസം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കടമെടുപ്പ് 3000 കോടിയാകുന്ന അസാധാരണ നടപടിക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്്. ഏപ്രില്‍ ഒമ്പതിന് 1000 കോടിയുടെ കടപ്പത്രമിറക്കിയിരുന്നു. 2000 കോടിയുടെ അനുമതിയാണ് തേടിയത്. റിസര്‍വ് ബാങ്ക് 1000 കോടിയേ അംഗീകരിച്ചുള്ളൂ. തുടര്‍ന്ന് 22ന് വീണ്ടും 1000 കോടിയുടെ കടപ്പത്രമിറക്കി. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി 13,500 കോടിയാണ്.

അതിനിടെ, സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പും അവതാളത്തിലായി. കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിന് ആവശ്യമായ സംസ്ഥാനവിഹിതം അനുവദിക്കാത്തതാണ് കാരണം. ഇതുമൂലം കേന്ദ്രപദ്ധതികളിലെ അടുത്ത വിഹിതം സംസ്ഥാനത്തിന് ലഭിക്കാന്‍ സാധ്യതയില്ല.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതത്തിന് ബജറ്റില്‍ വകയിരുത്തലുണ്ട്. സാമ്പത്തികപ്രതിസന്ധിമൂലം ഈ തുക അനുവദിക്കുന്നില്ല. 600 കോടിയില്‍പ്പരം രൂപ ഇപ്പോള്‍ സംസ്ഥാനം നീക്കിവച്ചാലേ കേന്ദ്രത്തില്‍നിന്നുള്ള അടുത്ത വിഹിതം ലഭിക്കൂ. വര്‍ഷാദ്യംതന്നെ കേന്ദ്രപദ്ധതികളുടെ ആദ്യവിഹിതം കിട്ടേണ്ടതാണ്. ഈ വര്‍ഷം ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ ആദ്യഗഡുമാത്രമാണ് ലഭിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ (എന്‍എച്ച്ആര്‍എം), സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്്എ), രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ), ഉച്ചഭക്ഷണ വിതരണപദ്ധതി, കുട്ടനാട്-ഇടുക്കി പാക്കേജുകള്‍ തുടങ്ങി സംസ്ഥാനവിഹിതം ആവശ്യമായ എല്ലാ പദ്ധതികളും അവതാളത്തിലാകും.

സംസ്ഥാനം നീക്കിവയ്ക്കുന്ന വിഹിതത്തിന് ആനുപാതികമായി കേന്ദ്രസഹായം ലഭ്യമാകുന്നതാണ് ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍. സംസ്ഥാനത്തിന്റെ വികസനച്ചെലവ് പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ഏപ്രിലില്‍ പദ്ധതിവിഹിതത്തില്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്ന് സാമ്പത്തിക- ആസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരാറുകാരുടെ കുടിശ്ശിക 2500 കോടി കവിഞ്ഞു. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് കരാറുകാര്‍. നികുതിവരുമാനം അടക്കമുള്ള വരുമാന സ്ത്രോതസ്സുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ചെയര്‍മാനായി സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. എന്നിട്ടും കാര്യങ്ങളില്‍ വലിയ മാറ്റമില്ലെന്ന് കണക്ക് വ്യക്തമാക്കുന്നു.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment