Saturday, May 10, 2014

12ന് എറണാകുളം ജില്ല നിശ്ചലമാകും; രാജ്യത്തിനുവേണ്ടി

കൊച്ചി: സ്വതന്ത്ര ഇന്ത്യയുടെ പ്രായമാണ് കേരളത്തിലെ ആദ്യ രാസവളം നിര്‍മാണശാലയ്ക്കും. കൃത്യമായി പറഞ്ഞാല്‍ 67 വയസ്സ്. 1943ല്‍ സ്ഥാപിതമായെങ്കിലും ഏലൂരില്‍നിന്ന് 1947 മുതലാണ് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) രാസവളം നിര്‍മിക്കാന്‍ തുടങ്ങിയത്. കേരളത്തിലെ വയലുകളില്‍ നൂറുമേനി വിളഞ്ഞപ്പോള്‍ മലയാളിയോടൊപ്പം ഫാക്ടും അഭിമാനംകൊണ്ടു. എന്നാല്‍, നാടിന് സമൃദ്ധിയേകിയ ഫാക്ട് 67-ാം പിറന്നാള്‍ ആഘോഷിക്കുന്നത് പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവിലാണ്. പ്രതാപകാലചിത്രങ്ങള്‍ ഓര്‍മയില്‍ മാത്രമുള്ള എഫ്എസിടി നിലനില്‍പ്പിനായി കേഴുന്നു. ഫാക്ടിന്റെ ദുരിതത്തിലേക്ക് അധികൃതരുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഹര്‍ത്താലും പണിമുടക്കും ട്രെയിന്‍ തടയലും നടത്തേണ്ട സ്ഥിതി. ഫാക്ടിനെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ "സേവ് ഫാക്ട്" എന്ന മുദ്രാവാക്യവുമായി 12ന് ജില്ല നിശ്ചലമാകും. അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഏതു സമരമാര്‍ഗവും സ്വീകരിച്ചേ മതിയാകൂ എന്ന തിരിച്ചറിവിലാണ് തൊഴിലാളി യൂണിയനുകളെല്ലാം. സ്വന്തം തൊഴിലും വരുമാനവും നിലനിര്‍ത്താന്‍ മാത്രമല്ല, നാടിന്റെ വികസനസ്വപ്നങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഒരേ മനസ്സോടെ പോരാട്ടത്തിന്റെ പാതയിലാണിവര്‍. ഓഫീസര്‍മാരും ജീവനക്കാരും നാട്ടുകാരും എല്ലാം ചേര്‍ന്ന കൂട്ടായ്മയുടെ നിരാഹാരസമരം 100 നാള്‍ പിന്നിട്ടു. വിരമിച്ചവരുടെയും മുന്‍ സ്ഥാപന മേധാവികളുടെയും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയുമെല്ലാം ഐക്യദാര്‍ഢ്യം ഉറപ്പിച്ചസേവ് ഫാക്ട് പ്രക്ഷോഭം ജനകീയ ഐക്യത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുകയാണ്.

ഫാക്ട് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാത്തതിന് തെരഞ്ഞെടുപ്പു കമീഷനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അതിനായി സമ്മര്‍ദംചെലുത്താത്ത സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് വലിയ ദേശീയ നഷ്ടത്തിലേക്കാണ് നാടിനെ കൊണ്ടുപോകുന്നതെന്ന ഓര്‍മിപ്പിക്കല്‍കൂടിയാകും ഹര്‍ത്താല്‍. വിവിധ രാഷ്ട്രീയ പാര്‍ടികളും വര്‍ഗബഹുജന സംഘടനകളും നാട്ടുകാരും ഹര്‍ത്താലിന് പിന്തുണയുമായി രംഗത്തുവന്നുകഴിഞ്ഞു. അടിയന്തരമായി പുനരുദ്ധാരണ പാക്കേജ് അനുവദിച്ചുകിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞദിവസം ഫാക്ടിലെ 10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ജനറല്‍ബോഡി യോഗവും ചേര്‍ന്നു. ആറര ദശാബ്ദത്തിലേറെനീണ്ട പ്രവര്‍ത്തനകാലയളവില്‍ സംയുക്ത ജനറല്‍ബോഡി ചേര്‍ന്നത് മൂന്നോ നാലോ തവണ മാത്രം. അതും അതിനിര്‍ണായകമായ സാഹചര്യത്തില്‍. ഫാക്ടിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ വൈകുന്നത് പെട്രോനെറ്റ് എല്‍എന്‍ജിയുടെ നിലനില്‍പ്പിനെയും ബാധിക്കും. ഫാക്ട് എല്‍എന്‍ജി വാങ്ങിയാല്‍ പെട്രോനെറ്റിന്റെ ശേഷിയുടെ 10 ശതമാനമെങ്കിലും ഉപയോഗിക്കാം. പെട്രോനെറ്റിന്റെ നിലനില്‍പ്പ് ഫാക്ടിന്റെ രാസവള ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തി കാണാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് യഥാര്‍ഥ പ്രശ്നം. ന്യായവിലയ്ക്ക് എല്‍എന്‍ജി നല്‍കിയാല്‍ ഫാക്ടിന് നിലവിലുള്ള പാക്കേജുകള്‍ക്കു പുറമെ വന്‍കിട യൂറിയ, ഫോസ്ഫേറ്റ് പ്ലാന്റുകള്‍കൂടി തുടങ്ങാനാകും. പരസ്പരബന്ധവും പരസ്പര ആശ്രിതത്വവുമുള്ള പ്രശ്നമായി ഫാക്ടിന്റെ പാക്കേജിനെ കാണാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണ് പ്രശ്നം. പാക്കേജ് ഇപ്പോള്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ നീട്ടിക്കൊണ്ടുപോകാവുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. പ്ലാന്റുകള്‍ അടഞ്ഞുകിടക്കുന്നു. ഇതു തുടര്‍ന്നാല്‍ വായ്പാകുടിശ്ശിക കൂടും. കടമെടുക്കണമെങ്കില്‍ പ്രവര്‍ത്തനമൂലധനം ഉണ്ടാകണം. നിത്യചെലവിനുപോലും പണമില്ലാത്ത അവസ്ഥയുണ്ടാകും. രാസപ്ലാന്റുകള്‍ അടഞ്ഞുകിടന്നാല്‍ അത് നന്നാക്കാന്‍ വലിയ ബുദ്ധിമുട്ടാകും. വന്‍ നഷ്ടമാകും ഇതുകൊണ്ടുണ്ടാകുക.

