Monday, May 12, 2014

കണ്ണുതുറക്കാത്ത ഭരണവര്‍ഗത്തിന് മറുപടിയായി ഹര്‍ത്താലും പണിമുടക്കും

കൊച്ചി: ഫാക്ടിനെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍ 991.9 കോടി രൂപയുടെ സാമ്പത്തികപാക്കേജിന് കേന്ദ്രമന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത സമരപരിപാടികള്‍ 204-ാം ദിവസത്തിലേക്ക്. നിരാഹരസമരം 105-ാം ദിവസത്തിലേക്കും. എന്നിട്ടും സമരങ്ങളും നിവേദനങ്ങളും കണ്ടില്ലെന്നുനടിക്കുന്ന ഭരണവര്‍ഗത്തിന് മറുപടിയായാണ് ജില്ലയിലെ ഹര്‍ത്താലും പൊതുപണിമുടക്കും. ഫാക്ട് ഗേറ്റില്‍ ശക്തമായ സമരങ്ങള്‍ നടന്നുവരികയാണ്.

ഇന്ത്യയിലെ ഇതര രാസവളശാലകള്‍ക്കു നല്‍കുന്ന നിരക്കില്‍ പ്രകൃതിവാതകം ഫാക്ടിനും നല്‍കുക, എല്‍എന്‍ജിയുടെ സംസ്ഥാന വാറ്റ് പൂര്‍ണമായും ഉപേക്ഷിക്കുക, കാപ്രോലാക്റ്റം-അമോണിയ ഉല്‍പ്പാദനം പുനരാരംഭിക്കുക, അമോണിയ-യൂറിയ പദ്ധതികളടക്കമുള്ള വികസനപദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിക്കുന്നുണ്ട്. സാമ്പത്തികപാക്കേജിന് അനുമതി ലഭിക്കുന്നതിന് അനാവശ്യമായ കാലവിളംബം നേരിടുകയാണ്. തീരുമാനം എടുക്കാനും എടുപ്പിക്കാനും ശേഷിയുള്ള കേന്ദ്ര-സംസ്ഥാന അധികാരികളെ നേരിട്ടും അല്ലാതെയും വിഷയം ബോധ്യപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാകുന്നില്ല. 16ന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലാവധിയും അവസാനിക്കും. അതോടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് തീരുമാനമെടുക്കുംവരെ കാത്തിരിക്കേണ്ടിവരും. ഈ കാത്തിരിപ്പിലേക്ക് നീട്ടിക്കൊണ്ടുപോകാവുന്നതല്ല ഫാക്ടിന്റെ പ്രതിസന്ധി. അതുകൊണ്ടാണ് അടിയന്തര പ്രാധാന്യത്തോടെ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികള്‍ തുടരുന്നത്. മെയ് 13നോ 14നോ മന്ത്രിസഭ ഇക്കാര്യം പരിഗണിക്കുമെന്ന് പലരും ഉറപ്പുനല്‍കുന്നുണ്ട്. പ്രഖ്യാപനങ്ങളും ഉറപ്പുകളും നടപ്പാക്കാതെയുള്ള പറച്ചില്‍ ഇനി വിലപ്പോവില്ല.

കേരളത്തില്‍ എല്‍എന്‍ജിയുടെ വാറ്റ് 14 ശതമാനം ഫാക്ടിന് ഒഴിവാക്കിത്തരാമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ച ഇക്കാര്യത്തിലും ഇതേ വരെ തീരുമാനമെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ പോരാട്ടം ജനകീയപേരാട്ടമായി മാറുകയാണ്. ഫാക്ട് ഗേറ്റിനു മുന്നില്‍ ടി എം സഹീര്‍ നടത്തുന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലെത്തിയതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഏലൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് ഫാക്ട് സിഡി എംപ്ലോയീസ് അസോസിയേഷന്‍ ട്രഷറര്‍ കെ സി പൗലോസ് 21-ാമത്തെ സത്യഗ്രഹിയായി നിരാഹാരസമരം തുടങ്ങി. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള കെ സി പൗലോസിനെ മാലയിട്ട് സ്വീകരിച്ചു. ഹര്‍ത്താലിനു മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങില്‍ തൊഴിലാളികള്‍ മൈക്ക്പ്രചാരണം നടത്തി. വൈകിട്ട് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനങ്ങളും നടത്തി. ഫാക്ട് ജങ്ഷനിലും കളമശേരി ജങ്ഷനിലും നടന്ന പന്തംകൊളുത്തി പ്രകടനത്തില്‍ നൂറുകണക്കിനു തൊഴിലാളികളും നാട്ടുകാരും അണിചേര്‍ന്നു.

deshabhimani

No comments:

Post a Comment