ഹര്‍ത്താല്‍ വിജയിപ്പിക്കുക: ട്രേഡ് യൂണിയനുകള്‍

കൊച്ചി: ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് 12നു നടത്തുന്ന ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമാക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ ജനറല്‍ബോഡിയോഗം തീരുമാനിച്ചു. ഫാക്ട് ജങ്ഷനിലെ എസ് സി എസ് മേനോന്‍ ഹാളിലായിരുന്നു യോഗം. 12നു നടക്കുന്ന ഹര്‍ത്താലില്‍ പങ്കുചേരുന്നതിനായി ഫാക്ടിലെ എട്ട് തൊഴിലാളി യൂണിയനുകളും മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജിന് അംഗീകാരം നല്‍കാനാകാത്തത് തെരഞ്ഞെടുപ്പു കമീഷന്റെ പെരുമാറ്റച്ചട്ടം ഉള്ളതിനാലാണെന്ന വാദം അസംബന്ധമാണെന്ന് ജനറല്‍ബോഡിയോഗം ചൂണ്ടിക്കാട്ടി. കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ത്തന്നെ തെരഞ്ഞെടുപ്പുകഴിഞ്ഞതാണ്. ഫാക്ടിന് നല്‍കേണ്ടതിനെക്കാള്‍ നാലുമടങ്ങിലേറെ തുകയുടെ മറ്റ് വ്യവസായ പാക്കേജുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതിനിടയില്‍ അംഗീകാരം നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണനയാണ് പ്രശ്നം. മെയ് 12ന് പെരുമാറ്റച്ചട്ട കാലാവധി അവസാനിക്കും. അപ്പോഴേക്കും നടപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ പാക്കേജ് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിനു പകരം ഉത്തരവാദിത്തം തെരഞ്ഞെടുപ്പുകമീഷനില്‍ ചാരി രക്ഷപ്പെടാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് ജനറല്‍ബോഡി അഭിപ്രായപ്പെട്ടു. ഫാക്ടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെടുന്നത് കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതുകൊണ്ടാണ്. തീരുമാനം വൈകുന്നത് ഫാക്ടിന്റെ മാത്രമല്ല, പെട്രോനെറ്റ് എല്‍എന്‍ജിയുടെ നിലനില്‍പ്പിനെക്കൂടി ബാധിക്കും. ഇപ്പോള്‍ത്തന്നെ നിരവധി പ്ലാന്റുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതു തുടര്‍ന്നാല്‍ വായ്പാകുടിശ്ശിക അധികമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ എന്‍ പി ശങ്കരന്‍കുട്ടി അധ്യക്ഷനായി. വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ ചന്ദ്രന്‍പിള്ള, പി എസ് മുരളി, പി എസ് സെന്‍, വി എ നാസര്‍, ജോര്‍ജ് തോമസ്, എം ജി ശിവശങ്കരന്‍, കെ പി പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ബോഡിയോഗത്തിനുശേഷം തൊഴിലാളികള്‍ സമരപ്പന്തലിലേക്ക് പ്രകടനവും നടത്തി.

deshabhimani

No comments:

Post a Comment